Image

സുമിത്രയുടെ ഔചിത്യവും മാതൃഭാവവും, പിന്നെ ഊര്‍മ്മിളയും (രാമായണത്തിലൂടെ -7: അനില്‍ പെണ്ണുക്കര)

Published on 31 July, 2014
സുമിത്രയുടെ ഔചിത്യവും മാതൃഭാവവും, പിന്നെ ഊര്‍മ്മിളയും (രാമായണത്തിലൂടെ -7: അനില്‍ പെണ്ണുക്കര)
രാമായണത്തില്‍ തങ്ങളുടെ കര്‍മ്മമണ്‌ഡലങ്ങളില്‍ അധികാരങ്ങളും അവകാശങ്ങളും തീരുമാനങ്ങളും സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ എല്ലാവരും തെരഞ്ഞെടുക്കുന്നുണ്ട്‌. അതിനെല്ലാം അവര്‍ക്കോ അവരെ സൃഷ്‌ടിച്ചവര്‍ക്കോ അവരുടേതായ ന്യായീകരണങ്ങളും കാണാം. ഒരു സൃഷ്‌ടിയാകുമ്പോള്‍ അങ്ങനെ വേണം. എന്നാല്‍ ചില കഥാപാത്രങ്ങള്‍ അര്‍ഹിക്കുന്ന തലത്തിലേക്ക്‌ ഉയരാതെ പോകുന്നു എന്നുമാത്രമല്ല, അവര്‍ക്കൊരിക്കലും നല്‍കാന്‍ പാടില്ലാത്തവിധത്തില്‍ അഗണ്യകോടിയിലേക്ക്‌ തള്ളിപ്പോവുകയും ചെയ്യുന്നു. സൃഷ്‌ടിയുടെ കാര്യത്തില്‍ ബ്രഹ്‌മാവ്‌ പോലും അന്യൂനനല്ല.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം രാമായണത്തിലെ സ്‌ത്രീ കഥാപാത്രങ്ങളെ നോക്കി കാണേണ്ടത്‌. ഉദാഹരണം സുമിത്രയും, ഊര്‍മ്മിളയും. ലൗകീകാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമ്മായിയമ്മയും മരുമകളും. ഭര്‍ത്താവിന്റെ കൂടെ ജീവിച്ചതിലും കൂടുതല്‍ കാലം ഊര്‍മ്മിള അമ്മയിയമ്മയായ സുമിത്രയോടൊപ്പമാണ്‌ കഴിഞ്ഞത്‌. ഇന്ന്‌ ഭര്‍ത്താവില്ലാതെ ഒരു നിമിഷം പോലും അമ്മായിയമ്മയുടെ അടുത്തു നില്‍ക്കാന്‍ മരുമകളോ, മകനില്ലാതെ ഒരു നിമിഷം പോലും മരുമകളെ സ്വന്തം വീട്ടില്‍ നിര്‍ത്താന്‍ അമ്മായിയമ്മയോ സമ്മതിക്കാത്ത ആധുനിക കാലത്തെ നമുക്ക്‌ ഓര്‍ക്കാം. അപ്പോഴാണ്‌ ഏതാണ്ട്‌ ജീവിതകാലമത്രയും ഈ രണ്ട്‌ വ്യക്തിത്വങ്ങളും ഒരു കലശലും കൂടാതെ, സ്വരത്തിനു മറുസ്വരം പോലും ഉന്നയിക്കാതെ ഏക മനസ്‌കരായി കോസലത്ത്‌ കഴിഞ്ഞുകൂടിയത്‌ എന്ന മഹത്വം മനസിലാക്കണം.

എങ്ങനെയാണത്‌ സാധിച്ചത്‌?

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ കൈക്കൊണ്ട നിലപാടുകള്‍ തന്നെയാണിതിനു കാരണം. കൈകേയിയാണ്‌ രാമായണകഥ മാറ്റിവിട്ടതെന്ന്‌ പറയാമെങ്കിലും സുമിത്രയും ഊര്‍മ്മിളയും വിചാരിച്ചാലും കഥ മറ്റൊന്നായേനേ.

എന്നാല്‍ എഴുത്തച്ഛന്‍ ഈ കഥാപാത്രങ്ങളെ നിശബ്‌ദരാക്കി എന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ സുമിത്രയുടേയും ഊര്‍മിളയുടേയും കഥകൂടിയാണ്‌ രാമായണം.

കാനനവാസത്തിനു പോകുന്ന രാമനോടൊപ്പം പോകാന്‍ തയാറാകുന്ന ലക്ഷ്‌മണനെ എന്തുകൊണ്ട്‌ സുമിത്രയും ഊര്‍മ്മിളയും തടഞ്ഞില്ല എന്നൊരു ചോദ്യമുണ്ട്‌. തടഞ്ഞാലും ലക്ഷ്‌മണന്‍ പോകും. പിന്നെ തടയുന്നതെന്തിന്‌? ഈ പ്രതിസന്ധിയെ സുമിത്രയും ഊര്‍മ്മിളയും തരണം ചെയ്‌ത രീതിക്കാണ്‌ പ്രധാന്യം. ഈസമയത്താണ്‌ സുമിത്രയുടെ ഔചിത്യഭാസുരമായ വാക്കുകള്‍ വരുന്നത്‌. ഒരുപക്ഷെ രാമായണത്തിലെ ഏറ്റവും പ്രധാനവും എല്ലാക്കാലത്തിനും പ്രസക്തമായ വാക്കുകള്‍ സുമിത്ര ലോകത്തോടെന്നവണ്ണം പറയുന്നത്‌. ലോകത്ത്‌ ഒരമ്മയ്‌ക്കും തോന്നാത്ത ഔചിത്യദീക്ഷയും, സംയമനവും പക്വതയുമാണ്‌ സുമിത്ര അപ്പോള്‍ പ്രകടിപ്പിക്കുന്നത്‌.

`രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍-
പിന്നെയയോധ്യയെന്നോര്‍ത്തീടടവിയെ'

ഇതിലല്‌പം സുമിത്ര പറയുന്നില്ല. രാമായണത്തെ മാത്രമല്ല മനുഷ്യകുലത്തിന്റെ പാരസ്‌പര്യബന്ധത്തെ മുഴുവന്‍ ആറ്റുക്കുറുക്കിയ വാക്കുകളാണ്‌ സുമിത്ര പറയുന്നത്‌. സുമിത്ര ഇനി എന്തിനധികം പറയണം? പക്ഷെ ഇത്ര സരളമായി സംസാരിച്ച സുമിത്രയ്‌ക്ക്‌ പിന്നീട്‌ രാമായണ കഥയില്‍ ഇടപെടുവാന്‍ എഴുത്തച്ഛന്‍ എന്തുകൊണ്ട്‌ അവസരം നല്‍കിയില്ല? ജ്യേഷ്‌ഠനുവേണ്ടി സര്‍വ്വവും ത്യജിച്ച്‌ അവസാനം കുനിഞ്ഞ ശിരസുമായി കോസലത്തിന്റെ പടിയിറങ്ങുന്ന ലക്ഷ്‌മണനുവേണ്ടി സുമിത്രയ്‌ക്ക്‌ ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നില്ലേ?

ഇത്‌ കവി സ്വാതന്ത്ര്യം തന്നെ. എന്നാല്‍ അതുകൊണ്ട്‌ നഷ്‌ടമായത്‌ രാമായണത്തിലെ അസുലഭങ്ങളായ മുഹൂര്‍ത്തങ്ങളാണ്‌. എഴുത്തച്ഛനിലെ കവി ഭക്തന്‌ വഴിമാറിക്കൊടുത്ത നിമിഷമായിരിക്കാം അത്‌.
സുമിത്രയുടെ ഔചിത്യവും മാതൃഭാവവും, പിന്നെ ഊര്‍മ്മിളയും (രാമായണത്തിലൂടെ -7: അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക