Image

ചങ്ങമ്പുഴ എന്ന പ്രേമഗായകന്‍: (റ്റികെവി)

തോമസ്.കെ. വര്‍ഗീസ് (റ്റികെവി) Published on 01 November, 2011
ചങ്ങമ്പുഴ എന്ന പ്രേമഗായകന്‍: (റ്റികെവി)
മലയാള കവിതാ ലോകത്ത്, പ്രണയത്തിന്റെ പൂമഴ പെയ്യിച്ച കവിയായിരുന്നു, ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹം പ്രേമത്തിന്റെ വിഭിന്ന ഭാവതലങ്ങളെ മാദമനോഹാരിതയോടെ അദ്ദേഹം വരച്ചുകാട്ടി. പ്രേമത്തിന്റെ വ്യാമോഹവും രോമഹര്‍ഷവും, വേദനയും, പീഢനവും, നെടുവീര്‍പ്പുകളും തീവ്രതയോടെ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. പ്രണയത്തിന്റെ അന്ധതയും വഞ്ചനയും, അതുണ്ടാക്കുന്ന വിഭ്രാന്തിയും ത്യാഗവും, പ്രേമം വിരിയിക്കുന്ന പൂന്തോട്ടവും, കാടും, കാനനച്ചോലയും, സാഡിസവും എല്ലാം വരച്ചു കാട്ടുന്ന കവിതകള്‍ കൊണ്ട് എല്ലാ മലയാള മനസ്സുകളേയും അദ്ദേഹം കവര്‍ന്നെടുത്ത്, കാവ്യലോകത്തേക്ക് തള്ളിവിട്ടു. മണ്ണിനേയും, മനുഷ്യനേയും സ്‌നേഹിച്ച ആ അനശ്വര പ്രേമഗായകന്‍ “വാഴക്കുലയിലൂടെ” സാമൂഹ്യ അസമത്വങ്ങള്‍ക്ക് നേരെ പടവാളെടുക്കുന്നു. ആകെ മുപ്പത്തിയേഴു വര്‍ഷം ജീവിച്ചിരുന്ന്, പതിനേഴ് വര്‍ഷത്തെ കാവ്യജീവിതത്തിനിടയില്‍ , പരിഭാഷകള്‍ ഉള്‍പ്പെടെ അന്‍പത്തിയെട്ടു കൃതികള്‍ രചിച്ച ചങ്ങമ്പുഴയെ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ഇങ്ങനെ വര്‍ണ്ണിക്കുന്നു….

ഏതോ പെരിയൊരു ശാപം പറ്റി
ച്ചേതോഹരനൊരു ഗന്ധര്‍വ്വന്‍
മധുരമനോരമ നാദ മുതിര്‍ക്കും
മണിവേണുവുമായ് വന്നെത്തി.

“രമണനി
ല്‍ ‍” ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമീണ സൗന്ദര്യ വര്‍ണ്ണനയില്‍ ചാലിച്ച്, ഒരു സാധാരണക്കാരന്റെ പ്രേമസ്വപനത്തിന്റെ നിഴലും വെളിച്ചവും, പ്രേമഭംഗത്തിന്റെ വേദയും ദുരന്തവും വര്‍ണ്ണിക്കുന്ന ഈരടികള്‍ , മലയാളിയ്ക്ക് കാഴ്ചവെച്ചിരിക്കുന്നു. പത്തു വര്‍ഷക്കാലത്തിനിടയില്‍ 22,500 പ്രതികള്‍ വിറ്റഴിഞ്ഞു എന്നുള്ളത്, മലയാള മനസ്സുകള്‍ 1930-കളിലും ഈ കവിതയ്ക്ക് കൊടുത്ത ഗംഭീര സ്വീകരണത്തെയാണ് കാണിക്കുന്നത്. അന്നും ഇന്നും പ്രവാസി മലയാളിയുടെ പാട്ടുപ്പെട്ടിയിലും ബ്രീഫ് കേസിലും ഏറ്റവും അധികം കടന്നുകയറുന്ന പുസ്തകമാണ് രമണന്‍ . തന്റെ ആത്മസുഹൃത്തും മറ്റൊരു കവിയുമായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ദുരന്തത്തോട് ബന്ധപ്പെട്ട് രചിച്ചതിനാലാവാം, വികാരങ്ങളുടെ ആഴവും പരപ്പും ഇത്രമേല്‍ കൈവരിക്കാന്‍ കഴിഞ്ഞത്. എഴുത്തച്ഛനുശേഷം ആദ്യമായി ഇത്രയും പ്രതികള്‍ വിറ്റഴിഞ്ഞ്, കിളിപ്പാട്ടുകള്‍ക്ക് സമാന്തരമാവാന്‍ സാധിച്ചു എന്നത് പ്രശംസനീയമാണ്.

അങ്കുശമില്ലാത്ത ചാപല്യമേ! മന്നി
ലംഗനയെന്നു വിളിക്കുന്നു ഞാന്‍ " ….. ചന്ദികേ.
പ്രേമവിവശയായ്, ഉച്ചനീചത്വങ്ങള്‍ മറന്ന്, ചന്ദ്രിക, തന്റെ കാമുകനോട് അപേക്ഷിക്കുകയാണ്…

"കാനന ചോലയിലാടു മേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ.?”

ലക്ഷോപലക്ഷം യുവഹൃദയങ്ങള്‍ ആ ഈരടികള്‍ ഏറ്റുപാടി പ്രേമസായൂജ്യം അടഞ്ഞു. എന്നാല്‍ പ്രേമ സങ്കല്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ അഥവാ പ്രായോഗികതയുടെ പട്ടുമെത്തയിലേക്ക് നടന്നുകയറാന്‍ ചന്ദ്രികയ്ക്ക് ഒട്ടും വിഷമമുണ്ടായില്ല.

“എന്തു വന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറു പോലുള്ളൊരു ജീവിതം.
ജീവിതം ജീവിതം തേനിനെപ്പോലുള്ള , ജീവിതം ഹാഹാ കിതയ്ക്കുന്നു മന്മനം”

രമണനെ മറന്നുകൊണ്ട് സ്വാര്‍ത്ഥതയുടെ തീരുമാനമെടുക്കാന്‍ ഒട്ടും മടിച്ചില്ല, ചന്ദ്രിക പൂനിലാവിനേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി രമണന് കൊടുത്ത വാഗ്ദാനങ്ങള്‍ വിസ്മരിച്ച്, ഒരു പുതിയ ചന്ദ്രികയായി മാറാന്‍ അനായാസമായി അവള്‍ക്ക് കഴിഞ്ഞു.

“വത്സല”യില്‍ , അപ്രതീക്ഷിതമായ ഒരു ചുറ്റുപാടില്‍ അകപ്പെട്ട് തന്റെ കന്യകാത്വം പോലും നഷ്ടപ്പെട്ട വത്സല
"അതിവിശുദ്ധനാമെന്‍ പ്രിയതാതനൊ-
രശുഭ ദര്‍ശനമാവുകയില്ല ഞാന്‍ .” എന്ന് വിലപിച്ചുകൊണ്ട് ആത്മഹത്യ ചെയ്യുന്നു. ദുര്‍ബലമായ ഒരു ഇതിവൃത്തവും അതിഭാവുകത്വവും കൊണ്ട് ഈ കൃതിയ്ക്ക് ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല.

മോഹിനിയില്‍ , പ്രേമപരവശയായ്, മദാലസയായ്, മാന്‍പേടപോലെ തുള്ളച്ചാടുന്ന മനസ്സുമായ് ചന്ദ്രിക ഉടുത്തൊരുങ്ങി പരമസുന്ദരിയായ് കാമുക സവിധത്തില്‍ എത്തുകയാണ്.

കാമനീയകദാമമായെന്നെ, കാണണമിന്നെന്‍ കാമുകന്‍
ആ മദനനെയിന്നെനിക്കൊരു, രോമഹര്‍ഷത്തില്‍ മുക്കണം.”

എന്ന തീരമാനത്തോടെ. എന്നാല്‍ സോമശേഖരനാകട്ടെ, വിചിത്ര സൗന്ദര്യസങ്കല്പങ്ങളുടെ ഉടമയാണ്. വീനസ് ദേവതയെപ്പോലെ ആകര്‍ഷോജ്ജ്വലയായി, യൗവ്വനത്തിന്റെ എല്ലാ മേളക്കൊഴുപ്പോടും കൂടി മുന്നില്‍ നിലയ്ക്കുന്ന മോഹിനിയെ കണ്ട് വിഭ്രാന്തിപ്പെട്ടുപോയി.

മാമകാത്മാവില്‍ നീയണിയിച്ച രോമഹര്‍ഷങ്ങളൊക്കെയും,
എന്നു മീവിധം നിലയ്ക്കണമെങ്കിലെന്നെ വിട്ടു നീ പോകണം.
……………………………………………………………
ആകയാലിന്നു നീ മറയണം, നാകഹീരക ദീപികേ
അത്യനര്‍ഷമാമീ മുഹൂര്‍ത്തത്തിലുത്തമേ നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കിലോമനേ നീ പൊറുക്കണം.”
എന്നു പറഞ്ഞുകൊണ്ട്,
“താഴ്ത്തിടുന്നു കഠാരമോമലിന്‍ മാര്‍ത്തടത്തിലാ രാക്ഷസന്‍ .”

ഒരു ശാപവാക്കു പോലും ഉച്ചരിക്കാതെ, മന്ദഹാസത്തോടെ മോഹിനി വീണു മരിക്കുന്നു.
നിഗ്രഹിച്ചു നിനക്കു വേണ്ടി ഞാന്‍ , നിര്‍ദ്ദയം നിന്നെയോമലേ,
മന്നില്‍ നിന്നും മറഞ്ഞിദം, നിന്റെ മഞ്ജിമ നിത്യമാക്കി നീ.” എന്ന് ആശ്വസിക്കുകയാണ്, സോമശേഖരന്‍ . ജീവിതപ്രാരാബ്ദങ്ങളിലൂടെയോ രോഗത്തിലൂടെയോ സൗന്ദര്യവും യൗവ്വനവും നശിച്ച് വികൃതമായി കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. ഉപബോധ മനസ്സിന്റെ പ്രവണതയായ “സാഡിസം”, സൗന്ദര്യബോധത്തിന്റെ പേരില്‍ ബോധപൂര്‍വ്വം ഒരു യുവതിയെ കൊല്ലാന്‍ പ്രേരിപ്പിയ്ക്കുന്ന വിരോധാഭാസമാണ് മോഹിനിയില്‍ കാണുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലും സമാനമായ് ഓര്‍ത്തു പോകുന്നു.

ചങ്ങമ്പുഴയുടെ “ഹേമന്ത ചന്ദ്രിക” ഗീതങ്ങള്‍ ആണ്. പ്രേമലേഖനങ്ങള്‍ നിറച്ച ഒരു വലിയ ശേഖരം എന്നു പറയാം. ലഭിച്ചതും കൊടുത്തതുമായ ഈ പ്രേമലേഖനങ്ങള്‍ ശൃംഗാരം കടന്ന് രതിമൂര്‍ച്ചയിലെത്തി നില്‍ക്കുന്നതായി തോന്നുന്നു. കാരണം, ചങ്ങമ്പുഴ സ്ത്രീ വിഷയത്തില്‍ തല്പരനായിരുന്നു, എന്ന് സുഹൃത്തും സഹപാഠിയുമായിരുന്ന പ്രൊഫസര്‍ എസ്.ഗുപ്തന്‍ നായര്‍ വെളിപ്പെടുത്തുന്നു.

പ്രായപരിഗണനകളൊന്നുമില്ലാതെ തന്നെ പല പ്രണയ ബന്ധങ്ങള്‍ ചങ്ങമ്പുഴ സ്ഥാപിച്ചിരുന്നു. സുന്ദരനും അചഞ്ചലനും ആയ യുവകവിയെ അനേകം സ്ത്രീകള്‍ ആരാധിച്ചിരുന്നു. വിവാഹിതനായിരിക്കെ പരസ്ത്രീബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന്റെ കുടുംബജീവിതം സുഖകരമായിരന്നില്ല എന്ന് പറയേണ്ടതില്ലല്ലോ. അമിതമായ കാമാസക്തിയും മദ്യപാനവും അദ്ദേഹത്തെ ഒരു രോഗിയാക്കിതീര്‍ത്തു. "വത്സല"യില്‍ അദ്ദേഹം തന്നെ എഴുതി.

എരിപൊരികൊണ്ട മാംസദാഹങ്ങളേ
നരകമാക്കുന്നു നിങ്ങളീപ്പാരിനെ.
പകഷേ തന്നെത്താന്‍ സാക്ഷാത്കരിയ്ക്കാന്‍ കഴിഞ്ഞില്ല, ഈ ഉപദേശം. അദ്ദേഹം വഴിവിട്ട് ജീവിയ്ക്കാന്‍ ഉണ്ടായ കാരണങ്ങളെപ്പറ്റി ചിന്തിച്ചാല്‍ , ജീവിത പശ്ചാത്തലം കൂടെ അറിഞ്ഞിരിക്കണം.

കേരളത്തില്‍ പ്രസിദ്ധമായിത്തീര്‍ന്ന ചങ്ങമ്പുഴ എന്ന വീട്ടുപേര്, പണ്ടേ ഇടപ്പള്ളിയില്‍ പ്രസിദ്ധമായിരുന്നു. നാരാണമേനോന്‍ പാറുക്കുട്ടിഅമ്മ ദമ്പതികളുടെ മൂത്തമകനായി കൃഷ്ണന്‍ (കൊച്ചുകുട്ടന്‍ ), 1911 ഒക്‌ടോബര്‍ 10-ന് ജനിച്ചു. കഷ്ടിച്ചൊരാറു വയസ്സുകാണും, മൊട്ടിട്ട ബാല്യം ചിരിച്ചിതെന്നില്‍” സ്ത്രീജിതനായ അച്ഛന്‍, കുട്ടിയായ തന്നെയും കയ്ക്കു പിടിച്ച്, രണ്ടു സുന്ദരികള്‍ താമസിക്കുന്ന വീട്ടില്‍ പോയതും, തന്നെ പുറത്തുനിറുത്തി ഒരു സുന്ദരിയും അച്ഛനും കൂടി മുറിയില്‍ കയറി കതകടച്ചതും, അച്ഛനെ കാണാതെ താന്‍ നിലവിളിച്ചതും, തിരികെ പോരുമ്പോള്‍ , “അമ്മയോടീകഥ മിണ്ടിയാല്‍ ഞാന്‍
ചമ്മന്തിയാക്കും ചതച്ചു നിന്നെ”. എന്ന് അച്ഛന്‍ ഭീക്ഷണിപ്പെടുത്തിയതും, കവി ആത്മകഥയില്‍ വിവരിക്കുന്നു. കഠിനമായ നിയന്ത്രണങ്ങളോടെയാണ് അച്ഛന്‍ മകനെ വളര്‍ത്തിയത്. അമ്മ അധിക വാത്സല്യം കൊടുത്ത് മകനെ വഷളാകാന്‍ അനുവദിച്ചു. 10-ാം വയസ്സില്‍ അച്ഛന്‍ മരിച്ചപ്പോള്‍ തന്റെ ഹൃദയം ആനന്ദ നൃത്തം ചെയ്യുകയായിരുന്നു എന്ന് തുടിക്കുന്ന താളുകളില്‍ എഴുതിയിരിക്കുന്നു.

ആത്മകഥയില്‍ ചങ്ങമ്പുഴ തന്റെ വിദ്യാരംഭം ഇങ്ങനെ വിവരിക്കുന്നു. പരമ പവിത്രമായ വിദ്യാരംഭത്തോടൊപ്പം രതി വൈകൃതത്തിന്റെ ഹരിശ്രീയും അവിടെ വെച്ചുതന്നെ കുറിക്കപ്പെട്ടു. പ്രജ്ഞാ മണ്ഡലത്തിന്റെ വിദൂരസീമയില്‍ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ടു നില്‍ക്കുന്ന ആ രതി വൈകൃതരംഗം, പരമപവിത്രമായ എന്റെ വിദ്യാരംഭത്തിന്റെ പീഠികയായി തീരുവാനിട വന്ന നിര്‍ഭാഗ്യത്തെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ, അമര്‍ഷം, നൈരാശ്യം, ഇവയെല്ലാം ഒരുമിച്ച്, ഒരു മിശ്രവികാരം ഇന്നും എന്റെ ഹൃദയ മണ്ഡലത്തില്‍ കൊടുങ്കാറ്റടിക്കുന്നുണ്ട്…” മേല്പറഞ്ഞ സംഭവങ്ങള്‍ അബോധ മനസ്സില്‍ ഏലപിച്ച ആഘാതങ്ങള്‍ ചങ്ങമ്പുഴയുടെ സ്വാഭാവ രൂപീകരണത്തെ കാര്യമായി ബാധിച്ചിരിക്കാം.

ചങ്ങമ്പുഴ ഒരു സാഡിസ്റ്റും അതേസമയം ഒരു ഹ്യൂമനിസ്റ്റും ആയിരുന്നു. ഭാഷാപരവും ശില്പപരവുമായ ഒരു മാറ്റത്തിന്, മലയാള കവിതയെ വിധേയമാക്കിയ കുമാരനാശാനു ശേഷം,

“കരയും ഞാന്‍ കരയും
കരയും കവികളെ കഴുവിലേറ്റുമോ?”

എന്ന ചോദ്യവുമായി ചങ്ങമ്പുഴ മലയാള കവിതയ്ക്ക് സാധാരണക്കാരനുമായി ബന്ധമുണ്ടാക്കുന്നു. സൗന്ദര്യം, താളലയം, പദജ്ഞാനം, ഇവകൊണ്ട് മലയാളത്തിന്റെ ആത്മാവു തൊട്ട കവി പ്രവേശനം ചെയ്തത്, കവിത തന്നെ തന്റെ കൃതികള്‍ ചുമന്നു നടന്നു വില്ക്കുന്ന ഒരു കാലത്തായി പോയി. താന്‍ ജീവിച്ച കാലത്തിന്റെ കെടുതികളെ അടയാളപ്പെടുത്തിയ കവി, സ്വാനുഭവങ്ങളില്‍ കവിഞ്ഞൊരു സത്യവും ഉദ്ദീപിച്ചിട്ടില്ല.

“ധന്യമാമിടപ്പള്ളിയിലെ ഗാനഗന്ധര്‍വ്വന്‍” എന്ന് ചങ്ങമ്പുഴയെ വൈലോപ്പള്ളി വിശേഷിപ്പിച്ചു. കാനനച്ചോലയും കാലിമേയ്ക്കലും, ഓടക്കുഴലും അദ്ദേഹത്തിന്റെ കവിതകളില്‍ പലേടത്തും കാണാം. ശ്രീകൃഷ്ണനും രാധയും മറ്റ് 16008 ഭാര്യമാരുമായി തദാത്മ്യം പ്രാപിയ്ക്ക
ല്‍ ‍, തന്റെ ദുരിതപൂര്‍ണ്ണജീവിത ഭാരത്തെ ലഘുകരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാം. ബൈറണേയും ഷെല്ലിയേയും പോലെ പ്രണയത്തിന്റെ തേന്‍കുടത്തില്‍ ആമഗ്നനായി ജീവിച്ച കവിയാണ് ചങ്ങമ്പുഴ.

ക്ഷയരോഗബാധ മൂര്‍ച്ചിച്ച്, വീട്ടില്‍ നിന്നും തൃശ്ശൂര്‍ മംഗളോദയം നേഴ്‌സിങ്ങ് ഹോമിലേക്ക്, അദ്ദേഹത്തെ കൊണ്ടു പോയി. എട്ടാം ദിവസം, അതായത് 1948 ജൂണ്‍ 17-ാം തീയതി, കവി ഈ ലോകത്തോട് യാത്ര പറഞ്ഞു, എങ്കിലും ഇന്നും
മലയാളകാവ്യ ലോകത്തെ പ്രേമഗായകനായി, സകലജനാരാദ്ധ്യനായി മനുഷ്യ മനസ്സുകളില്‍ ജീവിക്കുന്നു
ചങ്ങമ്പുഴ എന്ന പ്രേമഗായകന്‍: (റ്റികെവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക