Image

ശിശിരത്തിലെ ഒരു ദിവസം (ചെറുകഥ: റീനി മമ്പലം)

Published on 29 April, 2014
ശിശിരത്തിലെ ഒരു ദിവസം (ചെറുകഥ: റീനി മമ്പലം)
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കിടക്കയുടെ പാതിഭാഗം ശൂന്യമായിക്കിടക്കുന്നത്‌ കണ്ട്‌ വേണു പരിഭ്രമിച്ചു. പുറത്ത്‌ ചെടികളും കിളികളും പ്രഭാതത്തോട്‌ കുശലം പറഞ്ഞ്‌ തുടങ്ങിയിരുന്നു. എണിറ്റ്‌ അടുക്കളയിലും കുളിമുറിയിലും നോക്കി. അപ്പോഴാണ്‌ പുറത്തേക്കുള്ള കതക്‌ അല്‍പ്പം തുറന്ന്‌ കിടക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. വീടിന്‌ ചുറ്റും നടന്നു. ഉറക്കമുണര്‍ന്ന്‌ മൂരിനിവര്‍ത്തി കോട്ടുവായിട്ട പൂച്ച അയാളെ അനുഗമിച്ചു. ശാരദ കതകുതുറന്നപ്പോള്‍ പൂച്ച പുറത്തിറങ്ങിയതാവണം. `ശാരദേ' എന്ന്‌ പലതവണ വിളിച്ചു. ഈയൊരു നിമിഷത്തെ ഭയപ്പെടാന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി.

ധൃതിയില്‍ പൈജാമ മാറ്റി പാന്റ്‌സ്‌ ഇട്ടു. കാര്‍ െ്രെഡവേ ഇറങ്ങുമ്പോള്‍ തണുത്ത കാറ്റ്‌ ആവേശത്തോടെ അകത്തുകയറി. ചിന്തകള്‍ കാടുകയറി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ നടന്നുനീങ്ങുന്ന രൂപം ശാരദയാണന്ന്‌ മനസ്സിലായി കാര്‍ നിര്‍ത്തി. െ്രെഡവര്‍ സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ശാരദയോട്‌ അകത്തുകയറുവാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള കുട്ടിയെപ്പോലെ അകത്തുകയറി. ശകാരിക്കണമെന്നു തോന്നി. പകരം വേണുവിന്‌ സഹതാപവും സങ്കടവും ഒന്നിച്ചുവന്നു.

ശാന്തതയോടെ ചോദിച്ചു `ശാരദ എവിടേക്ക്‌ പോവുകയായിരുന്നു.?'

`അച്ഛനേം അമ്മേം കാണാന്‍. വീട്‌ നോക്കിനടന്നിട്ട്‌ കാണുന്നില്ല.' ശാരദ പറഞ്ഞു.

ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റിലെ തെരുവിലൂടെ നടന്നാല്‍ കോഴഞ്ചേരിയിലെ പൊളിച്ചുകളഞ്ഞ വീട്‌ കണ്ടെത്തുകയില്ലെന്നും അഛനും അമ്മയും മരിച്ചിട്ട്‌ വര്‍ഷങ്ങള്‍ ആയെന്നും ശാരദയെ മനസിലാക്കുവാന്‍ ശ്രമിച്ചു.

`എന്താണീ പറയുന്നത്‌? ഞാന്‍ ഇന്നലേം കൂടി അവരെ കണ്ടതല്ലേ?'

വിശ്വസിക്കുവാന്‍ പ്രയാസമുള്ളതെന്തോ കേള്‍ക്കും മാതിരി ശാരദ വേണുവിനെ തുറിച്ച്‌ നോക്കി.

കുറെനാള്‍ മുമ്പാണ്‌ എല്ലാം തകിടം മറിച്ച്‌ കുഴപ്പങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. കാലത്ത്‌ ഉണര്‍ന്നുള്ള സംസാരത്തിനിടയില്‍ മുഖത്തേക്ക്‌ ഉറ്റുനോക്കി തന്റെ പേരിനുവേണ്ടി പരതുന്നത്‌ കണ്ടപ്പോള്‍ ആദ്യം ചിരിയാണ്‌ വന്നത്‌. പിന്നീട്‌ പേരക്കിടാങ്ങളെ തിരിച്ചറിയാതിരിക്കയും അവരുടെ പേര്‍ ഓര്‍ത്തെടുക്കുവാന്‍ പ്രയാസപ്പെടുകയും ചെയ്‌തപ്പോള്‍ അമ്മയുടെ ഓര്‍മ്മക്ക്‌ എന്തോകുഴപ്പമുണ്ടന്ന്‌ മകള്‍ ശില്‍പ്പക്കും ബോധ്യമായി. യാഥാര്‍ത്ഥ്യം മനസില്‍ തറച്ചുകയറി. അതുവരെ ഇടക്കിടക്ക്‌ ഉണ്ടാകുമായിരുന്ന ശാരദയുടെ ഓര്‍മ്മക്കുറവിനെ പ്രായത്തിന്റേതായ ഏനക്കേടുകള്‍ എന്നു മാത്രം കാണുവാന്‍ ശ്രമിക്കയായിരുന്നു വേണു. പക്ഷെ ഡോക്ടേര്‍സ്‌ അതിനെ പേരിട്ടു വിളിച്ചു `ആല്‍ഷൈമേര്‍സ്‌'

ഈയിടെയായി ശാരദയെ കൊച്ചുകുട്ടികളെപ്പോലെ പരിപാലിക്കണം, വെള്ളം കുടിക്കുവാന്‍കൂടി ഓര്‍പ്പിക്കണം എന്ന നിലയായിട്ടുണ്ട്‌.

ശാരദ കേള്‍ക്കാതെ മകള്‍ ശില്‍പ്പയെ വിളിച്ച്‌ രാവിലെ നടന്ന സംഭവങ്ങള്‍ വിവരിച്ചു. തനിയെ ഇറങ്ങിനടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചായിരുന്നു അവളുടെ ആകുലതയും. ശാരദയുടെ സംരക്ഷണം വേണുവിന്‌ തനിയെ നടത്താവുന്നതിന്‌ അപ്പുറമായിരിക്കുന്നു . നേഴ്‌സിങ്‌ന്‍ഘോമിനെക്കുറിച്ച്‌ അവര്‍ രാണ്ടാളും ചിന്തിച്ച്‌ തുടങ്ങിയിരുന്നു. അവിടെ ഒരു മുറി തയ്യാറാവുകയും ചെയ്‌തു.

`അമ്മയെ നേഴ്‌സിങ്ങ്‌ ഹോമിലാക്കാന്‍ സമയമായീന്നാ തോന്നുന്നെ' അല്‍പ്പനേരത്തെ നിശബ്ദതക്കുശേഷം പറയാന്‍ പാടില്ലാത്തതെന്തോ പറയും പോലെ ശില്‍പ്പ പറഞ്ഞു. അവളുടെ വാക്കുകള്‍ അമ്പിന്റെ മൂര്‍ച്ചയോടെ ചെവിയില്‍ തറച്ചു. ശാരദയെ പരിചരിച്ച്‌ അയാള്‍ ക്ഷീണിതനായിരുന്നു, ആരോഗ്യവും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ശില്‍പ്പക്കും കൂടി സൗകര്യമുള്ള ഒരു ഞായറാഴ്‌ചയാണ്‌ ശാരദയെ നേഴ്‌സിങ്‌ന്‍ഘോമിലാക്കുവാന്‍ തിരഞ്ഞെടുത്തത്‌. ശനിയാഴ്‌ച പിറന്നു വീണു. നിമിഷങ്ങള്‍ക്ക്‌ കനം വെച്ച്‌ ഇഴഞ്ഞുനീങ്ങി. വേണു ശാരദയെ കരവലയത്തില്‍ ഒതുക്കി, അവളുടെ നെറുകയില്‍ ചുംബിച്ചു. അയാള്‍ക്ക്‌ അറിയാവുന്ന ശാരദ എന്നേ മറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ അവര്‍ ഒരു ശരീരം മാത്രം, ഓര്‍മ്മകള്‍ എവിടെയോ ഓടിഒളിച്ചിരിക്കുന്നു.

ഞായറാഴ്‌ച വന്നു. നേഴ്‌സിങ്ങ്‌ ഹോമിലേക്കുള്ള യാത്രക്കിടയില്‍ `കോഴഞ്ചേരിക്ക്‌ പോകയാണോ'എന്നുമാത്രം ശാരദ ചോദിച്ചു. വളര്‍ന്ന വീടിനെക്കുറിച്ചാണ്‌ ഈയിടെയായി ചിന്തകള്‍ എല്ലാം. ഓര്‍മ്മകള്‍ ആകെ ഉലഞ്ഞിരിക്കുന്നു, കാറ്റിലെ തിരി എന്ന പോലെ.

നേഴ്‌സിങ്‌ന്‍ഘോമിലെത്തുമ്പോള്‍ ശിശിരദിവസത്തിലെ ഇളം ചൂടുള്ള കാറ്റ്‌ വീശുന്നുണ്ടായിരുന്നു. പച്ചനിറം നഷ്ടപ്പെട്ട, വര്‍ണ്ണഭംഗിയുള്ള കൊഴിഞ്ഞ ഇലകള്‍ കാറ്റിന്റെ കൈകളില്‍ വിറച്ചു. അവയുടെ ഒരു സീസണിലെ ദൗത്യം കഴിഞ്ഞിരിക്കുന്നു, ജീവിത സായാഹ്നത്തില്‍ അവിടെയെത്തിയ ചോരയും നീരും വറ്റിയ അന്തേവാസികളെപ്പോലെ.ശാരദ കുനിഞ്ഞ്‌ കുറെ ഇലകള്‍ കയ്യിലെടുത്ത്‌ ഒരു നിമിഷം നിന്നു, വികാരങ്ങള്‍ കൈമാറും പോലെ.

വൃദ്ധയായ ഒരുസ്‌ത്രീ ആരെയോ പ്രതീക്ഷിക്കും മാതിരി അകലത്തേക്ക്‌ കണ്ണും നട്ട്‌ നില്‌ക്കുന്നു. നേഴ്‌സ്‌ അവരെ അവിടെ നിന്നും കൊണ്ടുപോവാന്‍ ശ്രമിച്ചു. ആ സ്‌ത്രീ ശില്‌പ്പയെ നോക്കി സ്‌നേഹം പുരട്ടി ചിരിച്ചു.

?അഞ്ച്‌ വര്‍ഷമായി ഇവിടത്തെ അന്തേവാസിയാണ്‌. അവരുടെ ഭര്‍ത്താവ്‌ മരിച്ചപ്പോള്‍ , നോക്കുവാന്‍ ആരും ഇല്ലാതായപ്പോള്‍ , മകള്‍ ഇവിടെ കൊണ്ടാക്കി. ഇടക്കിടെ മകളെ പ്രതീക്ഷിച്ച്‌ നില്‍ക്കും. മകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ അമ്മയെ കാണുവാന്‍ വന്നെങ്കിലായി. പ്രായം കുറഞ്ഞ സ്‌ത്രീകളെ കാണുമ്പോള്‍ സ്വന്തം മകളാണെന്നു വിചാരിക്കാറുണ്ട്‌. അവരെ സന്തോഷിപ്പിക്കുവാന്‍ ഞങ്ങളില്‍ ചില നേഴ്‌സുമാര്‍ അവരുടെ മകളാണന്ന്‌ അഭിനയിക്കാറുമുണ്ട്‌.? നേഴ്‌സ്‌ പറഞ്ഞു. വേണുവിന്‌ കേട്ടപ്പോള്‍ കഷ്ടം തോന്നി.

ഓര്‍മ്മകള്‍ തെന്നിപ്പോവുന്നു, ഒരു വരാലെന്നപോലെ. ഓരോദിവസവും പുതുമയുടെ മുഖമണിയുന്നു. ബന്ധങ്ങള്‍ ഇവിടെ വളരുന്നില്ല. സ്വന്തങ്ങള്‍ അവര്‍ക്ക്‌ ഇല്ലാതാവുന്നു.

വേണുവിന്റെ കണ്ണുകള്‍ നനഞ്ഞു, ശില്‌പ്പയും കണ്ണു തുടക്കുന്നത്‌ വേണു ശ്രദ്ധിച്ചു. അവരുടെ ഒരുകുടുംബഫോട്ടോ മുറിയില്‍ വെക്കുവാന്‍ അയാള്‍ മറന്നില്ല. പരിചയമുള്ള മുഖങ്ങളെ കണ്ടുകൊണ്ടിരിക്കട്ടെ.

`നിങ്ങള്‍ ഇവിടെ അധികം തങ്ങാതിരിക്കുന്നതാവും നല്ലത്‌. ഡിന്നര്‍ സമയം ആയിവരുന്നു. ഞായറാഴ്‌ചദിവസങ്ങളില്‍ നേരത്തെ ആയിരിക്കും ഡിന്നര്‍. ആദ്യദിവസമല്ലേ അവര്‍ക്ക്‌ മറ്റ്‌ അന്തേവാസികളെ പരിചയപ്പെടുകയും വേണമല്ലോ!' നേഴ്‌സ്‌ സംസാരിച്ചു.

പുറത്ത്‌ എവിടേക്കോ നോക്കി നില്‌ക്കയായിരുന്ന ശാരദ നോട്ടം പിന്‍വലിച്ച്‌ മുറിയാകെ നോക്കി.

`ഇത്‌ എന്റെ വീടല്ല, എന്നെ എന്റെ വീട്ടില്‍ കൊണ്ടുപോകു. എനിക്ക്‌ പോകണം.'

എന്തോ മനസ്സിലായതുപോലെ ശാരദ ബഹളമുണ്ടാക്കി.

നേഴ്‌സ്‌ അവരെ സമാധാനിപ്പിച്ച്‌ സമനില വീണ്ടെടുക്കുവാന്‍ ശ്രമിച്ചു.

വേണുവിന്‌ അത്‌ കണ്ട്‌നില്‍ക്കാനായില്ല, പോകാമെന്ന്‌ ശില്‍പ്പക്ക്‌ ആംഗ്യം കാട്ടി, മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടിവരുന്ന ഒരു കുട്ടിയുടെ സ്‌കൂളിലെ ആകാംക്ഷനിറഞ്ഞ ആദ്യദിവസങ്ങള്‍ അയാള്‍ ഓര്‍ത്തു. പരിചയമില്ലാത്ത ചുറ്റുപാടുകളില്‍ ശാരദയും പരിഭ്രമിക്കുന്നുണ്ടാവും. അയാള്‍ക്ക്‌ വേദനിച്ചു.

അവര്‍ പുറത്തിറങ്ങി. കളിപ്പാട്ടം നഷ്ടപ്പെട്ടൊരു കുട്ടിയെപ്പോലെ അയാള്‍ കാറിലിരുന്നു. മൗനം ചുറ്റിത്തിരിഞ്ഞ്‌ അവര്‍ക്കുചുറ്റും വല നെയ്‌തു.

അയാള്‍ വീടിന്റെ കതകു്‌ തുറന്നപ്പോള്‍ പൂച്ച ഓടിവന്ന്‌ കാലുകള്‍ക്കിടയില്‍ ഉരുമ്മി നിന്നു. അയാള്‍ പൂച്ചയെ തലോടി. `ഇനി മുതല്‍ ഞാനും നീയും മാത്രം', അയാള്‍ മനസില്‍ പറഞ്ഞു. അതു മനസിലായെന്നപോലെ പൂച്ച കരഞ്ഞു.

ശാരദയില്ലാത്ത രാത്രി. ശാരദയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നുരയുന്ന മുറികള്‍ .

ശില്‍പ്പ സ്വന്തം വീട്ടില്‍ പോകുവാന്‍ തിടുക്കം കൂട്ടി. പിറ്റെ ദിവസം അവള്‍ക്ക്‌ ജോലിക്ക്‌ പോവണം. പുറത്തിറങ്ങിറങ്ങിയ അവള്‍ എന്തോ മറന്നപോലെ തിരികെ കയറി.

`അച്ഛന്‍ ഇന്നു തനിച്ച്‌ കഴിയേണ്ട, ഈ രാത്രി എന്റെ കൂടെവരു' അവള്‍ അടുത്ത്‌ ചെന്ന്‌ അ

ച്ഛനെ കെട്ടിപ്പിടിച്ചു.

ശാരദയുടെ മനസില്‍ തങ്ങള്‍ പരിചിതമായ മുഖങ്ങള്‍ മാത്രം. ശില്‍പ്പയോടൊപ്പം കാറില്‍ കയറുമ്പോള്‍ വേണു സമാധാനിക്കുവാന്‍ ശ്രമിച്ചു.

`നാളെ ശാരദയെ കാണുവാന്‍ പോവണം' കിടക്കുംമുമ്പ്‌ അയാള്‍ തീരുമാനിച്ചു.

നേഴ്‌സിങ്ങ്‌ ഹോമില്‍ എത്തുമ്പോള്‍ ശാരദ മുറിയില്‍ ഉണ്ടായിരുന്നില്ല, എക്‌സര്‍സൈസ്‌ ക്‌ളാസ്സിലായിരുന്നു. വേണുവിനെ കണ്ടതില്‍ പ്രത്യേകിച്ചൊരു വികാരവും കാട്ടിയില്ല.

രണ്ടാഴ്‌ച കടന്നുപോയി.

വേണു കണ്ണാടിയില്‍ നോക്കി. നര കയറിയ മുടി വല്ലാതെ നീണ്ട്‌വളര്‍ന്നിരിക്കുന്നു. ശാരദയെ പരിപാലിക്കുന്നതിനിടയില്‍ സ്വന്ത ആവശ്യങ്ങളെ അയാള്‍ മറന്നിരുന്നു. കുറെക്കാലം മുമ്പായിരുന്നെങ്കില്‍ മുടി വെട്ടിക്കുന്ന കാര്യം ശാരദ അയാളെ ഓര്‍പ്പിക്കുമായിരുന്നു. കുറെ നാള്‍ക്കുശേഷം മുടി കളര്‍ചെയ്യണമെന്ന്‌ അയാള്‍ക്ക്‌ തോന്നി. കളര്‍ ചെയ്‌ത്‌ കുളികഴിഞ്ഞിറങ്ങുമ്പോഴേക്കും നേഴ്‌സിങ്‌ന്‍ഘോമില്‍ പോകുവാന്‍ സമയം ആയിരുന്നു.

വേണു നേഴ്‌സിങ്‌ന്‍ഘോമിലെത്തുമ്പോള്‍ ഉച്ചവെയില്‍ ഉച്ചിയിലെത്തിയിരുന്നു. ശാരദ മുറിയില്‍ ഉണ്ടായിരുന്നില്ല. അയാള്‍ മുറിയില്‍ നില്‌ക്കുന്നതുകണ്ട്‌ ഒരു നേഴ്‌സ്‌ കയറി വന്നു. അവര്‍ `ക്രാഫ്‌റ്റ്‌ ക്ലാസിലാണ്‌' ,ലഞ്ച്‌ സമയം ആയതിനാല്‍ ക്ലാസ്‌ കഴിയാറായിക്കാണും. എന്നോടൊപ്പം വരു? നേഴ്‌സ്‌ പുറത്തിറങ്ങുന്നതിനിടയില്‍ പറഞ്ഞു.

വേണു അവരെ അനുഗമിച്ചു.

`ശാരദേ' അയാള്‍ അവര്‍ക്കരികില്‍ ചെന്ന്‌ വിളിച്ചു. അവര്‍ ശബ്ദം കേട്ട്‌ മുഖം തിരിച്ചു.

ശാരദ അയാളെ തുറിച്ച്‌ നോക്കി, പ്രത്യേകിച്ച്‌ വികാരങ്ങള്‍ ഒന്നുമില്ലാതെ.

അവര്‍ അയാളുടെ തലയിലേക്ക്‌ ഉറ്റുനോക്കി, അയാളുടെ നേരെ നടന്നടുത്തു. അയാളുടെ നീണ്ട്‌കറുത്തമുടിയില്‍ തലോടി. അവരുടെ കണ്ണുകള്‍ വികസിച്ചു, മുഖം വിടര്‍ന്നു. എന്തോ ഓര്‍ത്തിട്ടെന്ന പോലെ പുഞ്ചിരി വിടര്‍ന്നു.

രവി, നമ്മുടെ മോളെ കാണുവാന്‍ നീയൊരിക്കല്‍ വരുമെന്ന്‌ എനിക്കറിയാമായിരുന്നു. അവളെ കണ്ടുവൊ?

വേണുവിന്‌ തലയില്‍ ആരോ ഒരു കടന്നല്‍ക്കൂട്‌ ഇട്ടതുപോലെ. കടന്നലുകള്‍ മൂളി പറന്നുനടക്കുന്നു.

ശാരദയുടെ കണ്ണുകളില്‍ പ്രേമത്തിന്റെ വിളക്ക്‌ ആളിക്കത്തി. വേണുവിനെ `എന്റെ രവി' എന്ന്‌ വിളിച്ച്‌ ആലിംഗനം ചെയ്‌തു. അവരുടെ ആലിംഗനത്തില്‍ വേണുവിന്‌ ശരീരം പൊള്ളി.

കേട്ടത്‌ വിശ്വസിക്കണമോ വേണ്ടയോ എന്ന്‌ വേണു സംശയിച്ചു. ആല്‍ഷൈമേര്‍സ്‌ ഓര്‍മ്മകളെ അലങ്കോലമാക്കിയിരിക്കുന്ന ഒരാളില്‍ നിന്നുള്ള വാക്കുകകളാണ്‌.

വിവാഹം കഴിച്ച്‌ മധുവിധുകാലം അവസാനിക്കും മുമ്പ്‌ പ്ലാന്‍ ചെയ്യാതെ പിറന്ന ശില്‍പ്പയെക്കുറിച്ചായിരുന്നു അയാളുടെ ചിന്തകള്‍. വീട്ടുകാര്‍ എതിര്‍ത്ത ഒരു പ്രണയബന്ധം ശാരദക്ക്‌ ഉണ്ടായിരുന്നതായി വേണുവിന്‌ അറിവുണ്ടായിരുന്നു.

വേണു ഉറങ്ങാന്‍ ശ്രമിച്ച്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കത്തിലേക്ക്‌ വഴുതിവീണപ്പോഴൊക്കെ പേക്കിനാവ്‌ കണ്ടുണര്‍ന്നു . അലമാരയില്‍ സാരികളോടൊപ്പം ശാരദ ഒരു കവര്‍ സൂക്ഷിക്കുന്നതായി വേണുവിനറിയാം. അവര്‍ക്ക്‌ അടുപ്പം തോന്നിയ വസ്‌തുക്കള്‍ സൂക്ഷിക്കുന്നത്‌ ആ കവറിലാണ്‌. ശില്‍പ്പയുടെ ചെറുപ്പത്തില്‍ മതേസ്‌ഡേക്കും ബേര്‍ത്ത്‌ഡേക്കും ശാരദക്ക്‌ നല്‍കിയ കാര്‍ഡുകള്‍, വേണു അവള്‍ക്ക്‌ ആദ്യകാലങ്ങളില്‍ അയച്ച കത്തുകള്‍, അങ്ങനെ പലതും. ഇടക്കിടെ ശാരദ ആ കവര്‍ തുറന്ന്‌ നോക്കുന്നത്‌ അയാള്‍ കണ്ടിട്ടുണ്ട്‌. `രവി' എന്ന വ്യക്തി കാര്‍ഡോ, എഴുത്തോ അയച്ചിട്ടുണ്ടെങ്കില്‍ അതും കാണാതിരിക്കില്ല.അതെല്ലാം ശാരദ നശിപ്പിച്ചിരിക്കുമോ എന്ന്‌ വേണു ഒരു നിമിഷം ചിന്തിച്ചു. അലമാര എപ്പോഴും പൂട്ടി താക്കോല്‍ ശാരദയുടെ കയ്യിലായിരുന്നു, ആഭരണങ്ങള്‍ അലമാരക്കുള്ളില്‍ വെച്ചിരിക്കുന്നുവെന്ന കാരണവും ശാരദ നല്‍കിയിരുന്നു. ഓര്‍മ്മ നശിക്കുവാന്‍ തുടങ്ങിയതോടെ താന്‍ താക്കോല്‍ ചോദിച്ച്‌ സൂക്ഷിച്ചുവെക്കുകയായിരുന്നു. രവി എന്ന വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.

വേണു എഴുന്നേറ്റ്‌ അലമാര തുറന്നു. ചെറിയൊരു കരച്ചിലോടെ കതകുകള്‍ അകന്നുമാറി. അലമാരക്കുള്ളില്‍ ഒന്നോടിച്ച്‌ നോക്കിയിട്ട്‌ പ്രത്യേകിച്ചൊന്നും കണ്ടില്ല,ശാരദയുടെ അടുങ്ങിയിരിക്കുന്ന സാരികള്‍ മാത്രം! കുറെ സാരികള്‍ എടുത്ത്‌ കട്ടിലിലേക്കിട്ടു. അലമാരക്കുള്ളിലെ സാരികള്‍ക്കിടയില്‍ ഒരു മഞ്ഞക്കവര്‍ കണ്ണില്‍പ്പെട്ടു . കവര്‍ കയ്യിലെടുത്ത്‌ തുറക്കുവാന്‍ ഒരുമ്പെട്ടു.

അപ്പോഴാണ്‌ ഫോണടിച്ചത്‌. ഓര്‍ക്കാപ്പുറത്ത്‌ കേട്ട ടെലഫോണിന്റെ ശബ്ദത്തില്‍ അയാള്‍ ഞെട്ടിത്തിരിഞ്ഞ്‌ ശ്‌ബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. ആ ഞെട്ടലില്‍ കവര്‍ കയ്യില്‍നിന്നും വഴുതി അലമാരക്കുള്ളില്‍ വീണു.

ശില്‍പ്പയാണ്‌ വിളിക്കുന്നതെന്ന്‌ കോളര്‍ ഐഡി വിളിച്ചുപറഞ്ഞു. കവര്‍ തുറന്നുനോക്കിയിട്ട്‌ തനിക്കെന്ത്‌ നേടാനാണ്‌? ഒരുപക്ഷെ നഷ്ടപ്പെടുവാന്‍ ഏറെ കണ്ടേക്കാം. ഒരിക്കല്‍ ആ കവറെടുത്ത്‌ കളയണം, തുറന്നുനോക്കാതെ. വിശ്വാസങ്ങള്‍ ഒന്നും മാറിമറിയാതിരിക്കട്ടെ! മനസ്‌ ഒരു ഓലേഞ്ഞാലിപ്പക്ഷിയായി.

`ഹലോ ശില്‍പ്പ' അയാള്‍ ഫോണെടുത്തു.

`അച്ഛന്‍ ഇന്ന്‌ അമ്മയെ കണ്ടിരുന്നോ? അമ്മ എങ്ങനെയുണ്ട്‌ അച്ഛാ' അവള്‍ ചോദിച്ചു.

എന്തു പറയണമെന്ന്‌ അയാള്‍ സശയിച്ചു.

`എന്നെ തിരിച്ചറിഞ്ഞപോലെ സംസാരിച്ചു, പിന്നെ നിന്നെക്കുറിച്ചും സംസാരിച്ചു.' കട്ടിലില്‍ നിന്നും സാരികള്‍ തിരികെ അലമാരയില്‍ വെച്ച്‌ അയാള്‍ പറഞ്ഞു.സാരികള്‍ക്കിടയില്‍ മഞ്ഞക്കവര്‍ അമര്‍ന്നിരുന്നു.

(കടപ്പാട്‌: സമകാലിക മലയാളം വാരിക)


റീനി മമ്പലം

reenimambalam@gmail.com
ശിശിരത്തിലെ ഒരു ദിവസം (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
Kollam Thelma 2014-05-02 08:46:23
Reeni, " Pacha niram nashttappetta,varna bhangiyulla ilakal kaattinte kaikalil virachoo. seasonile dauthyam kazhinju." Ethra manoharamaaya analogy. Manoharamaaya katha vedanayode vaayichoo. Congratulations!! Thelma
vaayanakkaaran 2014-05-03 05:34:36
മനുഷ്യ മനസ്സിന്റെ സൂഷ്മമായ ആവിഷ്കരണം. കഥ നന്നായിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക