Image

ക്രിസ്‌മസ്‌ - ഒരു വീക്ഷണം (സ്റ്റീഫന്‍ നടുക്കുടിയില്‍)

Published on 16 December, 2013
ക്രിസ്‌മസ്‌ - ഒരു വീക്ഷണം (സ്റ്റീഫന്‍ നടുക്കുടിയില്‍)
കേള്‍ക്കൂ, കാതോര്‍ക്കൂ, ശ്രദ്ധിക്കൂ,

Gloria in excelcis deo
Et in terra pax hominibus bonae voluntatis


അത്യുന്നതങ്ങളില്‍ ദൈവതതിനു മഹത്വവും, സ്‌തുതിയും
ഭൂമിയില്‍ സന്മനസ്സുളളവര്‍ക്കു സമാധാനം

രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ബദ്‌തലേമില്‍ ദൈവപുത്രനായ ജീസസിന്റെ തിരുപിറവി ഇടയന്മാരെ അറിയിക്കുവാന്‍ കാഹളം ഊതിക്കൊണ്ട്‌ മാലാഖമാര്‍ പാടിയ കീര്‍ത്തനം
ഉണരൂ, ഉത്‌ഘോഷിക്കു, ആഹ്ലാദിക്കു, നൃത്തം ചെയ്യു. ഉണ്ണി പിറന്നു. രാജപുത്രന്‍ പിറന്നു. രാജാധിരാജന്‍ പിറന്നു. രാജാതിരാജനു മഹത്വവും സ്‌തുതിയും.

കാലങ്ങള്‍ കഴിയുംതോറും ഈ കീര്‍ത്തനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സന്ദേശത്തിന്റെ വ്യാപ്‌തിയും, പ്രസക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ദൈവം മനുഷ്യനായി പിറന്ന്‌ ദൈവസ്‌നേഹം വിളംബരം ചെയ്‌തത്‌ ഒരു നിസാര സംഭവമായി കാണാന്‍ കഴിയില്ലല്ലോ. അതില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഏതു സംഭവമുണ്ട്‌?

ഒരു കാലത്ത്‌ ക്രൈസ്‌തവര്‍ മാത്രം ആഘോഷിച്ചിരുന്ന ക്രിസ്‌മസ്‌ ഇന്നു ലോകത്തെമ്പാടുമുള്ള ജനങ്ങള്‍, ജാതിമതഭേദമന്യേ സമാധാനത്തിന്റെയും സൗമനസ്സിന്റെയും പെരുന്നാളായി ആഘോഷിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്‌മസ്‌ ദിവസം അവധിദിവസമാണ്‌.

ക്രിസ്‌മസ്‌ കാലത്ത്‌ ഒരു സുന്ദരമായ പെരുന്നാളാഘോഷത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും ഏവരുടേയും മുഖത്ത്‌ കാണാന്‍ കഴിയുന്നു.

അവധിദിവസങ്ങള്‍ ക്ലേശകരമായ ജീവിതചര്യകള്‍ക്ക്‌ വിടുതലും, ഔദേ്യാഗിക ഉത്തരവാദങ്ങളില്‍നിന്നു വിമോചനവും സമ്മാനിക്കുന്നു. പുതുജീവന്‍ നല്‍കുന്നു. മനുഷ്യരെ ഉന്മേഷവാന്മാരാക്കുന്നു. പുതു ജീവിതവും, ഉന്മേഷവും പ്രധാനം ചെയ്യുന്നതിന്‌ ക്രിസ്‌മസ്‌ അവധിക്കുള്ള കഴിവ്‌ മറ്റൊഴിവുദിവസങ്ങള്‍ക്കില്ലന്നുവേണം പറയുവാന്‍.

ക്രിസ്‌മസ്‌ കാലം ആഹ്ലാദിക്കുവാനും, ആനന്ദിക്കുവാനുള്ളതാണ്‌. അതുതന്നെയാണല്ലോ ക്രിസ്‌മസ്‌ സന്ദേശങ്ങളില്‍ നാം കൈമാറുന്നത്‌. `മെറി ക്രിസ്‌മസ്‌', അതായത്‌ ലീലാലോലമായ ക്രിസ്‌മസ്‌.

ക്രിസ്‌മസ്‌ സന്ദേശമോ, അളവില്ലാത്തതും, ചട്ടക്കൂടുകളില്‍ ഒതുക്കിനിര്‍ത്താത്തതുമായ സ്‌നേഹം. ദൈവം ഉന്നതങ്ങളില്‍നിന്ന്‌ ഇറങ്ങിവന്ന്‌, നമ്മോടൊപ്പം വസിക്കുന്നത്‌ മറ്റെന്തായിട്ടാണ്‌ ദര്‍ശിക്കേണ്ടത്‌? അതുകൊണ്ട്‌ ക്രിസ്‌മസ്‌ ദൈവീകമായ സൗമനസ്സിന്റെ പെരുന്നാളാണ്‌. തന്റെ ദൈവത്വം ത്യജിച്ച്‌ പാപികളുടെ ഇടയില്‍ ജീവിക്കുന്നതില്‍ കാരുണ്യത്തിന്റെ പ്രതിബിംബവും നമുക്ക്‌ പ്രത്യക്ഷമായി കാണാം.

ഡിസംബര്‍ മാസത്തിന്റെ പിറവിയാണ്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്‌. അന്നേദിവസം ക്രിസ്‌ത്യാനികള്‍ക്ക്‌ ആഗമനം (മറ്‌ലി)േ എന്നറിയപ്പെടുന്ന ഉപവാസകാലം തുടങ്ങുന്നു. നവാഗതനാകുന്ന യേശുവിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം. ഉപവസിക്കുന്നവര്‍ അടുത്ത 25 ദിവസം മാംസഭക്ഷണം ത്യജിക്കുന്നു. തീഷ്‌ണതയുള്ളവര്‍ തികച്ചും സസ്യഭുക്കുകളാകുന്നു. ആഴ്‌ചയില്‍ രണ്ടു ദിവസം ഉച്ചക്കുമാത്രം ഭക്ഷണം കഴിക്കുന്നു. സ്ഥിരം മദ്യപാനികളില്‍ ചിലരെങ്കിലും മദ്യം വര്‍ജിക്കുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ പാര്‍പ്പിടങ്ങള്‍ക്കു മുന്‍പിലും, വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പിലും വര്‍ണ്ണശബളമായതും, തരളപ്രഭയുള്ളതുമായ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ജീസസ്സിന്റെ പിറവി ദൈവദൂദന്മാരില്‍നിന്നും അറിഞ്ഞ്‌, ആ ദിവ്യ ഉണ്ണിയെ വണങ്ങി ആരാധിക്കുന്നതിനു രാജകീയ ഉപഹാരങ്ങളായ സ്വര്‍ണ്ണവും, കുന്തിരിക്കവും, മീറും സംഭരിച്ച്‌ ബദ്‌തലമിലേക്കു പുറപ്പെട്ട മൈജൈ (ജ്ഞാനികള്‍) മാര്‍ക്ക്‌ വഴികാട്ടിയ നക്ഷത്രത്തിന്റെ അനുകരണങ്ങള്‍. അക്കൂട്ടത്തില്‍ ഇപ്പോള്‍ വാല്‍നക്ഷത്രങ്ങളെയും, ആകശവിളക്കുകളെയും കാണാം.

വരുംദിവസങ്ങളില്‍ വീടുകളിലും, ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലും, ക്രിസ്‌മസിനെ ഓര്‍മ്മിപ്പിക്കുന്ന അലങ്കാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചെറുതും വലുതുമായ അലങ്കാര വസ്‌തുക്കള്‍, നക്ഷത്രങ്ങള്‍, അലങ്കാരങ്ങള്‍ അണിഞ്ഞ ക്രിസ്‌മസ്‌ ട്രീ. കീഴെ ഫാദര്‍ ക്രിസ്‌മസ്‌, പുല്‍ക്കൂട്‌, റെയിന്‍ഡിയറുകള്‍, ക്രിസ്‌മസ്‌ ബലൂണുകള്‍. സാന്ത കൊണ്ടുവരുന്ന സമ്മാനങ്ങള്‍ നിരത്തിവയ്‌ക്കുവാന്‍ പച്ചപരവതാനി. ക്രിസ്‌മസ്‌ ട്രീ കേരളത്തില്‍ നവാഗതനാണ്‌.

പുതിയ മാളുകളും, സൂപ്പര്‍ മാര്‍ക്കറ്റുകളും കേരളത്തിലെ ചില്ലറ വില്‌പനശൈലിതന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്‌.

ആണ്ടോടാണ്ട്‌ നടക്കുന്ന കച്ചവടത്തിന്റെ 60 ശതമാനം ക്രിസ്‌മസ്‌ സീസണിലാണ്‌ നടക്കുന്നത്‌. അത്‌ മുന്നില്‍ കണ്ടുകൊണ്ട്‌ വ്യാപാരികള്‍ ചില്ലറ കച്ചവടത്തിന്റെ മദ്ധ്യബിന്ദുമാളുകളിലേക്കു മാറുമെന്ന ആശങ്കയിലും കടകള്‍ കച്ചവട സാധനങ്ങള്‍കൊണ്ട്‌ നിറച്ചുകഴിഞ്ഞു. ക്രിസ്‌മസ്‌ കച്ചവടത്തിന്റെ ലഹരി നേരിട്ടു കാണണമെങ്കില്‍ എറണാകുളം ബ്രോഡ്‌വേയ്‌ക്കു കിഴക്കുവശത്തുള്ള മേത്തര്‍ ബസാര്‍പോലുള്ള കമ്പോളങ്ങള്‍ സന്ദര്‍ശിക്കണം. അവിടെ ഇടുങ്ങിയ ഇടവഴികളില്‍കൂടി നടന്നു ചൈനയില്‍നിന്നും ഇറക്കുമതി ചെയ്‌ത കണ്ണഞ്ചിക്കുന്ന അലങ്കാരസാധനങ്ങള്‍ക്കു വിലപേശുന്നത്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമാണ്‌. അധികം താമസിയാതെ ബേക്കറികള്‍ ക്രിസ്‌മസ്‌ കേക്കുകള്‍കൊണ്ടു നിറയും. ഇക്കൊല്ലം ക്രിസ്‌മസ്‌ ആശംസകള്‍ക്കു മധുരമേകാന്‍ കേരളത്തില്‍ 170 കോടി രൂപയുടെ ക്രിസ്‌മസ്‌ കേക്കുകള്‍ വിറ്റഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യന്‍ മെയ്‌ഡ്‌ വിദേശമദ്യത്തിന്റെ വിപണനം പ്രവചനങ്ങള്‍ക്ക്‌ ഏറെ മുകളിലായിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ ആസ്വദിക്കുന്നത്‌ കുട്ടികളാണ്‌. പിറവിയാണല്ലോ കേന്ദ്രബിന്ദു. ക്രിസ്‌മസ്‌ അവധി തുടങ്ങിയാല്‍പിന്നെ റെയിന്‍ഡിയറുകളുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന മണികളുടെ കിലുക്കം കേള്‍ക്കുവാനുള്ള കാത്തിരിപ്പായി.

ജിംഗിള്‍ ബെല്‍ പാടി മഞ്ഞുമലകള്‍ താണ്ടി, ഡാഷര്‍, ഡാന്‍സര്‍, പ്രാന്‍സര്‍, വിക്‌സണ്‍, കോമറ്റ്‌, കുപ്പിഡ്‌, ഡോണ്‍ഡര്‍, ബ്ലിറ്റ്‌സണ്‍, പിന്നെ ഉരുണ്ട്‌ തിളങ്ങുന്ന മൂക്കുള്ള റുഡോള്‍ഫ്‌ എന്നീ പേരുകളുള്ള ഒന്‍പത്‌ പറക്കുന്ന റെയിന്‍ഡിയറുകളെ കെട്ടി തുറന്ന തേരില്‍ വരുന്ന സര്‍വവ്യാപിയായ സാന്താക്ലാസ്സിന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നത്‌ കുട്ടികള്‍ക്ക്‌ ഒരു മധുരമുള്ള വിനോദമാണ്‌.

ഇക്കൊല്ലം സാന്താക്ലാസ്‌ തന്റെ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്‌ പൂജ്യത്തില്‍നിന്ന്‌ നൂറു കിലോമീറ്ററില്‍ എത്തുവാന്‍ വെറും 2.9 സെക്കന്റുമാത്രം ആവശ്യമുള്ളതും, മണിക്കൂറില്‍ 355 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിവുള്ളതും, 27.56 കോടി വിലയുള്ളതുമായ ഇറ്റലിയുടെ സ്വന്തം ലംഭോഗിനി വെനേനയെന്ന അത്ഭുത സൃഷ്‌ടിയെ ഉപയോഗിച്ചേക്കുമെന്നു പറഞ്ഞുകേട്ടിരുന്നു. പക്ഷെ ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്ക്‌ കൃത്യസമയത്തു സമ്മാനങ്ങള്‍ എത്തിക്കുന്നതിനു അനേകായിരം ലംഭോഗിനികള്‍ ഒരേ സമയത്ത്‌ ഓടിക്കേണ്ടി വരുമെന്ന ഭയത്താലും, മഞ്ഞുമലകളും, വനാന്തരങ്ങളും വന്‍ സമുദ്രങ്ങളും താണ്ടി ദുര്‍ഘടംപിടിച്ച വിവിധതരത്തിലുള്ള പ്രദേശങ്ങള്‍ തരണം ചെയ്യുന്നതിനുള്ള കഴിവ്‌ ലംഭോഗിനികള്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവ്‌ പരിഗണിച്ചും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തന്നെ കാത്തിരിക്കുന്ന കുട്ടികള്‍ക്കു സമ്മാനങ്ങള്‍ കൃത്യസമയത്തെത്തിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തും ഇക്കൊല്ലവും സാന്താക്ലാസ്‌ തന്റെ പരമ്പരാഗത വാഹനമായ തുറന്ന തേരില്‍ പറക്കുന്ന റെയിന്‍ഡിയറുകളെ കെട്ടി കൃത്യനിര്‍വ്വഹണം നടത്തുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.

ഒരു കാലത്ത്‌ ഗ്രിംസ്‌ ഫെയറി ടൈയ്‌ലിലെ അഗ്ലി ഡക്ലിങ്ങിനെപ്പോലെ പുറന്തള്ളപ്പെട്ടിരുന്ന തിളങ്ങുന്ന ചുവപ്പ്‌ മൂക്കുള്ള റുഡോള്‍ഫ്‌ ദ റെഡ്‌ നോസ്‌ഡ്‌ റെയിന്‍ഡിയര്‍ തന്നെയായിരിക്കും റെയിന്‍ഡിയര്‍ സംഘത്തിന്റെ നായകന്‍.

സ്റ്റീഫന്‍ നടുക്കുടിയില്‍
486, Harbour Isle Way
Longwood, Fl. 32750
407 830 6717
ക്രിസ്‌മസ്‌ - ഒരു വീക്ഷണം (സ്റ്റീഫന്‍ നടുക്കുടിയില്‍)
ക്രിസ്‌മസ്‌ - ഒരു വീക്ഷണം (സ്റ്റീഫന്‍ നടുക്കുടിയില്‍)
സ്റ്റീഫന്‍ നടുക്കുടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക