Image

എനിക്ക്‌ ക്രിസ്‌തുവിനോട്‌ പറയാനുള്ളത്‌ (കവിത: ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 21 December, 2013
എനിക്ക്‌ ക്രിസ്‌തുവിനോട്‌ പറയാനുള്ളത്‌ (കവിത: ഷീല മോന്‍സ്‌ മുരിക്കന്‍)
ഇനി പിറക്കാതിരിക്കുക
ഇവിടെ ഈ സ്വാര്‍ത്ഥഗോപുരങ്ങള്‍ക്കിടയില്‍
നിനക്കു പിറന്നുവീഴാന്‍
ഒരു കാലിത്തൊഴുത്തുപോലും അവശേഷിച്ചിട്ടില്ല
ഒരു രക്ഷകനും ചുമക്കുവാനാവാത്ത
പാപഭാരം ചുമന്ന്‌
ഭൂമി നില്‍ക്കാനാവാതെ കറങ്ങുകയാണ്‌
അതുകൊണ്ട്‌ തന്നെയാവാം
ഭൂമിയില്‍ ഇപ്പോള്‍
അവതാരങ്ങളും ജന്മമെടുക്കാറില്ല.
അവതാരങ്ങള്‍ക്ക്‌ പൊന്നും മീയും കുന്തിരിക്കവും
കാഴ്‌ച നല്‍കാന്‍ ഇവിടെ
രാജാക്കന്മാരും അവശേഷിച്ചിട്ടില്ല.
മുള്‍ക്കിരീടവും മുള്ളാണികളും മരക്കുരിശുമാണ്‌
ഇവിടുത്തെ കാഴ്‌ചദ്രവ്യങ്ങള്‍
ഒരിക്കല്‍ നീ വന്നപ്പോള്‍
മൂന്ന്‌ ആണികള്‍ സമ്മാനിച്ചവര്‍
ഇനി നീ വരുമ്പോള്‍
മൂവായിരം ആണികള്‍കൊണ്ട്‌
ഉയര്‍ത്തെഴുന്നേല്‍ക്കുവാനാവാത്തവിധം
നിന്നെ ക്രൂശിച്ചേക്കാം.
നിനക്കുവേണ്ടി ഞാനും കരുതിയിരിക്കുന്നത്‌
മൂര്‍ച്ഛയുള്ള ഒരു കുന്തംതന്നെയാണ്‌
നിന്റെ ചങ്കാണ്‌ എന്റെ ലക്ഷ്യം
എന്റെ കുരുടന്‍ കണ്ണുകളുടെ
അന്തര്‍ദാഹവും
അതിലെ രക്തവും വെള്ളവും തന്നെയാണ്‌.!
എനിക്ക്‌ ക്രിസ്‌തുവിനോട്‌ പറയാനുള്ളത്‌ (കവിത: ഷീല മോന്‍സ്‌ മുരിക്കന്‍)
എനിക്ക്‌ ക്രിസ്‌തുവിനോട്‌ പറയാനുള്ളത്‌ (കവിത: ഷീല മോന്‍സ്‌ മുരിക്കന്‍)
ഷീല മോന്‍സ്‌ മുരിക്കന്‍
Join WhatsApp News
വിദ്യാധരൻ 2013-12-21 21:16:47
ഇന്നലെ യേശു എന്നെ വിളിച്ചിരുന്നു 
നിങ്ങൾ പറയുന്നതും യേശു പറഞ്ഞതും 
ഒന്ന് തന്നെ വരികില്ലവൻ ഒരിക്കലും ഭൂമിയിൽ 
വന്നു നില്ക്കും മദ്ധ്യാകാശത്തു 
ഭൂമിയിൽ മദ്യം അടിച്ചു വഴിയിൽ 
ഉറങ്ങുന്നവരെ നോക്കി 
പാരയും കയ്യിലേന്തി പരസ്പരം 
പാര വയ്ക്കാൻ പായുന്ന പാതിരിമാരെ 
രാഷ്ട്രീയക്കാരെ, അമ്മയെ, പെങ്ങളെ 
മകളെ ബലാൽസംഗം ചെയ്യുന്ന 
മനുഷ്യവേഷം പൂണ്ട മൃഗങ്ങളെ നോക്കി 
കുഞ്ഞുങ്ങളെ പാലൂട്ടി ഉറക്കാൻ 
പാടുപെടും അമ്മമാരേ നോക്കി 
സ്വന്തനാടിനെ കുട്ടിച്ചോറാക്കി 
വിദേശികൾക്ക് വിലക്കാൻ വെമ്പുന്ന 
പുരോഗമന വാദികളെ നോക്കി 
ആഗോളവല്ക്കരണത്തിന്റെ മറവിൽ 
നിന്ന് സ്വന്ത തയുടെ ഉടുതുണി പറിക്കാൻ 
വെമ്പുന്ന പ്രാവാസികളെ നോക്കി 
പൊഴിക്കും ഒരിക്കലും ശരിയാകാത്ത 
ഈ മനുഷ്യ വര്ഗ്ഗത്തിനായി 
ഇനി കാലുവയിക്കില്ലവാൻ ഈ ഭൂവിൽ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക