Image

നയതന്ത്രത്തിലെ ഊര്‍ജതന്ത്രങ്ങള്‍ (ചെറിയാന്‍ ജേക്കബ്‌)

Published on 10 January, 2014
നയതന്ത്രത്തിലെ ഊര്‍ജതന്ത്രങ്ങള്‍ (ചെറിയാന്‍ ജേക്കബ്‌)
അമേരിക്കന്‍ നയതന്ത്രത്തിലെ ചില പ്രത്യേകതകളെപ്പറ്റി കഴിഞ്ഞ ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നതിന്റെ തുടര്‍ച്ചയായാണ്‌ ഈ ലേഖനം എഴുതുന്നത്‌.

ഇന്ത്യയും ഊര്‍ജ രംഗത്തെ പ്രതിസന്ധിയും

സ്വതന്ത്ര ഇന്ത്യ ഇപ്പോഴും ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്‌തത നേടിയിട്ടില്ല. ഇന്ത്യയില്‍ പോയിട്ടുള്ളവര്‍ക്ക്‌ അവിടുത്തെ `പവര്‍ കട്ട്‌' ഒരിക്കലും മറക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഏകദേശം 30 കോടി ജനങ്ങള്‍ ഇപ്പോഴും `ഇലക്ട്രിസിറ്റി' കണക്ഷന്‍ കിട്ടാത്തവരാണ്‌. ഊര്‍ജ സുരക്ഷ കൂടാതെ ഇന്ത്യക്ക്‌ മറ്റ്‌ പല മേഖലകളിലും ഉയര്‍ച്ച നേടാന്‍ സാധ്യമല്ല.

അമേരിക്ക ലോകത്തിന്റെ ഊര്‍ജ സമ്പത്തിന്റെ മൊത്തം കുത്തകക്കാരാകാന്‍, എവിടെയൊക്കെ സാധ്യതയുണ്ടോ അതെല്ലാം മുതലെടുക്കാന്‍ ശ്രമിക്കും. അമേരിക്കന്‍ കറന്‍സി ഡോളറിന്റെ നിലനില്‍പ്പ്‌ തന്നെ, ഒപെക്‌ (OPEC) 1970 മുതല്‍ എല്ലാ എണ്ണ വ്യാപാരവും അമേരിക്കന്‍ ഡോളറില്‍ ആക്കിയതിനാലാണ്‌. ഈ തീരുമാനം അമേരിക്കയുടെ ഇന്നത്തെ വളര്‍ച്ചയുടെ ഒരു പ്രധാന നാഴികക്കല്ലാണ്‌ എന്ന്‌ പറഞ്ഞാല്‍ അതില്‍ അതിശയം തോന്നുന്നതില്‍ അര്‍ത്ഥമില്ല.

ഇറാക്ക്‌, കുവൈറ്റ്‌, ഇറാന്‍, സൗദി അറേബ്യ, വെനിസ്വേല, ലിബിയ, UAE, ഖത്തര്‍, ഇന്തോനേഷ്യ, അള്‍ജീറിയ, നൈജീരിയാ, ഇക്ക്വഡോര്‍, അംഗോള തുടങ്ങിയ എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ ചേര്‍ന്നപ്പോള്‍ ലോകത്തിലെ മൊത്തം എണ്ണ കച്ചവടവും അമേരിക്കന്‍ ഡോളറില്‍ ആയി. ആര്‍ക്ക്‌ എണ്ണ വാങ്ങിക്കണമെങ്കിലും, അമേരിക്കന്‍ ഡോളര്‍ കൂടിയേ തീരൂ എന്നു വന്നതിനാല്‍ അമേരിക്ക എത്ര ഡോളര്‍ അച്ചടിച്ചാലും അതിന്റെ മൂല്യം കുറയാത്തത്‌ ഈ ആവശ്യകത ഉള്ളതുകൊണ്ടാണ്‌. അമേരിക്ക അവരുടെ 5th ഫ്‌ലീറ്റ്‌ ഗള്‍ഫു കടലില്‍ വിന്യസിപ്പിയ്‌ക്കാനുള്ള കാരണവും ഈ എണ്ണയുടെ മേലുള്ള മേല്‍ക്കോയ്‌മ നിലനിര്‍ത്തുവാനാണ്‌.

ഇന്ത്യ സ്വന്തം നിലനില്‍പ്പിനു മാത്രമാണ്‌ ആണവോര്‍ജ രംഗത്തേക്ക്‌ കടന്നു വന്നത്‌. പാക്കിസ്‌താന്റെ വിവേചനപരമായ നിലപാടുകളും കടന്നു കയറ്റവും, ചൈനയുടെ അണ്വായുധ രംഗത്തെ കുതിപ്പും, അതിര്‍ത്തി കടക്കാനുള്ള നീക്കവും മാത്രമാണ്‌ ഇന്ത്യയെ അണ്വായുധ രംഗത്തേക്ക്‌ തള്ളിയിട്ടത്‌. ഈ വടിയില്‍ പിടിച്ചാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഇന്ത്യക്കെതിരെ പല നിരോധനങ്ങളും ഏര്‍പ്പെടുത്തിയത്‌. 1998 ലെ പൊഖ്‌റാനിലെ അണ്വായുധ പരീക്ഷണം ഇന്ത്യയുടെ കുതിപ്പിന്‌ കുറച്ചൊന്നുമല്ല തടസ്സമായത്‌. പല നിരോധനങ്ങളും 5 വര്‍ഷത്തിനകം നീക്കിയെങ്കിലും 2007- 2008 ല്‍ അമേരിക്കയുമായി 123 എന്നറിയപ്പെടുന്ന ന്യൂക്ലിയര്‍ ഉടമ്പടി ഒപ്പു വയ്‌ക്കുന്നതു വരെ പല രീതിയിലും ഭവിഷ്യത്തുകള്‍ ഇന്ത്യയ്‌ക്കു നേരെ ഉണ്ടാക്കിയിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം (മെഗാ വാട്ടില്‍)

Coal -. 93,918 MW
Oil -. 1,200 MW
Hydro Eletcric -. 40,120 MW
Nuclear-. 4,780 MW
Renewables-. 20,000 MW
Gas 18,000 MW -. 18,000 MW

ഇന്ത്യയുടെ സമഗ്രമായ പുരോഗതിക്ക്‌ ഇന്ത്യ ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്‌തത നേടിയേ കഴിയൂ. ഇന്ത്യയുടെ ആവശ്യങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും വിദേശ പാശ്ചാത്യ രാജ്യങ്ങളാണ്‌. അവര്‍ക്ക്‌ ഇന്ത്യയുടെ വളര്‍ച്ചയല്ല, അതേ സമയം എങ്ങനെ ഈ സാധ്യത ചൂഷണം ചെയ്യാം എന്നുള്ളതാണ്‌ ചിന്ത.

123 ന്യൂക്ലിയര്‍ ഉടമ്പടി

ഇന്ത്യയിലെ ഊര്‍ജാവശ്യങ്ങള്‍ തങ്ങള്‍ക്ക്‌ പ്രയോജനം ഉണ്ടാക്കണം എന്നത്‌ അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യമായി. ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളൊക്കെ പിന്‍വലിച്ച്‌ 2008 ഒക്ടോബര്‍ 8 ന്‌ അമേരിക്ക ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ചു. അമേരിക്കയില്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു എടുത്തു പറയപ്പെട്ട നേട്ടമായിട്ടാണ്‌ ഈ കരാറിനെ അമേരിക്കന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ എടുത്ത്‌ കാട്ടിയത്‌.

അമേരിക്ക ഇന്ത്യയുമായി ആണവോര്‍ജ കരാര്‍ ഒപ്പിട്ടതിന്‌ പുറകെ ഫ്രാന്‍സ്‌, ജര്‍മ്മനി, ആസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളും ഇന്ത്യയുമായി ആണവോര്‍ജ കരാര്‍ ഒപ്പുവച്ചു. അമേരിക്കയ്‌ക്ക്‌ മാത്രമെന്നു കരുതിയിരുന്ന കരാര്‍, ഇന്ത്യ മറ്റു രാജ്യങ്ങളുമായി പങ്കു വച്ചത്‌ തുടക്കത്തിലേ തന്നെ കല്ലുകടിയായി. പല അമേരിക്കന്‍ കമ്പനികളും നോട്ടമിട്ടിരുന്ന മേഖലയിലാണ്‌ അമേരിക്കക്ക്‌ നിവൃത്തിയില്ലാതെ ഓഹരി പങ്കുവയ്‌ക്കേണ്ടി വന്നത്‌. ശരിക്കും ഇന്ത്യയുടെ കടാക്ഷത്തിനു വേണ്ടി അന്നത്തെ സ്‌റ്റേറ്റ്‌ സെക്രട്ടറി ആയിരുന്ന ശ്രീമതി കോണ്ടലീസാ റൈസ്‌ പലവട്ടം ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അവസാന നിമിഷം വരെയും മുള്‍മുനയില്‍ നിര്‍ത്തുകയും അവരെ വെറും കൈയ്യോടെ ഉടമ്പടി ഒപ്പു വയ്‌ക്കാതെ പറഞ്ഞു വിട്ടതും സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്‌.

അമേരിക്കക്ക്‌ പുറമേ റഷ്യ, കാനഡ, ഫ്രാന്‍സ്‌, ആസ്‌ട്രേലിയ, മംഗോളിയ, നമീബിയാ, അര്‍ജന്റീന, കസാക്കിസ്ഥാന്‍, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുമായി ആണവോര്‍ജ കരാര്‍ ഒപ്പുവച്ചു. ഏറ്റവും ഒടുവിലായി ജപ്പാനും ഇന്ത്യയുമായി ആണവോര്‍ജ കരാറിന്‌ പച്ചക്കൊടി വീശിയതായാണ്‌ കാണുന്നത്‌. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, ഇതൊക്കെയും അമേരിക്കയുടെ ഇഷ്ടങ്ങള്‍ക്കാണ്‌ വിലങ്ങുതടി ആകുന്നത്‌.

ഒരു ആണവോര്‍ജ നിലയമെന്നു പറയുന്നത്‌ വളരെ ചിലവുള്ളതും രാജ്യ സുരക്ഷക്ക്‌ ഭീഷണിയുമാണെന്ന്‌ സാമാന്യം വിവരമുള്ള എല്ലാവര്‌ക്കും അറിയാം. ജപ്പാനിലെ ഫുക്കുഷീമ ദുരന്തം കൂടി കഴിഞ്ഞപ്പോള്‍, ലോകം മുഴുവന്‍ ആണവോര്‍ജ നിലയത്തെപ്പറ്റി പുനര്‍വിചിന്തനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ അമേരിക്ക ഇന്ത്യയെ ഈ അതിസാഹസത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാന്‍ ശ്രമിക്കുന്നത്‌. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌, ഇന്ത്യയെ അവരുടെ ബിസിനസിനു കരുവാക്കാന്‍ മാത്രമാണ്‌.

പ്രകൃതി വാതകം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്ന ഇന്ധനം കല്‍ക്കരി കഴിഞ്ഞാല്‍ പ്രകൃതി വാതകമാണ്‌. ഇന്ത്യയില്‍ ഇതുവരെ കണ്ടുപിടിച്ച പ്രകൃതിവാതക ശേഖരം ഏകദേശം 64,000,000,000 ,000 കുബിക്‌ അടി വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

കാവേരി ബേസിന്‍ 1 - 14 ട്രില്ല്യന്‍ ക്യുബിക്‌ അടി
ഗുജറാത്ത്‌ -20 ട്രില്ല്യന്‍ ക്യുബിക്‌ അടി
കാവേരി 2, 3 -20 ട്രില്ല്യന്‍ ക്യുബിക്‌ അടി
ONGC - 10 ട്രില്ല്യന്‍ ക്യുബിക്‌ അടി

ഇറാന്‍ പൈപ്പ്‌ ലൈന്‍

ലോകത്തിലെ പ്രകൃതി വാതക ശേഖരത്തിന്റെ 16% ഇറാനിലാണ്‌: ഏകദേശം 1,046 ട്രില്ല്യന്‍ ക്യുബിക്‌ അടി. അതില്‍ കൂടുതല്‍ ഉള്ളത്‌ റഷ്യയിലാണ്‌ ഏകദേശം 5,850 ട്രില്ല്യന്‍ ക്യുബിക്‌ അടി. ഇന്ത്യക്ക്‌ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ഇന്ധനം ലഭിക്കാന്‍ സാദ്ധ്യതയുള്ള ഒരു രാജ്യവും ഇറാന്‍ മാത്രമാണ്‌. അമേരിക്കക്ക്‌ വില നിശ്ചയിക്കാന്‍ പറ്റാത്ത ഒരു രാജ്യവും ഇറാനാണ്‌. അവരുമായുള്ള ശത്രുതയുടെ പകല്‍ പോലെയുള്ള കാരണവും ഈ നിധിയിലുള്ള കണ്ണാണെന്നുള്ളതില്‍, ആര്‍ക്കും സംശയത്തിനു വഴിയില്ല. ഇസ്രായേലിനെ വെറുതേ പ്രകോപിപ്പിച്ച്‌ സ്വയംവിന വരുത്തി വയ്‌ക്കാനും മാത്രം ബുദ്ധിമോശക്കാരാണ്‌ ഇറാന്‍ എന്ന്‌ എനിക്ക്‌ തോന്നുന്നില്ല, പക്ഷേ അവരുടെ ഈ നിധി വെറുതേ കൊടുക്കാനും അവര്‍ തയ്യാറാകുകയില്ല.

ഇന്ത്യ 1995 മുതല്‍ ഇറാനില്‍ നിന്ന്‌ പൈപ്പ്‌ ലൈന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. പക്ഷെ പലപ്പോഴും ഇറാന്റെ മേലുള്ള UN സാമ്പത്തിക ഉപരോധവും, അമേരിക്കയുടെ ഇടപെടലും കാരണം പദ്ധതികളെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായാണു വന്നത്‌. അവസാനമായി ഇന്ത്യയുടെ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുമേലുണ്ടായിരുന്ന അമേരിക്കന്‍ ഉപരോധങ്ങള്‍ തീര്‍ക്കാനുള്ള ഉപാധിയായി ഈ തന്ത്രപരമായ പദ്ധതി ഇന്ത്യയെ കൊണ്ട്‌ ഉപേക്ഷിപ്പിച്ചു. അതോടൊപ്പം പാക്കിസ്‌താന്‌ ഇറാനില്‍ നിന്നും വാതക പൈപ്പ്‌ ലൈന്‍ ഇടാന്‍ പച്ചക്കൊടിയും കൊടുത്തു.

തന്ത്രപരമായ നീക്കങ്ങള്‍

ഏറ്റവും ഒടുവിലത്തെ ശ്രമമായി ഇന്ത്യ ഇറാനില്‍ നിന്ന്‌ ആഴക്കടല്‍ വഴി (deep sea) പൈപ്പ്‌ ലൈനിന്‌ ഉള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കുക മാത്രമല്ല, അതു വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി ആരംഭിക്കുവാനുളള തയ്യാറെടുപ്പിലുമാണ്‌. അമേരിക്കക്ക്‌ ഈ നടപടി ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന്‌ മാത്രമല്ല ഇന്ത്യയുമായി ഏതറ്റം വരെയും പോകാമോ അതെല്ലാം ചെയ്യുവാന്‍ അമേരിക്ക മടിക്കില്ല. അമേരിക്കയെ ചൊടിപ്പിക്കുന്നത്‌ ഈ ആഭ്യന്തര ഉപയോഗമല്ല, മറിച്ച്‌ ഇന്ത്യ വഴി ഇറാന്‍ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ ഈ വാതകം വിറ്റാല്‍ വരാവുന്ന നഷ്ടമാണ്‌ പ്രധാനം. ഈ പദ്ധതി നടപ്പിലായാല്‍ ഇന്ത്യ വലിയ താമസമില്ലാതെ ലോകത്തിലെ എണ്ണ കയറ്റുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായും കരാറുണ്ടാക്കുകയും അതു വഴി അമേരിക്കയില്‍ ഇന്നു നിലവിലുള്ള എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക്‌ അതു ക്ഷീണമാകുകയും ചെയ്യും എന്നതാണ്‌ അവരെ അലോസരപ്പെടുത്തുന്നത്‌.

ദേവയാനിക്കേസും മറ്റും വെറും ഒരു `മറ' മാത്രമാണെന്ന്‌ ഞങ്ങളെപ്പോലുള്ള പലരും പറഞ്ഞത്‌, അമേരിക്കയുടെ പല നടപടികളിലേയും പൊരുത്തക്കേട്‌ കണ്ടതുകൊണ്ടു മാത്രമാണ്‌. ഇന്ത്യ അമേരിക്കന്‍ നടപടിയെ അപലപിച്ചുകൊണ്ടിരിക്കുമ്പോഴും അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഇന്ത്യയിലേക്ക്‌ പോകാന്‍ തിടുക്കം കൂട്ടുന്നത്‌ കാണുമ്പോള്‍ത്തന്നെ, ഈ വിഷയത്തിലെ അമേരിക്കയുടെ ആകാംക്ഷ മനസ്സിലാക്കാവുന്നതേയുള്ളു.

ചില ഇന്ത്യക്കാരും ഈ പദ്ധതികള്‍ക്ക്‌ തുരങ്കം വയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു സംശയിക്കാതെ വയ്യ. ഇന്ത്യയിലെ പാചക വാതകത്തിന്റെ വില കുത്തനേ കൂട്ടിയതിലും ചില കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. ജനവികാരം ഇളകേണ്ടത്‌ ഇത്തരം കാര്യങ്ങളിലാണ്‌. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഇന്ത്യയെ ലോകോത്തര ശ്രേഷ്‌ഠതയില്‍ എത്തിക്കുമെന്നു മാത്രമല്ല, ലോകത്തിന്റെ തന്നെ മുഖം മാറ്റുന്ന പ്രക്രിയയില്‍ ഇന്ത്യ സുപ്രധാന പങ്കു വഹിക്കുകയും ചെയ്യുമെന്നുള്ളതില്‍ സംശയം വേണ്ട.

ലോകത്തിനു വെളിച്ചം പ്രദാനം ചെയ്യുന്ന ആളുകളായി മാറുവാന്‍, നല്ലൊരു നാളെയെ പ്രതീക്ഷിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ.

സ്‌നേഹപൂര്‍വം

ചെറിയാന്‍ ജേക്കബ്‌
നയതന്ത്രത്തിലെ ഊര്‍ജതന്ത്രങ്ങള്‍ (ചെറിയാന്‍ ജേക്കബ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക