Image

ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 05 May, 2014
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ലോകസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍- ലേഖന പരമ്പര തുടരുന്നു-5

മറ്റൊരു സ്ഥിതിവിശേഷം ഞാനവിടെ നാട്ടില്‍ കണ്ടത് സിനിമാക്കാരും താരറാണി രാജാക്കന്മാരും സാംസ്‌ക്കാരിക നായികാ നായകന്മാരും അധികവും ജനപക്ഷത്താണ്, കൂടുതലായി ഇടതുപക്ഷത്താണ് എന്നുള്ള തെറ്റായ പ്രചാരണമാണ്. പക്ഷെ ഈ പറയുന്ന ഇടതുപക്ഷം ജനപക്ഷത്തില്‍ നിന്നകന്നിട്ട് എത്രയോ കാലമായി. അവരും ജനപക്ഷത്തു നിന്നു മാറി അവസരവാദത്തിനും സ്വാര്‍ത്ഥപക്ഷത്തും മാത്രമായി തീര്‍ന്നു. പിന്നെ സിനിമാ താരങ്ങളും സൂപ്പര്‍സ്റ്റാറുകളും സാംസ്‌ക്കാരിക നേതൃമാന്യന്മാരും അധികവും ജനപക്ഷത്തുനിന്നും മാറി സുഖലോലുപരും, മിനി ദൈവങ്ങളും, സ്വപ്നജീവികളും മാത്രമായി. സിനിമയില്‍ സര്‍വ്വഗുണ സമ്പന്നരായി അഭിനയിച്ച് വിരാജിക്കുന്ന നായികാ-നായകന്മാരും സൂപ്പറുകളും സ്വകാര്യജീവിതത്തില്‍ അസാന്മാര്‍ഗ്ഗികതക്കും, കൊള്ളക്കാര്‍ക്കും, വഞ്ചകര്‍ക്കും കൂട്ടുനില്‍ക്കുന്ന ഒരു മിനി ആള്‍ദൈവ-വരേണ്യ വര്‍ഗ്ഗങ്ങളായി മാറി. അവരില്‍ ചിലര്‍ ചില മുന്നണികളുടെ സ്ഥാനാര്‍ത്ഥികളാണ്. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെപ്പറ്റി ഒരു വിവരവും അനുഭവവുമില്ലാത്ത ഇവര്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ വല്ല ഗുണവുമുണ്ടൊ? ഈ ഗ്ലാമര്‍ താരങ്ങളൊക്കെ ജയിച്ചാല്‍ ലോകസഭ നടപടിക്രമങ്ങളില്‍ വല്ലപ്പോഴും പോയാല്‍ ഭാഗ്യം. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന മാതിരി പാര്‍ലമെന്റില്‍ പോയി സിനിമാ പ്രസംഗം പോലെയോ സംഭാഷണം പോലെയോ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ വെക്കാനൊ ഡ്യൂപ്പിനെ വെക്കാനൊ സാധ്യമല്ലല്ലൊ. ഇവരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കുന്നതു തന്നെ പാവം വോട്ടറന്മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരുതരം പീഡനമാണ്. ഒരു മുന്നണിയും ഏതു കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയാക്കിയാലും സാധാരണ ജനങ്ങളുടെ വികാരങ്ങളുമായി ബന്ധമില്ലാത്ത താര-റാണി രാജാക്കന്മാരെ സ്ഥാനാര്‍ത്ഥികളാക്കരുത്. മുകളില്‍ കുറ്റിച്ചൂലിനെപ്പറ്റി പരാമര്‍ശിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ വരവോടെ അവരുടെ ഔദ്യോഗിക ചിഹ്നമായ കുറ്റിച്ചൂല്‍ മഹത്വവല്‍ക്കരിക്കപ്പെട്ടു. ഇന്ത്യയിലെ ഒരു സൂപ്പര്‍താരമായി കുറ്റിച്ചൂല്‍ മാറിക്കഴിഞ്ഞു. കുറ്റിച്ചൂല്‍ ആണ് താരം. അഴിമതിയും, അക്രമവും. കാപട്യവും വഞ്ചനയും രാഷ്ട്രസമൂഹത്തില്‍ നിന്ന് തൂത്ത് തുടച്ച് വൃത്തിയും വെടിപ്പും സംശുദ്ധവുമാക്കാനുള്ള ഒരു സിംബല്‍ ആയി കുറ്റിച്ചൂല്‍ മാറിക്കഴിഞ്ഞു. അതിനാല്‍ ഉദ്ദേശ്യശുദ്ധിയുള്ള ധാരാളം കുറ്റിച്ചൂലുകള്‍ രംഗത്തുവരട്ടെ വിജയിക്കട്ടെ എന്നു ജനം കാംക്ഷിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.

ഞാന്‍ കേരളത്തില്‍ വെച്ച് ഒരു കാണിയായി, കേള്‍വിക്കാരനായി സംബന്ധിച്ച വന്‍ സമ്മേളനമായിരുന്നു ഭാരതീയ ജനതാപാര്‍ട്ടിയുടെ, മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം. കൊച്ചിയിലെ മറൈന്‍ ഡ്രൈവ് മൈതാനിയില്‍ സംഘടിപ്പിച്ച ആ യോഗത്തിന് ബിജെപി എത്തിച്ചത് പതിനായിരങ്ങളെയാണ്. എവിടെയും കാവിമയം, വര്‍ഗ്ഗീയത കലര്‍ന്ന തീവ്ര ഹിന്ദുമത മുദ്രാവാക്യങ്ങള്‍. യൂണിഫോമിട്ട ആര്‍എസ്എസ്, ബജ്‌രംഗദള്‍ പരിവാരങ്ങള്‍ മുഷ്ടിചുരുട്ടി കീജയ് വിളികള്‍ - എവിടേയും പോലീസ് സന്നാഹം. ബാനര്‍ജി റോഡിലേയും എം.ജി റോഡിലേയും ഷണ്‍മുഖം റോഡിലേയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മലയാളനാടിന്റെ ഹൃദയഭാഗത്തു കൂടിയ ഈ മോഡി മഹായോഗത്തിന് മുദ്രാവാക്യം വിളിക്കാനും സന്നദ്ധസംഘങ്ങളായി എത്തിയവരില്‍ ഭൂരിഭാഗവും കേരളത്തിലെത്തിയ അന്യഭാഷാ തൊഴിലാളികളായിരുന്നു. അവരെ കൊച്ചി സിറ്റിയിലെ പ്രാന്തപ്രദേശത്ത് വിവിധ വാഹനങ്ങളിലായി ഇറക്കി ദിവസക്കൂലി കൊടുത്താണ് പ്രകടത്തിനെത്തിച്ചതെന്ന് പരക്കെ സംസാരമുണ്ടായി. മോഡിയുടെ പ്രൈവറ്റ് സെക്യൂരിറ്റി ഭടന്മാര്‍ സമ്മേളത്തിന്റെ വേദിയിലും മറ്റു പലയിടങ്ങളിലും യൂനിഫോമിട്ട് തോക്കും പിടിച്ച് നിന്നത് ഒരല്പം ഭീതിതന്നെ ഉളവാക്കി. ബിജെപി ഇപ്രാവശ്യം കേരളത്തില്‍ അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും അവരുടെ ആ മഹായോഗം കൊച്ചിയെ പ്രകമ്പനം കൊള്ളിച്ചു. നരേന്ദ്രമോഡിയുടെ പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും മതേതരത്തിനും ഭീഷണിയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും അധികവും കേട്ടത് മതന്യൂനപക്ഷങ്ങള്‍ക്കും മതേതരത്തിനും എതിരായ അട്ടഹാസങ്ങളായിരുന്നു. ഗുജറാത്തിലെ ഗോദ്ര സംഭവത്തില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. ആ നിലയില്‍ അദ്ദേഹത്തിനെങ്ങനെ പൂര്‍ണ്ണമായി ആ മഹാപരാധത്തില്‍ നിന്ന് കൈകഴുകാന്‍ പറ്റും? തെളിവിന്റെ അഭാവത്തില്‍ മാത്രമാണ് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയത്. അവിടെ മുഖ്യമന്ത്രിയുടെ അധികാര കസേരയിലിരുന്ന് വളരെ തന്ത്രപരമായി തെളിവുകള്‍ നശിപ്പിക്കാനും അതുപോലെ നില്‍ക്കാന്‍ പഠിച്ച ഒരു കള്ളനുമായതിലാണ് കോടതിയില്‍ നിന്ന് ഒരു ക്ലീന്‍ ചിറ്റ് നേടിയതെന്ന് പൊതുജനങ്ങളും അനുഭവസ്ഥരും പറഞ്ഞാല്‍ അതു തീര്‍ത്തും തള്ളിക്കളയാനാകുമൊ? ഇത്തരം ട്രാക്കു റിക്കാര്‍ഡും ചീത്ത പാരമ്പര്യവുമുള്ള ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും ഇന്ത്യയില്‍ ഭരണ സാരഥ്യം വഹിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് വെറും പീഡനം മാത്രമല്ല, അതിന്റെ കടയ്ക്കല്‍ തന്നെ കത്തി വെക്കുന്നപോലാകുമെന്ന് ധാരാളം നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആദരണീയനായ വാജ്‌പേയിയെ പോലെയല്ല മോഡി. സ്വന്തം പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കളെയും മതേതര ചിന്താഗതിക്കാരേയും വെട്ടിനിരത്തി കഴിഞ്ഞു. ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്ന എന്തു പ്രകോപനമുണ്ടായാലും രാമക്ഷേത്രം വെട്ടിനിരത്തിയ മുസ്ലീം പള്ളിയുടെ സ്ഥാനത്തു തന്നെ പണിയുമെന്ന്. കൊച്ചിയിലെ അദ്ദേഹത്തിന്റെ പ്രസംഗശൈലിയും ശരീര ഭാഷയും ഒക്കെ കണ്ടപ്പോള്‍ ഒരു ഏകാധിപതിയുടെ ചിത്രം തന്നെയാണ് പലരും ദര്‍ശിച്ചത്. ഹിന്ദുക്കള്‍ക്കും, മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് എല്ലാ മത വിശ്വാസികള്‍ക്കും തുല്യ നീതിയും, സംരക്ഷണവും അവകാശങ്ങളും നല്‍കുന്ന അഴിമതി വിരുദ്ധമായ ഒരു ഭാരതീയ ജനതാപാര്‍ട്ടി ആയിരുന്നെങ്കില്‍ എത്ര മെച്ചമായിരുന്നു. അതു പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും കൂടെ ആകണം.

16-ാം ലോകസഭയിലേക്ക് മല്‍സരിക്കുന്ന എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളുടെയും പ്രസംഗങ്ങളിലും അഭ്യര്‍ത്ഥനകളിലും പറയുന്നു ഗവണ്മെന്റുദ്യോഗസ്ഥരുടെ അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനദ്രോഹ നടപടികള്‍ എല്ലാം നിയന്ത്രിക്കും ഇല്ലാതാക്കും എന്നൊക്കെ. ഭീമമായ ശമ്പളം കൊടുത്ത് ജനസേവനം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥപടയുടെ കൈക്കൂലിയും അഴിമതിയും ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിലെ രാജ, കനിമൊഴി തുടങ്ങിയ വന്‍ അഴിമതിക്കാര്‍ ഒരു ചെറിയ പോറല്‍പോലും ഏല്‍ക്കാതെ വീണ്ടും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ഈ വക വന്‍ അഴിമതികളെപ്പറ്റി തനിക്കുത്തരവാദിത്തമില്ല, താനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗും തടിതപ്പി. ഇനി കേരളത്തിലേക്ക് വന്നാലൊ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി പല അനുചരന്മാരും അഴിമതിക്കാരും കുറ്റം ചെയ്തവരുമാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും മുഖ്യമന്ത്രി നിഷേധിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നു. തന്റെ സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ ബഹുഭൂരിപക്ഷത്തിന്റേയും ദുര്‍ചെയ്തികളേയും അഴിമതികളേയും നിയന്ത്രിക്കാന്‍ കഴിവില്ലാത്തയാള്‍ മുഖ്യമന്ത്രിയായിരിക്കാന്‍ യോഗ്യനല്ല. സരിതയും ശാലുമേനോനുമൊക്കെ സര്‍വ്വതന്ത്ര സ്വതന്ത്രയായി വിലസി വിരാജിക്കുന്നു. പ്രതിപക്ഷമാണെങ്കില്‍ അതിലും മോശം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില അഭ്യാസങ്ങള്‍ കാണിക്കുന്നു. അഭ്യാസത്തിന്റെ ഭാഗമായി ഹര്‍ത്താലും ബന്ദും നടത്തി പൊതുജനത്തിനെ പീഡിപ്പിക്കുന്നു, ബുദ്ധിമുട്ടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ വലിയ അഴിമതി കുംഭകോണങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഒതുക്കി തീര്‍ക്കാന്‍ പ്രതിഫലമെന്നോണം ഭരണകക്ഷി ശ്രമിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഒരു തരം പരസ്പര ഒത്തുകളിയാണിതൊക്കെ എന്ന് ആദ്യത്തെ അധ്യായത്തില്‍ വിശദമാക്കിയിരുന്നല്ലൊ.

കേരളത്തിനു വെളിയില്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ഈ ലേഖകന്‍ ഇപ്രാവശ്യം യാത്ര ചെയ്തിരുന്നു. ഞാന്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് ഏതാണ്ട് 9 വര്‍ഷക്കാലം സതേണ്‍റെയില്‍വെയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും വിവിധയിടങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നതിനാല്‍ അവിടമൊക്കെ പ്രാഥമികമായ ഒരു പരിചയമുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ തമിഴ്‌നാടൊ കര്‍ണ്ണാടകമൊ അല്ല ഇന്നത്തേത്. അവിടങ്ങളില്‍ കേരളത്തിലേക്കാള്‍, പ്രത്യേകിച്ച് റോഡ് ഗതാഗത സൗകര്യങ്ങളില്‍ മുന്നേറ്റം ദര്‍ശിക്കാന്‍ ഓരോ സന്ദര്‍ശനത്തിലും സാധിക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കിലും ബിജെപിയെ ആദ്യമായി ഭരണരംഗത്തെത്തിച്ച ദക്ഷിണ ഭാരത സംസ്ഥാനമാണ് കര്‍ണ്ണാടക. അവിടെ ഇപ്പോഴും ബിജെപിയും വളരെ ശക്തമാണ്. എന്നാല്‍ വളരെ നീണ്ടകാലമായി പ്രാദേശിക ദ്രാവിഡകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.
(അടുത്ത ലക്കത്തില്‍ തെരഞ്ഞെടുപ്പ് : അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒരുയാത്ര)

ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
ജനപക്ഷത്ത് ആര്? അങ്ങനെ ഒരു പക്ഷം എവിടെ? (എ.സി. ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക