Image

പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)

Published on 19 January, 2014
പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)
ന്യൂയോര്‍ക്കിലുള്ള ഇന്ത്യാ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സുലറായിരുന്ന ഡോ. ദേവയാനി ഖൊബ്രഗാഡെ അമേരിക്കനധികൃതരുടെ മുമ്പില്‍ കുറ്റവാളിയായി അറിയപ്പെടുന്നെങ്കിലും ഇന്ത്യയിലവര്‍ മടങ്ങിയെത്തി ഇതിനകം പ്രസിദ്ധി നേടിക്കഴിഞ്ഞു. അവര്‍ ചുരുങ്ങിയ പ്രായത്തിനുള്ളില്‍ നേടിയ നേട്ടങ്ങള്‍ അഭിമാനിക്കത്തക്കതാണ്‌. ഡോക്ടറായി പഠിച്ച്‌ എം.ബി. ബി.എസ്‌ പാസ്സായശേഷം ഐ.എഫ്‌.എസ്‌ നേടി വിദേശ സര്‍വിസില്‍ പ്രവേശിച്ചു. ദളിതസ്‌ത്രീയായിരുന്നതുകൊണ്ട്‌ ഫ്രൊഫഷണല്‍ വളര്‍ച്ച അതിവേഗമായിരുന്നു. പിതാവും ഐ.എ.എസുകാരനായ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം ജോലിയില്‍നിന്ന്‌ വിരമിച്ചു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ സകലവിധ സൗഭാഗ്യങ്ങളോടെ അധികാരപദവികളുള്ള ഉദ്യോഗസ്ഥന്റെ മകളായി ദേവയാനി വളര്‍ന്നു. അവരുടെ അമ്മാവനും ഐ.എഫ്‌.എസ്‌ കാരനായ സിവിലുദ്യോഗസ്ഥനായിരുന്നു. ദേവയാനി ഒരു പ്രഭ്വിയെപ്പോലെ ദളിത്‌ബാബുവായി ചുറ്റുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമിടയില്‍ അറിയപ്പെട്ടിരുന്നു. പേരും പെരുമയുമുള്ള സ്‌കൂളില്‍ പഠിച്ച്‌ എം.ബി.ബി.എസ്‌ ബിരുദവും നേടി. ഇംഗ്ലീഷ്‌, ജര്‍മ്മന്‍, ഹിന്ദി, മറാട്ടി ഭാഷകള്‍ നല്ലവണ്ണം കൈകാര്യം ചെയ്യും.

ന്യൂയോര്‍ക്കില്‍ ജനിച്ച പ്രൊഫ. ആകാശ്‌ സിംഗ്‌ റാത്തോറിനെ വിവാഹം ചെയ്‌തു. ജര്‍മ്മനിയില്‍വെച്ച്‌ ഇരുവരും ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന സമയം കണ്ടുമുട്ടി. അദ്ദേഹത്തിന്‌ തത്ത്വശാസ്‌ത്രത്തില്‍ ഡോക്ടറേറ്റും നിയമത്തില്‍ ബിരുദാനന്തര ഡിഗ്രിയുമുണ്ട്‌. സുന്ദരികളായ രണ്ടു കുഞ്ഞുങ്ങളുമുണ്ട്‌. ഉല്ലാസവേളകളിലെ യാത്രകളും, സംഗീതവും, യോഗയും, ഡാന്‍സും ദേവയാനിയുടെ അഭിരുചികളാണ്‌. ഇങ്ങനെയെല്ലാമുള്ള കലാചാതുര്യങ്ങളില്‍ നിപുണയായിരുന്ന ഈ ഐ.എഫ്‌.എസ്‌ പദവിയുള്ള ഉദ്യോഗസ്ഥ ധാര്‍മ്മികമായ പെരുമാറ്റചട്ടങ്ങളില്‍ പാപ്പരായിപ്പോയി.

ദേവയാനീ ഖൊബ്രഗാഡെയും സംഗീതയുമായുള്ള കേസ്‌ രാഷ്ട്രീയക്കളിയെന്ന്‌ കരുതുന്നവരുണ്ട്‌. അവരുടെ കുടുംബം അധകൃത സമുദായത്തില്‍പ്പെട്ടതാണ്‌. പൂര്‍വിക കുടുംബങ്ങള്‍ വഴിയോരങ്ങളും തെരുവുകളും തുടച്ച്‌ ചപ്പുചവറുകള്‍ നീക്കി ജീവിച്ചിരുന്നു. എന്നാല്‍ ദേവയാനിയും പിതൃകുടുംബവും സമൂഹത്തിലെ അറിയപ്പെടുന്നവരും ബഹുമാനിതരുമായി. ചരിത്രാതീതകാലംമുതല്‍ ദളിതര്‍ അടിച്ചമര്‍ത്തപ്പെട്ട സമുദായമായിരുന്നതുകൊണ്ട്‌ എക്കാലവും അവരില്‍ അപകര്‍ഷാബോധമുണ്ടായിരുന്നു. വികാരങ്ങളില്‍ അടിമപ്പെട്ട്‌ ദളിത്‌ സമൂഹങ്ങളില്‍ പൊട്ടിത്തെറികളുണ്ടാവുന്നതും സാധാരണമാണ്‌. ഇന്നവരുടെ സമുദായം രാജ്യത്തിന്റെ പതിനഞ്ചു ശതമാനം വോട്ടുബാങ്ക്‌ നേടി സംഘിടതമായിരിക്കുന്നു. രാജ്യത്തിന്റെ ഭരണാധികാരി ആരെന്ന്‌ നിശ്ചയിക്കാനുള്ള ശക്തിയുമുണ്ട്‌. ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പ്‌ അടുത്ത മേയ്‌മാസത്തിലാണ്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ഭരണകൂടത്തിന്‌ വിജയസാധ്യതയും വളരെക്കുറവാണ്‌. അമേരിക്കയുമായി ശക്തമായ ഒരു രാഷ്ട്രീയക്കളി കളിച്ചാല്‍ ദളിതരുടെ വോട്ട്‌ നേടാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ്‌ കണക്കുകൂട്ടുന്നു. ദളിതരില്‍ ദേശീയ ഉണര്‍വുവരുത്തി പാര്‍ട്ടിയെ രക്ഷപ്പെടുത്താമെന്നുള്ള മനോഭാവമാണ്‌ കൊണ്‍ഗ്രസിനുള്ളത്‌. ഇതിന്റെ വെളിച്ചത്തില്‍ ദേവയാനിയുടെ പിതാവ്‌ ഇത്തവണ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നില്‍ക്കാമെന്നുള്ള വാഗ്‌ദാനവും നല്‌കിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രസിദ്ധരായവരുടെ വസ്‌ത്രങ്ങളഴിച്ച്‌ സുരക്ഷിതാ പരിശോധന നടത്തിയ കഥകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. മുന്‍ പ്രസിഡന്റ്‌്‌ അബ്ദുല്‍ കലാമിന്റെയും ബോളിവുഡ്‌ ആക്‌റ്റര്‍ ഷരൂഖ്‌ ഖാന്റെയും വസ്‌ത്രങ്ങളഴിച്ച്‌ അമേരിക്കയിലെ വിമാനസുരക്ഷാപരിശോധകര്‍ പരിശോധന നടത്തിയിരുന്നു. അവര്‍മൂലം മുസ്ലിം വോട്ടുകള്‍ നേടാമായിരുന്നെങ്കിലും അന്നൊന്നും ജനവികാരം ഇത്രമാത്രം ഇളകിയില്ല.

ദേവയാനി രാജ്യം വിട്ടതറിഞ്ഞയുടന്‍ അന്നുവരെ പ്രതികാരിക്കാതെ നിശബ്ദതയിലായിരുന്ന അവരുടെ സംഗീതയെന്ന ആയമ്മ ശബ്ദിക്കാനും തുടങ്ങി. അവര്‍ പറയുന്നു, `ദേവയാനിയോടൊത്തുള്ള തന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ഒരു സ്‌ത്രീ സഹിക്കാവുന്നതിലധികം അവര്‍ക്കടിമയായി ജീവിച്ചു. വീട്ടിലുള്ള ജോലി കഠിനമായിരുന്നു. ഊണും ഉറക്കവുമില്ലാതെ പണി ചെയ്യണമായിരുന്നു. ഇനിമേല്‍ നയതന്ത്രജ്ഞരുടെ വീട്ടുജോലിക്കായി വരുന്നവര്‍ ചൂഷിത വലയത്തില്‍പ്പെടാതിരിക്കാനും ഞാനൊരു ബലിയാടാവുകയാണ്‌. എന്റെ രാജ്യത്ത്‌ മടങ്ങിപ്പോയാല്‍ എനിക്കിനി ജീവന്‍ അപകടത്തിലാകും. ഇന്ത്യയില്‍നിന്ന്‌ ആദ്യമായി യാത്ര തിരിക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ ഈ രാജ്യത്ത്‌ ജോലിചെയ്‌ത്‌ മടങ്ങിപ്പൊവണമെന്നായിരുന്നു ചിന്തിച്ചിരുന്നത്‌. ദരിദ്രരായ എന്റെ കുടുംബത്തെയും എനിക്ക്‌ പുലര്‍ത്തണമായിരുന്നു. ഇത്രമാത്രം ജീവിതം അസഹ്യമായിരിക്കുമെന്ന്‌ ഒരിക്കലും ചിന്തിച്ചിരുന്നില്ല. സമയമില്ലാതെയുള്ള ക്ലേശകരമായ ജോലിമൂലം ഉറങ്ങാനും ഭക്ഷണം കഴിക്കാന്‍പോലും നേരമില്ലായിരുന്നു. എന്റേതായ മനസിനുന്മേഷം നല്‍കുന്ന സ്വതന്ത്രമായ ഒരു സമയവും തന്നിരുന്നില്ല. വീട്ടുജോലികളില്‍ കഷ്ടപ്പെട്ടിരുന്ന എന്നെ നാട്ടിലേയ്‌ക്ക്‌ മടക്കി അയക്കുകയെന്ന്‌ പലതവണ കേണഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. നയതന്ത്രജ്ഞരുടെ വീടുകളില്‍ ജോലിചെയ്യുന്ന എന്നെപ്പോലെ കഷ്ടപ്പെടുന്ന അനേകരുണ്ട്‌. അവരോടെനിക്ക്‌ പറയാനുള്ളത്‌ എല്ലാ അവകാശങ്ങളും ഈ രാജ്യം തരുമ്പോള്‍ നിങ്ങളെന്തിന്‌ ചൂഷണം അനുവദിക്കണം? അമേരിക്കാ, അവസരങ്ങളുടെ നാടാണ്‌. ഈ രാജ്യത്ത്‌ ശക്തമായ തൊഴില്‍നിയമങ്ങള്‍ ഉണ്ട്‌. തൊഴില്‍ ചെയ്യുന്നവരെ ചൂഷണം ചെയ്യാന്‍ രാജ്യം അനുവദിക്കില്ല. ലോകമാകമാനമുള്ള നയതന്ത്രജ്ഞര്‍ക്ക്‌ എന്റെ അനുഭവങ്ങള്‍ പാഠമാകട്ടെ. യജമാനത്തതൊഴിലാളി മനൊഭാവമെന്ന അന്തരം കുറയണം.'

ഇന്ത്യയിലെത്തിയ ദേവയാനിയും സംസാരിക്കാന്‍ തുടങ്ങി. കണ്ടുമുട്ടിയ ഒരു അമേരിക്കന്‍ നയതന്ത്രജ്ഞനോട്‌ ദേവയാനി പറഞ്ഞു, `നിങ്ങള്‍ക്ക്‌ നല്ലൊരു സുഹൃത്ത്‌ നഷ്ടപ്പെട്ടു. തീര്‍ച്ചയായും അത്‌ നിര്‍ഭാഗ്യകരമാണ്‌. പകരം ഒരു വേലക്കാരിയേയും കള്ളുകുടിയന്‍ ഡ്രൈവറെയും ലഭിച്ചു. അവര്‍ അകത്ത്‌ ഞങ്ങള്‍ പുറത്ത്‌.' ഒരിക്കല്‍ ഇന്ത്യയിലെ യാഥാസ്‌തികരായ ബാപ്പുലോകം ദേവയാനിയുടെ പൂര്‍വികരെപ്പറ്റിയും ഇങ്ങനെ നിന്ദിച്ചു സംസാരിച്ചിരുന്നു. ഇന്ന്‌ അതെ നാണയത്തില്‍ ദേവയാനിയെന്ന ബാപ്പുവും തൊഴില്‍ചെയ്യുന്നവരുടെ വര്‍ഗത്തെ ഭര്‍ത്സിക്കുന്നു. ആകാശത്തിലെ തുത്തുപക്ഷി മരത്തിന്റെ മുകളിലിരുന്ന്‌ ചെലക്കും. ലോകം മുഴുവന്‍ ആ പക്ഷിയുടെ അധീനതയിലെന്ന്‌ ചിന്തിക്കുന്നുവെന്നും തോന്നിപ്പോവും. മഹത്തായ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം ദേവയാനിയെന്ന സ്‌ത്രീയില്‍ ഒതുങ്ങുന്നതോ? അവര്‍ ശബ്ദിച്ചാല്‍ തകരുന്ന സൗഹാര്‍ദ്ദമെങ്കില്‍ നഷ്ടപ്പെടുന്നതും ഇന്ത്യക്കായിരിക്കും. ഇന്ത്യയുടെ സാമ്പത്തിക മണ്ഡലങ്ങളൊന്നാകെ നിലംപതിക്കും.

ദേവയാനിയുടെ പിതാവ്‌ `ഉത്തം ഖൊബ്രഗാഡെ'സംഗീതയെ സി.ഐ.ഏ.(CIA) ഏജന്റായി ചിത്രീകരിച്ചിട്ടുണ്ട്‌. ഉയര്‍ന്ന റാങ്കിലുണ്ടായിരുന്ന ഈ സിവില്‍ ഉദ്യോഗസ്ഥന്‌ സംഗീതയുടെ കുടുംബം ഇന്ത്യയിലായിരുന്നെങ്കില്‍ കേസുകളില്‍ കുടുക്കി ക്ലേശങ്ങള്‍ കൊടുത്ത്‌ പീഡിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ട `വെയിന്‍ മേയ്‌ക്കിനും കഥകള്‍ പറയാനുണ്ട്‌. `ഇന്ത്യയിലെ ജീവിതം ആരോഗ്യപരമല്ല. വെല്ലുവിളികള്‍ ധാരാളം. വെള്ളവും വായുവും മലിനമാണ്‌. പകര്‍ച്ചവ്യാധികള്‍ ഏതു സമയത്തും വരാം. വഴികള്‍ നിറയെ നിയന്ത്രണാധീതമായ വാഹനങ്ങള്‍മൂലം അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. തിങ്ങിനിറഞ്ഞ ജനം വസിക്കുന്ന ലോകത്ത്‌ ജീവിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ഭീകരരും കുറ്റവാളികളും ആ രാജ്യത്തിന്‌ വെല്ലുവിളിയുമാണ്‌.' ഈ നയതന്ത്രജ്ഞന്‍വഴി സംഗീതയുടെ ഭര്‍ത്താവിനെ അമേരിക്കയിലെത്തിക്കാന്‍ രഹസ്യമായി സഹായിച്ചുവെന്ന്‌ ഇന്ത്യാ കുറ്റാരോപണം നടത്തുന്നു. ഇന്ത്യന്‍ജനതയെ അവമാനിക്കുന്ന ഭാഷയിലാണ്‌ നയതന്ത്രജ്ഞന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ്‌ സംസാരിച്ചത്‌. `സസ്യാഹാരികളായ ഇന്ത്യക്കാര്‍ ബലാല്‍സംഗത്തിനും സ്‌ത്രീകളെ തട്ടികൊണ്ടുപോയി ദുരുപയോഗം ചെയ്യാനും വിരുതരാണ്‌. ഞങ്ങളുടെ `പാക്കോ' നായയ്‌ക്ക്‌ പൂന്തോട്ടക്കാരനെക്കാള്‍ പോഷകാഹാരം ലഭിക്കുന്നകാരണം `നായ' അയാളേക്കാള്‍ കൊഴുത്തിരിക്കുന്നു.'

നിയമക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ സംഗീതയ്‌ക്ക്‌ 1375 ഡോളര്‍ മാസം കൊടുത്തിരുന്ന കണക്കുമായി ദേവയാനിയും നിയമവക്കീലന്മാരും രംഗത്തുണ്ട്‌. അതിന്റെകൂടെ സംഗീതയ്‌ക്ക്‌ വിലകൂടിയ പെര്‍ഫ്യൂം, ടെലിവിഷന്‍ സെറ്റ്‌, ഇലക്ട്രിസിറ്റി ബില്ലുകള്‍, കേബിള്‍ ബില്ലുകള്‍ എന്നിവ ദേവയാനി കൊടുത്തിരുന്നതായി അവകാശപ്പെടുന്നു. ഇങ്ങനെയുള്ള ചിലവുകള്‍ കണക്കില്‍ വരുമ്പോള്‍ മിനിമം കൂലിയെക്കാള്‍ കൂടുതല്‍ വരുമെന്നാണ്‌ അവകാശവാദം. ഉറങ്ങാനും ഊണുകഴിക്കാനും സമയംകൊടുക്കാത്ത ദേവയാനി തന്റെ ദാസിക്ക്‌ വിലകൂടിയ സാധനങ്ങള്‍ മേടിച്ചുകൊടുത്ത്‌ ശമ്പളത്തില്‍ കണക്കെഴുതിയാലുള്ള നിയമസാധുതയും മനസിലാകുന്നില്ല. ദേവയാനിക്കും ഇങ്ങനെയുള്ള വിലകൂടിയ വസ്‌തുക്കളില്‍ക്കൂടിയാണോ ശമ്പളം ലഭിച്ചിരുന്നത്‌. പൌരാണിക കാലഘട്ടംപോലെ പശുവും തേങ്ങയും ടീവിയും സേവനത്തിന്‌ പകരമായി കൊടുത്തുള്ള ബാര്‍ട്ടര്‍ധനതത്ത്വ ശാസ്‌ത്രത്തില്‍ ദേവയാനി വിശ്വസിക്കുന്നു. സംഗീതയുടെ പേ റോളില്‍ (Pay Roll) ടീവി, കേബിള്‍, ഇലക്ട്രിസിറ്റി എന്നൊക്കെ പൂരിപ്പിക്കാന്‍ സാധിക്കുമായിരുന്നൊ? ഈ തെളിവുകളുമായി കോടതിയില്‍ ചെന്നാല്‍ ജഡ്‌ജി ചോദിക്കുന്ന ചോദ്യങ്ങളായിരിക്കുമെന്നും മനസിലാക്കണം. അതെല്ലാം സമ്മാനങ്ങളായി കോടതിതന്നെ കണക്കില്‍ക്കൊള്ളിക്കാതെ തള്ളിക്കളയാനാണ്‌ സാധ്യതയുള്ളത്‌.

പരസ്‌പരധാരണയിലുള്ള ഇന്ത്യാ അമേരിക്കാ ബന്ധത്തില്‍ സമീപകാലത്തൊന്നും ഇത്രമാത്രം മുറിവുകള്‍ പറ്റിയിട്ടുണ്ടെന്നും തോന്നുന്നില്ല. സംഗീതയ്‌ക്ക്‌ വിസായ്‌ക്കായി ഫയല്‍ ചെയ്‌തപ്പോള്‍ തെറ്റായ വിവരങ്ങള്‍ ദേവയാനി നല്‌കിയെന്നുള്ളതാണ്‌ അവരുടെ പേരിലുള്ള കുറ്റാരോപണം. ഈ രാജ്യത്ത്‌ നടപ്പിലുള്ള നിശ്ചിതവേതനം സംഗീതയ്‌ക്ക്‌ നിഷേധിച്ചുവെന്നതും ദേവയാനിയുടെ പേരിലുള്ള കുറ്റാരോപണങ്ങളിലുണ്ട്‌. ഒരു വ്യക്തിയുടെ സ്വാര്‍ഥതാല്‍പര്യ വിഷയത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള മര്യാദലംഘനം ഇന്ത്യാ നടത്തുന്നതും അമേരിക്കയെ വിസ്‌മയിപ്പിക്കുന്നു.

ദേവയാനി, അവരുടെ ബന്ധുക്കള്‍ക്കെഴുതിയ ഒരു കത്ത്‌ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. `യാതൊരു മാന്യതയും കല്‌പ്പിക്കാതെ എന്റെ കൈകളിള്‍ പലതവണകള്‍ കയ്യാമം വെച്ചു. വസ്‌ത്രങ്ങളുരിഞ്ഞ്‌ കുറ്റവാളികളെപ്പോലെ ദേഹമാകെ പരിശോധിച്ചു. മയക്കുമരുന്നിന്‌ അടിമപ്പെട്ടവരൊപ്പം ജയിലിലടച്ചു. എന്റെ നയതന്ത്രജ്ഞയെന്ന പദവി കണക്കാക്കിയില്ല.` എന്നാല്‍ ജയിലധികൃതര്‍ക്ക്‌ പറയാനുള്ളത്‌ മറ്റൊന്നാണ്‌. `അവര്‍ രാജ്യത്തുള്ള നിയമം നടപ്പിലാക്കി. കുറ്റവാളികളെങ്കിലും നിയമത്തിന്റെ ചുവടുവെപ്പില്‍ തുല്യനീതി അവര്‍ക്കും വേണം.' യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ജയിലധികൃതരും പറഞ്ഞത്‌ ശരിതന്നെയാണ്‌. അവിടെ വര്‍ണ്ണവര്‍ഗ്ഗ വിവേചനമില്ല. ഈ രാജ്യത്ത്‌ ജാതിവ്യവസ്ഥയോ ഉദ്യോഗസ്ഥ വാരുണ്യവര്‍ഗമോയില്ല. ആശ്രിതയായ സംഗീതയും യജമാനത്തിയായ ദേവയാനിയും അനുസരിക്കേണ്ട നിയമം ഒന്നുതന്നെയാണ്‌.

ഇന്ത്യന്‍ സമൂഹത്തില്‍ വേദങ്ങളിലും പുരാണങ്ങളിലും സ്‌ത്രീയ്‌ക്ക്‌ മാന്യത കല്‌പ്പിച്ചിട്ടുണ്ട്‌. പുരാണങ്ങള്‍ സ്‌ത്രീയെ ദൈവതുല്യമായി കല്‌പ്പിച്ചിരിക്കുന്നു. ഒരു സ്‌ത്രീയെ ബാലാത്‌ക്കാരം ചെയ്‌താലും സമൂഹത്തെ ഭയന്ന്‌ അവര്‍ പുറത്തുപറയുകയില്ല. പുരുഷന്റെ പീഡനങ്ങളും സ്‌ത്രീ ഒളിച്ചുവെയ്‌ക്കും. ഒളിഞ്ഞിരിക്കുന്ന കന്യകത്വത്തിന്‌ ഇന്ത്യന്‍സമൂഹം വില കല്‌പ്പിക്കുന്നു. ഒരു സ്‌ത്രീയെ കുറ്റവാളിയെപ്പോലെ വസ്‌ത്രങ്ങളഴിച്ച്‌ പരിശോധിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹമൊന്നാകെ വികാരങ്ങള്‍ക്ക്‌ കീഴ്‌പ്പെട്ടു. ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞയെ പിടികൂടുന്നത്‌ ആദ്യസംഭവമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മീനാ മല്‍ഹോത്ര തന്റെ ജോലിക്കാരിയോട്‌ ക്രൂരമായി പെരുമാറിയതിന്‌ വലിയൊരു തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നു. എന്നാല്‍ ജയിലോ, വസ്‌ത്രമൂരി പരിശോധനയോ ഇല്ലാത്തതിനാല്‍ ജനങ്ങളുടെ കയ്യേറ്റങ്ങളോ പ്രക്ഷോപണങ്ങളോ അന്നുണ്ടായില്ല.

നയതന്ത്രജ്ഞയായ ഒരു സ്‌ത്രീയെ തന്റെ ജോലിക്കാരത്തിയ്‌ക്ക്‌ വേതനം കൊടുത്തത്‌ കുറഞ്ഞതിന്റെ പേരില്‍ അറസ്റ്റ്‌ചെയ്‌ത കഥ ഇന്ത്യയിലുണ്ടാവുകയില്ല. അങ്ങനെയുള്ള സംഭവങ്ങള്‍ സാംസ്‌ക്കാരിക സാമൂഹിക കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ അവിടെ യോജിച്ചതായിരിക്കില്ല. ദളിതരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയെന്നതും സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്‌. ഒരു ദിവസം പന്ത്രണ്ടുമണിക്കൂര്‍ ജോലിയെന്ന കണക്കില്‍ ആറുദിവസത്തേക്ക്‌ ഒരു കുക്കിന്റെ ശമ്പളം 4000 രൂപ മുതല്‍ 10000 രൂപാ വരെയായിരിക്കും. ഇന്ത്യയില്‍ ഭക്ഷണം പാകം ചെയ്യുവാനും സ്വന്തം കാറ്‌ ഓടിക്കാനും വ്യക്തിപരമായി ഓരോരുത്തര്‍ക്കും ജോലിക്കാര്‍ കാണും. എന്നാല്‍ അമേരിക്കയെ സംബന്ധിച്ച്‌ അതെല്ലാം ആഡംബരങ്ങളാണ്‌. അമേരിക്കയില്‍ ചുരുക്കം ചിലര്‍ക്കുമാത്രമേ അങ്ങനെയുള്ള ജീവിതസൌകര്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജോലിക്കാരിസ്‌ത്രീയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചെന്ന്‌ കേസില്ല. നിയമാനുസൃതമായ വേതനം കൊടുത്തില്ലെന്നുള്ളതാണ്‌ കേസിനുകാരണം. അക്കാരണത്താല്‍ സമൂഹത്തില്‍ മാന്യമായ ഒരു സ്‌ത്രീയെ ഇന്ത്യയില്‍ ജയിലില്‍ അടയ്‌ക്കുകയെന്നത്‌ സംഭവിക്കാന്‍ സാധ്യതയില്ല. ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിലെപ്പോലെ പ്രഭുത്വചിന്താഗതി ഒന്നാംക്ലാസ്‌ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നതുമൂലം താഴേക്കിടയിലുള്ള ജോലിക്കാര്‍ക്ക്‌ നീതിയും ലഭിക്കുകയില്ല. അത്തരം ഈഗോകള്‍ അമേരിക്കയിലെ നിലവിലുള്ള നിയമങ്ങള്‍ക്ക്‌ താങ്ങാന്‍ സാധിക്കുകയുമില്ല.

ദേവയാനിയെന്ന വ്യക്തിയില്‍ ആരംഭിച്ച കേസ്‌ ഇന്ന്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര നിലവാരത്തിലെത്തി. അമേരിക്കന്‍ അംബാസിഡര്‍ നാന്‍സിപോളിനെ വിളിച്ച്‌ ഇന്ത്യാ പരാതി സമര്‍പ്പിച്ചു. അവിടെ അമേരിക്കന്‍ എംബസ്സിക്ക്‌ മുമ്പിലുണ്ടായിരുന്ന രക്ഷാകവചങ്ങള്‍ എടുത്തുകളഞ്ഞു. മദ്യം വിദേശത്തുനിന്നും ഇറക്കുമതി പാടില്ലാന്നും നിയമമുണ്ടാക്കി. ഇന്ത്യയിലെ നേതാക്കന്മാര്‍ അമേരിക്കന്‍ പ്രതിനിധിസംഘത്തെ കാണാന്‍പോലും തയ്യാറായില്ല. സ്വവര്‍ഗരതിക്കാരായ അമേരിക്കക്കാരോട്‌ നിയമപരമായ നടപടികളെടുക്കുമെന്നും ഇന്ത്യാ ഭീഷണിപ്പെടുത്തി.

കുറ്റവാളിയായ ദേവയാനിയുടെ കുടുംബവും അവരുടെ ചരിത്രവുമടങ്ങിയ വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ താല്‍പര്യമായിരുന്നു. ദേവയാനിയുടെ വീടും കാത്ത്‌ കുട്ടികളെയും നോക്കി പീഡനം സഹിച്ചുജീവിച്ച സംഗീതയ്‌ക്കുവേണ്ടി വാദിക്കാന്‍ ആര്‍ക്കും താല്‌പര്യമില്ല. വാര്‍ത്തകളില്‍ തൊഴിലാളിയായ സംഗീതയ്‌ക്ക്‌ പ്രാധാന്യം കല്‌പ്പിക്കാതെ അവരെ വില്ലത്തിയെപ്പോലെയാണ്‌ ചിത്രികരിച്ചിരിക്കുന്നത്‌. ഇന്ത്യാ തെറ്റുചെയ്‌ത സ്‌ത്രീയോടൊപ്പം ന്യായവാദങ്ങളുമായി ലോകത്തിന്റെ മുമ്പില്‍ പ്രഹസനം കളിക്കുകയാണ്‌. കൊടുക്കാനുദ്ദേശിക്കുന്ന ശമ്പളം പെരുപ്പിച്ചുകാണിച്ചും വിസാഫോമില്‍ കള്ളം പറഞ്ഞും നിയമത്തെ ലംഘിച്ചും താഴ്‌ന്നവേതനം നല്‌കിയും അടിമയെപ്പോലെ സംഗീതയെക്കൊണ്ട്‌ പണിചെയ്യിപ്പിച്ചു. ഇങ്ങനെയെല്ലാം ഒരു സ്‌ത്രീയ്‌ക്ക്‌ കടുംയാതനകള്‍ കൊടുത്ത അവരെ കുറ്റവാളിയാക്കരുതെന്ന്‌ ഇന്ത്യസര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ആ പാവപ്പെട്ട സ്‌ത്രീയ്‌ക്കായി വാദിക്കാന്‍ ഇന്ത്യയില്‍ ആരുമില്ലെന്നുള്ളതാണ്‌ സത്യം. ഇന്ത്യന്‍ പ്രധാനമന്ത്രിപോലും കുറ്റക്കാരിയായ സ്‌ത്രീയ്‌ക്കുവേണ്ടി സംസാരിച്ചു. അത്‌ നയതന്ത്ര വിജയത്തിനായിരുന്നുവെന്ന്‌ സങ്കല്‍പ്പിക്കാം. എന്നാല്‍ പ്രമുഖ രാഷ്ട്രീയപര്‍ട്ടികളോ സാംസ്‌ക്കാരിക സ്‌ത്രീസംഘടനകളോ രാഷ്ട്രീയനേതൃത്വമോ സംഗീതയ്‌ക്കുവേണ്ടി സംസാരിക്കുന്നില്ല.

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പ്രതികരണം നീതികരിക്കാവുന്നതല്ല. അഴിമതിരഹിതമായ ഒരു നല്ല ഭരണത്തിനായി ഉയര്‍ന്നുവന്ന 'ആം ആദ്‌മി' പാര്‍ട്ടി ശക്തരായ രണ്ട്‌ രാഷ്ട്രീയചേരികളെ പിന്തള്ളിക്കൊണ്ട്‌ ഡല്‍ഹിയുടെ ഭരണം പിടിച്ചുകഴിഞ്ഞു. എങ്കില്‍ അഴിമതികള്‍ വെറുക്കുന്ന ഇന്ത്യന്‍ജനത എന്തുകൊണ്ട്‌ എല്ലാവിധ സൌഭാഗ്യങ്ങളോടെയും ജീവിക്കുന്ന തെറ്റുകാരിയായ ഒരു സ്‌ത്രീക്കൊപ്പം നില്‌ക്കുന്നു. അവരെയും ഒരു പൊതുകുറ്റവാളിയായി കണ്ടുകൂടെ? അധികാരത്തിലുള്ളവര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയെന്നത്‌ ഇന്ത്യന്‍പാരമ്പര്യമാണ്‌. ബ്രിട്ടീഷ്‌ വ്യവസ്ഥയുടെ അവസാനത്തെ വിഴുപ്പ്‌ ഇന്നും ഇത്തരം സിവില്‍ സര്‍വീസ്‌ സേവകര്‍ ചുമക്കുന്നു. ഇന്ത്യന്‍നിയമം എന്നും ഒന്നാംകിട ശ്രേണിയില്‍ ജീവിതം നയിക്കുന്നവരെ സംരക്ഷിക്കും. താണവരും വലിയവരുമെന്ന സാമൂഹിക കാഴ്‌ച്ചപ്പാടിനെ പുറംലോകം പരിഹസിക്കുകയേയുള്ളൂ. എങ്കിലും അഴിമതിക്കെതിരായ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഉദയം ചെയ്‌തതും ആശ്വാസം നല്‌കുന്നുണ്ട്‌. ഒരു വര്‍ഷംമുമ്പ്‌ ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഗത്തിനെതിരായി ആഗോളതലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന്‌ ജനം ബലാല്‍സംഗത്തിനിരയായ സ്‌ത്രീയ്‌ക്കൊപ്പം നിന്നു. എന്നാല്‍ ഇന്ത്യന്‍ജനത ഇന്ന്‌ തെറ്റായ സ്‌ത്രീയോടൊപ്പം നില്‌ക്കുന്നു. രാജ്യം സദാചാരവിരുദ്ധമായി നീങ്ങുന്നുവെന്നല്ലെ ഇതില്‍നിന്നും മനസിലാക്കേണ്ടത്‌.
പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)
പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)
പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)
പ്രിയപ്പെട്ട ഭാരതാംബേ നീ തെറ്റുകാരിയുടെ കൂടെയോ? (ലേഖനം: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക