(സ്വന്തം അമ്മയെക്കുറിച്ച് കണ്ണ് നനയിക്കും വിധം ജോണ്‍ ബ്രിട്ടാസ്(കൈരളി ടിവി മേധാവി) എഴുതുമ്പോള്‍ പഴയ അമ്മമാരുടെ ആ കാലംകൂടെയാണ് കടന്നുവരുന്നത്.)
പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞു പോകുന്തോറും മിഴിവു വര്‍ധിക്കുന്ന മഹാത്ഭുതം, ജീവിച്ചിരുന്നപ്പോള്‍ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവര്‍ അവരുടെ തിരോധാനത്തിനുശേഷം അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടാവും. അച്ചടിമഷിയുടെ പരിപ്രേക്ഷ്യത്തില്‍ വരാനുള്ള നിയത മാനദണ്ഡങ്ങളൊന്നും എന്റെ അമ്മയ്ക്കില്ല. പേര് അന്നമ്മ. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ. പത്രം വായിക്കാന്‍ മാത്രമുള്ള അക്ഷരവിദ്യാഭ്യാസം. 40-#ാ#ം വയസ്സില്‍ വിധവയായി. പറക്കമുറ്റാത്ത ഏഴു മക്കളെ മറുകരയിലെത്തിക്കാന്‍ അക്ഷീണം അധ്വാനിച്ചു. എണ്‍പതുകള്‍ പിന്നിടുമ്പോള്‍ ശരീരം കുറുകിമെലിഞ്ഞ, ഓര്‍മ്മകളുടെ ചങ്ങലക്കണ്ണികളാകട്ടെ തുടരെത്തുടരെ അടര്‍ന്നുമാറിത്തുടങ്ങി.
ജീവിച്ചിരിക്കുമ്പോള്‍ അമ്മയെ സ്മരിക്കണമെന്നത് എന്റെ അടങ്ങാത്ത ആഗ്രഹമാണ്. മരിക്കുമ്പോള്‍ മഹത്തരമായ കാര്യങ്ങള്‍ പറയുന്നതിനെക്കാള്‍ എത്രയോ ദേദമാണ് ജീവിച്ചിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് അലകും പിടിയും സമ്മാനിക്കുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ എന്റെ ഇടനെഞ്ചിലൊരു വിങ്ങലാണ്. കത്തിത്തീരുന്ന മെഴുകുതിരിയുടെ രൂപം മനസ്സിലേക്ക് വരും. ജീവിതത്തില്‍ കാര്യമായ സുഖസൗകര്യങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടാവില്ല. അനിവാര്യതയിലേക്ക് പ്രയാണം ചെയ്യുമ്പോള്‍ മക്കള്‍ക്കുവേണ്ടി ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയണമേ എന്ന ചിന്ത മാത്രമാണ് എന്റെ അമ്മയ്ക്കുള്ളത്.
എന്റെ ജീവിതത്തിലെ ഏററവും വലിയ ശക്തിയും സ്വാധീനവുമാണ് ഞാന്‍ അമ്മച്ചി എന്നുവിളിക്കുന്ന അമ്മ. അമ്മയ്ക്ക് നാല്‍പ്പതുകഴിഞ്ഞപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പെടുന്നനെയുള്ള വിയോഗമായിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും കരുതിവെക്കുകയോ കണക്കുകൂട്ടുകയോ ചെയ്യാതെ സംഭവിച്ച ആ ദുരന്തം ശൂന്യതയുടെ അപാര ഗര്‍ത്തമായിരിക്കണം അമ്മയ്ക്കു മുന്നില്‍ സൃഷ്ടിച്ചത്. ഞാന്‍ ചാച്ചനെന്നു വിളിച്ചിരുന്ന അച്ഛന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ അലമുറയിട്ടു കരഞ്ഞ അമ്മയുടെ രൂപം പിന്നീട് കണ്ടില്ല. ജീവിതയാഥാര്‍ഥ്യങ്ങളെ സ്വന്തം വരുതിയില്‍ വരുത്താനുള്ള യുദ്ധമായിരുന്നു പിന്നീടുള്ള കാലം. അന്നത്തെ സാധാരണ കര്‍ഷകകുടുംബങ്ങളുടെ താങ്ങു നഷ്ടപ്പെട്ടാല്‍ അതിജീവനം അവതാളത്തിലാവും. നാണ്യവിളകളുടെ സമൃദ്ധിയൊന്നും അന്നത്തെ കര്‍ഷക കുടുംബങ്ങള്‍ക്കില്ലായിരുന്നു. അരിഷ്ടിച്ച് കഴിഞ്ഞുപോകാം. പ്രത്യേകിച്ച് ആരുടെയും സഹായമൊന്നുമില്ലാതെ ഒറ്റയ്ക്കാണ് അമ്മ തുഴച്ചിലാരംഭിച്ചത്. ഏറെ വൈകി കിടന്നുറങ്ങുകയും ഏറ്റവും ആദ്യം എഴുന്നേല്‍ക്കുകയും ചെയ്യുന്നത് അമ്മയായിരുന്നു. ഒരിക്കലും സൂര്യന് അമ്മയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗൃഹോപകരണങ്ങളോ യന്ത്രസാമഗ്രികളോ ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ ഏഴ് കുട്ടികളെ വളര്‍ത്തി അവരോടൊപ്പം പശുവിനെയും ആടിനെയും കോഴിയെയും പരിപാലിച്ച് കൃഷിയിടങ്ങളിലെ നീരൊഴുക്ക് നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. അന്നൊന്നും ഈ കഷ്ടപ്പാടിന്റെ ഏതെങ്കിലുമൊരു ഏട് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
എന്റെതു പോലൊരു കുടുംബത്തില്‍ ഇന്നേവരെ ഞങ്ങള്‍ മനസ്സിലെ വികാരങ്ങള്‍ പങ്കുവെച്ചിട്ടില്ല. അത്തരം വികാരപരമായ പ്രതിപാദനങ്ങള്‍ ഇടത്തരം ക്രൈസ്തവ കര്‍ഷക കുടുംബങ്ങളുടെ സംസ്‌കാരത്തിന് ചേരുന്നവയല്ല. കണിശതയും കാര്‍ക്കശ്യവുമാണ് അളവുകോലുകള്‍. സഹോദരന്മാര്‍ക്കിടയില്‍ പോലും മുഴച്ചു നില്‍ക്കേണ്ടത് ഇത്തരം ഭാവങ്ങളാണ്. മനസ്സിന്റെ ആര്‍ദ്രതയ്ക്ക് വലിയ സ്ഥാനമൊന്നും ക്രൈസ്തവ കുടുംബത്തിലുണ്ടാവാറില്ല. കുടുംബത്തിന്റെ കാര്യം നോക്കുന്നത് അച്ഛനാണെങ്കില്‍ അദ്ദേഹമാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. അച്ഛനില്ലെങ്കില്‍ കാര്യം നടത്തുന്ന മൂത്തയാള്‍ക്കാണ് ആ സ്ഥാനം ലഭിക്കുക. ചോദ്യവും പറച്ചിലുമൊക്കെ വളരെ അപൂര്‍വമായിരിക്കും. അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെയും നഷ്ടബോധത്തിന്റെയും വിങ്ങലുകള്‍ക്ക് വിരാമം സൃഷ്ടിച്ചത് അമ്മയുടെ ദീപ്തമായ ഇടപെടലുകളായിരുന്നു. തിങ്കളാഴ്ചകളില്‍ കോളേജിലേക്ക് പോകുമ്പോള്‍ പാല്‍ വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയില്‍ വെച്ചുതരുന്നത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. ആ നാണയങ്ങളുടെ മൂല്യം വിലമതിക്കാന്‍ കഴിയാത്തതായിരുന്നു. പോക്കറ്റില്‍ കിലുങ്ങുമ്പോള്‍ അവ സൃഷ്ടിക്കുന്ന സുരക്ഷിതബോധവും മനസ്സിലേക്കു പ്രസരിക്കുന്ന സ്‌നേഹത്തിന്റെ ഊഷ്മളതയും ഇന്നും പലകുറി മനസ്സിലേക്ക് തികട്ടിയെത്താറുണ്ട്.
എനിക്ക് ഏഴുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. രണ്ടിലോ മൂന്നിലോ മറ്റോ പഠിക്കുന്ന സമയം. ഗ്രാമത്തില്‍ ആംബുലന്‍സ് വന്നത് അന്നായിരുന്നു. മൃതദേഹം തിണ്ണയില്‍ കിടത്തി അമ്മയും സഹോദരങ്ങളും വിലപിച്ചപ്പോള്‍ പോലും എന്റെ ശ്രദ്ധ ആംബുലന്‍സിലായിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ആംബുലന്‍സിനെ തൊട്ടും തലോടിയും സമയം തള്ളിനീക്കി. സ്‌ക്കൂളിന്റെ പി.ടി.എ. പ്രസിഡന്റ് എന്ന നിലയ്ക്ക് പിറ്റേന്ന് അവധി പ്രഖ്യാപിച്ചതില്‍ ഞാനല്‍പ്പം അഹങ്കരിച്ചു. എന്റെ അച്ഛന്റെ മരണം കാരണമാണല്ലോ സ്‌ക്കൂളിന് അവധി കിട്ടിയത്. വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂര്‍ ബോഡിങ്ങില്‍ എത്തിയപ്പോഴേക്കും മാഞ്ഞുപോയിരുന്ന അച്ഛന്റെ ചിത്രം മനസ്സിലേക്ക് സാവധാനം വന്നുതുടങ്ങി. ഒരുപക്ഷേ, അമ്മയുടെ സാന്നിധ്യ പ്രസരണത്തില്‍നിന്ന് മാറിനിന്നതായിരിക്കാം ഇതിനുള്ള കാരണം. മറ്റു കുട്ടികളെ കാണാന്‍ സമ്മാനപ്പൊതികളുമായി അവരുടെ അച്ഛന്മാര്‍ വരുന്നതും മനസ്സിനെ കൊളുത്തിവലിച്ചിട്ടുണ്ടാകാം. മരണത്തില്‍ കരായാത്ത മകനോടുള്ള പ്രതികാരം തീര്‍ക്കാനായിരിക്കണം അച്ഛന്‍ അന്ന് എന്നെ പരീക്ഷക്കാലത്തുപോലും വേട്ടയാടിക്കൊണ്ടിരുന്നത്. പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന കാലത്താണ് ഞാന്‍ അച്ഛനോട് അവസാനമായി സ്വപ്നത്തില്‍ കലഹിച്ചത്. എന്റെ രാത്രികളെ ഇങ്ങനെ വേട്ടയാടിയാല്‍ ഈ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുമെന്ന് വിലപിച്ചത് എനിക്കോര്‍മയുണ്ട്. അന്ന് അദ്ദേഹം പോയിമറഞ്ഞതാണ്. പിന്നീട് ഒരിക്കലും ഈ മകനുവേണ്ടി അദ്ദേഹം ഒരു മിന്നലാട്ടം പോലും നടത്തിയിട്ടില്ല.
എന്റെ അമ്മ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലുകളൊക്കെ ഞാന്‍ ഓര്‍ത്തുവെക്കാറുണ്ട്. 'ആകാശം മുട്ടെ പറന്നാലും നിലത്തു വന്നേ സമ്മാനമുള്ളൂ' എന്ന അമ്മയുടെ സ്ഥിരം മൊഴിയില്‍ ഞാന്‍ എന്നെ എത്രയോ തവണ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നു. ജീവിത പ്രയാണത്തില്‍ ഉണ്ടാവുന്ന ചില്ലറ നേട്ടങ്ങളില്‍പോലും ചിലപ്പോള്‍ അഹങ്കരിക്കാന്‍ മുതിരുമ്പോള്‍ അമ്മയുടെ വാചകം ജാഗ്രതയുടെ കൊളുത്തിടും. അമ്മ നല്‍കുന്നത് മൂല്യബോധത്തിന്റെ അനന്തമായ തലമാണെന്ന് മാര്‍ക്ക് ട്വെയ്ന്‍ പറഞ്ഞത് വെറുതെയല്ല. സത്യം പറയുന്നവര്‍ക്ക് ഒന്നും ഓര്‍മ വെക്കേണ്ട കാര്യമില്ല.
ഞാന്‍ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കും. തലയില്‍ എണ്ണപൊത്തിയില്ലെങ്കില്‍ അന്നത്തെ ദിവസം പോക്കാണ്. അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ് ഈ എണ്ണസംസ്‌കാരം. കുഞ്ഞായിരിക്കുമ്പോള്‍ തലയില്‍ എണ്ണ തേക്കുന്നത്രയും ഈര്‍ഷ്യ മറ്റൊരു കാര്യത്തിലും ഉണ്ടായിരുന്നില്ല. പുറകിലൂടെ പതുങ്ങിവന്ന് തലയില്‍ അമ്മ എണ്ണ പൊത്തും. ദേഷ്യംകൊണ്ട് ചാടിയിട്ടൊന്നും കാര്യമില്ല. പിന്നീട് അത് നെറുകയില്‍ തേച്ചുപിടിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇന്ന് എണ്ണ പൊത്തുമ്പോള്‍ പലപ്പോഴും അമ്മയെ ഓര്‍മവരും. അമ്മ ചെയ്തത് ഞാന്‍ ഇന്ന് എന്റെ മകന്‍ ആനന്ദിന്റെ തലയില്‍ പ്രയോഗിക്കാറുണ്ട്. ഞാന്‍ കുഞ്ഞുനാളില്‍ പ്രകടിപ്പിച്ചിരുന്ന ദേഷ്യവും ഈര്‍ഷ്യയുമൊക്കെ അവന്റെ മുഖത്തും കാണാം.
(തുടരും)