Image

“അമ്മയും അച്ഛനുമാണ് ദൈവം…” അമേരിക്കന്‍ ജോലി ഉപേക്ഷിച്ച ഒരു മകന്റെ കഥ

അനില്‍ പെണ്ണുക്കര Published on 02 May, 2014
“അമ്മയും അച്ഛനുമാണ് ദൈവം…” അമേരിക്കന്‍ ജോലി ഉപേക്ഷിച്ച ഒരു മകന്റെ കഥ
“അമേരിക്കയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ നാട്ടിലുള്ള അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കുവാന്‍ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. പ്രതിമാസം ഇരുപത്തി അയ്യായിരം ശമ്പളം, മികച്ച താമസസൗകര്യം, കുടുംബപരിരക്ഷ.”

ഇത്തരം പരസ്യങ്ങള്‍ പല മലയാളപത്രങ്ങളിലും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്… ഇതാ പൂര്‍ണ്ണമായും ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ഒരു അച്ഛനേയും അമ്മയേയും സംരക്ഷിക്കാന്‍, അവരെ ഓര്‍മ്മകളിലേക്ക് തിരികെ നടത്താന്‍ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഒരു മകനും കുടുംബവും…. മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണമാണ് ഈ നന്മ നിറഞ്ഞ നിമിഷങ്ങള്‍ മലയാളിക്ക് മുന്‍പില്‍ എത്തിച്ചത്. അത് അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ പകര്‍ത്തി എഴുതുന്ന ഒരു ദൗത്യം മാത്രമാണ് ഇപ്പോള്‍ എനിക്കുള്ളത്…

ഓര്‍മ്മകള്‍ നഷ്ടമായ അച്ഛനമ്മമാരെ നോക്കാന്‍ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുവന്ന മകന്‍. അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ആ കുടുംബചിത്രം മകന്‍ സുധീഷ് മാധവന്‍ പങ്കുവയ്ക്കുന്നു.

അമ്മയ്ക്ക് വയ്യാതായപ്പോള്‍ കരുത്തോടെ കൂടെ നിന്ന അച്ഛനാണ് തളര്‍ന്ന് കിടക്കുന്നത്. അന്യനാട്ടിലുള്ള ഞങ്ങള്‍ മക്കളെ ഒരു ബുദ്ധിമുട്ടുമറിയിക്കാതെ ഇതുവരെ അച്ഛന്‍ അമ്മയെ ശുശ്രൂഷിച്ചു. ഇപ്പോള്‍ അച്ഛനും സുഖമില്ലാതെ ആയിരിക്കുന്നു. എന്നെ ഇവര്‍ക്ക് ആവശ്യമാണിപ്പോള്‍. എന്നത്തേക്കാളും കൂടുതല്‍. ഞാന്‍ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോള്‍ കണ്ടത് അവസാനത്തെ തവണ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ട അച്ഛനും അമ്മയുമല്ല.

വളരെ ചിട്ടയുള്ള ജീവിതമായിരുന്നു അച്ഛന്റേത്. അച്ഛന്റെ ശീലങ്ങലൊക്കെ മാറിയിരുന്നു. രാത്രി 2 മണിക്ക് എണ്ണ തേച്ച് കുളിക്കും. ബാത്ത്‌റൂമില്‍ തൂവിയ എണ്ണയില്‍ വഴുക്കി ഇടയ്ക്ക് വീഴും. മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ രാത്രി അവിടെത്തന്നെ കിടക്കും. ദിവസം കഴിക്കുന്നത് പതിനാറു ഗുളികകള്‍. അതും എന്തിനെന്നറിയാതെ? അച്ഛനും അമ്മയ്ക്കും അസുഖമായശേഷം സഹായത്തിന് ഒരാളെ പ്പോലും കിട്ടിയില്ല. പന്ത്രണ്ടോളം വീട്ടുവേലക്കാര്‍. ആരും സ്ഥിരമായി നിന്നില്ല. വാര്‍ദ്ധക്യത്തിന്റെ ഭാഗമായി അച്ഛന്റെ തലച്ചോറിന്‌റെ ഫ്രണ്ട് ലോബിലെ കോശങ്ങള്‍ക്ക് നാശം വന്നു. അച്ഛന് അസുഖം തുടങ്ങിയ സമയം ഓര്‍ക്കുന്നു. അനിയത്തി സുജിതയെ രാവിലെ മൂന്നുമണിക്ക് അച്ഛന്‍ ഫോണില്‍ വിളിച്ച് ചോദിച്ചു. "ഇത് രാവിലെയാണോ രാത്രിയാണോ… സൂര്യനെയൊന്നും കാണുന്നില്ല" എന്ന്. കാരണം രാവിലെ തൊട്ടാണ് അച്ഛന്‍ ഉറങ്ങിയത്. രാത്രി എണീറ്റപ്പോള്‍ സൂര്യനെ കാണുന്നില്ല. ഞാന്‍ വന്നപ്പോള്‍ അച്ഛന്റെ അവസ്ഥ കൂടുതല്‍ മോശമായി. നോക്കാന്‍ ഇനി മകനുണ്ടല്ലോ എന്ന് ചിന്തിച്ചിട്ടെന്നോണം.

അമ്മയ്ക്ക് സുഖമില്ലാതായിട്ട് കുറച്ചുകാലമായി. 2005 ല്‍ അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിച്ചു. പിക്ഡിസീസ് എന്നാണ് രോഗത്തിന്റെ പേര്. തലച്ചോറിലെ കോശങ്ങളുടെ നാശം. ന്യൂറോ ഡീജനറേഷന്‍. സംസാര ശേഷി ഇല്ലാതാവുന്നതും മറവിയുമാണ് രോഗലക്ഷണം. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് അമ്മ സംസാരിച്ചിട്ടേയില്ല.

വീട്ടില്‍ കുറച്ചു കാലമായി അച്ഛനും അമ്മയും മാത്രമായിരുന്നു. ഞങ്ങള്‍ മൂന്ന് മക്കള്‍. ഞാനും സഹോദരിമാരും കുടുംബസമ്മേതം അമേരിക്കയില്‍ ജോലിയിരിക്കെ അച്ഛന് തിരക്കായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ആയി വിരമിച്ചു. എപ്പോഴും യാത്രയിലായിരുന്നു അച്ഛന്‍. അമ്മ വീട്ടില്‍ ഒറ്റയ്ക്കും. ആ ഏകാന്തത അമ്മയെ ബുദ്ധിമുട്ടിച്ചിരിക്കാം. പക്ഷെ അമ്മയ്ക്ക് വയ്യാതായതോടെ അച്ഛന്‍ മറ്റൊരാളായി. പക്ഷെ അമ്മയ്ക്ക് വയ്യാതായതോടെ അച്ഛന്‍ മറ്റൊരാളായി. അച്ഛന് അമ്മയുടെ കാര്യത്തില്‍ വലിയ കരുതലായി. ദൂരത്തിരിക്കുന്ന ഞങ്ങളെ ഒരു ബുദ്ധിമുട്ടറിയിക്കാതെ അച്ഛന്‍ അമ്മയെ പരിചരിച്ചു. അമ്മയുടെ രോഗത്തിന് ചികിത്സയില്ലെന്ന് മെഡിക്കല്‍ സയന്‍സ് പറഞ്ഞു. പക്ഷെ അച്ഛന്‍ മാത്രം അത് ഉള്‍കൊണ്ടില്ല. "ഷീ വില്‍ കം ബാക്ക്" എന്നാണ് അച്ഛന്‍ പറഞ്ഞത്. പക്ഷെ അമ്മ തിരിച്ചു വന്നില്ല. പരമാവധി നോക്കിയിട്ടും അമ്മയ്ക്ക് സുഖം പ്രാപിക്കാത്തതിന്റെ നിരാശ അച്ഛനെ തളര്‍ത്തിയോ? ഒടുവില്‍ അച്ഛനും അമ്മയുടെ വഴിയേ…
പതിനഞ്ച് വര്‍ഷമായി പഠനവും ജോലിയും കുടുംബജീവിതവുമായി അമേരിക്കന്‍ സമൂഹത്തില്‍ ശീലിച്ച എനിക്കും കുടുംബത്തിനും പെട്ടെന്ന് എല്ലാം പറിച്ചെറിഞ്ഞ് പോരുക എളുപ്പമായിരുന്നില്ല. മകള്‍ അമേരിക്കന്‍ ജീവിതവുമായി അടുത്തിരുന്നു.

“വൈ വി ആര്‍ ഗോയിങ്ങ് ബാക്ക്” എന്ന് പറഞ്ഞ് കരിച്ചിലായിരുന്നു. അച്ഛനേയും അമ്മയേയും ആര് നോക്കുമെന്ന് ഞാനവളോട് ചോദിച്ചു. അത് മനസിലായപ്പോള്‍ അവള്‍ ശാന്തയായി. മുന്‍നിര യു.എസ്.ഹാര്‍ഡ് വെയര്‍ കമ്പനി അള്‍ട്ടേരയില്‍ സീനിയര്‍ മെമ്പര്‍ ഓഫ ദി ടെക്‌നിക്കല്‍ സ്റ്റാഫ് ആയി ജോലി ചെയ്ത് വരികയായിരുന്നു ഞാന്‍. ഇപ്പോള്‍ റിസൈന്‍ ചെയ്യരുതെന്നും നാട്ടില്‍ പോയി. പ്രശ്‌നങ്ങള്‍  സെറ്റിയാക്കി വരാനും കമ്പനി ആവശ്യപ്പെട്ടു. വര്‍ക്ക് അറ്റ് ഹോം ചെയ്യാമെന്ന ഡീലില്‍ ഞാന്‍ വന്നു. പക്ഷെ ഇവിടെവന്ന് ജോലിചെയ്യാനൊന്നും സാധിച്ചില്ല. അച്ഛന്‍ പല തവണ ആശുപത്രിയിലായി.

മകളെ നാട്ടിലെ സ്‌ക്കൂളില്‍ ചേര്‍ത്തു. ഞാനും ഭാര്യയും മാറിമാറി അച്ഛനെയും അമ്മയെയും നോക്കുന്നു. നിത്യജീവിതത്തിന് ഒരു ക്രമേ വന്നു. 2011ല്‍ ഞാന്‍ ജോലി റിസൈന്‍ ചെയ്തു. ഞങ്ങള്‍ മക്കളെല്ലാവരും വീട്ടിലെത്തിയപ്പോള്‍ അമ്മയിലാണ് ഏറ്റവും വ്യത്യാസം കണ്ടത്. അമ്മയ്ക്ക് വലിയൊരു സുരക്ഷിതത്വം തോന്നുന്നത്. ഞങ്ങളറിഞ്ഞു. രോഗം, രോഗി എന്നിങ്ങനെ വൈകാരികത കൂടാതെ ചിന്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്….

കടപ്പാട് : ശര്‍മിള/ ഗൃഹലക്ഷ്മി


“അമ്മയും അച്ഛനുമാണ് ദൈവം…” അമേരിക്കന്‍ ജോലി ഉപേക്ഷിച്ച ഒരു മകന്റെ കഥ
“അമ്മയും അച്ഛനുമാണ് ദൈവം…” അമേരിക്കന്‍ ജോലി ഉപേക്ഷിച്ച ഒരു മകന്റെ കഥ
Join WhatsApp News
Thampan 2014-05-03 01:15:42
Such a moving life story.  Our prayers.  What else can I say?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക