Image

മോദി മോദി.... മോദി മാത്രം

ജയമോഹനന്‍ എം. Published on 16 May, 2014
മോദി മോദി.... മോദി മാത്രം
അശ്വമേധമെന്ന്‌ പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ അശ്വമേധം. അങ്ങനെ മാത്രമേ മോഡി വിജയത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയു. ബി.ജെ.പി അനുകൂല ദേശിയ മാധ്യമങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ എക്‌സിറ്റ്‌ പോളുകള്‍ വഴി ബിജെപി വിജയം പ്രഖ്യാപിച്ചിരുന്നു. പ്രവചിച്ചത്‌ എന്‍.ഡി.എ സഖ്യം കേവലഭൂരിപക്ഷത്തിന്‌ അടുത്തെന്ന്‌. അതില്‍ കൂടുതലൊന്നും എക്‌സിറ്റ്‌ പോളുകള്‍ പറഞ്ഞില്ല. എക്‌സിറ്റ്‌ പോളുകള്‍ തന്നെ പെരുപ്പിച്ച്‌്‌ കാട്ടിയതാണെന്ന്‌ ബാക്കിയെല്ലാവരും പറഞ്ഞു. ഈ പറയുന്ന മോഡി പ്രഭാവം ഒന്നുമില്ലെന്ന്‌ കോണ്‍ഗ്രസ്‌, ആം ആദ്‌മി, അരവിന്ദ്‌ കേജരിവാള്‍, കമ്മ്യൂണിസ്‌റ്റ്‌ ബുദ്ധിജീവികള്‍ തുടങ്ങി മായാവതിയും, ജയലളിതയും, മമതയുമെല്ലാം ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ പറഞ്ഞു. എന്തിനേറെ പറയുന്നു ബിജെപി പോലും വിശ്വാസിച്ചില്ല ഇത്രയും വലിയൊരു വിജയം. എന്നാല്‍ ഈ വിജയത്തില്‍ ഉറച്ചു വിശ്വസിച്ച ഒരാള്‍ മാത്രമുണ്ടായിരുന്നു. അത്‌ സാക്ഷാല്‍ മോഡി മാത്രമായിരുന്നു. അതെ ബിജെപി തനിക്ക്‌ കേവലഭൂരിപക്ഷത്തിനും മുകളില്‍ നേടാന്‍ പോകുന്നുവെന്ന്‌ ലക്ഷ്യം നിശ്ചയിച്ചതും മോഡി. എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത്‌ ലക്ഷ്യം നേടിയതും മോഡി.

ഏതാണ്ടൊരു ഇന്ത്യ മുഴുവനും പരന്നു കിടക്കുന്ന ഒറ്റ വികാരമായി അങ്ങനെ മോഡി മാറുന്ന കാഴ്‌ചയാണിത്‌. അങ്ങനെയല്ലെങ്കില്‍ മതേതരപാര്‍ട്ടിയെന്ന പരിഗണനയില്ലാത്ത ബിജെപിക്ക്‌ എങ്ങനെ ഇത്രയും വലിയ വിജയം സാധ്യമായി. സാധ്യമാക്കിയത്‌ മോഡി തന്നെ.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ടൈംസ്‌ നൗ ചാനലിലെ മാധ്യമ പ്രമുഖന്‍ അര്‍ണബ്‌ ഗോസ്വാമി മോഡിയെ അഭിമുഖം ചെയ്‌തത്‌ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ സകല രാഷ്ട്രീയക്കാരും മുഖാമുഖത്തില്‍ ഭയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍. സ്‌റ്റുഡിയോയില്‍ അര്‍ണബ്‌ ഒരു പുലി തന്നെ. ഒരു മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുഖാമുഖത്തില്‍ മോഡിയെ വിളിച്ചിരുത്തി വെള്ളം കുടിപ്പിച്ചയാളാണ്‌ ഈ അര്‍ണബ്‌. എന്നാല്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മോഡി വീണ്ടും അര്‍ണബിന്‌ മുമ്പിലെത്തി. അര്‍ണബിനെ മോഡി ജേര്‍ണലിസം പഠിപ്പിച്ചു എന്നാണ്‌ പിന്നീട്‌ ട്വിറ്ററുകളില്‍ നിറഞ്ഞ തമാശ. ഒരോ ചോദ്യത്തിനും ജാഗ്രതയോടെ മറുപടികള്‍ നല്‍കി ചോദ്യങ്ങളെ നിഷ്‌പ്രഭമാക്കി മോഡി തിളങ്ങിയപ്പോള്‍ മറ്റാരും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസം മോഡിയില്‍ പ്രകടമായിരുന്നു.

ഏകദേശം ബിജെപിയൊന്ന്‌ ജയിച്ചുവന്നാല്‍ കേവലഭൂരിപക്ഷത്തിനായി മോഡി വീണ്ടും കഷ്ടപ്പെടുമല്ലോ എന്നായിരുന്നു അര്‍ബിന്റെ ഒരു ചോദ്യം. അതിന്‌ മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു. കേവലഭൂരിപക്ഷമെന്ന മാജിക്ക്‌ നമ്പര്‍ സര്‍ക്കാരില്‍ എത്താന്‍ വേണ്ടിയുള്ളത്‌ മാത്രമാണ്‌. പക്ഷെ സര്‍ക്കാര്‍ നടത്തുക എന്നത്‌ സ്‌പിരിറ്റ്‌ ആവിശ്യമായ കാര്യമാണ്‌. മോഡിയുടെ ഹിന്ദി വാക്കുകള്‍ കടമമെടുത്താല്‍ സര്‍ക്കാര്‍ ചലാനേ കേലിയേ സ്‌പിരിറ്റ്‌ ചാഹിയേ. എന്താണ്‌ ഈ സ്‌പിരിറ്റ്‌ എന്ന്‌ ചോദിച്ചാല്‍ അതിനും വ്യക്തമായ മറുപടി മോഡിയുടെ പക്കലുണ്ട്‌. ബി.ജെപി എം.പിയോ, എന്‍ഡിഎ മുന്നണിയിലെ എം.പിമാരെയോ മാത്രമല്ല ഇന്ത്യയിലെ ഓരോ ജനപ്രതിനിധിയെയും താന്‍ സര്‍ക്കാരില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്‌ മോഡിയുടെ പക്ഷം. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ വിത്യാസമില്ലാതെ, ചെറിയ പാര്‍ട്ടിയെന്നോ, വലിയ പാര്‍ട്ടിയെന്നോ വിത്യാസമില്ലാതെ ഒരൊറ്റ ഇന്ത്യ, വികസിത്‌ ഇന്ത്യ എന്നാണ്‌ മോഡിയുടെ ലക്ഷ്യമത്രേ.

മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും രാഷ്ട്രീയ നേതാവും പറയാന്‍ ധൈര്യം കാണിക്കാത്ത ഈ വാക്കുകള്‍ തന്നെയാണ്‌ മോഡിയെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ നിന്നും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക്‌ എത്തിക്കുന്നത്‌.

ഇപ്പോഴിതാ വര്‍ദ്ധിച്ച മാറ്റങ്ങള്‍ വരുത്തുമെന്ന്‌ തന്നെ മോഡിയുടെ അനുയായികള്‍ പറയുന്നു. പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും എല്ലാ മുഖ്യമന്ത്രിമാരുടെ ഓഫീസിലേക്കും 24 മണിക്കൂറും സജ്ജമായ വിഡിയോ കോണ്‍ഫ്രന്‍സ്‌ സംവിധാനം. അതായാത്‌ ഗുജറാത്ത്‌ മോഡലില്‍ ഇന്ത്യ മുഴുവന്‍ ഭരിക്കാന്‍ തന്നെ ഉറപ്പിച്ചാണ്‌ മോഡി വരുന്നതെന്ന്‌ വ്യക്തം. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ പോലും ഇനി സലിംരാജുമാര്‍ വിളയാടാന്‍ പോകുന്നില്ല എന്ന്‌ ആളുകള്‍ അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതായത്‌ ഒരു കരുത്തനായ ഭരണാധികാരി വരുന്നു എന്ന്‌ ചുരുക്കം.

എവിടെ നിന്നാണ്‌ ഈ മോഡി മാജിക്ക്‌ തുടങ്ങുന്നത്‌. മോഡി ഒരു സ്വയം സൃഷ്ടിയല്ല എന്നതാണ്‌ സത്യം. മോഡിക്ക്‌ പിന്നില്‍ കൃത്യമായി സംഘപരിവാര്‍ ഉണ്ടെന്നത്‌ തന്നെ ഉറപ്പിക്കണം. വാജ്‌പേയിക്ക്‌ ശേഷം ഭരണം എന്നന്നേക്കും കൈവിട്ടു പോയ സംഘപരിവാരത്തിന്‌ ഒരു മോഡി ആവിശ്യമായിരുന്നു. അവര്‍ മോഡിയെ സൃഷ്ടിച്ചു. സംഘപരിവാരമെന്ന്‌ പറയുമ്പോള്‍ കൃത്യമായും ആര്‍.എസ്‌.എസ്‌ തന്നെ. വിശ്വഹിന്ദു പരിഷിത്ത്‌ പോലെയുള്ള തീവ്ര പരിവാര സംഘടനകളുടെ എതിര്‍പ്പിനെ മറികടന്നാണ്‌ ആര്‍.എസ്‌.എസ്‌ മോഡിയെ വളര്‍ത്തിയത്‌. മോഡിയുടെ ലിങ്ക്‌ നേരിട്ട്‌ ആര്‍.എസ്‌.എസ്‌ തലവന്‍ മോഹന്‍ ഭഗവത്തുമായും ആര്‍.എസ്‌.എസ്‌ തലവന്‍മാരില്‍ പ്രധാനി ഭയ്യാജി ജോഷിയുമായുമായിരുന്നു. എന്തിന്‌ പരിവാര കുടുംബത്തിലെ പ്രധാനി അദ്വാനിയെപ്പോലും മോദിക്കായി അവര്‍ തളച്ചു.

പിന്നെ ഒരു കോര്‍പ്പറേറ്റ്‌ മേധാവിയെപ്പോലെ മോഡിയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. കൊട്ടിഘോഷിക്കുന്ന ഗുജറാത്ത്‌ മോഡല്‍ വികസനം പകുതിയെങ്കിലും കെട്ടുകഥയാണെന്ന്‌ അതിന്റെ പ്രഘോഷകര്‍ക്ക്‌ പോലുമറിയാം. എന്നിട്ടും എല്ലാവരും ഗുജറാത്തിനെ പ്രഘോഷിക്കുന്നു. കാരണം ഒന്നേയുള്ളു അസാധാരണമായ പബ്ലിക്ക്‌ റിലേഷന്‍സ്‌, മാര്‍ക്കറ്റിംഗ്‌. ഈ മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളാണ്‌ മോഡിയെ മിഡില്‍ക്ലാസിന്റെയും അപ്പര്‍ക്ലാസിന്റെയും അപ്പോസ്‌തലനാക്കി മറ്റിയത്‌.

മുമ്പ്‌ ചലച്ചിത്ര താരങ്ങളെ പ്രചാരണത്തിന്‌ ഇറക്കുകയായിരുന്നു ഒരു രാഷ്ട്രീയ തന്ത്രമെങ്കില്‍ മോഡി അതിനെയും മറികടന്നു. കുറച്ചൊക്കെ രാഷ്ട്രീയ ബോധമുള്ള, ജനകീയ വിചാരമുള്ള ഒപ്പം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള താരങ്ങളെ അദ്ദേഹം സുഹൃത്തുക്കളാക്കി. അതുപോലെ തന്നെ ക്രിക്കറ്റ്‌ താരങ്ങളെയും. പക്ഷെ അവരെ തന്റെ വോട്ട്‌ അഭ്യര്‍ഥിക്കാന്‍ മോഡി ഉപയോഗിച്ചില്ല. മറിച്ച്‌്‌ അവരുമായി വികസന സങ്കല്‌പങ്ങളും മറ്റും ചര്‍ച്ച ചെയ്‌തു. ഈ ചര്‍ച്ചകള്‍ മീഡിയകളിലൂടെ വാര്‍ത്തകളായി എത്തി. താരം നേരിട്ട്‌ ഇറങ്ങി വോട്ട്‌ ചോദിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഗുണം ചെയ്‌തു ഈ തന്ത്രം.

ക്രിക്കറ്റ്‌ താരം സഹീര്‍ ഖാന്‍, ബോളിവുഡ്‌ താരം അജയ്‌ദേവ്‌ഗണ്‍, സല്‍മാന്‍ ഖാന്‍, തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജ്ജുന, തമിഴ്‌ സൂപ്പര്‍താരം രജനികാന്ത്‌, വിജയ്‌ മലയാളത്തില്‍ സുരേഷ്‌ ഗോപി തുടങ്ങിയ നിരവധി താരങ്ങളെ മോഡി സുഹൃത്തുക്കളാക്കി. ഒപ്പം തന്റെ വികസന സ്വപ്‌നങ്ങളില്‍ പങ്കാളികളും. മലയാളി താരം സുരേഷ്‌ ഗോപിയെ ഗുജറാത്തിലേക്ക്‌ സര്‍ക്കാര്‍ ്‌അതിഥിയായി വരുത്തി കേരളാ വികസന ചര്‍ച്ചകള്‍ക്കായി മുന്നു മണിക്കൂറാണ്‌ മോഡി ചിലവഴിച്ചത്‌. കേരളത്തില്‍ തിരിച്ചെത്തിയ സുരേഷ്‌ ഗോപിയിലൂടെ അത്‌ ജനമറിഞ്ഞു. അതുപോലെ എല്ലാ സംസ്ഥാനങ്ങളിലും മോഡിയുടെ പരോക്ഷ പ്രചാരകര്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനം ഹിന്ദി ഭൂമികയില്‍ മാത്രമായി മോഡി ഒതുങ്ങിയില്ല എന്നതാണ്‌. ഇന്ന്‌ ആന്ധ്രയിലും തമിഴ്‌നാട്ടിലും ബിജെപി ചെറുതെങ്കിലും വിജയം നേടിയത്‌ മോഡി ഇഫക്‌്‌ട്‌ കൊണ്ടാണ്‌. ഒരുപക്ഷെ കുറച്ചുകൂടി ജഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ കേരളത്തില്‍ തിരുവന്തപുരത്തും ബിജെപി അക്കൗണ്ട്‌ തുറക്കുമായിരുന്നു.

സൈബര്‍ ലോകത്ത്‌ മോഡിയുടെ പ്രചാരണമാണ്‌ മോഡിയെ ഏറ്റവും പ്രബലനാക്കിയത്‌. ഒരു പാന്‍ ഇന്ത്യന്‍ പൊളിറ്റീഷ്യന്‍ ഇമേജ്‌ കേവലം അഞ്ചുവര്‍,ം കൊണ്ട്‌ മോഡി സൃഷ്ടിച്ചത്‌ സൈബര്‍ ലോകത്തെ പ്രചരണങ്ങള്‍ കൊണ്ടാണ്‌. മോഡിക്കായി എന്തും എഴുതാന്‍ പതിനായിരങ്ങള്‍ ഫോളവേഴ്‌സുള്ള ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച്‌ മമതയില്ലാത്ത നിക്ഷപക്ഷര്‍ ഏറെയുണ്ട്‌. അവരില്‍ പത്രപ്രവര്‍ത്തകരും, ഐടി ഉദ്യോഗസ്ഥരും, ബുദ്ധീജിവികളും, അധ്യാപകരും, വിദ്യാര്‍ഥികളും, വീട്ടമ്മമാരും തുടങ്ങി എല്ലാവരും ഉള്‍പ്പെടും. പലപ്പോഴും വിവിധങ്ങളായ ഭാഷകളില്‍ ഒരോ സ്ഥലനങ്ങളിലെയും പ്രദേശിക ഉത്സവങ്ങള്‍ക്ക്‌ ആശംസ അര്‍പ്പിക്കുന്ന മോഡി വിഡിയോ സന്ദേശങ്ങള്‍ സൈബര്‍ ലോകത്ത്‌ എത്തുമായിരുന്നു. മോഡി മലയാളത്തില്‍ മലയാളികളെ ഓണം ആശംസിക്കുന്ന വീഡിയോ പോലും യുട്യൂബില്‍ എത്തിയിരുന്നു.

ഇതിനെല്ലാം പുറമെ മോഡി സ്വീകരിച്ച ഏറ്റവും വലിയ തന്ത്രം കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളെ തനിക്കൊപ്പം എത്തിക്കുക എന്നതായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ ദേശിയ മാധ്യമങ്ങള്‍ക്ക്‌ പിന്നാലെ മാത്രമേ പോകു എന്ന്‌ മോഡിക്കറിയാം. അങ്ങനെ മാധ്യമ ലോകവും മോഡി സ്‌തൂതിയില്‍ നിറഞ്ഞു. ഒപ്പം ഫേസ്‌ബുക്കും ട്വിറ്ററും നിറഞ്ഞു നില്‍ക്കുന്ന ഹിന്ദു സൈബര്‍ വാരിയേഴ്‌സ്‌ രാവും പകലും മോഡിക്കായി മാറ്റിവെച്ചപ്പോള്‍ മോഡിയുടെ വിജയം അസാധാരണമായി മാറി. ഇതിനൊപ്പം മോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്‌ കരുതി വെച്ചത്‌ രാഹുല്‍ ഗാന്ധിയെന്ന നനഞ്ഞ പടക്കത്തെയായിരുന്നു എന്നത്‌ ബിജെപിയുടെ വിജയത്തെ എളുപ്പമാക്കി കൊടുത്തു.

മോഡിയുടെ അശ്വമേധം മിഡില്‍ക്ലാസ്‌ സൊസൈറ്റിയെയാണ്‌ ഏറ്റവും കുടുതല്‍ പിടിച്ചെടുത്തത്‌. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അനുഗ്രഹം മോഡിക്കൊപ്പമായിരുന്നു. എന്നാല്‍ മോഡിയുടെ സൈബര്‍ പ്രചരണവും കോര്‍പ്പറേറ്റ്‌ മാധ്യമ പ്രചരണവും എന്തിന്‌ പത്രങ്ങള്‍ പോലും എത്താത്ത ആദിവാസി മേഖലകളില്‍ ഗോത്രമേഖലകളില്‍ എങ്ങനെയാണ്‌ മോഡി തരംഗം സംഭവിച്ചത്‌. ഇവിടെയാണ്‌ ആര്‍.എസ്‌.എസ്‌ നടത്തിയ ആസൂത്രണം വ്യക്തമായത്‌. സംഘപരിവാര്‍ സംഘടനകളെ പ്രത്യേകിച്ചും ആദിവാസി കല്യാണ്‌ മഞ്ച്‌, സേവാഭാരതി പോലെയുള്ള സന്നദ്ധ സംഘടനകളെ പൂര്‍ണ്ണമായും റൂറല്‍ ഏരിയകളില്‍ വിന്യസിച്ചിരിക്കുകയായിരുന്നു ആര്‍.എസ്‌.എസ്‌. അ്‌ങ്ങനെ ആര്‍.എസ്‌.എസ്‌ ബിജെപിയെ വിജയത്തിലെത്തിച്ചു എന്ന്‌ പറയാം.

എന്തായാലും ചായക്കടയിലെ ജോലിക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്‌ ചരിത്രം തന്നെ. കോണ്‍ഗ്രസിന്റെ കുടുംബ വാഴ്‌ച അവസാനിപ്പിച്ചതില്‍ മോഡിക്ക്‌ അഭിമാനിക്കാം. എന്നാല്‍ ബാക്കി നില്‍ക്കുന്ന ചില വസ്‌തുതകളുമുണ്ട്‌. ഞങ്ങള്‍ ഹിന്ദുത്വവാദികള്‍ എന്ന്‌ ഇപ്പോള്‍ ബിജെപി തുറന്ന്‌ പറയാറില്ലെന്ന്‌ത്‌ ശരി തന്നെ. പക്ഷെ രാമജന്മഭൂമിയും ഹിന്ദുത്വവാദവും തന്നെയാണ്‌ ബിജെപിയുടെ പ്രധാന അജണ്ട. ഞങ്ങള്‍ ഹിന്ദുത്വവാദികള്‍ എന്ന്‌ അട്ടഹസിക്കുന്ന ശിവസേനയും മറ്റും ബിജെപിക്ക്‌ ഒപ്പമുണ്ട്‌. വര്‍ഗീസ ചേരിതിരിവുകള്‍ രാജ്യത്ത്‌ ഉണ്ടാകാതെ നോക്കേണ്ടത്‌ അനിവാര്യം തന്നെ. വാഗ്‌ദാനം ചെയ്‌ത വികസന അജണ്ടയില്‍ മാത്രം ലക്ഷ്യം വെക്കാനും മറ്റെല്ലാ വെല്ലുവിളികളും മറികടക്കാനും മോഡിക്ക്‌ കഴിയേണ്ടതും ഇവിടെയാണ്‌. മോഡിക്ക്‌ അതിന്‌ സാധിച്ചാല്‍ ഇനി വരാനിരിക്കുന്നത്‌ തീര്‍ച്ചയായും മോഡി യുഗം തന്നെയാണ്‌.


മോഡിയിസത്തില്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ വന്‍ മരങ്ങള്‍ വീണതിന്റെയും പുതിയ ചക്രവര്‍ത്തി സൃഷ്ടിക്കപ്പെട്ടതിന്റെയും വിധിയാണ്‌ കടന്നു വന്നത്‌. മോഡി ഒരു അശ്വമേധനം നടത്തി ചക്രവര്‍ത്തി പദം നേടിയപ്പോള്‍ വീണു പോയത്‌ ആരൊക്കെയാണ്‌. സോണിയയുടെയും രാഹുലിന്റെയും വീഴ്‌ച രാജ്യം ഉറപ്പിച്ചിരുന്നത്‌ തന്നെ. എന്നാല്‍ വെറും അമ്പതില്‍ താഴെ സീറ്റിലേക്ക്‌, ഒരു പ്രാദേശിക പാര്‍ട്ടിക്ക്‌ കിട്ടുന്ന സീറ്റിന്റെ എണ്ണത്തിലേക്ക്‌ കോണ്‍ഗ്രസ്‌ വീണുപോകുമെന്ന്‌ ആരും പ്രതീക്ഷിച്ചില്ല. ഇനിയും ഒരു ഉയിര്‍പ്പിന്‌ കാലങ്ങള്‍ വേണ്ടി വരുമെന്ന പോലെ കോണ്‍ഗ്രസ്‌ പതനം നേരിട്ടിരിക്കുന്നു. ഒപ്പം നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും തുലാസിലായിരിക്കുന്നു.

ചാനല്‍ ചര്‍ച്ചയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്‌ പോലെ ഇന്ദിരയുടെ മരുമകള്‍ എന്ന നിലയിലാണ്‌ സോണിയാ ഗാന്ധി ഇന്ത്യയില്‍ വന്നതെങ്കില്‍ ഇപ്പോള്‍ റോബട്ട്‌ വധേര എന്ന ജനവിരുദ്ധനായ മാടമ്പിയുടെ അമ്മായിഅമ്മ എന്ന ലേബലില്‍ തിരിച്ചുപോകേണ്ട അവസ്ഥയിലാണിപ്പോള്‍. അമ്പതിനും താഴേക്ക്‌ പോയ കോണ്‍ഗ്രസ്‌ സൂചിപ്പിക്കുന്നത്‌ ഇറ്റലിക്ക്‌ സോണിയ ഒരു ടിക്കറ്റെടുക്കുന്നതാവും നല്ലതെന്നാണ്‌.

എന്നാല്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടേണ്ടത്‌ രാഹുല്‍ ഗാന്ധി തന്നെ. പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ ശ്രദ്ധ നേടുക, കാണുന്ന ചായക്കടയില്‍ എല്ലാം കയറി പഴംപൊരി തിന്ന്‌ ചാനലില്‍ വാര്‍ത്തയാകുക, ആദിവാസി കുടലില്‍ ഉറങ്ങി പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുക തുടങ്ങിയ തരംതാണ വേലകള്‍ കളിക്കുന്ന ഒരു സിനിമാ താരത്തിന്റെ നിലവാരമേ സത്യത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ളു. എന്നാല്‍ നെഹ്‌റു കുടുംബത്തിനോടുള്ള അമിതാമായ ഭക്തി കാരണം രാഹുലിനെ ഇന്ത്യപോലെ ഒരു വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ ഇറങ്ങിപുറപ്പെട്ടവരെ മണ്ടന്‍മാര്‍ എന്നല്ലാതെ എന്താണ്‌ വിളിക്കുക. നിസാരം ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ പോലും വ്യക്തമായി മറുപടി പറയാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ്‌ രാജ്യത്തെ നയിക്കുക. അങ്ങനെയൊരാളെ പ്രധാനമന്ത്രിയാക്കാം എന്ന്‌ മുറവിളി കൂട്ടിയവരെ ഒന്നാകെ ജനം തോല്‍പ്പിച്ചു എന്നത്‌ തന്നെയാണ്‌ ശരി.

തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ശേഷം ഒരു ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ പറഞ്ഞതുപോലെ ശക്തമായ ഒരു ഹിന്ദു ചേരിതിരിവിലൂടെയല്ല ഇത്തവണ ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നത്‌ മറിച്ച്‌ കോണ്‍ഗ്രസിന്‌ ഒരു ബദല്‍ ആര്‌ എന്ന ചിന്തയാണ്‌ അവരെ അധികാരത്തില്‍ എത്തിച്ചത്‌ എന്നത്‌ തന്നെയാണ്‌ ശരി. അതായത്‌ കോണ്‍ഗ്രസിന്റെ വീഴ്‌ച കൂടിയാണ്‌ ബിജെപിയെ വിജയിപ്പിച്ചത്‌.

ഇനിയിപ്പോള്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയെ പിന്നോട്ട്‌ മാറ്റി നിര്‍ത്താനുള്ള മുറവിളികളുടെ സമയമായിരിക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ രാഹുലിനെതിരെ പ്രകടനവുമായി എത്തുകയും പ്രീയങ്കയെ കൊണ്ടുവരണമെന്ന്‌ ബഹളം വയ്‌ക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും പ്രീയങ്കയെ ഇനി കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ ഒരു പരീക്ഷണത്തിനായി പ്രതീക്ഷിക്കാം. എന്നാല്‍ രാഹുലിനേക്കാള്‍ ദയനീയമായിരിക്കും പ്രീയങ്ക എന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ദിരാ ഗാന്ധിയുടെ മുഖഛായ ഉള്ളതുകൊണ്ട്‌ ആരും ഇന്ദിരാഗാന്ധി ആകാന്‍ പോകുന്നില്ല. പ്രീയങ്കയുടെ വരവോടെ ഇപ്പോള്‍ ഭരണമുള്ള സംസ്ഥാനങ്ങള്‍ കൂടി കോണ്‍ഗ്രസിന്‌ പോയിക്കിട്ടും എന്നതാവും സംഭവിക്കുക.


തകര്‍ന്നു വീണ ഇടതുപക്ഷം

ഭൂമിയില്‍ ദിനോസറുകള്‍ അപ്രത്യക്ഷമായത്‌ പോലെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായന്നതാണ്‌ മറ്റൊരു കാര്യം. പ്രകാശ്‌ കാരട്ട്‌ എന്ന ജെ.എന്‍.യു സന്തതി തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ത്ത്‌ കളയുന്നു എന്ന മുറവിളി ഉയരുമ്പോള്‍ ആദ്യം തെറിക്കാന്‍ പോകുന്ന കസേരകളിലൊന്ന്‌ കാരട്ടിന്റേതാണ്‌.

ഒരുകാലത്ത്‌ ആന്ധ്രയിലും ബീഹാറിലുമൊക്കെ കരുത്തുറ്റ പ്രസ്ഥാനമായിരുന്നു ഇടതുപക്ഷം. അവിടെയൊക്കെ അവര്‍ എപ്പോഴേ തീര്‍ന്നു പോയിരിക്കുന്നു. കോട്ടയായി നിന്നത്‌ ബംഗാള്‍ മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്‌ ബംഗാള്‍ പോയി. എന്നാല്‍ വീണ്ടുമൊരു തിരിച്ചുവരവോടെ ബംഗാള്‍ സിപിഎം വീണ്ടും ചുവപ്പിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്‌. എന്നാല്‍ ബംഗാളില്‍ ഇനി ചുവക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ ബംഗാളില്‍ സിപിഎം തകര്‍ന്നത്‌. അവരുടെ അനിഷേധ്യ നേതാക്കള്‍ പോലും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ്‌ശ്രദ്ധേയമായ മറ്റൊരു വസ്‌തുത ബംഗാളില്‍ ബിജെപിക്ക്‌ കാര്യമായ മുന്നേറ്റമുണ്ടായിരിക്കുന്നു എന്നതാണ്‌. നാളെ സിപിഎം അവിടെ ഇല്ലാതെയായി ബിജെപി വളര്‍ന്നു വരുക തന്നെ ചെയ്യും എന്നാണ്‌ കരുതേണ്ടത്‌. അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ തീര്‍ച്ചയായും ബംഗാള്‍ സംഘപരിവാരത്തിന്റെ പരീക്ഷണശാലയായിരിക്കും.

നേതൃത്വത്തിലുള്ള ഉടച്ചുവാര്‍ക്കല്‍ മാത്രമേ ഇവിടെ സിപിഎമ്മിനെ സഹായിക്കു. ചാനല്‍ ചര്‍ച്ചകളും വാചക കസര്‍ത്തുകളും നടത്താന്‍ അറിയുന്ന ബുദ്ധിജീവികളെക്കൊണ്ട്‌ ഇനി ഇടതുപക്ഷത്തിന്‌ ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. തൊഴിലാളി വര്‍ഗത്തിലേക്ക്‌ തിര്‌ചു പോകുന്നതും പാര്‍ട്ടി വേരറ്റു പോകാതിരിക്കാന്‍ നല്ലത്‌.


ആം ആദ്‌മി എന്ന ചീട്ടുകൊട്ടാരം

ഒരു സ്‌റ്റേറ്റ്‌ അത്‌ലറ്റിക്ക്‌ മീറ്റില്‍ വിജയിച്ച അത്‌ലറ്റ്‌ അതിന്റെ ആത്മവിശ്വാസത്തില്‍ യാതൊരു പരിശീലനത്തിനും നില്‍ക്കാതെ ഒളിംപിക്‌സിന്‌ പോയാല്‍ എങ്ങനെയിരിക്കും. അത്‌ തന്നെയാണ്‌ ആം ആദ്‌മിപാര്‍ട്ടിക്കും സംഭവിച്ചത്‌. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നു സത്യത്തില്‍ ആം ആദ്‌മി പാര്‍ട്ടി. അഴിമതിയോടുള്ള എതിര്‍പ്പിനെ മുതലാക്കി ജനവികാരത്തില്‍ നിന്നും ആം ആ്‌ദമി എന്ന പാര്‍ട്ടി ഉയര്‍ന്നു വന്നത്‌ അത്ഭുതത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. ഡല്‍ഹിയില്‍ അവര്‍ ഭരണം നേടിയത്‌ അതിനേക്കാള്‍ അത്ഭുതമായിരുന്നു. കേജരിവാള്‍ ഒരു കിംഗ്‌ മേക്കറാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ തുടങ്ങിയ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയായി ഉയര്‍ന്നു വരേണ്ടതിനു പകരം വെറുമൊരു ഉത്സവ പറമ്പിലെ ആള്‍ക്കൂട്ടമായി മാറുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. ഒരു രാഷ്ട്രീയ സംഘടന എന്ന അച്ചടക്കവും ഘടനപരമായ വളര്‍ച്ചയും നേടാതെ ദേശിയ പാര്‍ട്ടിയായി മാറാന്‍ കൊതിച്ച ആം ആദ്‌മി പാര്‍ട്ടി വെറുമൊരു ആര്‍ത്തിപാര്‍ട്ടിയാവുന്ന കാഴ്‌ചയാണ്‌ ഇ്‌പ്പോള്‍ കാണുന്നത്‌. അരവിന്ദ്‌ കേജരിവാള്‍ എന്ന എടുത്തുചാട്ടക്കാരന്‍ അര്‍ഹിച്ച പതനം തന്നെയിത്‌. പജാബില്‍ അവര്‍ക്ക്‌ കിട്ടയ നാലു സിറ്റുകള്‍ യാദൃശിചകം എന്നേ പറയേണ്ടതുള്ളു. ജന്മം കൊണ്ട ഡല്‍ഹിയില്‍ ബിജെപിക്ക്‌ മുമ്പില്‍ ദയനീയമായി അവര്‍ തോറ്റു. മാത്രമല്ല കൊട്ടിഘോഷിച്ച്‌ കേജരിവാള്‍ വാരണാസിയില്‍ മോദിയെ വെല്ലുവിളിക്കാന്‍ പോയിട്ട്‌ അവിടെ കേജരിവാള്‍ ദയനീയമായി തോറ്റു. ആം ആദ്‌മി പാര്‍ട്ടി ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെള്ളത്തില്‍ വരച്ച വര മാത്രമേ ആകുകയുള്ളു എന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവിശ്യമില്ല. കുറച്ചുപേര്‍ ചൂലും പിടിച്ച്‌ കോമഡി ഷോ നടത്തുമെന്നതിനപ്പുറം ഇന്ത്യയില്‍ ആം ആ്‌ദ്‌മി തുടക്കത്തിലെ തകര്‍ന്നു വീണ തിരഞ്ഞെടുപ്പാണ്‌ കഴിഞ്ഞു പോയത്‌.

ജാതി രാഷ്ട്രീയം പരാജയപ്പെട്ടു

ജാതി രാഷ്ട്രീയം തിരിച്ചടി നേരിട്ടു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ മായവതിക്കും മുലായത്തിനും ലല്ലുപ്രസാദിനും കാര്യമായിട്ടൊന്നും നേടാന്‍ കഴിഞ്ഞില്ല എന്നത്‌. മായാവതിയുടെ ബി.എസ്‌.പി ഒരു സിറ്റുപോലും നേടിയില്ല. മുലായം രണ്ടക്കം പോലും കണ്ടില്ല. അപ്പോള്‍ പരക്കെ ജാതി രാഷ്ട്രീയത്തെ ഹിന്ദിഭൂമിക പിന്തള്ളി എന്ന്‌ മനസിലാക്കണം. പക്ഷെ ജാതി രാഷ്ട്രീയം മതരാഷ്ട്രീയത്തിന്‌ വഴിമാറിയോ എന്നും ചിന്തിക്കേണ്ടതുണ്ട്‌. മുസാഫിര്‍പൂര്‍ കലാപത്തിനു ശേഷം യുപി പൂര്‍ണ്ണമായും ബിജെപിക്ക്‌ വഴിമറിയത്‌ ഇത്തരം ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നത്‌ തന്നെ. എന്നാലും ഒറ്റക്ക്‌ ഭൂരിപക്ഷം കിട്ടിയെങ്കിലും എല്ലാ പാര്‍ട്ടികളെയും പരിഗണിച്ചു മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കു എന്ന്‌ ബിജെപി പറയുമ്പോള്‍ ഒരു വര്‍ഗീയ അജണ്ടയുടെ കളിക്ക്‌ അവര്‍ക്ക്‌ താത്‌പര്യമില്ല എന്നു തന്നെ മനസിലാക്കണം. വികസന അജണ്ടയിലൂടെ നേടിയ വിജയം മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാവും മോഡിയുടെ പരീക്ഷണ ശാലയില്‍ ശ്രമങ്ങള്‍ നടക്കുക.

ജയലളിതയും മമതയും ജയിച്ചിട്ടും തോറ്റു


ജയിച്ചിട്ടും തോറ്റവരാണ്‌ ജയലളിതയും മമതയും. പാര്‍ലമെന്റില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാവും ജയലളിതയുടെ അണ്ണാ ഡിഎംകെ. പക്ഷെ എന്തു ഫലം. എന്‍.ഡി.എ മുന്നണിയിലേക്ക്‌്‌ എത്തി നോക്കാന്‍ പോലും അവര്‍ക്ക്‌ കഴിയില്ല. ബിജെപിയുമായി സഖ്യം ചേര്‍ന്ന്‌ ഒരു മൂന്ന്‌ സിറ്റ്‌ തമിഴ്‌നാട്ടില്‍ അവര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ഇന്ന്‌ പാര്‍ലമെന്റില്‍ അവഗണിക്കാനാവാത്ത ശബ്ദമായി മാറാമായിരുന്നു ജയലളിതയ്‌ക്ക്‌. എന്നാല്‍ ഒറ്റക്ക്‌ നേടാനുള്ള ആവേശം കാരണം ജയലളിത സഖ്യങ്ങള്‍ ഉപേക്ഷിച്ചു. ഫലമോ നേടിയെങ്കിലും കാര്യമില്ലെന്ന അവസ്ഥ. മാത്രമല്ല കേന്ദ്രത്തില്‍ ഒരു പിന്‍ബലവുമില്ലാതെ വരുമ്പോള്‍ ഇഷ്ടംപോലെ അഴിമതി കേസുകള്‍ ഇനിയും ബാക്കി കിടക്കുന്ന ജയലളിതയ്‌ക്ക്‌്‌ സിബിഐയെ നന്നേ പേടിക്കണം. കേസുകള്‍ക്‌്‌ക പിന്നാലെ കേസുകളുമായി ജയലളിതയുടെ ശനിദശയായിരിക്കും ഇനി വരുക. കാരണം അവര്‍ നാക്ക്‌ കൊണ്ട്‌ അത്രത്തോളം മോഡിയെ പിണക്കി. ഇല്ലാത്ത മുന്നാം മുന്നണി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവുമായി മാറി.

മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം തന്നെയായിരുന്നു മായാവതിയുടെയും. മുന്നാംമുന്നണി വരുമെന്നും താന്‍ കിംഗ്‌ മേക്കറാകുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഡെല്‍ഹിയില്‍ വന്നാല്‍ മോദിയെ ജയലിലാക്കുമെന്ന്‌ വരെ പ്രസംഗിച്ചു. കഴിയുന്നിടത്തൊക്കെ മോദിയെ ചീത്ത പറഞ്ഞു. ഇനിയിപ്പോള്‍ എന്താണ്‌ ഫലം എം.പിമാര്‍ 34 പേരുണ്ടെങ്കിലും മന്ത്രിസഭയിലേക്ക്‌്‌ എത്തിനോക്കാന്‍ പോലും കഴിയില്ല. മാത്രമല്ല ചിട്ടിത്തട്ടിപ്പുകളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലും നേരിടേണ്ടി വന്നേക്കാം.

ഒട്ടും മോഡിയില്ലാത്ത കേരളം

താമര വിരിയാത്ത നാട്‌ എന്ന നിലപാട്‌ ഇത്തവണയും കേരളം ഉയര്‍ത്തിപ്പിടിച്ചു. ഒട്ടും മോഡിയില്ലാത്ത നാട്‌ എന്നും പറയാം. ബിജെപിയെ അക്കൗണ്ട്‌ തുറപ്പിച്ചില്ല എന്ന മതേതരത്വമൊക്കെ യുഡിഎഫിനും എല്‍ഡിഎഫിനും പറയാം. പക്ഷെ കഴിഞ്ഞ ഇലക്ഷന്‍ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തില്‍ വളരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്‌. തിരുവന്തപുരത്ത്‌ നാലു നിയമസഭാ മണ്ഡലത്തില്‍ രാജഗോപാലിന്‌ വ്യക്തമായ ലീഡുണ്ടായിരുന്നു. അതുപോലെ കാസര്‍ഗോഡും പാലക്കാടുമെല്ലാം അവരുടെ വോട്ട്‌ ശതമാനം വലുതായി വര്‍ദ്ധിച്ചിരിക്കുന്നു. അടുത്ത നിമയസഭയില്‍ ബിജെപി നല്ലൊരു സാധ്യത തന്നെ മുമ്പില്‍ കാണുന്നുണ്ട്‌. എന്നാല്‍ അതിനൊപ്പിച്ച്‌ കേരളത്തില്‍ തകരുന്ന പാര്‍ട്ടിയായി സിപിഎം മാറുമ്പോള്‍ നാളെയൊരുനാള്‍ ബിജെപിയുടെ താമര കേരളത്തിലും വിരിയുമെന്ന്‌ തീര്‍ച്ച.

മോദി മോദി.... മോദി മാത്രം
മോദി മോദി.... മോദി മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക