Image

വിധികൊണ്ട്‌ അണക്കെട്ട്‌ തകരുന്നത്‌ തടയാനാകുമോ? (ഷോളി കുമ്പിളുവേലി)

Published on 08 May, 2014
വിധികൊണ്ട്‌ അണക്കെട്ട്‌ തകരുന്നത്‌ തടയാനാകുമോ? (ഷോളി കുമ്പിളുവേലി)
സുപ്രീംകോടതിയുടെ വിധികൊണ്ട്‌, കുമ്മായവും കാട്ടുകല്ലും ചേര്‍ത്ത്‌ പണിത 119 വര്‍ഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടാതിരിക്കുമോ? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട കോടതികള്‍ ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്‌ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാല്‍ ജനങ്ങള്‍ അത്‌ പുച്ഛത്തോടെ തള്ളിക്കളയും. അതാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാണാന്‍ പോകുന്നത്‌.

50 വര്‍ഷത്തെ കാലാവധി നിശ്ചയിച്ചു പണിത അണക്കെട്ട്‌ 119 വര്‍ഷങ്ങള്‍ പിന്നിട്ട്‌, രൂക്ഷമായ വെള്ളച്ചോര്‍ച്ചയെ തുടര്‍ന്ന്‌, കേരളത്തിലെ 4-5 ജില്ലകളിലെ നാല്‍പ്പതിനായിരത്തില്‍പ്പരം ജനങ്ങളുടെ ജീവന്റെ സുരക്ഷയെ മുന്‍നിര്‍ത്തി, പുതിയ ഡാം പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ന്യായമായ ആവശ്യം സുപ്രീംകോടതി കേട്ടതായിപ്പോലും നടിച്ചില്ല! തമിഴ്‌നാടിന്‌ വെള്ളം കൊടുക്കില്ലെന്ന്‌ നാം ഒരുകാലത്തും പറഞ്ഞിട്ടില്ല! പക്ഷെ അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നുള്ള, ഈ അണക്കെട്ടില്‍ നിന്നുതന്നെ വേണമെന്ന്‌ സുപ്രീംകോടതി വാശിപിടിക്കുന്നതെന്തിനാണെന്നു മാത്രം ഇപ്പോഴും മനസിലാകുന്നില്ല!! പുതിയൊരു അണക്കെട്ട്‌ കേരളത്തിന്റെ ചിലവില്‍ പണിത്‌, വെള്ളം തമിഴ്‌നാടിന്‌ കൊടുത്താല്‍ അവിടെ കൃഷി വളരില്ലേ? ഇത്‌ സുപ്രീം കോടതിയിലെ `കണ്ണുകള്‍ മൂടിക്കെട്ടിയ' ന്യായാധിപന്മാരോട്‌ ആരെങ്കിലും ഒന്ന്‌ ചോദിച്ചിരുന്നെങ്കില്‍!

136 അടി വെള്ളം തന്നെ സംഭരിച്ച്‌ നിര്‍ത്തിയാല്‍ പോലും, ഒരു ഭൂകമ്പമുണ്ടായാല്‍ താങ്ങാന്‍ കഴിയാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍, വെള്ളം 142 അടിയായി ഉയര്‍ത്തണമെന്ന വിധി 'ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെയായി.' മനുഷ്യജീവന്‌ പുല്ലുവിലപോലും കൊടുക്കാത്ത ഇത്തരം വിധികള്‍ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിനു സമീപം താമസിക്കുന്നവരുടെ മാനസീകാവസ്ഥ പരിഗണിക്കാന്‍ പോലും ഇന്ത്യയിലെ പരമോന്നത കോടതികള്‍ക്കു കഴിയാതെപോയി. ഇത്‌ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്‌.

ഈ അവസരത്തില്‍ രാഷ്‌ട്രീയക്കാര്‍ പരസ്‌പരം പഴിചാരിയിട്ട്‌ കാര്യമില്ല. എല്ലാ മുന്‍ സര്‍ക്കാരുകളുടേയും പിടിപ്പുകേടുണ്ട്‌ ഇക്കാര്യത്തില്‍. കോടതി വിധികളെപ്പോലും സ്വാധീനിക്കാന്‍ തക്ക രീതിയിലുള്ള 'ലോബിയിംങ്ങ്‌' ഡല്‍ഹിയില്‍ നടക്കാറുണ്ട്‌. ചിദംബരത്തെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ തമിഴ്‌നാടിനോടു കാണിച്ച പ്രത്യേക താത്‌പര്യം `മാന്യന്മാരായ' നമ്മുടെ മന്ത്രിമാര്‍ കേരളത്തോട്‌ കാണിച്ചില്ല!

സുപ്രീംകോടതി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്‌. ബഹുമാനപ്പെട്ട കോടതിയുടെ വിധി മാനിച്ച്‌, ബലക്ഷയമുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം 142 അടിയായി ഉയര്‍ത്തി, തമിഴ്‌നാടിനു കൊടുത്തെന്നിരിക്കട്ടെ, നിര്‍ഭാഗ്യത്തിന്‌ ഈ അണക്കെട്ട്‌ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര വലിതായിരിക്കുമെന്ന്‌ കോടതി നിരീക്ഷിച്ചിട്ടുണ്ടോ? ഒന്നല്ല, ഒരു നൂറു വിധികള്‍ കൊണ്ട്‌ നഷ്‌ടപ്പെടുന്ന ജീവിതങ്ങള്‍ തിരിച്ചുതരുവാന്‍ കോടതിക്കാവുമോ? ഇത്തരം കാര്യങ്ങളില്‍ മനുഷ്യരുടെ സുരക്ഷയ്‌ക്കാണ്‌ കോടതികള്‍ പ്രധാന്യം കൊടുക്കേണ്ടിയിരുന്നത്‌.

ഇനിയെങ്കിലും നീതിദേവതയുടെ കണ്ണിന്റെ കെട്ട്‌ അഴിച്ചുമാറ്റപ്പെടട്ടെ! കണ്ണുകള്‍ തുറന്ന്‌, എല്ലാം കണ്ടുകൊണ്ടുതന്നെ വിധികള്‍ പ്രസ്‌താവിക്കട്ടെ!
വിധികൊണ്ട്‌ അണക്കെട്ട്‌ തകരുന്നത്‌ തടയാനാകുമോ? (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക