Image

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 02 March, 2014
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്നാണ്‌ പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. വിവാഹത്തിനു പരിശുദ്ധിയും ദൈവീകത്വവും അന്ന്‌ എല്ലാവരും കൊടുത്തിരുന്നു. പെണ്‍കുട്ടികളെ ചെറുപ്പത്തിലെ കെട്ടിച്ച്‌ വിടുക എന്നത്‌ ഒരു പതിവായിരുന്നു. ആരും അത്‌ എതിര്‍ത്തിരുന്നില്ല. ആര്‍ക്കും അതില്‍ പരിഭവമുണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ സുമംഗലികളായി മക്കളും പേരക്കുട്ടികളുമായി സസുഖം ജീവിച്ചു. സമൂഹ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പെണ്‍ക്കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിര്‍ബന്ധമായപ്പോള്‍ അവരുടെ വിവാഹപ്രായം ഉയര്‍ന്നു. ഈ മാറ്റം നല്ലതിനായിരുന്നു. പഠിപ്പും പക്വതയുമുള്ള പെണ്‍കുട്ടികള്‍ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ കുടുംബ ഭദ്രത കെട്ടിയുറപ്പിക്കാന്‍ സഹായിച്ചു. പ്രവാസികളായി പോയവരും ജന്മനാട്ടില്‍ തിരിച്ചെത്തി തങ്ങളുടെ മക്കള്‍ക്ക്‌ സ്വന്തം നാട്ടില്‍ നിന്നും ഇണകളെ കണ്ടെത്തി.

എന്നാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വന്നവരുടെ സ്‌ഥിതിയതല്ലാതായി. ഒരു പക്ഷെ മലയാളി കുടിയേറ്റം ആരംഭിച്ച നാളുകളില്‍ അമേരിക്കയില്‍ റ്റീനേജുകാരുടെ അവിഹിത ഗര്‍ഭങ്ങളുടെ കഥകള്‍ സാധാരണയായിരുന്നു. ദുരഭിമാനിയായ മലയാളി അതൊക്കെ കേട്ട്‌ തങ്ങളുടെ മക്കള്‍ക്ക്‌ അങ്ങനെ വരരുത്‌ എന്ന്‌ ആഗ്രഹിച്ചെങ്കിലും അമേരിക്കന്‍ സംസ്‌കാരത്തിലും സ്വന്തം ഭാഷ വിട്ട്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്നതിലും ശ്രദ്ധപതിപ്പിച്ചു.വാസ്‌തവത്തില്‍ രണ്ട്‌ വഞ്ചിയില്‍ കാലിട്ട്‌ നില്‍ക്കുന്ന ഒരവസ്ഥയില്‍ ചിലരൊക്കെ ജീവിച്ചപ്പോള്‍ അവരുടെ സന്താനങ്ങള്‍ അടി തെറ്റി വീണു. ആ വീഴ്‌ച വരും തലമുറകളിലെ കുട്ടികളുടെ ജീവിത സമീപനം കുറെയൊക്കെ തെറ്റിച്ചുവെന്ന്‌ ഈ ലേഖിക വിശ്വസിക്കുന്നു. വിവാഹമോചനം തേടിയവര്‍, ഒന്നോ രണ്ടൊ കുട്ടികളായി ഉപേക്ഷിക്കപ്പെട്ടവര്‍ അങ്ങനെ ഒരു തകര്‍ന്ന കുടുംബ ജീവിതം മുന്നില്‍ കണ്ട്‌ പല പെണ്‍ക്കുട്ടികളും വിവാഹം വേണ്ടെന്ന്‌ വച്ചു. എന്നാല്‍ ആണ്‍കൂട്ടൂകാരുമായി ബന്ധം വെയ്‌ക്കാന്‍ ചിലരൊക്കെ ഇഷ്‌ടപ്പെട്ടു. ഇത്‌ പലരും അവരുടെ ജീവിതത്തില്‍ പകര്‍ത്തി. അങ്ങനെ മലയാളി സമൂഹത്തില്‍ പെണ്‍ക്കുട്ടികളും ആണ്‍കുട്ടികളും വിവാഹജീവിതത്തില്‍ നിന്നും അകലാന്‍ തുടങ്ങി.

ഇന്ന്‌ മാതാപിതാക്കന്മാരെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു സമസ്യയായി മക്കളുടെ വിവാഹം. പണം ഉണ്ടാക്കുന്നതിലും ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വളരെ ഉത്സാഹം കാണിക്കുന്ന മലയാളി സമൂഹം മക്കളുടെ ഭാവി ജീവിതവും സുരക്ഷിതമാക്കന്‍ ശ്രമിക്കണം. ദിനം പ്രതി സംഘടനകള്‍ ഉണ്ടാക്കി തല്ലി പിരിയുന്നതിനെക്കാള്‍ സ്വന്തം കുടുംബമെന്ന സംഘടനയുടെ വളര്‍ച്ചയും സംരക്ഷണവും എല്ലാവരും ശ്രദ്ധിക്കണം. വിവാഹം വിവാഹമോചനം തേടാനും, കുട്ടികളായാല്‍ ഉപേക്ഷിച്ച്‌ പോകാനുമുള്ള ഒരു തല്‍ക്കാലയിടമല്ലെന്ന്‌ കുട്ടികളെ ബോധവാന്മാരാക്കണം. അമേരിക്കക്കരെ കണ്ട്‌ പഠിക്കയാണെന്ന മുടന്തന്‍ ന്യായത്തിനു ഒരു പ്രസക്‌തിയുമില്ല. അമേരിക്കകാരില്‍ എത്രയോ പേര്‍ ഇന്ത്യക്കാരെക്കാള്‍ സന്തുഷ്‌ട കുടുംബ ജീവിതം നയിക്കുന്നു.

ഇനിമുതല്‍ പുതിയ സംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതെ എല്ലാവരും അവരവരുടെ കുടുംബജീവിതം സുരക്ഷിതമാക്കുക. അതിനു ശേഷമാകട്ടെ സമൂഹവും സംഘടനയും. നല്ല സമൂഹം നല്ല കുടുംബങ്ങള്‍ കൂടിചേര്‍ന്നതാണ്‌. അച്ചടി മാദ്ധ്യമങ്ങളും, ദ്രുശ്യ മാദ്ധ്യമങ്ങളും കണ്ണീര്‍ സീരിയലുകളും, കബളിപ്പിക്കുന്ന പരസ്യങ്ങളും കാണിക്കാന്‍ ഉപയോഗിക്കുന്ന സമയത്തില്‍ നിന്ന്‌ ഇത്തിരി സമയം വിവാഹജീവിതത്തിന്റെ ആവശ്യകതയെയേയും അതിലൂടെ ജീവിതം എങ്ങനെ മനോഹരമാക്കമെന്നുമുള്ള വിഷയത്തെക്കുറിച്ച്‌്‌ പറയാന്‍ സമയം കണ്ടെത്തണം.

*********************************
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു (സരോജ വര്‍ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക