Image

ഇങ്ങനെയും പ്രതിപക്ഷമുണ്ടാകാം..?

ബിനോയി സെബാസ്റ്റന്‍ Published on 18 October, 2011
ഇങ്ങനെയും പ്രതിപക്ഷമുണ്ടാകാം..?
പഴയൊരു നാടന്‍ കഥ ഓര്‍ത്തുപോകുകയാണ്‌. പണ്ട്‌, വളരെ പണ്ടു ജനിച്ച കഥയല്ലെങ്കിലും കഥയുടെ പൊരുള്‍ പണ്ടേ ജന്മം പൂണ്ടതാണ്‌ എന്നു വിശ്വസിക്കുവാനാണ്‌ ഏറെ ഇഷ്ടം. ഒരു പിതാവ്‌ സുരപാനസേവനത്തിനു ശേഷം സന്ധ്യയ്‌ക്കുശേഷം വീട്ടിലെത്തി ഉറക്കത്തിലാണ്ടു കിടക്കുന്ന സ്വപുത്രനെ ദിവസവും പൊതിരെ തല്ലുമായിരുന്നു. അതിന്‌ അയാള്‍ പറഞ്ഞിരുന്ന കാരണം ആരും കണ്ടില്ലെങ്കിലും ആ പയ്യസ്‌ എന്തെങ്കിലും തെറ്റ്‌ എന്നും ചെയ്യുവാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു. ഈ കഥ നല്‍കുന്ന അവസ്ഥാ വിശേഷത്തോടെ കേരളത്തിലേക്കു നോക്കിയപ്പോള്‍ കാണുവാന്‍ സാധിക്കുന്ന മറ്റൊരു കാഴ്‌ച പ്രായമായ പ്രതിപക്ഷനേതാവ്‌ നിത്യം ഭരണപക്ഷത്തിനെതിരെ ചീത്തയും വിളിച്ചുകൊണ്ടു തെരുവുതോറും നടക്കുന്നതാണ്‌.

കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുക എന്നത്‌ അദേഹത്തിന്റെ സ്വഭാവവൈകല്ല്യങ്ങളിലൊന്നായി മാറിയിരിക്കുന്നതുപോലെ. നികുതിദായകരുടെ കാശുകൊണ്ടു ജീവിച്ച്‌ സംസ്ഥാനത്തിന്റെ എല്ലാ വികസസ്വപ്‌നങ്ങള്‍ക്കും വികസന നയങ്ങള്‍ക്കും വിഘ്‌നമാകുന്ന ഇത്തരമൊരു പ്രതിപക്ഷ നേതാവു മറ്റെതെങ്കിലും സംസ്ഥാനത്തുണ്ടോ? മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു.

കൊട്ടാരക്കരയ്‌ക്കടുത്ത്‌ വാളകത്ത്‌ രാത്രി പത്തരയോടെ മുന്‍മന്ത്രിയും ഇപ്പോള്‍ ജയില്‍വാസിയുമായ ബാലകൃഷ്‌ണപിള്ളയുടെ സ്‌ക്കൂളില്‍ അദ്ധ്യാപകനായ ഒരാള്‍ വണ്ടിയപകടത്തില്‍ പെട്ട്‌ വഴിയില്‍ വീണു കിടക്കുന്നു. അതു വഴി വന്നയാള്‍ പോലീസില്‍ അറിയിക്കുന്നു. പോലീസ്‌ അയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നു. കാള പെറ്റതു ശരിയോ എന്നു നോക്കാതെ പിറ്റേന്നു തന്നെ പ്രതിപക്ഷനേതാവായ അച്ചുതാനന്ദന്‍ പറഞ്ഞു അദ്ധ്യാപകനെ കൊല്ലാന്‍ ശ്രമിച്ചത്‌ ബിലകൃഷ്‌ണപിള്ളയും മന്ത്രിയും മകനും സിനിമാ നടനുമായ കെ.ബി.ഗണേശനും ചേര്‍ന്നാണെന്ന്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജനവിഭാഗമായ ഡിവൈഎഫ്‌ഐ വാളകത്തു അക്രമാസക്തമായ സമരം തന്നെ നടത്തി തെരുവില്‍ ചൊരപുരട്ടി. വാളകം സംഭവം ഇന്ന്‌ ഒരു ഭീകരമായ വ്യാളീമുഖമായി മാറിയതുപോലെ

ശരിയായ പോലീസ്‌ അന്വേഷണത്തിലൂടെ കാര്യങ്ങള്‍ തെളിഞ്ഞു വന്നപ്പോള്‍ അച്ചുതാനന്ദന്റെ വായില്‍ നാക്കില്ല. ഇപ്പോഴത്തെ അദേഹത്തിന്റെ വാദം ബാലകൃഷ്‌ണ പിള്ള ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ നിന്നുകൊണ്ടു ഫോണ്‍ ചെയ്‌തു എന്നുള്ളത്‌ സിബിഐയെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാണ്‌. ഇതിനാണ്‌ പ്രതിപക്ഷഭ്രാന്ത്‌ എന്നു പറയുന്നത്‌. സത്യമായും പോളിറ്റ്‌ബ്യൂറോ അദേഹത്തിനു റിട്ടയര്‍മെന്റ്‌ നല്‍കണമെന്ന്‌ താഴ്‌മയായി അപേക്ഷിക്കുകയാണ്‌. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ എത്രയോ വിവരമുള്ളവരുണ്ട്‌. എന്നിട്ടും അദേഹത്തെ ഒരു വികലബിംബമായി ഇങ്ങനെ കൊണ്ടു നടക്കണോ? നൂറു ശതമാനം സാക്ഷരത്വമുള്ള ഒരു നാടിന്റെ ഗതികേട്‌!

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തീര്‍ച്ചയായും പോരായ്‌മകളുണ്ടാകാം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കുവാന്‍ സാധിക്കാത്ത വിധത്തിലുമാണ്‌. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുവാനുള്ള ശരിയായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പു മന്ത്രിയായ അടൂര്‍ പ്രകാശ്‌ പരാജയപ്പെട്ടുപോയി എന്നതു വാസ്‌തവമാണ്‌. പൊതുമരാമത്തിന്റെ പ്രകടനവും അത്ര തൃപ്‌തികരമല്ല. പക്ഷെ സ്‌മാര്‍്‌ട്ട്‌സിറ്റി മുതല്‍ കൊച്ചി മെട്രോ വരെയുള്ള വികസപദ്ധതികള്‍ പ്രബല്യത്തില്‍ കൊണ്ടു വരുന്നതിനും ഏറ്റവും കുറഞ്ഞ സമയം കൊണ്ടു സംസ്ഥാനത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാതിരുന്നുകൂടാ.

സത്യസന്ധനെന്നു സ്വയം തെളിയിക്കുവാന്‍ ഓടി നടക്കുന്ന അച്ചുതാനന്ദന്റെ മകന്റെ കാര്യത്തില്‍ അദേഹം എന്തുകൊണ്ടു സ്വയം തിരുത്തുന്നില്ല എന്ന ചോദ്യം ബാലിശമല്ല. മകനെക്കുറിച്ചുള്ള കേസിനോടനുബന്ധിച്ചു ഹൈക്കോടതി പരാമര്‍ശിച്ച ഒരു വാചകം ഇവിടെ സ്‌മരിക്കേണ്ടതാണ്‌. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെ വേലക്കാരന്റെ ഫോണ്‍ ഉപയോഗം വരെ സിബിഐ കൊണ്ടു അനേഷിപ്പിക്കണമെന്നു പറഞ്ഞ അച്ചുതാനന്ദന്‍ എന്തുകൊണ്ടു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം ഓഫീസിലെ അഴിമതിയെക്കുറിച്ചന്വേഷിച്ചില്ല എന്നാണ്‌ കോടതിയുടെ പരാമള്‍ശം. ഈ പരമാര്‍ശത്തോട്‌ മച്ചുതാനന്ദനും അദേഹത്തിന്റെ പാര്‍ട്ടിയും പ്രതികരിച്ചില്ല. ഇതിനാണ്‌ മലയാളത്തില്‍ കാക്കയ്‌ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞ്‌ എന്നു പറയുന്നത്‌. അഴിമതിക്ക്‌ സംബന്ധിച്ചു മറ്റൊരു നിര്‍വ്വചനമുണ്ടായിരിക്കും.

പ്രതിപക്ഷപ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ അക്രമവും സമരവും ഹര്‍ത്തലും തലയെടുക്കലും വ്യാജ ആരോപണങ്ങള്‍ കെട്ടഴിച്ചു വിടുതലും ഒക്കെയാണ്‌ എന്നു വിശ്വസിക്കുന്ന കേരളത്തിലെ പ്രതിപക്ഷങ്ങളുടെ രീതി ഒട്ടും ശരിയല്ല എന്നതാണ്‌ വാസ്‌തവം. അധികാരം ലഭിക്കാത്ത ഒരു പിടി ആളുകളുടെ ഒരു തരം വൈരാഗ്യബുദ്ധിയായി ഇന്നു പ്രതിപക്ഷപ്രവര്‍ത്തനം മാറിയിരിക്കുന്നതുപോലെ. കേരളത്തിന്റെ സമഗ്രപുരോഗതിക്കായി ഒത്തൊരുമിച്ചു പ്രവാസിമലയാളികളുടെ സഹകരണത്താടും കൂടി ശ്രമിക്കുന്നതിനു പകരമായി എന്താണിവര്‍ ഒരോ ദിവസവും കാണിച്ചുകൂട്ടുന്നത്‌? സത്യത്തില്‍ പ്രതിപക്ഷനേതാക്കള്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ രാഷ്‌ട്രീയ അച്ചടക്കം ശ്രദ്ധിക്കാറില്ലേ? അതോ അവിടെ നിന്നും പിരിക്കുന്ന കാശില്‍ കണ്ണുടക്കി മറ്റെല്ലാം വിസ്‌മരിക്കുകയാണോ? കമ്യൂണിസ്റ്റു നേതാവായ ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ സല്‍സ്വഭാവികളും സംസ്‌ക്കാരചിത്തരുമെല്ലാം ശുൂഭന്മാരായിത്തീരുകയും രാഷ്‌ട്രീയ അഭ്യാസമറിയാവുന്ന ആഭാസന്മാരെല്ലാം സംസ്‌ക്കാരികനേതക്കളാകുകയും ചെയ്യുന്ന കാലം എന്നു ഇതു തന്നെ എന്നു തീര്‍ച്ചപ്പെടുത്താമോ?

ഈ നിറഞ്ഞ സന്ധ്യയില്‍ ഒരു സത്യം പറയട്ടെ! വിദേശത്തെ തൊഴില്‍ശാലകളില്‍ ജോലി ചെയ്യുന്ന, അവിടുത്തെ സംസ്‌ക്കാരത്തില്‍ ചേര്‍ന്നു ജീവിക്കുന്ന വിദേശമലയാളികള്‍ വേണം ഇനി കേരളത്തിലെ രാഷ്‌ട്രീയപുംഗവന്മാരെ നന്മ നിറഞ്ഞ ഒരു തൊഴില്‍ സംസ്‌ക്കാരം പഠിപ്പിക്കേണ്ടത്‌. ജനാധിപത്യത്തിന്റെയും ആ ജനാധിപത്യത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന സമ്മതിദായകരുടെ അവകാശങ്ങളും വിലയും പഠിപ്പിക്കേണ്ടത്‌. പക്ഷെ അതു പഠിക്കുവാന്‍ ഈ രാഷ്‌ട്രീയകോമാളികള്‍ തയ്യാറാകുമോ?
ഇങ്ങനെയും പ്രതിപക്ഷമുണ്ടാകാം..?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക