Image

മതാധിപത്യത്തിനെതിരെ അടരാടാന്‍ സോഷ്യല്‍മീഡിയ പടവാളാകണം

പി.പി.ചെറിയാന്‍ Published on 05 November, 2013
മതാധിപത്യത്തിനെതിരെ അടരാടാന്‍ സോഷ്യല്‍മീഡിയ പടവാളാകണം
ന്യൂജേഴ്‌സി : ജാതിയുടേയും, മതത്തിന്റേയും, ആള്‍ ദൈവങ്ങളുടേയും പേരില്‍ കമ്പളിപ്പിക്കപ്പെടുന്ന ഈശ്വരവിശ്വാസികളെ തിന്മകള്‍ക്കെതിരെ- അന്ധവിശ്വാസങ്ങള്‍ക്കെതിരെ- അനാചാരങ്ങള്‍ക്കെതിരെ പടപൊരുതുന്ന കര്‍മ്മോത്സുക ജനതതിയായി വാര്‍ത്തെടുക്കുന്നതിന് സോഷ്യല്‍ മീഡിയായെ പടവാളാക്കി മാറ്റണമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു

നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ മാറ്റത്തിന്റെ മാധ്യമരംഗം എന്ന വിഷയത്തെ ആസ്പദമാക്കി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ കൂട്ടായ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇങ്ങനെ ഒരു അഭിപ്രായ സമന്വയം രൂപപ്പെട്ടത്.

രാഷ്ട്രീയ പാര്‍ട്ടികളുടേയും, നേതാക്കന്മാരുടേയും അധികാര ദുര്‍വിനിയോഗവും, അഴിമതിയും, സ്വജനപക്ഷവാതവും സമൂഹമദ്ധ്യേ തുറന്നു കാണിക്കുന്നതില്‍ അച്ചടി മാധ്യമങ്ങളും, ദൃശ്യമാധ്യമങ്ങളും മത്സരിക്കുന്ന രാഷ്ട്രീയ സ്വാധീനം അല്പാല്പം ഇതില്‍ വെള്ളം ചേര്‍ക്കുമെങ്കിലും പൂര്‍ണ്ണമായും ഇത് തടയുന്നത് അസാധ്യമാണെന്നാണ് ദൈനംദിന സംഭവങ്ങള്‍ തെളിയിക്കുന്നത്.

രാഷ്ട്രീയ നേതാക്കന്മാരേക്കാള്‍ മലീമസമായിരിക്കുന്നത് മതാദ്ധ്യക്ഷന്മാരുടെ പ്രവര്‍ത്തന മേഖലയാണ്. ജാതി-മത ചിന്തകള്‍ ഊട്ടിവളര്‍ത്തി ഈശ്വര വിശ്വാസികളെ ചൂഷണം ചെയ്യുന്നതില്‍ ഇവര്‍ മത്സരിക്കുന്നു. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മതനേതാക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളോ, അടിമകളോ ആയി ഈശ്വരവിശ്വാസികള്‍ അധഃപതിച്ചിരിക്കുന്നു. ഈശ്വര ചിന്തയിലേക്കും, അതിലൂടെ ഈശ്വര സാക്ഷാത്ക്കാരത്തിലേക്കും വിശ്വാസികളെ നയിക്കുവാന്‍ ബാധ്യസ്ഥരായവര്‍ ഭൗതീക വളര്‍ച്ച മാത്രം ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നു. ഇതിന്റെ പരിണിത ഫലമോ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ശാന്തവും, സ്വച്ഛവും, പ്രകൃതിരമണീയവുമായ ഭൂപ്രദേശം ജാതിയുടേയു, മതത്തിന്റേയും പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ചു നിര്‍ദോഷികളുടെ രക്തം കലര്‍ത്തി വികൃതമാക്കിയിരിക്കുന്നു.

ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ പത്രമാധ്യമങ്ങളോ, ദൃശ്യമാധ്യമങ്ങളോ വിമുഖത കാണിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന ഒരു തീക്കനലായാണ് മാധ്യമങ്ങള്‍ മതങ്ങളെ കണക്കാക്കുന്നത്. ഇവിടെയാണ് സോഷ്യല്‍ മീഡിയായുടെ പ്രസക്തി മറനീക്കി പുറത്തു വരുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്ലോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാകളില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ നാം പ്രയോജനപ്പെടുത്തുണം. നിമിഷ നേരത്തിനുള്ളില്‍ ലോകത്തെമ്പാടുമുള്ള ജനസഹസ്രങ്ങളുടെ ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുവാന്‍ സോഷ്യല്‍മീഡിയാ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്.

സൈബര്‍ സെല്ലിന്റെ നിരീക്ഷണം ഒരു പക്ഷേ കേരളത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ ആയുധമാക്കാമെങ്കിലും, വിദേശത്ത് താമസിക്കുന്ന കേരളീയര്‍ക്ക് യാതൊരു വിധത്തിലും ഇതിനെ ഭയക്കേണ്ടതില്ല. ഇതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മതാധിപത്യ ദുഷ്‌ചെയ്തികള്‍ക്കെതിരെ ആളിപടരുന്ന തീനാളമായി സോഷ്യല്‍ മീഡിയ മാറട്ടെ എന്ന ആശംസയോടെയാണ് ചര്‍ച്ചകള്‍ക്ക് വിരാമിട്ടത്. നോര്‍ത്ത് അമേരിക്കാ പ്രസ്‌ക്ലബ് നിയുക്ത പ്രസിഡന്റ് താജ് മാത്യൂ, ശിവന്‍ മുഹമ്മ, ജോര്‍ജ്ജ് ജോസഫ്, ജോസ് കണിയാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോസ് പനച്ചിപ്പുറം, വിനുജോണ്‍, ജെ.ഗോപീകൃഷ്ണന്‍, ജോര്‍ജ് തുമ്പയില്‍, ഡോ. ജോര്‍ജ് എം. കാക്കനാട് തുടങ്ങിയ വിശിഷ്ടാതിഥികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. താജ് മാത്യൂവിന്റെ നന്ദിപ്രകാശനത്തോടെ മാറ്റത്തിന്റെ മാധ്യമരംഗം ചര്‍ച്ചകള്‍ സമാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക