Image

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-1: തൊടുപുഴ കെ. ശങ്കര്‍)

Published on 01 August, 2014
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-1: തൊടുപുഴ കെ. ശങ്കര്‍)
ഉത്ഭവം:

സൂര്യവംശജനും ഇക്‌ഷ്വാകു രാജകുലജാതനുമായ ദശരഥ മഹാരാജാവ്‌ (പത്തു ദിശകളില്‍ രഥം ഓടിച്ചവന്‍) തന്റെ അരുമസന്താനങ്ങളായ ശ്രീരാമന്‍, ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിവാഹ കാര്യങ്ങള്‍ രാജകൊട്ടാരത്തോടു ചേര്‍ന്ന പുരോഹിതന്മാരും ബന്ധുക്കളുമായി ചര്‍ച്ച ചെയ്യാനിരിക്കുമ്പോള്‍ ആകസ്‌മികമായ വിശ്വാമിത്ര മഹര്‍ഷി അവിടെ വന്നു. ദേവേന്ദ്രന്‍ ബ്രഹ്‌മാവിന്റെ സമക്ഷത്തില്‍ എത്തുവാന്‍ കാട്ടുന്ന ഉത്സാഹത്തോടെ, ദശരഥന്‍, വിശ്വാമിത്ര മഹര്‍ഷിയുടെ മുമ്പിലെത്തി. അദ്ദേഹം രാജകീയ ഉപചാരത്തോടെ അദ്ദേഹത്തെ സ്വീകരിച്ച്‌ ആതിഥേയ മര്യാദകള്‍ നല്‍കി. അധികം വൈകാതെ വിശ്വാമിത്ര മഹര്‍ഷി തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

അദ്ദേഹം ഇപ്രകാരം പറഞ്ഞു: `രാജാക്കന്മാരില്‍ വെച്ച്‌ ശ്രേഷ്‌ഠനായ ദശരഥ മഹാരാജാവേ ഇപ്പോള്‍ ഞാന്‍ സുപ്രധാനമായ ഒരു യജ്ഞം നടത്തിക്കൊണ്ടിരിക്കുകയാണ്‌. പക്ഷെ. സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ ആ യജ്ഞഭൂമിയില്‍ രക്തവും മാംസവും മറ്റും വര്‍ഷിച്ച്‌ അവിടെ അശുദ്ധമാക്കി എന്റെ യജ്ഞത്തെ അലങ്കോലപ്പെടുത്തുകയാണ്‌. ബദ്ധപ്പാടുകള്‍ സഹിച്ച്‌ ഞാന്‍ നടത്തുന്ന ഈ യജ്ഞത്തിനിടയില്‍ രോക്ഷാകുലനാകുകയോ, അവരെ ശപിക്കുകയോ ചെയ്‌താല്‍ യജ്ഞത്തിന്റെ ശരിയായ ഫലം സിദ്ധിക്കുകയില്ല. അത്‌ എനിക്ക്‌ വളരെ നിരാശാജനകവും നിരുത്സാഹകരവുമാണ്‌. മഹാരാജാവേ, അങ്ങളുടെ കനിഷ്‌ഠപുത്രനായ ശ്രീരാമന്‍ വളരെ ബലവാനും വീരപരാക്രമിയുമാണല്ലോ. ശ്രീരാമനുമാത്രമേ ബലിഷ്‌ഠകായരായ അവരെ നിഗ്രഹിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട്‌ ശ്രീരാമനെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോകുവാന്‍ അങ്ങ്‌ അനുമതി നല്‍കണം.'

അപ്രതീക്ഷിതമായ ഈ അപേക്ഷ കേട്ട്‌, ദശരഥ മഹാരാജാവ്‌ ചിന്താവിഷ്‌ടനായി. ശ്രീരാമനെ പിരിഞ്ഞ്‌ ജീവിക്കുവാനുള്ള വൈമനസ്യം മൂലം ചിന്താക്കുഴപ്പത്തിലാഴ്‌ന്ന രാജാവിനെ കുലഗുരുവായ വസിഷ്‌ഠ മഹര്‍ഷി വേണ്ടവിധം ഉപദേശിച്ചതിനാലും, ശ്രീരാമനെ ഭംഗിയായി നോക്കിക്കൊള്ളാമെന്നും, ഉദ്ദേശിച്ച കാര്യം നടന്നുകഴിഞ്ഞാല്‍ സുരക്ഷിതമായി അവരെ തിരിച്ചുകൊണ്ടുവന്നുകൊള്ളാമെന്നുമുള്ള ഉറപ്പിന്മേല്‍ ശ്രീരാമനേയും, രാമനെ പിരിഞ്ഞ്‌ ഒരു നിമിഷം പോലും കഴിയാനാവാത്ത ലക്ഷ്‌മണനേയും വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാത്രയയച്ചു. അങ്ങനെ മൂന്നുപേരുമായി യജ്ഞ ഭൂമിയിലേക്ക്‌ പുറപ്പെട്ടു. മാര്‍ഗ്ഗമേധ്യേ വിശ്വാമിത്രന്‍, മഹാവിഷ്‌ണുവിന്റെ മറ്റ്‌ അവതാരങ്ങളുടെ വീരകഥകള്‍ പറഞ്ഞു കേള്‍പ്പിച്ചുകൊണ്ടിരുന്നു. അവര്‍ യാത്ര തുടര്‍ന്നു.

നടന്നു നടന്ന്‌ അവര്‍ സരയൂ നദിക്കരയിലെത്തി. സമയം സായംസന്ധ്യയായതിനാല്‍ ആ രാത്രി അവിടെ കഴിച്ചുകൂട്ടി. വിശ്വാമിത്ര മഹര്‍ഷി അവര്‍ക്ക്‌ പുല്ലുകൊണ്ട്‌ മനോഹരമായ ശയ്യയൊരുക്കി. അദ്ദേഹത്തിന്റെ താരാട്ട്‌ കേട്ട്‌ രാമലക്ഷ്‌മണന്മാര്‍ സുഖുനിദ്രയില്‍ മുഴുകി.

അടുത്ത സുപ്രഭാതമായി. മഹര്‍ഷി, ശ്രീരാമന്റെ ശയ്യാ സമീപത്തെത്തി നിദ്രയില്‍ നിന്നുണര്‍ത്താന്‍ ശ്രമിച്ചു. അവരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ ഉരുവിട്ട ശ്ശോകങ്ങളാണ്‌ തിരുപ്പതി വെങ്കാടാചലപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി ദിവസവും ആലപിച്ചുവരുന്നത്‌. ആ പ്രാര്‍ത്ഥനയും (സംസ്‌കൃതം) അതിന്റെ അര്‍ത്ഥവും താഴെ കുറിക്കുന്നു. ഭക്തജനങ്ങള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്‌

പദ്യം.

1. കൗസല്യാ സുപ്രജാ രാമ-
പൂര്‍വ്വാ സസ്യാ പ്രവര്‍ത്തതേ-
ഉത്തിഷ്‌ഠ നരഛാദ്രൂല
കര്‍ത്തവ്യം ദൈവമഹാഹ്നികം!

അര്‍ത്ഥം

ഓ ശ്രീരാമാ! കൗസല്യാസുതനെ, ഉണരൂ പ്രിയ പുത്രാ! നിനക്ക്‌ ദിനചര്യകള്‍ ചെയ്യാനുള്ളതല്ലേ! കൃപയാര്‍ന്ന വേഗം ഉണരുക!

പദ്യം

2. ഉത്തിഷ്‌ഠോത്തിഷ്‌ഠ ഗോവിന്ദ-
ഉത്തിഷ്‌ഠ ഗരുഢധ്വജാ!
ഉത്തിഷ്‌ഠ കമലാകാന്താ
ത്രൈലോക്യം മംഗളം കുരു!

അര്‍ത്ഥം

പ്രിയ ഗോവിന്ദാ, ധ്വജസ്‌തംഭത്തില്‍ ഗരുഡനോടുകൂടിയ ഭഗവാനേ ഉണരുക! താമരക്കണ്ണുകളോടുകൂടിയ ലക്ഷ്‌മീദേവിയുടെ പതിയേ, ദയ ചെയ്‌ത്‌ വേഗം ഉണര്‍ന്ന്‌, മൂന്നു ലോകങ്ങളിലും ക്ഷേമൈശ്വര്യങ്ങള്‍ വളരുവാന്‍ അനുഗ്രഹിച്ചാലും.

പദ്യം

3. മാതാ സമസ്‌ത ജഗതാം മധുകൈടഭാരേ,
വക്ഷോ വിഹാരിണി മനോഹര ദിവ്യമൂര്‍ത്തേ,
ശ്രീസ്വാമിനി, ശ്രീരാജനപ്രിയ ദാനശീലേ,
ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം.

അര്‍ത്ഥം

ഓ ലക്ഷ്‌മിദേവി, ഈ മുവുവന്‍ പ്രപഞ്ചത്തിന്റേയും മാതാവേ, മധുകൈടഭജരുടെ രിപുവേ, മഹാവിഷ്‌ണുവിന്റെ വക്ഷസില്‍ സദാ വസിക്കുന്നവളേ, തേടിവരുന്ന ഭക്തരുടെ അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്നുവളെ, മഹാവിഷ്‌ണുവിന്റെ പ്രിയ പത്‌നി, നിനക്കു പ്രഭാതവന്ദനം.

പദ്യം

4. തവസുപ്രഭാതമരവിന്ദലോചനേ,
ഭവതുപ്രസന്ന മുഖചന്ദ്രമണ്‌ഡലേ
വിധിശങ്കരേവനിതാഭിരര്‍ച്ചിതേ,
വൃശൈലനാഥാ, ദയിതേ, ദയാനിധേ!

അര്‍ത്ഥം

താമരപ്പൂപോലെ മനോഹരമായ നേത്രങ്ങളും ചന്ദ്രബിംബം പോലെ മുഖമുള്ള ദേവീ, ബ്രഹ്‌മാവ്‌, ശിവന്‍, ഇന്ദ്രന്‍ എന്നിവരുടെ പ്രിയപത്‌നിമാര്‍ ആരാധിക്കുന്നവളേ, സ്‌നേഹനിധിയായവളേ, വൃഷാചലപതിയായ മഹാവിഷ്‌ണുവിന്റെ ധര്‍മ്മപത്‌നീ, അമ്മേ നമസ്‌കാരം....


(തുടരും....)
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-1: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക