Image

ക്രിസ്തുമസ് എന്ന മഹാസന്തോഷം- ബെന്നി പരിമണം

ബെന്നി പരിമണം Published on 23 December, 2013
ക്രിസ്തുമസ്  എന്ന മഹാസന്തോഷം- ബെന്നി പരിമണം
കാലം കാല്‍പ്പാടാക്കി കാലിത്തൊഴുത്തില്‍ പിറന്ന യേശു രക്ഷകന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്തുമസ്സ്. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും നല്ല മാതൃകകള്‍ മാനവജനതയ്ക്കു കാണിച്ചു തന്ന പരമകാരുണ്യവാനായ യേശു ക്രിസ്തുവിന്റെ ഭൂമിയിലെ ജനനം. മാനവരാശിയെ പാപത്തില്‍ നിന്നും വീണ്ടെടുക്കുവാനായി വീണ്ടെടുക്കുവാനായി രക്ഷകന്‍ ഈ ഭൂമിയില്‍ ജാതനായപ്പോള്‍ അങ്ങകലെ വാനില്‍ മാലാഖമാര്‍ ദൈവത്തിന് മഹത്വ ഗീതികള്‍ പാടി. ആ ഗാനം ഈ ക്രിസ്തുമസ്സ് ദിനങ്ങളിലും നമ്മുടെ ഹൃദയങ്ങളില്‍ അലയടിക്കട്ടെ. സമാധാന കാംക്ഷികളായി ലോകത്തില്‍ നാം ആയിരിക്കുമ്പോഴാണ് യഥാര്‍ത്ഥ ക്രിസ്തുമസ്സിന്റെ അനുഭവം നമ്മളില്‍ ഉളവാകുന്നത്. എത്രയോ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞുപോയി. ആധുനിക ലോകത്തില്‍ തിരുപ്പിറവിയുടെ ആചരണം മറ്റെല്ലാ ആഘോഷങ്ങളെപ്പോലെയും കേവലം വര്‍ഷത്തില്‍ കൊണ്ടാടുന്ന ഒരു ചടങ്ങായി മാറി. ക്രിസ്തുയേശുവിന്റെ ജനനത്തിന്റെ ലക്ഷ്യം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ നാം പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ക്രിസ്തുമസ്സ് എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്ന സാന്താക്ലോസ് മാത്രമാണ്. ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ്സ് കേവലം ഭൗതികമായ ആഘോഷങ്ങളാല്‍ പലര്‍ക്കും ഇത് സന്തോഷിക്കുവാനുള്ള വേളയായി മാറിക്കൊണ്ടിരിക്കുന്നു. മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി യഥേഷ്ടം ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നത് തികച്ചും വേദനാജനകമാണ്. എന്താണ് ഉണ്ണിയേശുവിന്റെ ജനനത്തിലൂടെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കേണ്ട മാറ്റങ്ങള്‍? ദൈവം നമ്മുടെ ഉള്ളില്‍ ജനിക്കുമ്പോള്‍ അവനെ ഹൃദയത്തില്‍ വഹിച്ചുകൊണ്ട് ക്രിസ്തുയേശുവിന്റെ ഭാവം ഉള്ളവരായി ജീവിക്കുന്നതിലൂടെ മാത്രമേ അര്‍ത്ഥവത്തായ സാക്ഷ്യമുള്ള ജീവിതങ്ങളായി പ്രശോഭിപ്പാന്‍ നമുക്കു സാധിക്കൂ. ഇതാണ് ക്രിസ്തുമസ്സ് നമ്മളില്‍ വരുത്തേണ്ട മാറ്റങ്ങള്‍.

 ബി.സി. 700 ല്‍ യെശച്ചാവ്പ്രവചിച്ചു കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. ആ പ്രവചനം നൂറ്റാണ്ടുകള്‍ക്കുശേഷം നിവൃത്തിയാകുന്ന കാലം അടുത്തപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച മറിയയെ സംരക്ഷിക്കുന്ന യോസഫിനെ നമുക്ക് കാണാം. മോശയുടെ ന്യായപ്രമാണപ്രകാരം വേണമെങ്കില്‍ കല്ലെറിയാമായിരുന്ന മറിയയെ ദൈവ ശബ്ദം അനുസരിച്ച് മാറോടണച്ച് സ്‌നേഹിക്കുന്ന നീതിമാനായ യോസഫ് നന്മയുടെ മകുടോദാഹരണമാണ്.. കര്‍ത്താവിന്റെ വാഗദത്തം നിറവേറ്റുന്നതില്‍ അനുസരണാശീലനായ യോസഫ് ഇത് ദൈവീക പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് ജീവിതത്തില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നത് ദൈവത്തിന്റെ വാഗദത്തങ്ങള്‍ക്കും ശബ്ദത്തിനും കാതോര്‍ക്കാതെ ഈ ലോകത്തിന്റെ വിളികള്‍ക്ക് അനുസരണമുള്ളവരായി ജീവിക്കുന്നതുകൊണ്ടാണ്. ഈ ക്രിസ്തുമസ്സ് നമ്മുടെ ജീവിതത്തില്‍ ദൈവവിളിക്ക് അനുസരണമുള്ളതായി മാറുന്നത് ആകട്ടെ. ഉണ്ണിയേശുവിന്റെ ജീവിതത്തിലെ നിസ്സാഹായത നമ്മുടെ അഹങ്കാരമുള്ള ജീവിതത്തിന്റെ അകക്കണ്ണുകളെ തുറക്കട്ടെ. അവനു മുന്‍പില്‍ കാഴ്ച ദ്രവ്യങ്ങളായി സമര്‍പ്പിക്കുന്നത് നാം ഓരോരുത്തരുടെയും ജീവിതം തന്നെയാകുമ്പോഴാണ് ക്രിസ്തുമസ്സിന്റെ സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നത്.
ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും ഇതായിരുന്നു ക്രിസ്തുവിന്റെ ജനനത്തിങ്കല്‍ ഭൂതന്‍ ആട്ടിടയര്‍ക്കു നല്‍കിയ അടയാളം. നിഷ്‌ക്കളങ്കരായ ആട്ടിടയര്‍ക്ക് ദൈവപുത്രനെ കാണ്മാന്‍ ഭയലേശമന്യെ എത്തിപ്പെടാന്‍ പറ്റിയ സഥമായിരുന്നു കാലിത്തൊഴുത്ത്. ഒരു പക്ഷേ ഏതെങ്കിലും മണിമാളികയില്‍ ആയിരുന്നു കര്‍ത്താവിന്റെ ജനനം എങ്കില്‍ ആട്ടിയര്‍ക്ക് അവനെ ദര്‍ശിക്കുക എന്നത് അപ്രാപ്യമായേനെ. ഏറ്റവും താണതിനെ ധരിക്കുന്ന ദൈവപുത്രനെ നമുക്ക് അവന്റെ ജനനത്തില്‍ കാണാം. ഇന്ന് ക്രിസ്തുമസ്സിന്റെ അടയാളം എന്താണ്? ദുഷ്ടശക്തികള്‍ കീഴടക്കിയിരിക്കുന്ന ക്രിസ്തുമസ് ആണ് നമുക്ക് ചുറ്റും കാണുന്നത്. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന നിയന്ത്രണമില്ലാത്ത ആഘോഷങ്ങളുമായി വികൃതമാക്കുന്ന ജനനപെരുന്നാള്‍. മശിഹാ നമ്മുടെ ഉള്ളില്‍ ജനിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ദീപമായി പ്രകാശിക്കുവാന്‍ ആ ജനനം നമ്മില്‍ മുഖാന്തിരമായിത്തീരും. ഇതാണഅ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്ന് ഉരുവിട്ട് പൂര്‍ണ്ണമായി സമര്‍പ്പിച്ച മറിയയുടെ ജീവിതത്തെ ഈ ക്രിസ്തുമസ്സ് കാലയളവില്‍ നമ്മളിലും പകര്‍ത്താം. ഉണ്ണി യേശുവിന് പിറക്കുവാന്‍ ഇടം നല്‍കാതിരുന്ന സത്രം സൂക്ഷിപ്പുകാരന്റെ അവസ്ഥ നമ്മളില്‍ ഉളവാകാതിരിക്കട്ടെ. ക്രിസ്തുമസ്സിന്റെ മഹാ സന്തോഷവേളയില്‍ അവന്റെ ജനനത്തിനായി നമ്മുടെ ഭവനവും ഹൃദയങ്ങളും തുറന്നിട്ട് നമുക്ക് ഒരുങ്ങിയിരിക്കാം…


ക്രിസ്തുമസ്  എന്ന മഹാസന്തോഷം- ബെന്നി പരിമണം
ക്രിസ്തുമസ്  എന്ന മഹാസന്തോഷം- ബെന്നി പരിമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക