Image

കാലന്‍ കോഴികള്‍ (സാംസി കൊടുമണ്‍)

Published on 15 December, 2013
കാലന്‍ കോഴികള്‍ (സാംസി കൊടുമണ്‍)
രാത്രി ഏറെ ആയിരിക്കുന്നു. ഈ കാലന്‍ കോഴികള്‍ക്കുമാത്രം എന്തേ ഉറക്കം ഇല്ല. ആലീസ് കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഭയംകൊണ്ടവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഈ രാത്രിയിലും എവിടെയോക്കയോ എന്തൊക്കയോ ഗൂഢാലോചനകള്‍ നടക്കുന്നു. രാത്രിയുടെ നിഗൂഢതയില്‍ ആസൂത്രണം ചെയ്യുന്നതൊക്കെ പകലിന്റെ കൈയ്യൊപ്പുകളായി അവശേഷിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെ ഉള്ളാകെ ഒന്നുപിടഞ്ഞു.
എവിടെയും കറുപ്പാണ്. കറുത്തമേലങ്കിയണിഞ്ഞ വേതാളങ്ങള്‍മുറിയാകെ ആരെയൊതിരയുന്നു. ഈവിട്ടില്‍ നിന്നും ഇനി അവര്‍ക്കാ യാണോവേണ്ടത്. ഒരുകുരുന്ന് വളര്‍ ന്നുവരുന്നുണ്ട്. അതിനെയും അവര്‍ക്കിനി വേണമായിരിക്കും. ആലീസ് കിടക്കയില്‍ എഴുന്നേറ്റിരുന്നു. കാലിനൊരുവിറയല്‍. മോന്‍ കിടക്കുന്നമുറിയിലേക്കൊന്നെത്തിനോക്കി പുറകില്‍ ജനാലകളൊക്കെ അടച്ചിട്ടുണ്ടോ ആവോ....?. ഒരുചെറുപഴുതുകിട്ടിയാല്‍ മതി, പഴംതുണിമാതിരി അവര്‍ അവനെ ജനാലയില്‍ കൂടി വലിച്ചെടുക്കും
'ഞാന്‍ നിങ്ങള്‍ക്കുസമാധാനം തരുന്നു, ലോകം തരുന്നപോലല്ല.' എന്തു സമധാനം. ആര്‍ക്കാണിവിടെ സമാധാനമുള്ളത്. അങ്ങ് ഒരു തികഞ്ഞ പരാജയം ആയിരുന്നുവോ?. അല്ലയോ നാഥാ.....അങ്ങയുടെ പേരില്‍ ആരൊക്കയോ അശാന്തിയുടെ വിത്തുകള്‍ വിതയ്ക്കുന്നു. അല്ലയോ യേശു അങ്ങ് സര്‍വ്വ ശകതനെങ്കില്‍ ഈ ശകുനിമരില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ..... അങ്ങയുടെ രകതവും മാംസവും അവര്‍ ദിവസവും പങ്കിട്ടു ഭക്ഷിക്കുന്നു. എന്തിന്
ആലീസ് കാലുകള്‍ നിലത്തുറപ്പിക്കാന്‍ശ്രമിച്ചു. സിമിന്റു തറയ്ക്കു വല്ലാത്ത തണുപ്പു്. അകാലത്തില്‍ബാധിച്ച വാര്‍ദ്ധിക്കവുമായി ആ മുപ്പത്തേഴുകാരി പതുക്കെ എഴുനേറ്റൂ. മോശയുടെ വടിക്കുവേണ്ടിയുള്ളതര്‍ക്കത്തില്‍ ഇരയാക്കപ്പെട്ടവള്‍. രണ്ടു കൂട്ടരും വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തില്‍ അങ്ങുകാണില്ലല്ലോ....! ഭുതഗണങ്ങളെപ്പോലെ നീളന്‍ കുപ്പായത്തില്‍, വായ് നാറ്റവുമായി അവര്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും പ്രസംഗിക്കുന്നു. ദുക്ഷിച്ച അവരുടെ അധരങ്ങള്‍ മാതിരി അവരുടെ വാക്കുകളും പുളിച്ചതായിരുന്നു .അവര്‍ എന്റെ ജിവിതത്തില്‍ എരിയുന്നകനലുകള്‍ വിതറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ കരുയുന്നു. എന്റെ കരച്ചിലിന് ആരുത്തരും പറയും. നൊന്തു കരയുന്ന സ്ത്രിയുടെ കണ്ണൂനീര്‍.......
അപ്പന്റെ നിര്‍ത്താതെയുള്ള ചുമ. തണുത്ത തറയില്‍ ഉറയ്ക്കാത്ത കാലുളുമായി അവളപ്പന്റെ മുറിയുടെ ചാരിയ വാതില്‍ തുറന്ന് അപ്പനോടു ചോദിച്ചു.
''ചൂടുവെള്ളം വേണോ അപ്പാ....''?
'' ഒ... മോളുറങ്ങിയില്ലേ.....'' തൊണ്ടയിലെ കഫം ഉള്ളിലോട്ടിറക്കി അപ്പന്‍ ചോദിച്ചു.
''ഇപ്പം എഴുനേറ്റതാ...'' അവള്‍ വെറുതെ പറഞ്ഞു. എത്രയോ നാളുകളായപ്പാ എന്റെയുറക്കം പോയിട്ട്. അവള്‍ സ്വയം തിരുത്തി. ഈവീട്ടില്‍ ഉറക്കമില്ലാത്തവരായി രണ്ടാത്മാക്കളൂണ്ട്. അവരുടെയുറക്കംകെടുത്തിയവര്‍ രാജകിയ പ്രൗഡിയില്‍ സുഖമയുറങ്ങുന്നു. അവര്‍ക്ക് അങ്ങാടിയില്‍ വന്ദനവും, അത്താഴത്തില്‍ മുഖ്യാസ്സനവും കിട്ടുന്നു. അവരുടെ നടവഴികള്‍ പരവധാനികളാല്‍ അലംകൃതമാകുന്നു. അവരുടെ കൈകളുടെ വാഴ്‌വുകള്‍ക്കായി ഭരണാധിപന്മാര്‍ വണങ്ങിനില്ക്കുന്നു. കാപട്യത്തിന്റെ നിറ കുപ്പായങ്ങളില്‍ അവര്‍ ഒളിഞ്ഞിരിക്കുന്നു. എന്റെ ക്രിസ്തൂ! അങ്ങയുടെ മഹാപുരോഹിത്ന്മാര്‍....! സമാധാനത്തിന്റെവെണ്‍ പ്രാവുകള്‍ എങ്ങനെ അസമാധനത്തിന്റെ കഴുകന്മാരായി. അവര്‍ പുതിയ പുതിയ പ്രശ്‌നങ്ങളുടെ ശവക്കല്ലറകള്‍ മാന്തിപ്പൊളിക്കുന്നു. മരണത്തിന്റെ വെട്ടിക്കിളികളെ അവര്‍ തുറന്നുവിടുന്നു. പണ്ട് അങ്ങ് പന്നിക്കുട്ടങ്ങളിലേക്ക് ഓടിച്ചുവിട്ട ലഹിയോന്‍ എന്ന സാത്താന്‍ സത്യത്തില്‍ ഇവരിലേക്കാണോ ചേക്കേറിയത്. എനിക്കങ്ങനെയാണുതോന്നുന്നത്.
''കുഞ്ഞുറങ്ങിയോ മോളെ...? ''.
''അവനുറങ്ങുവ.''
''എന്നാ മോളു പോയി കിടന്നോ. ഈ ചൊമ അങ്ങനെയൊന്നും പോകത്തില്ല''. മരുമകളെ ഈ രാത്രിവിഷമിപ്പിക്കണ്ട എന്ന വിചാരത്തില്‍, ചൂടുവെള്ളത്തോടുള്ള മോഹം ഉള്ളിലൊതിക്കി ഒരു ബീഡിക്ക് തീ കൊളുത്താനുള്ള ശ്രമത്തിനിടയില്‍ അപ്പന്‍ പറഞ്ഞു.
ബീഡിപ്പുകയുടെ എരുവില്‍ അല്പനേരത്തേക്കെങ്കിലും തൊണ്ടകുത്തിനെ ഒതുക്കാമെന്നാണപ്പന്റെയാശ. ആലീസ് കതകുചാരി വരാന്തയില്‍ അരത്തിണ്ണയില്‍ വന്നിരുന്നു.ആകാശത്ത് നിലാവിനെ കാര്‍മേഘങ്ങള്‍ മൂടിയിരിക്കുന്നു.മുറ്റത്തു നില്ക്കുന്ന പേരമരത്തിന്റെ ഇലകള്‍ മെല്ലെ ഇളകുന്നു. ഒരു ചെറു കാറ്റ് ആലീസിനെ മെല്ലെ തലോടി. ഒരു വല്ലാത്ത കുളിര്‍മ്മ. തന്നെ ആരോ തൊട്ടതുപോലെ. സണ്ണിച്ചായന്റെ വിയര്‍പ്പിന്റെ മണം.
സണ്ണിച്ചായന്‍ ഇവിടെത്തന്നെയുണ്ട്. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ഈ പേരമരം വിട്ട് എന്റെ സണ്ണിച്ചയന്‍ എങ്ങോട്ടു പോകാന്‍. മതങ്ങളും ചേരിതിരിവുകളുമില്ലാത്ത ഒരു വവ്വാല്‍ പേരമരത്തില്‍നിന്നും ആകശത്തിലെ സ്വാതന്ത്രിയത്തിലേക്ക് പറന്നുപോയി. പഴുത്ത പേരയ്ക്ക ആര്‍ക്കും വേണ്ടാതെ മുറ്റമാകെ നിരന്നുകിടക്കുന്നു. ഈ അനാഥമായിക്കിടക്കുന്ന ഒരോ കനിയിലും സണ്ണിച്ചാന്റെ ആത്മാവിന്റെ നൊമ്പരം കാണും. ഈ പേര ഞങ്ങളുടെ പ്രേമത്തിന്റെ പ്രതീകം ആയിരുന്നുവല്ലോ.
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം(ആറാം ദിവസം ശപിക്കപ്പെടട്ടെ.) പാപമോചിതയായി പള്ളിയില്‍നിന്നുമുള്ളതിരിച്ചുവരവ് ഇതുവഴിയായിരുന്നു. അമ്മയും, ചേച്ചിയും,കുഞ്ഞനിയനും ഒപ്പം. പേരയ്ക്ക പഴുക്കുന്ന കാലം. കണ്ണുകളില്‍ ഇലകള്‍ക്കിടയില്‍ കിടക്കുന്ന പഴുത്ത കായ്കള്‍ കൊതിപ്പിക്കം. കാലുകളുടെവേഗം താനെ കുറയും. .എറ്റവും പുറകില്‍ നടക്കുന്ന പന്ത്രണ്ടുകാരിക്ക് റോഡരികിലേക്കൊരു പേരയ്ക്ക ഇറങ്ങിവരും. പേരയുടെ ഉടയവന്‍പതിനാറുകാരന്‍ കണ്ണില്‍ നോക്കി ചിരിക്കും. നാണം കൊണ്ട് മറുചിരിപലപ്പോഴും തറയിലേക്കുനോക്കിയായിരിക്കും. ആരും കാണുന്നില്ലന്നുറപ്പുവരുത്തി പേരയ്ക്ക എടുത്തുപാവട ചുരുളിനുള്ളിലൊളിപ്പിച്ച് വേഗം ചേച്ചിക്കൊപ്പം ഓടി എത്തും. പിന്നെയും പാപമോചനത്തിന്റെ ഒന്നാം ദിവസത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അങ്ങനെ ഈപേരമരത്തണലില്‍ പടര്‍ന്ന ഞങ്ങളുടെ സ്‌നേഹം നാലാളറിഞ്ഞ്, എന്നെ ഇതിന്റെയെല്ലാം അവകാശിയക്കി എന്റെ സണ്ണിച്ചായന്‍ അനന്തതയിലേക്കു മറഞ്ഞു. മറഞ്ഞതല്ല. അവര്‍ മറച്ചതല്ലേ....
മുന്നു് പെങ്ങന്മാരും അപ്പനുമമ്മയുമടങ്ങുന്ന കുടുംബത്തിലെ ഉത്തരവാദിത്വമുള്ള ഏക ആണ്‍ തരിയായിരുന്നു. കോണ്‍ട്രാക്റ്റ്ര്‍ കുട്ടന്‍ പിള്ളയുടെ കൂടെ ജീവിതം കണ്ടെത്താന്‍ കൊണ്ടാക്കുമ്പോള്‍ അപ്പന്‍ ഒന്നേ പറഞ്ഞുള്ളു.
'' പിള്ളേച്ചോ!..ഇവന്റെ കണ്ണിനോക്കി ഞങ്ങളുനലഞ്ചുപേരുണ്ടു്. അവന്റെ പഠിപ്പിനും, ആരൊഗ്യത്തിനും പറ്റിയ എന്തെങ്കിലും പണി അവനു കൊടുത്താട്ടെ... .'' പത്താംത്തരം പാസ്സായ നരന്തുപോലത്തെ പയ്യനു് പിള്ളച്ചേട്ടന്‍ എന്തു പണി കൊടുക്കാന്‍. അതും പറഞ്ഞപ്പനെപ്പിന്നെപ്പോഴും സണ്ണിച്ചായന്‍ കളിയാക്കറുണ്ടായിരുന്നു.
പിള്ളച്ചേട്ടന്‍ അവനെ കൂടെ നിര്‍ത്തി. എല്ലാത്തിന്റെയും മേല്‍നോട്ടം പഠിപ്പിച്ചു. ബില്ലുകള്‍ മാറേണ്ടതെങ്ങനെയെന്നും, പുതിയ പണിപിടിക്കാന്‍ ആരെയൊക്കെ കാണണമെന്നുമവന്‍ പഠിച്ചു. കലുങ്കുകെട്ടാനും പാലം പണിയിക്കാനും അവന്‍ പഠിച്ചു. സധാ പ്രസ്സന്നനായ അവന്‍ തൊടുന്നതൊക്കെ പൊന്നയി. പിള്ളച്ചേട്ടനവന്‍ രാശി ആയി. ചെറിയ ചെറിയ ജോലികള്‍ പിള്ളച്ചേട്ടനവനു സബ് കോണ്‍ട്രാക്റ്റു കൊടുത്തു. ആ കാലങ്ങളില്‍ ഞയറാഴ്ചകളില്‍ പത്തു മണി കഴിഞ്ഞവന്‍ പ്രതീക്ഷകളോടെ പേരച്ചുവട്ടില്‍ കാത്തുനില്ക്കുമായിരുന്നു. പേരയ്ക്കയുടെ കാലം കഴിഞ്ഞാലം പേരയുടെ ഇലയെണ്ണാനെന്നവണ്ണം അവനവിടുണ്ടാകുമായിരുന്നു. പന്ത്രണ്ടിന്റെ നാണക്കാരി അപ്പോഴേക്കും അടുത്തുള്ള സഭയുടെ സ്‌ക്കുളില്‍ അദ്ധ്യാപിക ആയി കഴിഞ്ഞിരുന്നു. അവനു് സ്വന്തമായി നാമ്പുകളും ഇലകളും വരാന്‍ തുടങ്ങിയ കാലം, ഒരുനാള്‍ വഴിയില്‍ കണ്ടുമുട്ടിയപ്പോളവന്‍ ചോദിച്ചു.....
''ആലീസ് ടിച്ചറെ- ഒരുകുട്ടിക്കൊരല്പം ട്യൂഷന്‍ വേണമയിരുന്നു. സമയം കാണുമോ ആവോ ....?''. കണ്ണുകളിലെ കുസ്രുതിയും ചുണ്ടുകളിലെ ചിരിയും കുട്ടി ആരെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാലും ചോദിച്ചു.
''കുട്ടിയെതാണന്നറിഞ്ഞാലെ പറയാന്‍ പറ്റു.'' രണ്ടുപേരും ചിരിച്ചു. ആ കണ്ണുകളിലെ കുസ്രുതിനിറഞ്ഞതിളക്കംതിരിച്ചറിഞ്ഞിട്ടവള്‍ വീണ്ടും ചോദിച്ചു.
''എന്തുവ ആദ്യം കാണുവാന്നോ...?''.
'' എന്റെ ടീച്ചറെ നിന്നെ എപ്പോ കണ്ടാലും ആദ്യം കാണുന്നപേലാ...!''
നടക്കുന്ന പണി നിര്‍ത്തി പണിക്കാര്‍ അവരെ ശ്രദ്ധിക്കുന്നതവരറിയുന്നുണ്ടായിരുന്നു. അവര്‍ അല്പം മുന്നോട്ടൂനടന്നു. നടക്കുന്നതിനിടയില്‍ തന്‍ പതുക്കെ ചോദിച്ചു.
''എന്നാല്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കാനുള്ള വഴി ആലോചിച്ചു കൂടെ.'' തന്റെ സമ്മതം അറീയ്ക്കുകയായിരുന്നു.
എന്തോ ആലോചിച്ചിട്ടെന്നപോലെ അയാള്‍ പറഞ്ഞു.
''ആലീസേ... ഒരല്പംക്കൂടി കാക്കണം. ഇപ്പം നടക്കുന്നപണി കഴിഞ്ഞാല്‍ അമ്മിണിയെക്കൂടി കെട്ടിച്ചു വിടാം. അതുകഴിഞ്ഞാല്‍ നമുക്കു സ്വന്തമായൊരു മുറി, പിന്നെയൊന്നുമാലോചിക്കാനില്ല. കാത്തിരിക്കണം.. ഒരു വര്‍ഷംകൂടി.''
കാത്തിരുപ്പ് വിരസമായുന്നില്ല. പേരമരച്ചുവട്ടിലെ സല്ലാപങ്ങളുമായി ആ കാലം പെട്ടന്നങ്ങു തീര്‍ന്നു.
സണ്ണിച്ചായന്റെ വീട് സ്വന്തം വീടിനെക്കാള്‍ സന്തോഷം തരുന്നതായിരുന്നു. കെട്ടിക്കേറുന്ന വീടിനെക്കുറിച്ചുള്ള ഏതൊരു പെണ്ണിന്റെയും അഭിമാനമായിരിക്കാം. തങ്കംപ്പോലരമ്മ. ആ വീടിന്റെ വെളിച്ചം. പലചരക്കുകടക്കാരനായ അപ്പന്‍. എപ്പോഴും കളിയും ചിരിയും നിറഞ്ഞവീട്.
ആ കാലം സിംഹാസനപള്ളിയുടെ അധികാരത്തെ ച്ചൊല്ലിയുള്ള തര്‍ക്കം പുതിയ ചില മാനങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു. തര്‍ക്കം ഒരോ വിശ്വാവാസികളിലേക്കുമിറങ്ങി, കലഹത്തിന്റെ ആത്മാവിനെപോഷിപ്പിച്ചുകൊണ്ടിരുന്നു. മോശയുടെ വടി! അധികാരത്തിന്റെ അംശവടി. തഴെ എറിഞ്ഞാല്‍ സര്‍പ്പമാകുന്ന, പാറയില്‍ നിന്നു് ജലപ്രവാഹത്തെ ജനിപ്പിക്കുന്ന മഹത്തായ പാരമ്പര്യത്തിന്റെ വടി! അധികര ചിഹ്നം. മോശയുടെ വടിക്കൊരു കാഞ്ഞരത്തിന്‍ കമ്പിന്റെ വിലപോലും ഇല്ലാതിക്കിയില്ലെ. തര്‍ക്കം തെരുവിലേക്കിറങ്ങുമ്പോള്‍ ധര്‍ണകളും, ഹര്‍ത്തലുകളും,നിരാഹാരങ്ങളുമായി അതു രൂപാന്തരം പ്രാപിക്കുന്നു. സഭ പഠിപ്പിച്ച ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പൊള്ളയായിരുന്നെന്നോര്‍ത്തു ചിരിക്കുന്നപൊതു ജനം. എന്റെ യിശോ നീ ഇതൊന്നുമറിയുന്നില്ലെ. വാഴ്‌വുകള്‍ തരേണ്ടവര്‍ തന്നെ ജീവനെടുക്കുവാന്‍ ആഹ്യാനം ചെയ്യുമ്പോള്‍ ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്. അവര്‍ ചോരയ്ക്കായി പതിയിരിക്കുന്നു. വെറുപ്പിന്റെയും പകയുടെയും ഒരു ലോകം അവര്‍ തലമുറകള്ക്കു കൈമാറുകയാണല്ലൊ....
ഞാന്‍ വിട്ടുതരില്ല എന്റെ പന്ത്രണ്ടുകാരനെ. പുതിയ അവകാശവാദവുമായിട്ടിറങ്ങിയവര്‍ക്കുവേണ്ടതു ചോരയാണു്. ആരൊക്കയോ വാഴകള്‍ക്കിടയില്‍ പതിയിരിക്കുന്നുവല്ലൊ. എന്തിനാണവര്‍ കുരിശുപിടിച്ചിരിക്കുന്നത്. ലോകത്തിനു മുഴുവന്‍ കൊടുക്കാന്‍ അവരുടെകയ്യില്‍ കുരിശുമാത്രമോ. കുരിശിലെ വേദനയും സഹനവും അവര്‍ അറിയുന്നില്ല. അവര്‍ക്കുവേണ്ടത് കുരിശിലെ രക്തമാണു്. രക്തത്തിനായി ദാഹിക്കുന്നവര്‍ ക്രിസ്തുവിനെ അറിഞ്ഞവരാണോ?. ക്രിസ്തുവിനെ ആര്‍ക്കുവേണം. അവര്‍ക്കുവേണ്ടത് പരിശുദ്ധന്റെ കബറിടത്തിലെ കണക്കില്ലാത്ത കാണിക്കകളാണു്. കബറുകള്‍ ഉയര്‍ക്കുന്ന ഒരു ദിവസം വരില്ലെ. വന്നില്ലെങ്കില്‍......സണ്ണിച്ചായന്റെമ്മയോടവര്‍ചെയ്തതിന്റെ കണക്കു്.....
അമ്മയുടെ മരണം പെട്ടന്നായിരുന്നു. വീടാകെ തളര്‍ന്നു പോയി. വീടിന്റെ വെളിച്ചവും ഊര്‍ജ്ജവുമണു് പെട്ടന്നില്ലാതായതു്. അതു് ഈ വീടിനെയും ഞങ്ങള്‍ കുറച്ചു പേരെയും മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായിരുന്നു. പക്ഷേ.....പിന്നീടെന്തൊക്കയാണിവിടെ നടന്നത്. ഒരിരവീണുകിട്ടിയസന്തോഷമായിരുന്നു സമുദായസ്‌നേഹികള്‍ക്ക്. അവര്‍ സെമിത്തേരിക്കു താഴിട്ടു. വേര്‍പാടിന്റെ ദു:ഖം മറ്റൊരു വഴിയിലേക്കുമാറ്റപ്പെടുകയായിരുന്നു. സംസ്‌കരിക്കപ്പെടാനായി കാത്തിരിക്കുന്ന ജഡം അധികാരികളുടെ തീര്‍പ്പിനായി പ്രാര്‍ത്ഥിച്ചു.
ഈ അമ്മ ചെയ്ത തെറ്റെന്താണു്. വിസ്വാസികളായ നാലു മക്കളെ സഭക്കുനല്കിയില്ലെ. പിന്നെ അമ്മ ഏതു സിംഹാസനത്തിന്റെ കീഴിലാണന്നമ്മയ്ക്കറിയില്ലായിരുന്നു. അവരെപ്പോഴം ദൈവത്തിന്റെ ചിറകിന്‍ കീഴിലായിരിക്കണമെന്നും, തെറ്റായതൊന്നും ചെയ്യെരുതെന്നുമേ ആഗ്രഹിച്ചിരുന്നുള്ളു. ഇപ്പോഴവരുടെ ജഡം ഇതാ കത്തിച്ചമെഴുകുതിരികള്‍ക്കും, മണികെട്ടിയ കുരിശിനും നടുവില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്നു. ആ ശരീരം ജീര്‍ണ്ണതയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇനിയതുരുകിയൊലിക്കാന്‍ തുടങ്ങും . മനുഷ്യാ നീ മണ്ണാകുന്നു.......അവകശം നിഷേധിക്കപ്പെട്ട ജഡം.
തളര്‍ന്ന കണ്ണുകളോടെ ആത്മാവില്‍ ക്ഷിണിതനായ അപ്പന്‍ മകനെ നോക്കി. അധികാരികള്‍ക്കും, സഭാനേതാക്കള്‍ക്കുമിടയില്‍ കഴിഞ്ഞമൂന്നുദിവസമായി മാറി മാറി ഓടിത്തളര്‍ന്ന മകന്‍, നിറകണ്ണുകളുമായി നില്ക്കുന്ന അപ്പനെ നോക്കി വിതുമ്പി. '' യൗവ്വനത്തില്‍.....മക്കളെകൊണ്ടാവനാഴിനിറച്ചവന്‍ ഭാഗ്യവാന്‍...''. അപ്പന്റെ യവ്വ്യനത്തിലെ മകന്‍.... തളര്‍ന്നു പോകുകയാണോ. പാടില്ല. അപ്പന്റെ കണ്ണുനീരും അമ്മയുടെ ശരീരത്തിന്റെ അവസ്ഥയും അവനെ ഉണര്‍ത്തി. ... അവന്റെ ര്‍ണ്ടാം വരവില്‍ ഉയര്‍ത്തെഴുനേല്ക്കാന്‍ അമ്മയുടെ ശരീരം സെമിത്തേരിയില്‍ തന്നെ വേണം. അതമ്മയുടെ വിസ്വാശമാണു്. ഒരു മകന്റെ കടമയും. ആര്‍ക്കും തടയാനാകാത്ത ഒരു ശക്തി അവനു ബലമേകി. അവന്‍ തൂമ്പായും കൂന്താലിയുമായി ശവക്കോട്ട ലക്ഷ്യമാക്കിനടന്നു. സഭയുടെ എരുവും പുളിയുമുള്ള നാവുകള്‍ അവനെ പിന്തുടര്‍ന്നില്ല. മാതൃത്വത്തോടുകാട്ടിയ ക്രൂരതയില്‍, മൃതദ്ദേഹത്തോടുകാട്ടിയ അനാദരവില്‍, പ്രഞ്ജയില്‍ ഇനിയും മരവിപ്പു ബധിച്ചിട്ടില്ലാത്ത ആരൊക്കയോ അവനൊപ്പൊം കുടി. അവന്‍ ശവക്കോട്ടയുടെ പൂട്ടു തകര്‍ത്ത് അമ്മയ്ക്കു കുഴി വെട്ടി.... ആര്‍ത്തു വരുന്ന എതിരാളികള്‍ അവന്റെ കണ്ണിലെ കത്തുന്ന തീ കണ്ടന്താളിച്ചു. കുര്യാക്കോസ്സച്ചന്‍ അവന്റെ നേരെ വിരല്‍ ചൂണ്ടി. അവന്‍ മൂര്‍ച്ചയുള്ള തൂമ്പ അച്ചനുനേരെ ഉയര്‍ത്തി. അധികാരികളും ക്രമസമാധാനപാലകരും ചേര്‍ന്നവര്‍ക്കിടയില്‍ മതില്‍ പണിതു. അവന്‍ എന്തും ചെയ്യുമായിരുന്നു. ഉരുകിയൊലിക്കുന്ന മാതൃത്തത്തെ അവന്‍ ഭൂമിക്കുകൊടുത്തു. അപ്പന്‍ ഒരുപിടി മണ്ണുവാരി കുഴിയിലേക്കുവിതറി പ്രിയപ്പെട്ടവള്‍ക്കന്തിയ കൂദാശ ചെയ്തു.
അന്ത്യ കാഹളം മുഴങ്ങുമ്പോള്‍ പൂര്‍ണ്ണ തേജസ്സോടുയര്‍ത്തെഴുനേല്ക്കാനയിപ്രേയസ്സിയെ നീണ്ട മൗനത്തിനുവിട്ടുകൊടുത്തശേഷം, കഴിഞ്ഞമൂന്നുദിവസമായി അനുഭവിച്ച മുഴുവന്‍ മന:പ്രയാസങ്ങളും ഒഴുക്കിക്കളയാനെന്നവണ്ണം അപ്പന്‍ കണ്ടമാനം കുടിച്ചു. സ്വര്‍ഗ്ഗത്തെയും, നരകത്തെയും, ദൈവത്തേയും ഒക്കെ തള്ളി പറഞ്ഞു.
''എനിക്കാരും വേണ്ട...എന്റെ മശിഹായെ കൊന്നവര്‍, അവന്റെ അങ്കിക്കായി ചീട്ടിടവര്‍.... ഇപ്പോള്‍ ഇതാ എന്റെ ഏലികൊച്ചിന്റെ ശവത്തിനുചുറ്റും ചെന്നായിക്കളെപ്പോലെ ഓരിയിട്ടുനടക്കുന്നു. എനിക്കാരും വേണ്ട ഒരു ചേരിയിലും ഞാനില്ല... എന്റെ സണ്ണിമോനെ ഞാന്‍ ചാവുമ്പോ...എന്നെ നീ ഈ പറമ്പിലെവിടേലുംവെട്ടിമൂടിയാമതി..... എനിക്കൊരുത്തന്റെം ഓശാരം വേണ്ട. എന്റെ ദൈവമേ.. എന്റെ ദൈവമേ... വിലാപത്തിനൊടുവില്‍ അപ്പന്‍ ഏങ്ങി ഏങ്ങി കരഞ്ഞു..... പിന്നെ തളര്‍ന്നുറങ്ങി.
നടുമുറ്റത്തുകിടന്നു വിലപിച്ചു തളര്‍ന്നുര്‍ങ്ങിയ അപ്പനെ താങ്ങി എടുത്തുമുറിയില്‍ കിടത്തുമ്പോഴേക്കും ആ മകനും നന്നേ തളര്‍ന്നിരുന്നു.
കട്ടിലില്‍ മതിമറന്നുറങ്ങുന്ന മകനെ ഒന്നു നോക്കി തന്റെ മടിയിലേക്കു ചരിഞ്ഞുകൊണ്ടു സണ്ണിച്ചായന്‍ പറഞ്ഞു, ''നമുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം ഈ നശിച്ച നാട്ടില്‍ പള്ളി ആരെങ്കിലും ഭരിക്കട്ടെ. മരിച്ചവരെയെങ്കിലും വെറുതെ വിട്ടാല്‍ മതിയായിരുന്നു. വല്ലാത്ത തലവേദന ഞാനൊന്നുറങ്ങട്ടെ.''
പെട്ടന്ന് ഓടിന്റെ പുറത്തെത്തൊക്കയോ വന്നു വീഴുന്നു. ഓടുപൊട്ടി വലിയ കല്ലുകള്‍ മുറിയിലാകെ വീഴുന്നു. സണ്ണിച്ചായന്‍ ചാടിയെഴുനേറ്റു ലൈറ്റിട്ടപ്പോഴേക്കും ആരൊക്കയോ ഓടി മറയുന്നു. അതില്‍ വവ്വാലിന്റെ ചിറകുകള്‍ പോലെ ഒരു കറുത്ത കുപ്പായം.
പൊട്ടിയ ഓടിന്റെ വിടവിലൂടെ കറുത്ത ആകാശം നോക്കി സണ്ണിച്ചായന്‍ പറഞ്ഞു.
''ആലീസേ...നമ്മള്‍ പെട്ടിരിക്കുകയണ്. സഭ നമ്മളെ പെടുത്തിയിരിക്കുകയാണ്. എന്റെ ദൈവമേ...ഇനി എന്താചെയ്യുന്നത്. ഒരു വിശ്വാസി ആയിരിക്കുന്നതെത്ര കഠിനം. എനിക്കു സഭ
വേണ്ട, മതം വേണ്ട. ഇങ്ങനെയാണെങ്കില്‍ ഞാന്‍ ദൈവത്തെയുമുപേക്ഷിക്കും. പേയിളകിയിരിക്കുന്ന മതം എന്നെ കടിച്ചു കീറും. അവരെന്റെ പിന്നലെയാണ്...നീ കുഞ്ഞിനെക്കൊണ്ടെങ്ങോട്ടെങ്കിലുമോടിക്കോ..''.ജ്വരബാധിതനെപ്പോലെ അവന്‍ വിറച്ചു. കഴിഞ്ഞ മൂന്നുനാളുകളായുള്ള നിസഹായതയാലും, പീഡകളാലും അവന്റെ മനസ്സിന് ജ്വരം പിടിച്ചിരിക്കുന്നു. ശരീരത്തിനാകെ നല്ല ചൂട്. നെറ്റിപൊള്ളുന്നു. അവന്‍ കിടക്കാന്‍ കൂട്ടാക്കുന്നില്ല. മുറിവേറ്റ മൃഗത്തെപ്പോലെ മുറിയാകെ ഉഴറിനടക്കുകയാണ്. അപ്പുറത്തപ്പന്‍ ഒന്നുമറിയാതെ ഉറക്കത്തില്‍ പിച്ചും പേയും പറയുന്നു.
'' ആലീസേ.....നീ കുഞ്ഞിനെ എടുത്തോ ഞാനപ്പനെ പിടിക്കാം.... എല്ലാം എടുത്തോ...നമുക്കുപോകാം. മുന്തിരിപ്പഴത്തിന്റെ കാലം കഴിഞ്ഞാല്‍ ഇല കൊഴിയും പിന്നെ മരുഭൂമിയില്‍ തീയ്യുടെ കാലമാ... വേഗം പോയില്ലെങ്കില്‍ മരുഭൂമിയൂടെ പഴുത്ത നാവ് നമ്മളെ നക്കി നക്കി ഇല്ലാതാക്കും. അവന്‍ പുലമ്പിക്കൊണ്ടേയിരുന്നു. ഒരു വിധത്തില്‍ അവ്ള്‍ അവനെ കിടക്കയില്‍കിടത്തി. നെറ്റിയില്‍ തുണി നനച്ചിട്ടു. അവര്‍ പരസ്പരം സ്വാന്തനിപ്പിച്ച് കൊച്ചു കുട്ടികളെപ്പോലെകെട്ടിപ്പിടിച്ചു കിടന്നുറങ്ങി. നേരം വെളുത്തുര്‍ണന്നപ്പോള്‍ അവന്‍ തലേ രാത്രിയെ മറന്നിരുന്നു. പൊട്ടിപ്പോയ ഓടിന്റെ വിടവില്‍ക്കുടി ഇറങ്ങുന്ന പ്രകാശത്തിലേക്കു നോക്കി അവന്‍ എന്തൊക്കയോ കണക്കു കൂട്ടി.
അപ്പന്‍ പറമ്പിലാകെ ഒരു വട്ടം നടന്നിട്ടു വന്നിരിക്കുന്നു.
''പെണ്ണേ....കട്ടനിട്ടില്ലെ.....'' മുറ്റത്തുനിന്നപ്പന്‍ വിളിച്ചു ചോദിച്ചു. മരിച്ചവരെ എല്ലാവരും മറന്നിരിക്കുന്നു.പൊട്ടിയ ഓടും ചിതറിക്കിടക്കുന്ന കല്ലുകളും അപ്പന്‍ മന:പൂര്‍വം മറന്നു.
''എടാ സണ്ണിയെ ഇവിടെന്തുവാ നടന്നെ...വാ നമുക്ക് പോലീസ്സിലൊരു പരാതി കൊടുക്കാം. '' അവറാച്ചനാ...ഒരു വിഭാഗത്തിന്റെ നേതാവ്. രാവിലെ ആരോ പറഞ്ഞറിഞ്ഞുവന്നതാ.
''വേണ്ട അവറാച്ചായ. എനിക്ക് പരാതിയില്ല.'' അപ്പനുമതുതന്നെ പറഞ്ഞു.
''അവറാന്‍ ചെല്ല്. വെറുതെ പ്രശ്‌നം ഉണ്ടാക്കതെ...'' അപ്പന്റെ ശബദത്തില്‍ അവജ്ഞയുടെ ഉപ്പുരസം ഉണ്ടായിരുന്നു. മരണമന്നേഷിച്ചുപോലും വരാത്തവര്‍, വീടിനു ചുറ്റും ചോരയുടെ മണവും പിടിച്ചു വന്നിരിക്കുന്നു. അപ്പന്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.

കേട്ടവര്‍ കേട്ടവര്‍ ആള്‍ക്കൂട്ടമായി വളര്‍ന്നു. സണ്ണിച്ചായന്‍ ആള്‍ക്കുട്ടത്തിന്റെ നേതാവായി അവരോധിക്കപ്പെടുകയായിരുന്നു. അവര്‍ സണ്ണിച്ചായനേയും കൊണ്ട് എങ്ങോട്ടൊക്കെയോ പോയി. മൂന്നാം ദിവസമൊരു ജീപ്പില്‍ കീറിമുറിച്ച ആ ശരീരം ഈമുറ്റത്തിറക്കിവെച്ച് ആള്‍ക്കുട്ടം പിരിഞ്ഞു. ക്രിസ്തിയ സ്‌നേഹം ഏറ്റുവാങ്ങിയ ആ ശരീരം തുറന്നകണ്ണുകളോടെ അവളെ ഉറ്റുനോക്കി.
മുന്തിരിപ്പഴത്തിന്റെ കാലം കഴിയുന്നതിനു മുമ്പേ മുന്തിരിവള്ളിയള്‍ ഇലകള്‍ പൊഴിച്ചിരിക്കുന്നു. ഇനി മരുഭൂമിയില്‍ തീയ്യുടെ കാലം. ശരീരവും ആത്മാവും വെന്തുരുകുന്നകാലം. അരമനകളില്‍ വാഴുന്നോര്‍ക്ക് രക്തസാക്ഷികള്‍ക്ക് ചരമഗീതങ്ങള്‍ ചമച്ച് സന്തോഷിക്കാം. പക്ഷേ കരയുന്നപെണ്ണിന്റെ ആത്മാവിന്റെ വേദന അവരുടെ പൊന്‍തൂലികയ്ക്കു വഴങ്ങുമോ. തീയുടെ ചൂട് അവരെ എരിക്കുന്ന ഒരു കലം വരില്ലെ.... .
എവിടെയോ ഒരനക്കം. വവ്വാലിന്റെ ചിറകുപോലെ എന്തോ ഒന്ന് .. കുര്യാക്കോസച്ചന്‍..... ആലീസ് അടുത്തുകരുതിവെച്ചിരുന്ന വെട്ടുകത്തിയില്‍ പിടിമുറുക്കി.
കാലന്‍ കോഴികള്‍ (സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക