Image

വിശുദ്ധിയുടെയും അനുതാപത്തിന്റെയും നാളുകളിലേക്ക് വീണ്ടും ഒരു നോമ്പുകാലം - ബെന്നി പരിമണം

ബെന്നി പരിമണം Published on 03 March, 2014
വിശുദ്ധിയുടെയും അനുതാപത്തിന്റെയും നാളുകളിലേക്ക് വീണ്ടും ഒരു നോമ്പുകാലം - ബെന്നി പരിമണം
ഒരു വലിയ നോമ്പുകൂടി ആഗതമായി. ഇനിയുള്ള അന്‍പതു ദിനങ്ങള്‍ ക്രൈസ്തവ സഭാ വിശ്വാസികള്‍ യേശുക്രിസ്തുവുമായുള്ള ബന്ധത്തെ ആഴമായി ഊട്ടിയുറപ്പിക്കുന്ന വേരുകള്‍. ക്രിസ്തുവിനോട് കൂടുതല്‍ അടുക്കുവാനായി വേര്‍തിരിച്ചിരിക്കുന്ന സമയം. സ്വയം ശോധനയിലൂടെ അവനവനിലടങ്ങിയിരിക്കുന്ന തിന്മകളെ മനസ്സിലാക്കി അതില്‍ നിന്നും മോചിതനാകുന്ന കാലം. ഒരു പുതുക്കത്തിനായും രൂപാന്തിരത്തിനായും മനുഷ്യ ജീവിതങ്ങളെ മാറ്റിയെടുക്കവാന്‍ വലിയ നോമ്പാചാരണം ഓരോ വ്യക്തിജീവിതങ്ങള്‍ക്കും സാധ്യമായിത്തീരും. നമ്മള്‍ പ്രിയം വെച്ചിരിക്കുന്ന നമ്മുടെ ഇഷ്ടങ്ങളെ വെടിഞ്ഞ് പരമനാഥന്റെ സന്നിധിയില്‍ ജീവിതങ്ങളെ സമര്‍പ്പിക്കുന്തനാണ് നോമ്പിന്റെ പ്രാധാന്യം. നോമ്പ് നമ്മുടെ ജീവിതത്തില്‍ നല്‍കുന്നത് ആത്മപതനത്തിലുള്ള അവസരം ആണ്. നമ്മള്‍ നമ്മെത്തന്നെ ശോധന ചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ നാമറിഞ്ഞോ അറിയാതെയോ അടിഞ്ഞു കൂടിയിരിക്കുന്ന പാപക്കറകളെ പൂര്‍ണ്ണമായ കഴുകി മാറ്റിയ പുതിയ ഒരു മനുഷ്യനായി മാറുമ്പോഴാണ് നോമ്പ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവത്തായിമാറുന്നത്.

അപരന്റെയും അശരണരുടെയും ആവശ്യങ്ങളിലേക്ക് ഇറങ്ങിചെല്ലുവാനുള്ള ഒരു ഉള്‍വിളി യാഥാര്‍ത്ഥമായി ഈ നോമ്പാചരണത്തില്‍ നമ്മില്‍ സംഭവിക്കുന്നു. ദൈവനാമ മഹത്വത്തിനായി നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന ഈ വേളയില്‍ ലൗകീകമായ എല്ലാ ചിന്തകളെയും വെടിഞ്ഞ് കര്‍ത്താവിന്റെ ക്രൂശിനെ അനുഗമിക്കുന്നവരായി നമുക്ക് മാറുവാന്‍ കഴിയണം. പരിമിതികള്‍  പലതും ഉണ്ടായേക്കാം. എന്നാല്‍ അപരിമേയനായ ദൈവത്തിന്റെ കരങ്ങളിലാണ് നമ്മെ സമര്‍പ്പിച്ചിരിക്കുന്നതെന്ന ബോധം ആ പരിമിതികളെ തരണം ചെയ്യുവാന്‍ നമ്മെ ശക്തീകരിക്കും. ആ വിശ്വാസം പരിമിതകളില്‍ നിന്നും നമ്മെ പൂര്‍ണ്ണതയുടെ അനുഭവത്തിലേക്ക് എത്തിക്കും.

വിശുദ്ധ ബൈബിളില്‍ ദൈവം പരിമിതികളില്‍ നിന്ന് വിളിച്ച് പൂര്‍ണ്ണതയിലേക്ക് എത്തിച്ച അനേകം വ്യക്തികളെ നമുക്ക് കാണാം. മോശെ, യാക്കോബ്, സക്കായി, പത്രോസ്, പൗലോസ് തുടങ്ങിയവരെയൊക്കെ ദൈവം പരിപൂര്‍ണ്ണതയുടെ അനുഭവത്തിലെത്തിച്ചതായി നമുക്ക് ബൈബിളില്‍ കാണാം. ഈ നോമ്പുകാലത്ത് ദൈവം നമ്മെയും അപ്രകാരമുള്ള ജീവിതാനുഭവത്തിലെത്തിക്കാനായി പ്രാര്‍ത്ഥിക്കാം. കര്‍ത്താവിന്റെ ശിഷ്യത്വത്തിലേക്ക് പ്രവേശിക്കുന്നതാണ് നോമ്പിലൂടെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട മറ്റൊരു മാറ്റം. വചന ധ്യാനത്തിലൂടെ, പ്രാര്‍ത്ഥനയിലൂടെ, ഉപവാസത്തിലൂടെ നോമ്പിന്റെ നാളുകള്‍ നാം കഴിഞ്ഞുകൂടുമ്പോള്‍ യേശു കര്‍ത്താവിന്റെ ശിഷ്യത്വത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്‌നേഹം നോമ്പില്‍ നമ്മളിലൂടെ മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലണം. ജീവിതത്തില്‍, പ്രവര്‍ത്തിയില്‍, കാഴ്ച്ചപ്പാടുകളില്‍ എല്ലാം യാഥാര്‍ത്ഥമായി ക്രിസ്തു ശിഷ്യത്വത്തിന്റെ നിഴലുകള്‍ നമ്മില്‍ പ്രകടമാകണം. പരീക്ഷണങ്ങളെ അതിജീവിക്കുവാനും, ആത്മാവില്‍ ബലപ്പെടുവാനും ഈ നോമ്പു നാളുകളില്‍ നമ്മില്‍ ദൈവം കൃപചൊരിയും. നീതി പ്രവര്‍ത്തിക്കുകയും ന്യായം ഉപേകഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ അനുഭവത്തിലേക്ക് ഈ ദിനങ്ങളില്‍ നമുക്ക് ആയിത്തീരാം. എളിയവനെ ആദരിക്കുകയും, പീഡിതന് അഭയം ഒരുക്കുന്നതായും നമ്മുടെ പ്രവര്‍ത്തികളെ ഈ നോമ്പിന്റെ നാളില്‍ മാറ്റാം. പാപങ്ങളെക്കുറിച്ചുള്ള അനുതാപവും സഹജീവികളോടുള്ള കരുണയും, മനസ്സലിവും സ്വായത്വമാക്കുന്ന ഒരു നോമ്പിന്റെ നാളുകളായി ഈ ദിനങ്ങള്‍ പരിണമിക്കട്ടെ. കര്‍ത്താവായ യേശു ക്രിസ്തുവിനോടു കൂടെ ഈ ലോകത്തില്‍ ആയിരിപ്പാനും നോമ്പിലൂടെ നമ്മെ ഒന്ന് ശോധന ചെയ്ത് മാലിന്യങ്ങളെ കഴുകി പുതിയ സൃഷ്ടിയായി മാറുവാനും ഈ നോമ്പുകാലം ഏവര്‍ക്കും ദൈവത്താല്‍ അനുഗ്രഹീതമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു…


വിശുദ്ധിയുടെയും അനുതാപത്തിന്റെയും നാളുകളിലേക്ക് വീണ്ടും ഒരു നോമ്പുകാലം - ബെന്നി പരിമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക