ചിക്കാഗോ: വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ `മോഹക്കടല്' എന്ന
മെഗാസീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിക്കാഗോയില്‍ രണ്ടാഴ്ചത്തെ
തിരക്കേറിയ ചിത്രീകരണത്തിനുശേഷം ടീമംഗങ്ങള്‍ സിയാറ്റിന്‍, കാനഡ, ന്യൂയോര്‍ക്ക്
തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയിക്കഴിഞ്ഞു. മാനസപുത്രി എന്ന മെഗാസീരിയലിന്റെ
സംവിധായകന് സുധീഷ് ശങ്കര്‍ മോഹക്കടല് സംവിധാനം ചെയ്യുന്നു. ഈ മെഗാസീരിയലിന്റെ
പകുതിയോളം എപ്പിസോഡുകള്‍ അമേരിക്കയിലും ബാക്കിഭാഗം കേരളത്തിലും വെച്ചാണ്
ചിത്രീകരിക്കുന്നത്.
സിനിമ-സീരിയല്‍ മേഖലകളില്‍ പ്രശസ്തനായ രാജീവാണ്
പ്രധാനറോള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന താരമായ
പ്രവീണയും സുപ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദൂരദര്‍ശനിലെ സപ്തസ്വരങ്ങള്‍
എന്ന പ്രോഗ്രാമിന്റെ അവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രവീണ
സിനിമാരംഗത്തേക്ക് കാല്‍വയ്ക്കുന്നത്. അനില്‍ബാബുവിന്റെ കളിയൂഞ്ഞാലാണ്
ആദ്യചിത്രം. ഇരുപതോളം ചിത്രങ്ങളിലും അഞ്ച് മെഗാസീരിയലുകളിലും ഇതിനോടകം
അഭിനയിച്ചുകഴിഞ്ഞു. സ്വപ്നം, മേഘം, സ്വരം, മൗനം എന്നീ സീരിയലുകളിലെ കഥാപാത്രങ്ങള്‍
ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ദേവീമാഹാത്മ്യത്തിലൂടെ
പ്രവീണ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍
ഉള്‍പ്പെടെ ഇതിനോടകം 20 ഓളം അവാര്‍ഡുകള്‍ പ്രവീണയ്ക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ദുബായ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനായ പ്രമോദ് ആണ് ഭര്‍ത്താവ്. ഗൗരി ഏക മകള്‍.
കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനേക്കാളുപരി റോളുകള്‍ക്ക് പ്രാധാന്യം
നല്‍കുന്നതിനാണ് ശ്രദ്ധയെന്ന് പ്രവീണ പറഞ്ഞു. അമേരിക്കന്‍ പശ്ചാത്തലമുള്ള
മോഹക്കടല് എന്ന മെഗാസീരിയല്‍ വളരെയധികം പ്രതീക്ഷ നല്‍കുന്നതായി പ്രവീണ
കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം സ്വദേശിനിയായ കന്യ മറ്റൊരു സുപ്രധാന
വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. 1991 ല്‍ അടൂര്‍ തീയേറ്റേഴ്സിന്റെ
മാലതിപ്പൂക്കളുടെ മൗനം എന്ന നാടകത്തിലൂടെയാണ് കലാരംഗത്തേക്കുള്ള കാല്‍വെയ്പ്.
സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മധു ഇറവങ്കര
സംവിധാനം ചെയ്ത് അമേരിക്കന്‍ മലയാളിയായ ബാബു ജോസഫ് നിര്‍മ്മിച്ച നങ്കൂരമാണ്
ആദ്യചിത്രം. എന്റെ സൂര്യപുത്രി, ഹിറ്റ്ലിസ്റ്റ്, ബലി, പ്രജാപതി, താന്തോന്നി,
പോക്കിരിരാജാ എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. ഓമനത്തിങ്കള്‍പക്ഷി,
കല്യാണി, അഹല്യ, കഥപറയും കാവ്യാഞ്ജലി, ഡ്രീംസിറ്റി തുടങ്ങിയ സീരിയലുകളില്‍
ശ്രദ്ധേയമായ റോളുകള്‍ കൈകാര്യം ചെയ്തു. ഇപ്പോള്‍ തമിഴ് സീരിയലായ `ചെല്ലാമേനില്'
അഭിനയിക്കുന്നു. ഭര്‍ത്താവ് കവിതാ ഭാരതി. നില ഏക മകള്‍.
അമേരിക്കയില്‍
ആദ്യമായി വരുന്ന കന്യ അമേരിക്കന്‍ മലയാളികളുടെ സ്നേഹവും സഹകരണവും കഠിനാദ്ധ്വാനവും
പ്രത്യേക എടുത്തുപറയേണ്ട ഗുണങ്ങളാണെന്ന് അഭിപ്രായപ്പെട്ടു.
സിനിമ-സീരിയലികളിലൂടെ ശ്രദ്ധേയരായ മൈഥിലി, ശാലിനി എന്നിവരും മോഹക്കടലില്‍
അഭിനയിക്കുന്നു. അമേരിക്കന്‍ മലയാളികളായ ജോയി ചെമ്മാച്ചേല്‍ (ചിക്കാഗോ), രാജു
പ്രാലേല്‍ (ന്യൂയോര്‍ക്ക്), സാബു നടുവീട്ടില്‍ (ചിക്കാഗോ) എന്നിവരും സുപ്രധാന
റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ജയന് മുളങ്ങാടാണ് (ചിക്കാഗോ) പ്രൊഡക്ഷന്‍
ഡിസൈനര്‍. ഈ വര്‍ഷം ക്രിസ്മസ് സീസണില്‍ മോഹക്കടലിന്റെ പ്രദര്‍ശനം ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്.