Image

ഗ്രീസില്‍ ഐക്യ സര്‍ക്കാര്‍: പാപന്ദ്ര്യു ഇന്ന് രാജിവെക്കും

Published on 07 November, 2011
ഗ്രീസില്‍ ഐക്യ സര്‍ക്കാര്‍: പാപന്ദ്ര്യു ഇന്ന് രാജിവെക്കും
ആതന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ഐക്യസര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ധാരണയായി. പ്രധാനമന്ത്രി ജോര്‍ജ് പാപന്ദ്ര്യുവും പ്രതിപക്ഷ നേതാവ് ആന്റോണീസ് സമരാസും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒത്തുതീര്‍പ്പ് നിര്‍ദേശമനുസരിച്ച് പാപന്ദ്ര്യു ഉടന്‍ രാജിവെക്കുകയും പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. ഫിബ്രവരി 19ന് തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

പാപന്ദ്രുവിന്റെ പിന്‍ഗാമിയെ തീരുമാനിച്ചിട്ടില്ലെങ്കിലും ഉപപ്രധാനമന്ത്രിയും ധനവകുപ്പ് ചുമതലയുമുള്ള ഇവാഞ്ചലോസ് വെനീസെലോസ് താത്കാലിക പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. വെനീസെലോസിനെ കൂടാതെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റ് ലൂക്കാസ് പാപഡെമോസ്, യൂറോപ്യന്‍ ഓംബുഡ്‌സ്മാന്‍ നികിഫൊറോസ് ദിമാന്‍ഡോറസ്, മുന് യൂറോപ്യന്‍ കമ്മീഷണര്‍ സ്റ്റാവറോസ് എന്നിവരുടെ പേരും ഗ്രീക്ക് മാധ്യമങ്ങളുടെ സാധ്യതാ പട്ടികയിലുണ്ട്. രാജി പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച രാത്രി തന്നെ പാപന്ദ്ര്യു പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

രാജ്യത്ത് നിലനില്‍ക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്ത 17,800 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ച ഹിതപരിശോധന അവസാന നിമിഷം വേണ്ടെന്നു വെച്ചാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ പാപന്ദ്ര്യു തീരുമാനിച്ചത്. 300 അംഗ സഭയില്‍ 153 പേരാണ് വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്

മന്ത്രിസഭ നിലംപതിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് പ്രധാനമന്ത്രി അനുരഞ്ജനത്തിനു വഴി തുറന്ന് ഹിതപരിശോധന ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു ദേശീയ സര്‍ക്കാര്‍ രൂപവത്കരണം.

കടം കുതിച്ചുയരുകയും ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരെ ജനരോഷമുയരുകയും ചെയ്ത് ഗ്രീസ് കനത്ത പ്രതിസന്ധിയിലകപ്പെട്ട പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ സഹായ പാക്കേജ് പ്രഖ്യാപിച്ചത്. ഗ്രീസിന്റെ കടത്തിന്റെ 50 ശതമാനം എഴുതിത്തള്ളുമെന്ന് സ്വാകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഇതിന് പകരമായി വേതനം വെട്ടിച്ചുരുക്കല്‍, സിവില്‍ സര്‍വീസുകാരുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക