Image

ഓര്‍മയായത് വിജയങ്ങളുടെ 'സിക്‌സര്‍ തമ്പുരാന്‍ '

Published on 06 February, 2014
ഓര്‍മയായത് വിജയങ്ങളുടെ 'സിക്‌സര്‍ തമ്പുരാന്‍ '
കൊച്ചി: എതിരെ വരുന്ന പന്തുകളെ നിലം തൊടീക്കാതെ അതിര്‍ത്തിക്കുമപ്പുറം അകലങ്ങളിലേക്കെത്തിക്കുക. കളിക്കളത്തില്‍ തിളങ്ങിയിരുന്ന കാലത്ത് രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെ ശൈലി ഇതായിരുന്നു. കൊച്ചിയുടെ വലിയ തമ്പുരാന് 'സിക്‌സര്‍ തമ്പുരാന്‍' എന്ന വിളിപ്പേര് വന്നതും ഇതുകൊണ്ടുതന്നെ. പന്തടിച്ച് മൈതാനത്തിന്റെ വേലിക്കപ്പുറത്തേക്കെത്തിച്ചിരുന്ന തമ്പുരാനെതിരെ പന്തെറിയുകയെന്നത് അക്കാലത്ത് ഒരുമാതിരിപ്പെട്ട ബൗളര്‍മാര്‍ക്കെല്ലാം ശങ്കയുണര്‍ത്തുന്ന കാര്യമായിരുന്നു. 

കാണികള്‍ സിക്‌സര്‍ ആവശ്യപ്പെട്ടാല്‍ അടുത്ത പന്തു തന്നെ ബൗണ്ടറിക്കപ്പുറത്തേക്ക് പറത്തുന്നതും തമ്പുരാന്റെ കഴിവായിരുന്നു. സിക്‌സര്‍ മികവിന് മാത്രം ഒരിക്കല്‍ രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന് ഒരു ടൂര്‍ണമെന്‍റ് സംഘാടകര്‍ പ്രത്യേക പുരസ്‌കാരം നല്‍കി അനുമോദിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ നായകനായി തിളങ്ങിയിരുന്ന തമ്പുരാന്‍ എറണാകുളം രാമവര്‍മ ക്ലബ്ബിലെ ആദ്യകാല അംഗങ്ങളിലൊരാളാണ്. ബാറ്റിങ്ങിനു പുറമേ ബൗളിങ്ങിലും ഇദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തന്റെ സിക്‌സറടിയെക്കുറിച്ച് ഒരിക്കല്‍ തമ്പുരാന്‍ ചിരിയോടെ പറഞ്ഞത് ഇങ്ങനെയാണ് - ''സിക്‌സര്‍ അടിക്കുക വലിയ സംഭവമൊന്നുമല്ല; ബൗളര്‍ മോശമായതുകൊണ്ടാണ് സിക്‌സര്‍ അടിക്കാന്‍ പറ്റുന്നത്''. ഇംഗ്ലണ്ടിന്റെ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന വലിയ തമ്പുരാന്റെ ഇഷ്ട താരം സച്ചിനായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അദ്ദേഹത്തിന്‍േറത് ചിട്ടയായ ജീവിതചര്യയുമായിരുന്നു. സൂര്യോദയത്തിന് ഉറക്കമുണരുക എന്നത് പതിവായിരുന്നു. തുടര്‍ന്ന് നാമജപം. ഏതു കാര്യവും ചെയ്യുന്നതിനു മുമ്പ് ഭഗവാനെ സ്മരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

ക്രിക്കറ്റ് കൂടാതെ ഫുട്‌ബോള്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ് എന്നിവയും തമ്പുരാന്‍ ആദ്യകാലത്ത് കളിച്ചിരുന്നു. 1930-കളില്‍ രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന്‍ ക്യാപ്റ്റനായുള്ള ടീം ചെന്നൈയില്‍ പര്യടനം നടത്തിയിരുന്നു. പുതിയ പന്തിന് അവകാശമുള്ള പേസ് ബൗളര്‍മാര്‍ ടീമില്‍ അധികമായി വന്നപ്പോള്‍ പുതിയ പന്തിന്റെ പ്രയോഗം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്ത് സ്വയം സ്‌ലോ ബൗളറാകാനും ആദ്യമായി തമ്പുരാന്‍ തയ്യാറായിരുന്നു. ആ കാലത്ത് എറണാകുളത്തെ തമ്പുരാക്കന്‍മാരുടെ ടീം ഫോര്‍ട്ടുകൊച്ചിയിലെ പരേഡ് മൈതാനിയില്‍ കൊച്ചിന്‍ ജിംഖാന (വെള്ളക്കാരുടെ ക്ലബ്ബ്) യുമായി സൗഹൃദ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നതും പതിവായിരുന്നു. ബാറ്റിങ്ങില്‍ തമ്പുരാന്‍ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശേഷമാണ് ക്രീസില്‍ എത്താറ്. പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒരറ്റത്ത് രാമവര്‍മ കൊച്ചനിയന്‍ തമ്പുരാന്‍ നിലയുറപ്പിച്ചിട്ടുണ്ടാകും. അക്കാലത്ത് എറണാകുളത്ത് കളി കാണാനെത്തുന്നവര്‍ക്ക് വെടിക്കെട്ട് ബാറ്റിങ് വിരുന്നാണ് സിക്‌സര്‍ തമ്പുരാന്‍ ഒരുക്കിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക