Image

മുല്ലപ്പെരിയാറിലെന്താ അമേരിക്കന്‍ മലയാളികള്‍ക്ക് കാര്യം? -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 09 May, 2014
മുല്ലപ്പെരിയാറിലെന്താ അമേരിക്കന്‍ മലയാളികള്‍ക്ക് കാര്യം? -അനില്‍ പെണ്ണുക്കര
ഒടുവില്‍ സുപ്രീം കോടതി കേരളത്തിന് പണിതന്നു. എട്ടിന്റെ പണി.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം. സിംപിള്‍. തമിഴ്‌നാട് സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്തു.

കേരളത്തില്‍ ഹര്‍ത്താല്‍. മലയാളി ഒരു ദിവസം കൂടി വീട്ടില്‍ കുത്തിയിരുന്ന് സീരിയിലുകളും, ചാനലുകളിലെ വിഡ്ഢി ചര്‍ച്ചകളും കാണും.

കേരളം ഉന്നയിച്ച വിഷയങ്ങളെ സുപ്രീം കോടതി വേണ്ടതരത്തില്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് മുമ്പ് ഇടതനും ഇപ്പോള്‍ വലതനുമായ എന്‍.കെ.പ്രേമചന്ദ്രന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നതു കേട്ടപ്പോള്‍ ചിരി തോന്നി.

119 കൊല്ലം പഴക്കമുള്ള ഒരു ഡാം. ഡാമില്‍ പലയിടത്തും വിള്ളല്‍. ഇതെങ്ങാനും പൊട്ടിപ്പോയാല്‍ ഏതാണ്ട് നാല്‍പ്പതുലക്ഷം മനുഷ്യരും കേരളത്തിന്റെ മൂന്ന് ജില്ലകളും നാമാവശേഷമാകുമെന്നും വളരെ ലളിതമായി സുപ്രീം കോടതിയെ ധരിപ്പിക്കാതെ 136 അടിവരെ കുഴപ്പമില്ല എന്ന് കോടതിയില്‍ വിളിച്ചുകൂവിയാല്‍ ബുദ്ധിയുള്ള ഏതൊരു ജഡ്ജിയും പറയും മുല്ലപ്പെരിയാറിന് യാതൊരു കുഴപ്പവുമില്ലെന്ന്.

കേരളം രണ്ട് ഐഐടികളെ വച്ച് മുല്ലപ്പെരിയാര്‍ പഠനം നടത്തി. ഒരു കൂട്ടര്‍ പറഞ്ഞത് 155 അടി മുകളില്‍ വന്നാല്‍ ഡാം പൊട്ടുമെന്നാണ്. ആകെ 155 അടിയാണ് മുല്ലപ്പെരിയാറിന്റെ പൊക്കം. ഡാം കരകവിഞ്ഞൊഴുകിയാല്‍ ഡാം പൊട്ടുമെന്ന് ഏത് തെണ്ടിക്കാ അറിയാത്തത്.

മറ്റൊരു പഠനം ഭൂകമ്പത്തെക്കുറിച്ചാണഅ 5.5 റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം ഉണ്ടായാലേ ഡാം പൊട്ടൂ എന്നാണ്. 3.5 റിക്ടര്‍ സ്‌കെയിലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത നമുക്കറിയാം. അങ്ങനെ കേരളം നടത്തിയ പഠനങ്ങളെല്ലാം ജഗതി ശ്രീകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “നത്തേ കൂജേ നാംഗാനാ.”  എന്നു വച്ചാ അതുതന്നെ!

ഇവിടെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരന്റെ കെടുകാര്യസ്ഥതയെ നാം ശ്രദ്ധിക്കേണ്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൊക്കാന കേരളത്തില്‍ നടത്തിയ ഒരു സമ്മേളനത്തില്‍ ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ പ്രശസ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് എറണാകുളത്ത് ഒരു സെമിനാര്‍ നടത്തി. വളരെ ഫലപ്രദമായ ഒരു ചര്‍ച്ചയും ഡാമുകളുടെ സുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍, പരിഹാരങ്ങളും അവിടെയുണ്ടായി. പക്ഷെ കേള്‍ക്കാന്‍ അമേരിക്കന്‍ മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം.

ഇത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര പഠനങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിന് ഗവണ്‍മെന്റും ലോകമലയാളികളും ഒന്നിക്കണം. അല്ലാതെ പൊട്ടാന്‍ പോകുന്ന ഡാമിന്റെ മുമ്പില്‍ കൂളിംഗ് ഗ്ലാസും വച്ച് സമരം നടത്തിയിട്ടോ പകല്‍ നിരാഹരവും രാത്രിയില്‍ “നീരാഹാരവും” നടത്തിയിട്ട് കാര്യമില്ല.

 എന്തായാലും ഒരു കാര്യം എല്ലാവര്‍ക്കും അറിയാം ഡാം പൊട്ടിയാല്‍ ആളുകള്‍ ചാകുമെന്ന്.
ഈ പ്രശ്‌നത്തില്‍ ഗവണ്‍മെന്റ് നിലപാട് വ്യക്തമായിരുന്നു. പുതിയ ഡാം പണിയണം. ടെന്റര്‍, കരാര്‍ എല്ലാം കൂടി നല്ലൊരു തുക രാഷ്ട്രീയക്കാരുടെ പോക്കറ്റില്‍ വീണേനെ. തെളിവുകള്‍ നിരത്തി വേണം സുപ്രീംകോടതിയില്‍ പോയി വാദിക്കേണ്ടത്. അല്ലാതെ ഞഞ്ഞാപിഞ്ഞാ പറയുകയല്ല വേണ്ടത്. ഉമ്മന്‍ചാണ്ടി ഇന്ന് പറഞ്ഞത് റിവ്യൂപെറ്റീഷന്‍ കൊടുക്കുമെന്ന്. തമിഴ്‌നാട് നല്‍കിയ കേസിലാണ് കേരളം മറുപടി പറഞ്ഞ് മടുക്കുന്നതെന്നോര്‍ക്കണം. ഇനിയിപ്പോള്‍ കേന്ദ്രം ശ്രദ്ധിക്കണം. പുതിയ ഗവണ്‍മെന്റ് വന്നാലും തമിഴ്‌നാടില്ലാതെ എന്ത് കേന്ദ്രഭരണം. അമ്മയായാലും, അപ്പനായാലും കേരളത്തിന്റെ ഗതി ഇങ്ങനെ തന്നെ.

സാമൂഹ്യപാഠം
മുല്ലപ്പെരിയാര്‍ തമിഴന്റേതാണെന്ന് പറയാന്‍ ആര്‍ക്കാണവകാശം? (ഒരു മദ്യപാനി പറഞ്ഞത്)


മുല്ലപ്പെരിയാറിലെന്താ അമേരിക്കന്‍ മലയാളികള്‍ക്ക് കാര്യം? -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക