Image

അങ്ങനെ ആ വിവാദ പ്രണയവും അവസാനിച്ചു??

Published on 18 October, 2011
അങ്ങനെ ആ വിവാദ പ്രണയവും അവസാനിച്ചു??
പ്രണയം തകര്‍ത്ത നായിക എന്നാവും ഇനി മാധ്യമങ്ങളില്‍ നയന്‍താരയുടെ വിശേഷണം. നയന്‍താര പ്രഭുദേവ പ്രണയബന്ധം അവസാനിച്ചുവെന്ന വാര്‍ത്ത കോളിവുഡില്‍ നിന്നും എത്തുമ്പോള്‍ വീണ്ടുമൊരു സിനിമാ പ്രണയത്തിന്റെ അവസാനമാണ്‌ പ്രേക്ഷകര്‍ കാണുന്നത്‌. മലയാളത്തില്‍ നിന്നും തുടങ്ങി തെന്നിന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്തിയ ഒരു നായികയുടെ ഇന്നത്തെ അവസ്ഥ ആരെയും അമ്പരപ്പിക്കുന്നത്‌ തന്നെ.

നയന്‍താരയും പ്രഭുദേവയും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്ന ഇതുവരെയും നമ്മള്‍ കേണ്ടുകൊണ്ടിരുന്നത്‌. രണ്ട്‌ മാസം മുമ്പ്‌ ചൈന്നിയില്‍ വെച്ച്‌ നയന്‍താര പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായി മതം മാറിയെന്നതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്‌ നയന്‍താരയും പ്രഭുദേവയും വഴിപിരിഞ്ഞുവെന്നതാണ്‌. സിനിമാ ലോകത്തെ സ്ഥിരം ഗോസിപ്പുകള്‍ക്ക്‌ അപ്പുറം ഈ വാര്‍ത്ത സത്യമാണെന്നാണ്‌ പ്രഭുദേവയോട്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ്‌ ഇരുവരുടെയും ബന്ധം ഉലച്ചതെന്നാണ്‌ ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിയുന്നത്‌. അമേരിക്കയില്‍ ഒരു നൃത്തവിദ്യാലയം തുടങ്ങുന്നതുമായി ബന്ധപ്പെട്ട്‌ പ്രഭുദേവയും നയന്‍താരയും ഒരുമിച്ച്‌ പണം മുടക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ ഇരുവരുടെയും പ്രണയപരാജയത്തില്‍ എത്തിയതെന്ന്‌ പറയപ്പെടുന്നു. എന്നാല്‍ പ്രഭുദേവയ്‌ക്ക മറ്റൊരു നായികയുമായിട്ടുള്ള പ്രണയബന്ധമാണ്‌ ഇരുവരെയും അകറ്റാന്‍ കാരണമെന്നും വാര്‍ത്തകളുണ്ട്‌.

എന്തായാലും മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രീരാമജയം എന്ന തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷം സിനിമയോട്‌ വിടപറയുന്നു എന്ന്‌ പ്രഖ്യാപിച്ച നയന്‍താര വീണ്ടും അവസരങ്ങള്‍ തേടിതുടങ്ങിയിരിക്കുന്നു എന്നത്‌ സത്യമാണ്‌. തമിഴിലെയും തെലുങ്കിലെയും പ്രമുഖ സംവിധായകരോട്‌ താന്‍ വീണ്ടും അഭിനയിക്കാന്‍ തയാറെടുക്കുകയാണെന്ന്‌ നയന്‍താര അറിയിച്ചിട്ടുണ്ട്‌. ഇവിടെ നിന്നാണ്‌ നയന്‍താരയുടെ തിരിച്ചുവരവ്‌ സിനിമാ ലോകത്ത്‌ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്‌.

മൂന്ന്‌ വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയമായിരുന്നു പ്രഭുദേവയുടെയും നയന്‍താരയുടെയും. 2008ല്‍ പ്രഭുദേവ സംവിധാനം ചെയ്‌ത വില്ല്‌ എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ നയന്‍താര എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രണയബന്ധം. ഒരു വര്‍ഷം മുമ്പാണ്‌ ഇരുവരും പരസ്യമായി പ്രണയബന്ധം തുറന്നു പറഞ്ഞത്‌. തുടര്‍ന്ന്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്ന്‌ ഇരുവരും വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന്‌ പ്രഭുദേവയുടെ ഭാര്യ റംലത്ത്‌ കോടതിയില്‍ നയന്‍താരയെയും പ്രഭുദേവയെയും പ്രതിചേര്‍ത്ത്‌ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു.

പിന്നീട്‌ പ്രഭുദേവയും ഭാര്യയും പരസ്‌പരം തീരുമാനപ്രകാരം നിയമപരമായി വിവാഹമോചനം നേടുകയും ചെയ്‌തു. ഈ വര്‍ഷമാണ്‌ പ്രഭുദേവയ്‌ക്ക്‌ വിവാഹമോചനം അനുവദിച്ചു കിട്ടയത്‌. തുടര്‍ന്ന്‌ നയന്‍സും പ്രഭുദേവയും വിവാഹം ചെയ്യാന്‍ പോകുന്നുവെന്നാണ്‌ ഏവരും കേട്ടിരുന്നത്‌. ഇതിനായി നയന്‍സ്‌ സിനിമകള്‍ കുറക്കുകയും ക്രമേണ അവസാനിപ്പിക്കുകയും ചെയ്‌തു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത്‌ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച പ്രഭുദേവ - നയന്‍താര പ്രണയ ബന്ധം ഏറെക്കുറെ അവസാനിച്ചുവെന്നാണ്‌.

സിനിമയിലേക്ക്‌ ഒരു തിരിച്ചുവരവ്‌ എന്നത്‌ നയന്‍താരയ്‌ക്ക്‌ അത്രത്തോളം എളുപ്പമല്ല എന്നാണ്‌ അറിയുന്നത്‌. തമിഴ്‌ സിനിമാ ലോകത്ത്‌ അവര്‍ ഒരുപാടു പേരുടെ വെറുപ്പ്‌ സമ്പാദിക്കകുകയും പ്രതിഫലത്തിന്റെ കാര്യത്തിലടക്കം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. ലിംഗുസ്വാമി ഒരുക്കിയ പയ്യ എന്ന സിനിമയില്‍ പ്രതിഫലംകുറക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന്‌ തമിഴ്‌ സിനിമയില്‍ നയന്‍സിന്‌ വിലക്ക്‌ വരെ ഉണ്ടായതാണ്‌.

ഒരു കോടി രൂപയാണ്‌ ഒരു സിനിമക്ക്‌ പ്രതിഫലമായി നയന്‍താര വാങ്ങിയിരുന്നത്‌. നയന്‍സ്‌ കത്തി നിന്ന നാളുകളില്‍ ഈ പ്രതിഫലം കൊടുത്തും നയന്‍സിനെ കാസ്റ്റ്‌ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ലൊക്കേഷനിലെ നയന്‍താരയുടെ പെരുമാറ്റങ്ങളും പ്രഭുദേവയുമായുള്ള പ്രണയം നല്‍കിയ വിവാദങ്ങളും അവരുടെ ഇമേജിനെ കാര്യമായി തകര്‍ത്തു. തമിഴകത്ത്‌ സ്‌ത്രീ പ്രേക്ഷകര്‍ക്കിടയില്‍ ഈ നായികയെ താത്‌പര്യമില്ലാതെയായി. ഇതുകൊണ്ടു തന്നെ ഒരു മടങ്ങി വരവ്‌ നയന്‍താരക്ക്‌ അത്രത്തോളം എളുപ്പമല്ല. പ്രതിഫലം കുറച്ച്‌ അഭിനയിക്കാന്‍ തയാറായാല്‍ പോലും തമിഴ്‌ സിനിമയില്‍ വീണ്ടും എത്തുക നയന്‍താരക്ക്‌ പ്രയാസമായിരിക്കും.

പ്രഭുദേവ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ നായികയാവണമെന്ന്‌ നയന്‍സിന്‌ താത്‌പര്യമുണ്ടായിരുന്നതായി നയന്‍താരയോട്‌ അടുപ്പമുള്ളവര്‍ പറയുന്നു. ഒരു ഹിന്ദി ചിത്രത്തില്‍ കൂടി അഭിനയിച്ച്‌ സിനിമയില്‍ നിന്നും വിടവാങ്ങാനായിരുന്നുവത്രേ നയന്‍സിന്‌ താത്‌പര്യം. അക്ഷയ്‌കുമാര്‍ നായകനാകുന്ന ഹിന്ദിചിത്രമാണ്‌ പ്രഭുദേവ ഇപ്പോള്‍ സംവിധാനം ചെയ്യാന്‍ പോകുന്നത്‌. എന്നാല്‍ ഇതില്‍ നയന്‍സിനെ നായികയാക്കാന്‍ പ്രഭുദേവ താത്‌പര്യം കാണിച്ചില്ല. മാത്രമല്ല പ്രഭുദേവയുടെ നിര്‍ദ്ദേശ പ്രകാരം ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു നായികയെ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും പറയപ്പെടുന്നു. പ്രഭുദേവയില്‍ നിന്നും നയന്‍സിനെ അകറ്റാന്‍ ഇതും കാരണമായി എന്ന്‌ പറയപ്പെടുന്നു.

മലയാളത്തില്‍ നിന്നും തമിഴിലേക്ക്‌ നയന്‍താര എത്തിയ കാലത്ത്‌ ചിലമ്പരശനുമായി പ്രണയത്തിലായത്‌ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ചിമ്പുവിനെ താന്‍ ഉടന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന്‌ നയന്‍സ്‌ മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ വരെ നല്‍കി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നയന്‍സ്‌ ചിമ്പു പ്രണയം തകര്‍ന്നതും നയന്‍താരയുമായുള്ള ചുംബന രംഗങ്ങള്‍ ചിമ്പു ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചതുമൊക്കെയാണ്‌ പ്രേക്ഷകര്‍ കേട്ടത്‌.

ഇപ്പോള്‍ പ്രഭുദേവയും നയന്‍സും തമ്മില്‍ വഴിപിരിഞ്ഞെന്ന വാര്‍ത്തയും വന്നിരിക്കുന്നു. എന്തായാലും നയന്‍സ്‌ സിനിമയിലേക്ക്‌ തന്നെ മടങ്ങുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.
അങ്ങനെ ആ വിവാദ പ്രണയവും അവസാനിച്ചു??
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക