Image

പേരിനൊപ്പം കുടുംബപ്പേര് ഒഴിവാക്കാന്‍ കേരളവും ആലോചിക്കുന്നു

Published on 07 November, 2011
പേരിനൊപ്പം കുടുംബപ്പേര് ഒഴിവാക്കാന്‍ കേരളവും ആലോചിക്കുന്നു
ഷിംല: ഹിമാചല്‍ പ്രദേശ് മാതൃകയില്‍ ആളുകളുടെ പേരിനൊപ്പം കുടുംബപ്പേര് ചേര്‍ക്കുന്ന രീതി ഒഴിവാക്കാന്‍ കേരളവും ആലോചിക്കുന്നു. കേരളത്തിന് പുറമേ തമിഴ്‌നാടും ഇത് നടപ്പാക്കുന്നതിന് ഹിമാചലിന്റെ ഉപദേശം തേടിയിട്ടുണ്ട്. പേരിനോട് ചേര്‍ത്ത് കുടുംബപ്പേരും ജാതിപ്പേരും ഉപയോഗിക്കുന്നത് ഈ വര്‍ഷം ജൂണ്‍ മുതലാണ് ഹിമാചലില്‍ ഒഴിവാക്കിയത്. ഇത് എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നത് സംബന്ധിച്ച് കേരള, തമിഴ്‌നാട് പോലീസിലെ ഐ.ജിമാര്‍ ഹിമാചല്‍ ഡി.ജി.പി ദല്‍ജീത് സിങ്ങുമായി ബന്ധപ്പെട്ടിരുന്നു.

ജാതിവ്യവസ്ഥ ഏറെ ശക്തമായ ഹിമാചലില്‍ ഇത് വിജയകരമായി നടപ്പാക്കിയത് സമൂഹത്തില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്. ദളിതര്‍ക്ക് വിവാഹം പോലുള്ള പൊതുചടങ്ങുകളിലും മറ്റും മേല്‍ജാതിക്കാര്‍ക്കൊപ്പം ഇരിക്കാന്‍ പോലും അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തിലായിരുന്നു പോലീസിന്റെ ഈ പുതിയ പരിഷ്‌കാരം. വിഘടിച്ചുനില്‍ക്കുന്ന സമൂഹത്തെ ഒന്നിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഉദ്യോഗസ്ഥ സമൂഹത്തില്‍ തന്നെ 15,000 പേരില്‍ ബഹുഭൂരിപക്ഷവും ജൂണ്‍ മുതല്‍ അവരുടെ പേരിനൊപ്പമുള്ള കുടുംബ, ജാതിപ്പേരുകള്‍ ഒഴിവാക്കി. ഡി.ജി.പി ദല്‍ജീത് സിങ്ങായിരുന്നു ഈ ആശയത്തിന്റെ ശില്‍പി. മുഖ്യമന്ത്രിയുമായി അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിക്കുകയും വൈകാതെ മന്ത്രിസഭ അംഗീകരിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക