Image

ഞാന്‍ പാലാക്കാരന്‍ (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 24 October, 2011
ഞാന്‍ പാലാക്കാരന്‍ (കവിത: സുധീര്‍ പണിക്കവീട്ടില്‍)
(see Sahityam section)

(സമര്‍പ്പണം: എല്ലാ പാലാക്കാര്‍ക്കും, സ്‌നേഹപൂര്‍വ്വം)

പാലാക്കാര്‍ക്കൊക്കെയും മൂന്നു `ക'യുണ്ടെന്ന്‌
പണ്ടുള്ളോര്‍ പാടുന്ന പല്ലവി കേട്ടപ്പോള്‍
ചിന്തിച്ചതൊക്കെയും കുട്ടിയാമന്ന്‌ ഞാന്‍
ഇത്രക്ക്‌ പാവങ്ങളാണോയീ പാലാക്കാര്‍!
കേവലം മൂന്നു `ക' കൊണ്ടിവരെങ്ങനെ
പത്രാസ്സ്‌ കാട്ടി നടന്നീടുന്നു
ഒരു `ക' ക്ക്‌ പതിനാറണ വീതം കിട്ടുന്ന
മൂന്നു `ക'യെന്നായിരുന്നെന്റെ ധാരണ...
പിന്നെ പടിപടിയായോരോ വര്‍ഷങ്ങള്‍
നീങ്ങി ഞാന്‍ യൗവ്വന യുക്‌തനായി
അയലത്തെ ഏലമ്മ പെണ്ണിന്റെ ചുണ്ടത്ത്‌
വശ-പിശക്കായൊരു പുഞ്ചിരി കണ്ടു ഞാന്‍
ഒരു നൂറടിച്ചെന്നും വടക്കേലെ ചേട്ടായി
നീട്ടി വിളമ്പും തെറിപ്പാട്ടു കേട്ടു ഞാന്‍
ചന്ത കഴിഞ്ഞ്‌ മടങ്ങുന്ന ഗ്രാമീണര്‍
തമ്മില്‍ പറയും രഹസ്യങ്ങള്‍ കേട്ടു ഞാന്‍
അവരില്‍ നിന്നാദ്യമായ്‌ കേട്ടു ഞാന്‍ പാലാക്കാര്‍-
ക്കുണ്ടെന്നു ചൊല്ലുന്ന മൂന്നു `ക' യെന്തെന്ന്‌
അരയില്‍ തിരുകുന്ന കത്തിക്കൊരു `ക'യും
പിന്നെ `ക'കള്‍ രണ്ട്‌ കള്ളിനും കപ്പക്കും
അക്ലായന്മാരല്‍പ്പം വീര്യത്തില്‍ കാച്ചുന്ന
മൂന്നു `ക'വേണ്ടെന്ന്‌ വയ്‌ക്കില്ല പാലാക്കാര്‍
`ജോണിയെന്നെല്ലാാരും പേരു വിളിക്കുന്നൊരു-
ഗ്രന്‍ ലഹരിയാണിന്നെന്റെ ചങ്ങാതി
ചുണ്ടോട്‌ ചുണ്ടുമുരുമ്മി ഒരു മെയ്യായ്‌
ഞങ്ങള്‍ അനുദിനം ഒത്തു ചേരും
ഏകാന്ത ശൂന്യമാം എന്റെ സായാഹ്നങ്ങള്‍
വര്‍ണ്ണാഭമാക്കുന്നെന്‍ ജോണിക്കുട്ടന്‍

പാലാക്കാരനല്ലേ ഞാനുമെന്‍ ഉള്ളത്തില്‍
മദ്യത്തിന്‍ മങ്ങാത്ത ഓര്‍മ്മ വേണ്ടെ?
കപ്പയുലര്‍ത്തി കരിമീനും കള്ളുമായ്‌
സേവിക്കുംപോലെ സുഖമെങ്ങു കിട്ടുവാന്‍
ആ നല്ല ഓര്‍മ്മതന്‍ ഓളങ്ങള്‍ എത്തുന്നു
ഏഴാം കടലിന്റെയിക്കരെയെന്നെന്നും

അതു കൊണ്ടൊരു വരി കുത്തി കുറിച്ച്‌ ഞാന്‍
പാലാക്ക്‌ കീര്‍ത്തിയും മേന്മയും നേരട്ടെ
യക്ഷികള്‍ പാര്‍ക്കാത്ത പാലയെന്നോമനപേരിട്ട്‌
ഞാനെന്റെ ഗ്രാമത്തെ വാഴ്‌ത്തട്ടെ
പാല്‌ പോലുള്ളവര്‍ പാലാക്കാര്‍ ഇത്തിരി
വെള്ളം ചേര്‍ന്നാലും നിറം തീരെ മങ്ങാത്തോര്‍!!

ചീയേഴ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക