Image

പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്

ജെ.മാത്യൂസ് (Janani editorial) Published on 17 February, 2014
പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്
ഈയിടെ പങ്കെടുത്ത ഒരു പൊതുസമ്മേളനത്തില്‍ വേദി പങ്കിട്ടത് നാലു ഡോക്‌ടേഴ്‌സ് ആയിരുന്നു. അവരില്‍ ഒരാള്‍ പ്രസിദ്ധനായ മെഡിക്കല്‍ ഡോക്ടര്‍, മറ്റൊരാള്‍ ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായി പി.എച്ച്.ഡി. ഡോക്ടര്‍, മൂന്നാമത്തെയാള്‍ പ്രസിദ്ധമായ ഒരു യൂണിവേഴ്‌സിറ്റിയില്‍നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചയാള്‍, നാലാമത്തെ ഡോക്ടര്‍ ബിരുദം വിലയ്ക്കു വാങ്ങിയ ആള്‍.

ഏതിനത്തില്‍ പെട്ടതായാലും പേരിനു മുമ്പില്‍ 'ഡോക്ടര്‍' കാണുമ്പോള്‍ കൂടുതല്‍ ബഹുമാനമോ ആദരവോ ഒക്കെ തോന്നി പോകും, ആര്‍ക്കും.

ഒരു മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയെടുക്കാന്‍ ഏഴെട്ടു വര്‍ഷത്തെ തീവ്രമായ പഠനം വേണം. പഠിക്കുന്ന സ്ഥാപനത്തിന്റെ പേരിനൊത്ത് ഫീസില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എങ്കില്‍ തന്നെ, ഒരു സ്‌കൂള്‍ വര്‍ഷത്തില്‍ 25, 000 മുതല്‍ 60, 000 ഡോളര്‍ വരെ ഫീസിനത്തില്‍ തന്നെ ചെലവുവരും. പ്രവേശനം കിട്ടുന്നതിന് കടമ്പകള്‍ പലതുണ്ട് കടക്കാന്‍. മികച്ച വിദ്യാഭ്യാസനിലവാരം കൂടിയേ തീരൂ. 'മെഡിക്കല്‍ ഡോക്ടര്‍' എന്ന ബിരുദത്തിനു പിന്‍പില്‍ കഴിവും പണച്ചെലവും അര്‍പ്പണവുമുണ്ടെന്നു സാരം.

പി.എച്ച്.ഡി. ഡോക്ടര്‍ ബിരുദം നേടുന്നതിനും വര്‍ഷങ്ങള്‍ നീളുന്ന പഠനം വേണം. പഠിക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവുനേടണം. ഗവേഷണം നടത്തണം, തനിമയുള്ള തീസിസ് തയ്യാറാക്കണം. പലരുടെയും തീസിസ് ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ചില വ്യക്തികളുടെ പ്രശംസനീയമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാറുണ്ട്. ചിലരുടെ സേവനങ്ങള്‍ ആദരിക്കപ്പെടാറുണ്ട്. സമൂഹത്തില്‍ അവര്‍ ഗുണകരമായ സ്വാധീനം ചെലുത്താറുണ്ട്. ഈ യോഗ്യതകള്‍ പരിഗണിച്ച് ചില യൂണിവേഴ്‌സിറ്റികള്‍, അവരെ 'ഡോക്ടറേറ്റ്' ബിരുദം നല്‍കി ആദരിക്കാറുണ്ട്. അവരും ഡോക്‌ടേഴ്‌സ് ആണ്, 'ഓണററി ഡോക്‌ടേഴ്‌സ്'.

ഇതിലൊന്നും പെടാത്ത ചിലര്‍, ചുളുവില്‍ ഡോക്ടര്‍ ബിരുദം വാങ്ങിച്ചെടുക്കുന്നു. താരതമ്യേന ഒരു ചെറിയ തുക അടച്ച് അപേക്ഷിച്ചാല്‍ ഡോക്ടര്‍ ബിരുദം വീട്ടില്‍ വരും. അങ്ങിനെ ചെയ്തുകൊടുക്കുന്ന പല സംഘടനകളും നിലവിലുണ്ട്. 250 മുതല്‍ 600 ഡോളര്‍ വരെ മാത്രമെ ചെലവു വരൂ. കാലദൈര്‍ഘ്യം നിസാരമാണ്, ഏതാനും ആഴ്ചകള്‍ മാത്രം, പഠനം വേണ്ട, തീസീസു വേണ്ട, കാര്യമായ പണചെലവു വേണ്ട. ആദരണീയമായ ഡോക്ടര്‍ ബിരുദം പേരിനു മുമ്പില്‍ ചേര്‍ത്തെഴുതാം. ഇത്തരം ഡോക്‌ടേഴ്‌സിന്റെ എണ്ണം ഈയിടെയായി പെരുകിവരുന്നു. പരിചയമില്ലാത്തവര്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരം ഡോക്‌ടേഴ്‌സ് അവരുടെ പേരിനുശേഷം 'പോസ്റ്റല്‍' എന്നുകൂടി എഴുതിചേര്‍ത്തിരുന്നെങ്കില്‍!


പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്
J Mathews
പലതരം ഡോക്‌ടേഴ്‌സ് -ജെ.മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക