Image

കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ദുര്‍ഗാപ്രസാദ്‌

Published on 23 October, 2013
കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ദുര്‍ഗാപ്രസാദ്‌
ചെലവ് കുറഞ്ഞ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പുതിയ യന്ത്രം നിര്‍മ്മിച്ചിരിക്കയാണ് ചെര്‍പ്പുളശേരി സ്വദേശി പതിയടിയില്‍ ദുര്‍ഗാപ്രസാദ് എന്ന യുവ എന്‍ജിനീയര്‍. സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ വെള്ളത്തിന്റെ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഒരുമീറ്റര്‍ നീളമുള്ള ഇരുമ്പ് ഫ്രെയിമിന് രണ്ട് അറ്റങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള പല്‍ചക്രങ്ങള്‍ ചെയിന്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് അവ കറക്കി യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഡൈനാമോ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ചെയിന്‍ കറക്കുന്നതിനായി പത്ത് പ്ലാസ്റ്റിക് കപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ചെയിനിന്റെ താഴ്ന്ന ഭാഗം കപ്പുകളോടെ വെള്ളത്തില്‍ ഒഴുക്കിനെതിരെ മുങ്ങിക്കിടക്കുന്ന രീതിയിലാണ് സ്ഥാപിക്കുക. സ്വാഭാവിക ഒഴുക്കില്‍ വെള്ളം കപ്പിനെ ചലിപ്പിക്കുകയും ചെയിനും പല്‍ചക്രങ്ങളും കറക്കുകയുമാണ് ചെയ്യുന്നത്. കൂടുതല്‍ പല്‍ചക്രങ്ങള്‍ ഉപയോഗിച്ച് വേഗം കൂട്ടിയാണ് ഡൈനാമോ പ്രവര്‍ത്തിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള രണ്ട് യന്ത്രങ്ങള്‍ നദിക്ക് ഇരുവശങ്ങളില്‍ സ്ഥാപിച്ച് കപ്പുകള്‍ക്ക് പകരം നീളമേറിയ ബ്ലെയിഡുകള്‍ കൊണ്ട് ഇവയെ ബന്ധപ്പെടുത്തിയാല്‍ കൂടുതല്‍ അളവില്‍ വൈദ്യുതി ഉത്പാദനം സാധ്യമാകും. ഇതേ യന്ത്രം ലംബരീതിയില്‍ സ്ഥാപിച്ച് വെള്ളച്ചാട്ടത്തിലും ഉപയോഗിക്കാന്‍ കഴിയും.
പ്രാരംഭഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പണച്ചെലവുള്ളു എന്നതും ഇന്ധനച്ചെലവില്ല എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി ഉത്പാദനത്തിന് തടയണകള്‍ നിര്‍മ്മിക്കുകയോ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുത്തുകയോ ആവശ്യമില്ലാത്തതിനാല്‍ പുഴകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ ഒഴുക്കുള്ള ഏത് ഭാഗത്തും ഇത് സ്ഥാപിക്കാം എന്നതും ഇതിന്റെ സവിശേഷതയാണ്.
ചെയിനുകളുടെ നീളവും കപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചാല്‍ കടല്‍ത്തിരമാലകളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ദുര്‍ഗാപ്രസാദ് അവകാശപ്പെടുന്നു.
വൈദ്യുതി ബോര്‍ഡ് വടക്കഞ്ചേരി സബ്‌സ്റ്റേഷനില്‍ സബ്ബ് എന്‍ജിനീയറായി ജോലി ചെയ്യുന്ന ദുര്‍ഗ്ഗാപ്രസാദ് മൂന്ന് വര്‍ഷമായി യന്ത്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. സപ്തംബര്‍ 16 നാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 26ന് പരീക്ഷണപ്രവര്‍ത്തനം നടത്തി. വെള്ളിനേഴി പുഴയ്ക്കല്‍ അമ്പലത്തിന് പിന്നിലുള്ള നദിയിലാണ് പരീക്ഷണാര്‍ത്ഥം യന്ത്രം പ്രവര്‍ത്തിപ്പിച്ചത്.
അമ്മ വിശാലാക്ഷി, ഭാര്യ ചൈതന്യ, മകള്‍ അനന്യ എന്നിവരടങ്ങുന്നതാണ് ദുര്‍ഗാപ്രസാദിന്റെ കുടുംബം.
യന്ത്രത്തിന്റെ പ്രവര്‍ത്തനരീതികള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശിവശങ്കരന്‍ എന്നിവര്‍ക്കും അനര്‍ട്ട്, ശാസ്ത്രസാഹിത്യ പരിഷത്ത്, കേന്ദ്ര ഊര്‍ജ മന്ത്രാലയം എന്നിവിടങ്ങളിലേക്കും ദുര്‍ഗാപ്രസാദ് കത്ത് അയച്ചിട്ടുണ്ട്.
Join WhatsApp News
Muhammad Shafi Saqafi kodungallur 2014-06-13 23:05:20
കഠിന പ്രയത്നത്തിലൂടെ നേടി എടുത്ത ഈ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിക്കാന് കേന്ദ്ര ഗവര്മെന്റ് തയ്യാറാകുമെന്ന് ഞാന് കരുതുന്നു. വിശേഷിച്ചും പ്രധാനമന്ത്രി ഇത്തരം കഴിവുള്ളവര്ക്ക് പ്രത്യേകം താല്പര്യം കാണിക്കുന്ന വ്യക്തിയാണെന്ന് വായിച്ചറിഞ്ഞിരുന്നു. ഇങ്ങനെ ഒരു പദ്ധതി കടല് ജലത്തില് നിന്നും നിര്മ്മിക്കാനായാല് ഇന്ത്യ ഗവര്മെന്റ് ജനങ്ങള്ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സഹായവും, സമ്മാനവും ആകുമെന്നുള്ളതില് സംശയമില്ല. ദുര്ഗാപ്രസാദിന് ഇനിയും നല്ല കണ്ടുപിടുത്തങ്ങള് നടത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....
Pappy 2014-06-14 17:28:32
നമ്മുടെ ഗവർമെന്ടു അപ്പ്രൂവു ചെയ്തു വരും മുൻപ് പുറത്ത് ആണ്‍പിള്ളേർ അടുത്താഴ്ച് മുതൽ ഈ ഐഡിയ വെച്ചു പണി തുടങ്ങും... ആഫ്രിക്കയിൽപ്പോലും... ഇത്രയും ഒക്കെ കേട്ടാൽ മതി അവർക്ക്, മെച്ചമായി ഐഡിയാ വികസിപ്പിക്കാനും ഉപയോഗിക്കാനും!

നമ്മുടെ മന്ത്രീം ഫയലും ഒക്കെയായി എന്തും മാത്രം പേരാ ജീവിതം പരമ രസകരമായി തള്ളിക്കൊണ്ടിരിക്കുന്നത്. അവരിതൊക്കെ വായിക്കാനും പഠിക്കാനും ഒക്കെ സമയമെടുക്കില്ലേ? അതു ന്യായമല്ലിയോ? നമ്മുടെതെന്ന് പറയുന്നത് ഒരു വലിയ ഡമോക്രസിയല്ലിയോ?... പതുക്കെയൊക്കെ മതി... എന്താ കൊഴപ്പം?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക