Image

പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം- പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള

പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള Published on 12 April, 2014
പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം- പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള
ഈ പഠനം പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെ വര്‍ത്തമാനപുസ്തകത്തില്‍ പ്രതിപാദിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. വര്‍ത്തമാന പുസ്തകം സങ്കീര്‍ണ്ണമായ ഒരു കൃതിയാകുന്നു. സഞ്ചാരസാഹിത്യത്തിന്റെ രചനാ രീതിയില്‍ മഹത്തായ നീതിയജ്ഞത്തെ പ്രതിപാദിക്കുന്നതില്‍, മതം, ചരിത്രം, സംസ്‌ക്കാരം, സാമ്രാജ്യത്വം, കേരള പഠനം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ ഘടകങ്ങള്‍ക്ക് സാര്‍വദേശീയമായ ബന്ധങ്ങളുണ്ട്. സിദ്ധാന്തപരമായ പ്രാധാന്യം ഉണ്ട്. പുസ്തകത്തിന്റെ മൂല്യസ്വഭാവങ്ങള്‍ കണ്ടെത്തുന്നതിന്, എന്റെ വിജ്ഞാന മണ്ഡലങ്ങളായ മാനവശാസ്ത്രം(anthropology) മനഃശാസ്ത്രം, താരതമ്യമതപഠനം, സാഹിത്യസിദ്ധാന്തങ്ങള്‍ തുടങ്ങിയവയുടെ വെളിച്ചത്തില്‍ അപഗ്രഥിച്ചതാണ്, ഈ പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നത്.

പാറേമ്മാക്കല്‍, തോമ്മാ കൃത്തനാര്‍ 1785 ല്‍ രചിച്ച വര്‍ത്തമാന പുസ്തകം പ്രൊഫസ്സര്‍ മാത്യൂ ഉലകംതറ സമകാലീന മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്, ഇടമറ്റത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്റ്റ്യന്‍ സ്റ്റഡീസ് പ്രസിദ്ധീകരിച്ച പതിപ്പാകുന്നു എന്റെ പഠനത്തിന് ആധാരം.
ഈ കൃതി അറിയപ്പെടുന്നത്  ഒരു യാത്രാവിവരണം എന്നാണ്, അത് ശരിയല്ല, എന്നാണ് എന്റെ അടിസ്ഥാനവീക്ഷണം. യാത്രാവിവരണത്തിന് അതീതമായി, ഉത്തമമായ സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഞ്ചാരസാഹിത്യത്തിന്റെ രചനയില്‍ ആവിഷ്‌ക്കരിച്ച, നീതിക്കുവേണ്ടിയുള്ള മനുഷ്യയജ്ഞത്തിന്റെ ഒരു വീര്യേതിഹാസമാണ്. ഇത്, മലയാള സാഹിത്യത്തിലെ, സാര്‍വദേശീയ പ്രമുഖമായ ഒരു കൃതിയാകുന്നു.

തങ്ങളുടെ ജനങ്ങളുടെ പീഢനം അവസാനിപ്പിക്കാനും, ന്യായമായ അവകാശങ്ങള്‍ നേടാനും കരിയാറ്റില്‍ മല്പാനും പാറേമ്മാക്കല്‍ തോമ്മാത്തനാരും റോമിലേക്ക് തിരിച്ചു. റോമില്‍ പഠിക്കാന്‍ രണ്ടു വിദ്യാര്‍ത്ഥികളേയും കൊണ്ടുപോയി. കേരളത്തില്‍ അതിരമ്പുഴയില്‍ നിന്നും തുടങ്ങി കാല്‍നടയായിട്ടാണ് മദിരാശി തുറമുഖത്ത് എത്തിയത്. കപ്പല്‍യാത്ര ക്ലേശകരമായിരുന്നു. ബ്രസീല്‍ വഴി പോര്‍ത്തുഗലിലും പിന്നീട് റോമിലും എത്തി. പോര്‍ത്തുഗീസ് രാജ്ഞിക്കും മതാധ്യക്ഷന്മാര്‍ക്കും നിവേദനം സമര്‍പ്പിക്കുകയെന്നുള്ളത് അതിസാഹസികമായ നടപടിയായിരുന്നു. രണ്ടാമത്തെകാര്യം, ഈ യജ്ഞത്തിലൂടെ മാര്‍ത്തോമ്മാ കത്തനാരുടെ വ്യക്തിത്വം വെളിവാക്കുന്നതാണ്. അതായത് അധഃപതിച്ച പുരോഹിതന്മാരില്‍ നിന്നും വിരുദ്ധമായി, യേശുക്രിസ്തുവെന്ന സത്യബോധത്തില്‍ മനുഷ്യത്വത്തിന്റേയും ആത്മീയതയുടെയും മൂര്‍ത്തീകരണമായി മാര്‍ത്തോമ്മാ കത്തനാര്‍ വിരാജിക്കുന്നു. മനുഷ്യന്റെ സാത്വികമായ അഭിനിവേശങ്ങള്‍ തിന്മയെ അതിജീവിച്ച്, നന്മയുടെ പരിണാമം സൃഷ്ടിക്കുന്നു. അതാണ് ഈ പുസ്തകത്തില്‍ നിന്ന് നമ്മെ ആവാഹിക്കുന്ന ശക്തി!

റോമയാത്രയുടെ പശ്ചാത്തലം

പോര്‍ത്തുഗീസ് ആധിപത്യത്തിലുള്ള പോര്‍ത്തുഗീസ് പാതിരിമാര്‍ മലങ്കര മാര്‍ ത്തോമാ നസ്രാണികളില്‍ ചെലുത്തുന്ന പീഡനമാണ് പശ്ചാത്തലം, അവരുടെ നിന്ദയും അവഗണനയും പോരാഞ്ഞിട്ട് “മെത്രാന്റെ കബറടക്കത്തിന് ചെന്നെത്തിയ വൈദികരേയും അലമായരേയും പരസ്യമായി നിന്ദിക്കുകയും ചെയ്തിരിക്കുന്നു” (പേജ്7) കൂടാതെ ഫ്രാന്‍സിസ്‌ക്കോസ് സാലെസ് എന്ന പാതിരിയുടെ കര്‍ശനമായ തീരുമാനത്തില്‍ മോഷണം ചെയ്തു എന്ന കുറ്റം ചുമത്തി നിരപരാധിയാ ഇടപ്പളളിയുടെ വികാരി കല്ലൂര്‍കാട്ട് ചാക്കോ കത്തനാരെ പോര്‍ത്തുഗീസ് മാതൃകയില്‍ പട്ടിണിക്കിട്ട്, മര്‍ദ്ദിച്ച്, മരണ സമയത്ത് കുമ്പസാരിച്ച് കുര്‍ബാന കൊള്ളാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ പോലും നിരാകരിച്ച്, അദ്ദേഹത്തെ കൊന്ന് മൃതശരീരം ഒരുപായില്‍ പൊതിഞ്ഞുകെട്ടി പള്ളിക്കുപുറത്തെ പറമ്പിലുള്ള ഒരു കുളത്തിന്റെ കരയില്‍ കുഴിച്ചിടുകയും ചെയ്തു.(പേജുകള്‍ 13-14 പുസ്തകത്തില്‍ ഉടനീളം തുടിക്കുന്നു, സുറിയാനി ക്രിസ്ത്യാനികളുടെ വേദനയും ദുഃഖവും. സമുദായത്തിലെ ഏറ്റവും ബഹുമാന്യനായ മാര്‍ത്തോമ്മ മെത്രാന്‍ സത്യവാങ്മൂലം ചെയ്തിട്ടും അദ്ദേഹത്തെ സാലെസ് മെത്രാന്റെ വിരോധവൃത്തിയില്‍ കത്തോലിക്കമതത്തില്‍ സ്വീകരിച്ചില്ല. അത് പോര്‍ത്തുഗീസ് മെത്രാന്‍മാരുടെ മേധാവിത്വത്തിന് തടസ്സമാകുമെന്നു കരുതിയാണ്(പേജുകള്‍ 32-34) ഇത്തരം മുറിവുകള്‍ ഉണ്ടാക്കിയ അനേകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി, മലങ്കര സുറിയാനികളുടെ ഒരു സമ്മേളനം അങ്കമാലിയില്‍ കൂടി, പല സ്ഥലങ്ങളിലും തുടര്‍ സമ്മേളനങ്ങളും ഉണ്ടായി. അവയില്‍ നിന്നും ഉതിര്‍ന്നു വന്ന തീരുമാനപ്രകാരം ആലങ്ങാട്ട്  സെമിനാരിയില്‍ മല്പാന്‍ ആയിരുന്ന കരിയാറ്റില്‍ യൗസേപ്പിന്റെ നേതൃത്വത്തില്‍ പാറേമ്മാക്കല്‍ തോമ്മാ കത്തനാരെ, മാര്‍പ്പാപ്പയുടെ തീരുമാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റോമിലേക്ക് അയച്ചു(പേജുകള്‍ 3-42).

പ്രധാനമായി മൂന്ന് ആവശ്യങ്ങളാണ് റോമായാത്രക്ക് ഉണ്ടായിരുന്നത്- മാര്‍ത്തോമ്മാ മെത്രാനെ അംഗീകരിച്ച് മലങ്കര സുറിയാനികളില്‍ ഐക്യവും സമാധാനവും ഉണ്ടാക്കുക, കൊടുങ്ങല്ലൂര്‍, ജനങ്ങളുടെ  ക്ഷേമത്തില്‍ താല്പര്യം ഉള്ള ഒരു മെത്രാനെ നിയമിക്കുക. പോര്‍ത്തുഗീസ് പാതിരിമാരുടെ ധിക്കാരപരവും സഭാവിരുദ്ധവുമായ നടപടികളും അവസാനിപ്പിക്കുക. സഭയുടെ നന്മയ്ക്കു വേണ്ടതായ മറ്റു കാര്യങ്ങള്‍ നടപ്പാക്കുക.

തുടരും


പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം- പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക