Image

ഒരു സത്യപ്രതിജ്ഞയും രണ്ട്‌ ക്ഷണങ്ങളും (ദല്‍ഹി കത്ത്‌: പി.വി. തോമസ്‌)

Published on 24 May, 2014
ഒരു സത്യപ്രതിജ്ഞയും രണ്ട്‌ ക്ഷണങ്ങളും (ദല്‍ഹി കത്ത്‌: പി.വി. തോമസ്‌)
2014 മെയ്‌ 26-ന്‌ സായാഹ്നത്തില്‍ കോളനിവാഴ്‌ചയുടെ അടയാളവും, പ്രൗഢഗംഭീരവുമായ രാഷ്‌ട്രപതിഭവന്റെ രാജാങ്കണത്തില്‍ വെച്ച്‌ നരേന്ദ്ര ദാമോദര്‍ ദാസ്‌ മോഡി ഇന്ത്യയുടെ പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി ഭരണഘടനയെ തൊട്ട്‌ ആണയിട്ട്‌ സ്ഥാനം ഏറ്റെടുക്കുമ്പോള്‍, തത്‌കാലത്തേക്കാണെങ്കിലും, അദ്ദേഹത്തിന്റെ ഹിന്ദുത്വ പുരോഗമ അജണ്ടയേക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെറീഫിന്റേയും ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ത രാജപക്ഷയുടേയും സാന്നിധ്യം ആയിരിക്കും.

120 കോടിയിലേറെ ജനതയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്നും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വിട്ടുനില്‍ക്കുമെന്നതാണ്‌ ശ്രദ്ധേയം. കാരണം ശ്രീലങ്കയിലെ തമിഴ്‌ വംശജരുടെ കൂട്ടക്കൊലയാളിയെന്ന്‌ ആരോപിക്കപ്പെടുന്ന ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ക്ഷണാനുസൃതമുള്ള സാന്നിധ്യമാണ്‌. ഇതേ കാരണത്താല്‍ തന്നെ എന്‍.ഡി.എയിലെ സഖ്യകക്ഷികളായ എം.ഡി.എം.കെയും (വൈക്കോ), പി.എം.കെയും (എസ്‌ രാമദോസ്‌) കൂടാതെ ഡി.എം.കെയും രാജപക്ഷയുടെ സാന്നിധ്യത്തെ പ്രതിക്ഷേധിച്ചിട്ടുണ്ട്‌.

37 അംഗങ്ങളുള്ള ജയലളിതയുടെ പാര്‍ട്ടി ആ ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന്‌ ഓര്‍മ്മിക്കണം. നാലാമത്തെ ഏറ്റവും വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കുയാണ്‌. മോഡിയും മമതയും തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ പരസ്‌പരം വളരെ കടുത്ത വാക്കുകള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയുണ്ടായി. മോഡിയെ മമത വിളിച്ചത്‌ `ഗുജറാത്തിലെ കൊലയാളി' എന്നാണ്‌!

രാജപക്ഷയുടെ വിവാദപരമായ വരവിനേക്കാള്‍ നവാസ്‌ ഷെരീഫിന്റെ സന്ദര്‍ശനം ആണ്‌ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അത്‌ സ്വാഭാവികവുമാണ്‌. പാക്കിസ്ഥാന്‍ സംഘപരിവാറിന്റെ നിഘണ്ടുവിലെ ഒരു അപ്രിയ പദം ആണ്‌. ആര്‍.എസ്‌.എസും, വിശ്വഹിന്ദുപരിഷത്തും, ബജറങ്‌ദളും എല്ലാം എക്കാലത്തും പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തെ എതിര്‍ത്തിരുന്നു. ശിവസേനയും ഇതേ നയക്കാരാണ്‌. പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവായ മുഹമ്മദാലി ജിഹ്ന സെക്കുലര്‍ ആണെന്ന്‌ പ്രസ്‌താവിച്ചതിന്റെ പേരില്‍ എല്‍.കെ. അദ്വാനിക്ക്‌ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്‌ക്കേണ്ടിവന്നതാണ്‌. തെഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ തന്നെ പാക്കിസ്ഥാനെ മോഡി നിശിതമായി വിമര്‍ശിച്ചതാണ്‌. ഇന്ത്യയ്‌ക്കെതിരേ എ.കെ-47-ലൂടെ ഭീകരാക്രമണം അഴിച്ചുവിടുന്നതിന്റെ പേരില്‍. അങ്ങനെയുള്ള ഒരു പാക്കിസ്ഥാനുമായി ബോംബ്‌ സ്‌ഫോടനങ്ങളുടേയും വെടിയുണ്ടകളുടേയും ഇടയില്‍ യാതൊരുവിധ സംഭാഷണത്തിനും സാധ്യതയില്ലെന്ന്‌ മോഡി പറഞ്ഞതാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ അദ്ദേഹം നവാസ്‌ ഷെറീഫിനെ തന്റെ സത്യപ്രതിജ്ഞയില്‍ ഭാഗഭാക്കാകാന്‍ ക്ഷണിച്ചത്‌. അതാണ്‌ ഒരു വിവാദത്തിന്‌ തിരികൊളുത്തിയതും. പാക്കിസ്ഥാന്‍ ഏതാനും ദിവസങ്ങള്‍ എടുത്തു ഈ ക്ഷണം ഒന്ന്‌ ദഹിക്കുവാനും പിന്നെ സ്വീകരിക്കാനും. കാരണം, പാക്കിസ്ഥാന്‍ ആര്‍മിയും രഹസ്യസേനാ വിഭാഗമായ ഐ.എസ്‌.ഐയും ഷെരീഫ്‌, മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ എതിരായിരുന്നു. ഭീകര സംഘടനകളായ താലിബാനും, ലഷ്‌കര്‍ -ഇ-തൊയിബയും എതിരായിരുന്നു. ഒരു മുന്നറിയിപ്പെന്ന നിലയില്‍ താലിബാന്‍ മെയ്‌ 23-ന്‌ അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ആക്രമിക്കുകയും ചെയ്‌തു. ലഷ്‌കര്‍-ഇ-തൊയിബയുടെ നേതാവും ഭീകരനുമായ ഹമ്മീസ്‌ സെയ്‌ദ്‌, ഷെരീഫിനെ പരസ്യമായി താക്കീത്‌ ചെയ്യുകയുണ്ടായി മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനെതിരായി. അങ്ങനെ ചെയ്‌താല്‍ അത്‌ കാശ്‌മീരി ജനതയോട്‌ ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ ആകട്ടെ (മൊത്തം 44 സീറ്റുകള്‍) ഇത്‌ ബി.ജെ.പിയേയും, മോഡിയേയും എന്‍.ഡി.എയും ആക്രമിക്കുവാനുള്ള സുവര്‍ണ്ണാവസരമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റ്‌ തൊപ്പിയിട്ടിട്ടും ഇവറ്റകള്‍ക്കൊന്നും വിവേകം ഉദിച്ചിട്ടില്ല. രാഷ്‌ട്രീയവും രാജ്യതന്ത്രജ്ഞതയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുവാന്‍ സാധിച്ചിട്ടില്ല. മോഡിയുടെ ബുദ്ധിപൂര്‍വ്വമായ ഒരു നയതന്ത്രനീക്കത്തെ ശ്ശാഘിക്കുന്നതിനു പകരം പതിവ്‌ തെരുവുരാഷ്‌ട്രീയം അരങ്ങേറ്റുകയായിരുന്നു ഇവര്‍. ഒരു വേളയില്‍ ഇതുപോലുള്ള സധൈര്യമായ പ്രവര്‍ത്തികള്‍ (Out of the Box) രാഷ്‌ട്രമീമാംസയില്‍ ആവശ്യമാണെന്നു പറഞ്ഞെങ്കിലും പിന്നീട്‌ പിന്മാറി. ഇന്ത്യയുടെ ആവശ്യങ്ങള്‍- മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേയുള്ള നിയമനടപടിയില്‍ ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരരെ - ദാവൂദ്‌ ഇബ്രാഹിം ഉള്‍പ്പടെ വിട്ടുതരുന്നത്‌, പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുന്നത്‌- പാക്കിസ്ഥാന്‍ നിറവേറ്റത്തതിനാലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാതിരുന്നതും പാക്‌ നേതാക്കളെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കാതിരുന്നതെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മോഡിയുടേത്‌ ചിക്കന്‍ ബിരിയാണി നയതന്ത്രമാണെന്ന്‌ അദ്ദേഹം ആക്ഷേപിച്ചു. ദേശീയ അഭിപ്രായം പാക്കിസ്ഥാനുമായി സമാധാന സംഭാഷണങ്ങള്‍ പുനരാരംഭിക്കുന്നതിനെതിരാണെന്നും തരൂര്‍ വാദിച്ചു. അതുപോലെതന്നെ എന്തുകൊണ്ടാണ്‌ നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുവാന്‍ ഇത്രമാത്രം കാലവിളംബമെടുത്തതെന്നും അദ്ദേഹം ആരാഞ്ഞു. ഏതായാലും അത്‌ തരൂരിന്റേയോ, ഇന്ത്യയുടെ തന്നെയോ പ്രശ്‌നം അല്ല. പാക്‌ ആര്‍മിയുടേയും ഐ.എസ്‌.ഐയുടേയും പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റേയും പ്രശ്‌നമാണ്‌. അവര്‍ അത്‌ പരിഹരിക്കുകയും ചെയ്‌തു. മുന്‍ കേന്ദ്രമന്ത്രിയും തെരഞ്ഞെടുപ്പ്‌ മത്സരവേദിയില്‍ നിന്നും ഓടിയൊളിക്കുകയും ചെയ്‌ത മനീഷ്‌ തിവാരിയുടെ അഭിപ്രായത്തില്‍ നവാസ്‌ ഷെരഫിനെ ക്ഷണിക്കുക വഴി മോഡിയുടെ അവസരവാദ രാഷ്‌ട്രീയമാണ്‌ മറനീക്കി പുറത്തുവന്നത്‌. മാത്രവുമല്ല ബി.ജെ.പിയുടെ ഇരട്ടത്താപ്പ്‌ നയത്തിന്റെ ഉദാഹരണവുമാണത്‌. കോണ്‍ഗ്രസ്‌ ഭരിക്കുമ്പോള്‍ ബി.ജെ.പി പാക്കിസ്ഥാനുമായി സമാധാന സംഭാഷണത്തിനെതിരാണ്‌. ഇപ്പോള്‍ നേരേ മറിച്ചും. ഇതൊന്നുമല്ല ശരി.

നവാസ്‌ ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതുവഴി മോഡി ഒരു നയതന്ത്ര അട്ടിമറിയാണ്‌ നടത്തിയത്‌. മറ്റ്‌ സാര്‍ക്ക്‌ ഭരണമേധാവികളേയും കൂടെ ക്ഷണിച്ചത്‌ ഒരു തന്ത്രം മാത്രം. ഷെരീഫിനെ സംഭാഷണ മേശയില്‍ കൊണ്ടുവന്നത്‌ മോഡിയുടെ വിജയം ആണ്‌. നാടകീയമായ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. കാശ്‌മീര്‍ പ്രശ്‌നം ആയാലും ഭീകര പ്രവര്‍ത്തനം ആയാലും അതൊന്നും ഈ ഒറ്റ കൂടിക്കാഴ്‌ചകൊണ്ട്‌ തീരുകയില്ല. പക്ഷെ, അത്‌ ഒരു ആരംഭമാണ്‌. അതിനെ വെറും രാഷ്‌ട്രീയത്തിന്റെ പേരില്‍ അന്ധമായി എതിര്‍ക്കുന്നത്‌ അന്താരാഷ്‌ട്ര നയതന്ത്ര പ്രമാണങ്ങള്‍ക്കെതിരാണ്‌. സംഘപരിവാറിലെ മറ്റ്‌ അംഗങ്ങളും ശിവസേനയും കാര്യമായി ഇതിനെ എതിര്‍ത്തിട്ടില്ല. ചുരുങ്ങിയപക്ഷം പരസ്യമായി. അതിന്റെ അര്‍ത്ഥം നവാസ്‌ ഷെരീഫ്‌ ആര്‍മിയുടേയും ഐ.എസ്‌.ഐയുടേയും ഭീകരസംഘടനകളുടേയും മുകളില്‍ ആധിപത്യം സ്ഥാപിച്ചതുപോലെ മോഡിയും തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ മുകളില്‍ ആധിപത്യം ഉറപ്പുച്ചുവരുന്നു എന്നതാണ്‌. നല്ലത്‌.

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ക്ഷണവും, തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ - അണികളും അല്ലാത്തവും- അതിനോടുള്ള പ്രതിക്ഷേധവും മോഡിക്ക്‌ എന്നും ഒരു തലവേദനയായിരിക്കും. ഇവിടെയും മോഡി തെറ്റ്‌ ചെയ്‌തുവെന്ന്‌ ആര്‍ക്കും പറയാനാവില്ല. നയതന്ത്രത്തില്‍ വികാരത്തിന്‌ വലിയ സ്ഥാനമില്ല. പക്ഷെ, ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പ്രശ്‌നങ്ങള്‍, മനുഷ്യാവകാശവും, മനുഷ്യാവകാശ ലംഘനവും ഒരു വൈകാരിക പ്രശ്‌നമാണ്‌. അത്‌ പരിഹരിക്കുവാന്‍ മോഡിക്കാവുമോ?
ഒരു സത്യപ്രതിജ്ഞയും രണ്ട്‌ ക്ഷണങ്ങളും (ദല്‍ഹി കത്ത്‌: പി.വി. തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക