Image

ഓഫീസര്‍ ജോണ്‍ ഏബ്രഹാം ഡ്രൈവ്‌ തുറന്നു

Published on 29 October, 2011
ഓഫീസര്‍ ജോണ്‍ ഏബ്രഹാം ഡ്രൈവ്‌ തുറന്നു
ടീനെക്ക്‌, ന്യൂജേഴ്‌സി: പുത്രന്റെ പേര്‌ എഴുതിയ ബോര്‍ഡ്‌ അനാച്ഛാദനം ചെയ്‌തപ്പോള്‍ മേരി ഏബ്രഹാം വിതുമ്പി. ഒരു വര്‍ഷം മുമ്പ്‌ മുപ്പത്തിയേഴാം വയസ്സില്‍ വിടപറഞ്ഞ പോലീസ്‌ ഓഫീസര്‍ ജോണ്‍ ഏബ്രഹാം ജൂണിയറിന്റെ ഓര്‍മ്മയില്‍ സഹപ്രവര്‍ത്തകരും, ബന്ധുമിത്രാദികളും നിര്‍ന്നിമേഷരായി നിന്നു. ആറു വയസ്സുള്ള പുത്രന്‍ ജേക്‌ പിതാവിന്റെ പേരിനുമേല്‍ കൈവെച്ച്‌ `ഡാഡി ഐ ലവ്‌ യു' എന്ന്‌ മന്ത്രിക്കുമ്പോള്‍ പലരും കണ്ണീരടക്കാന്‍ വിഷമിച്ചു.

മരിച്ച ഓഫീസറുടെ പിതാവ്‌ ജോണ്‍ ഏബ്രഹാം ടീനെക്ക്‌ മേയറായിരുന്നപ്പോള്‍ നിര്‍മ്മിച്ച പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനു മുന്നിലെ റോഡിലാണ്‌ `പോലീസ്‌ ഓഫീസര്‍ ജോണ്‍ ഏബ്രഹാം ജൂണിയര്‍ ഡ്രൈവ്‌' എന്ന്‌ നാമകണം ചെയ്‌ത ചടങ്ങില്‍ നൂറില്‍പ്പരം പേര്‍ പങ്കെടുത്തു. കറുത്ത ബോര്‍ഡില്‍ ബാഡ്‌ജ്‌ നമ്പരുമുണ്ട്‌- 257.

ബര്‍ഗന്‍ കൗണ്ടി പോലീസ്‌ പൈപ്പ്‌സ്‌ ആന്‍ഡ്‌ ഡ്രംസിന്റെ അകമ്പടിയില്‍ പോലീസ്‌ ഓഫീസര്‍മാരുടെ ഗാര്‍ഡ്‌ മാര്‍ച്ച്‌ ചെയ്‌ത്‌ എത്തിയതോടെ വികാരനിര്‍ഭരമായ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. പ്രാര്‍ത്ഥനയ്‌ക്കുശേഷം ആരംഭിച്ച ചടങ്ങില്‍ പോലീസ്‌ ഡപ്യൂട്ടി ചീഫ്‌ റോബര്‍ട്ട്‌ കാര്‍ണി എം.സിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.

പതിനേഴു വര്‍ഷം ഓഫീസറായി പ്രവര്‍ത്തിച്ച ജോണിന്റെ വേര്‍പാട്‌ ഡിപ്പാര്‍ട്ട്‌മെന്റിലേല്‍പിച്ച നഷ്‌ടം അദ്ദേഹം അനുസ്‌മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോണിന്റെ ഓര്‍മ്മ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്‌ ഈ ചടങ്ങ്‌. എക്കാലവും ജോണിന്റെ ഓര്‍മ്മ നിലനിര്‍ത്തുക എന്നതാണ്‌ റോഡിന്‌ ജോണിന്റെ പേര്‌ നല്‍കിയതിലൂടെ ലക്ഷ്യമിടുന്നത്‌. ജോണിന്റെ ജീവിതം തങ്ങളുടെയൊക്കെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ജോണിന്റെ ചിരിയും കാര്യങ്ങളെ ലാഘവത്തോടെ നേരിടാനുള്ള പ്രാപ്‌തിയും പ്രൊഫഷണലിസവും മറക്കാവുന്നതല്ല. ചുരുക്കം ചിലരാണ്‌ അവരുടെ അടയാളങ്ങള്‍ അവശേഷിപ്പിക്കുക. അതിലൊരാളാണ്‌ ജോണ്‍- അദ്ദേഹം പറഞ്ഞു.

ജോണ്‍ ഏബ്രഹാമിനുശേഷം മേയറാകുന്ന ഇന്ത്യക്കാരനായ മുഹമ്മദ്‌ ഹമീദുദ്ദീന്‍ സ്‌കൂളില്‍ സഹപാഠിയായിരുന്ന ഓഫീസര്‍ ജോണിനെ അനുസ്‌മരിച്ചു. അന്ന്‌ സ്‌കൂളില്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ തങ്ങള്‍ തമ്മില്‍ ഏറെ സൗഹൃദം രൂപപ്പെട്ടു. ഏറെ പ്രാപ്‌തനായ ഓഫീസറായി ജോണ്‍ രൂപപ്പെട്ടത്‌ താന്‍ അതിശയത്തോടെയാണ്‌ കണ്ടത്‌. അത്തരമൊരാളെ ആദരിക്കേണ്ടത്‌ നമ്മുടെ ചുമതലയാണ്‌. മേയര്‍ പറഞ്ഞു.

ജോണിന്റെ കുടുംബവീട്‌ നില്‍ക്കുന്ന എസ്‌തര്‍ അവന്യൂവിന്റെ ഒരു ബ്ലോക്കിനും നേരത്തെ ജോണ്‍ ഏബ്രഹാമിന്റെ പേര്‌ നല്‍കിയിരുന്നു.

ഓഫീസര്‍ ജോണിന്റെ ഭാര്യ മാര്‍ത്ത, പിതാവ്‌ മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം, സഹോദരരായ തോമസ്‌ ഏബ്രഹാം, മാത്യു ഏബ്രഹാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

കുടുംബാംഗങ്ങള്‍ക്കുവേണ്ടി സംസാരിച്ച തോമസ്‌ ഏബ്രഹാം ടൗണിന്റെ അനുസ്‌മരണത്തിന്‌ നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെ നന്ദി സൂചകമായി ജോണിന്റെ ഫോട്ടോ ആലേഖനം ചെയ്‌ത പെയിന്റിംഗ്‌ മേയര്‍ക്ക്‌ കൈമാറി. ലവ്‌, ഓണര്‍, ഡ്യൂട്ടി, സാക്രഫൈസ്‌ എന്നിവയുടെ ലാറ്റിന്‍ പദങ്ങള്‍ ആലേഖനം ചെയ്‌തതാണ്‌ പെയിന്റിംഗ്‌.

തന്റെകാലത്ത്‌ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക്‌ മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം വന്നപ്പോള്‍ പലരും, പഴയ സഹപ്രവര്‍ത്തകരും, പരിചയക്കാരും പുത്രനോട്‌ കാണിച്ച ആദരവിന്‌ അദ്ദേഹം നന്ദി പറഞ്ഞു.

ചടങ്ങുകള്‍ക്കുശേഷം പട്രോള്‍ മെന്‍സ്‌ ബനവലന്റ്‌ അസോസിയേഷന്‍ പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. അതില്‍ മുഖ്യം ഓഫീസര്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടിച്ച കാറിന്റെ ഡോര്‍ സ്‌മാരകമായി ഓഫീസില്‍ സൂക്ഷിക്കുന്നതാണ്‌. കൗണ്ടിയിലെ ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളും എത്തിയിരുന്നു.

ആദരിക്കപ്പെടാന്‍ തികച്ചും അര്‍ഹനാണ്‌ ഓഫീസര്‍ ജോണ്‍ എന്ന്‌ ബര്‍ഗന്‍ കൗണ്ടി ഷെറിഫ്‌ മൈക്കല്‍ സോഡിനോ അനുസ്‌മരിച്ചു.

ടീനെക്ക്‌ പോലീസ്‌ ആസ്ഥാനത്ത്‌ ചെല്ലുമ്പോള്‍ രണ്ടു ബോര്‍ഡ്‌ കാണാം. കെട്ടിടം തുറന്നതിന്റെ സ്‌മാരകമായി പതിച്ച ശിലയില്‍ മേയര്‍ ജോണ്‍ ഏബ്രഹാമിന്റെ പേര്‌. പുറത്തിറങ്ങിയാലുടന്‍ ഡ്യൂട്ടിക്കിടയില്‍ മരിച്ചവരുടേയും കൊല്ലപ്പെട്ടവരുടേയും സ്‌മാരക ഫലകങ്ങള്‍. ഒരു ഡസനോളം ഓഫീസര്‍മാര്‍ മുക്കാല്‍ ശതാബ്‌ദത്തിനിടയില്‍ മരിച്ചു. മൂന്നുപേര്‍ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടു. ഓഫീസര്‍ ജോണ്‍ ഏബ്രഹാം അവരിലൊരാള്‍.
ഓഫീസര്‍ ജോണ്‍ ഏബ്രഹാം ഡ്രൈവ്‌ തുറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക