Image

രാമായണത്തിലൂടെ-8 - ഹനുമാന്‍ ഇല്ലെങ്കില്‍ രാമായണമില്ല - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 05 August, 2014
രാമായണത്തിലൂടെ-8 - ഹനുമാന്‍ ഇല്ലെങ്കില്‍ രാമായണമില്ല - അനില്‍ പെണ്ണുക്കര
അനേകം അര്‍ത്ഥ തലങ്ങളുള്ള ഒരു കഥാപാത്രമാണ് ഹനുമാന്‍ അതിശക്തനായ വാനരന്‍. ചിരജീവി. അചഞ്ചലനായ രാമഭക്തന്‍.
ഹനുമാന്റെ ഉല്‍പ്പത്തിലെക്കുറിച്ച് പല കഥകളുമുണ്ട്. അതവിടെ നില്‍ക്കട്ടെ.
രാമന്റെ അയനത്തില്‍ ഹനുമാനില്ലാതെ ഒരു കഥയുമില്ല.
വാനരന്‍/ നരന്‍ ഈ പദങ്ങള്‍ തമ്മില്‍ വലിയ ബന്ധമുണ്ട്. വാനരനില്‍ നിന്നാണ് നരനുണ്ടായതെന്ന് പരിണാമ സിദ്ധാന്തം പറയുന്നു. വാലുള്ള നരനാണ് വാനരന്‍. വാനരന് വാലില്ലാതായപ്പോള്‍ നരനുമായി. വാനരനും നരനും തമ്മിലുള്ള ജനിതക പരമായ എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം മനുഷ്യത്വത്തിന്റെ മൂര്‍ത്തിഭാവമായി രാമായണത്തില്‍ ഹനുമാന്‍ അനുദിനം വളരുന്നു. നരവാനര ബന്ധങ്ങളിലൂടെ…
ദാക്ഷിണ്യം വേണ്ടിടത്ത് ദാക്ഷിണ്യവും നിര്‍ദാക്ഷിണ്യം വേണ്ടിടത്ത് നിര്‍ദാക്ഷിണ്യവും അതാണ് ഹനുമാന്റെ നിലപാട്. എന്നാല്‍ പരമഭക്തനവും വീരനുമായ അദ്ദേഹം തന്റെ സ്വാമിയായ രാമന്റെ മുന്‍പിലെത്തുമ്പോള്‍ വിനീതനായ ദാസനാകുന്നു. അപ്പോള്‍ ആ കണ്ണിലുള്ളത് കരുത്തല്ല ഭക്തിയാണ്. രാമനുമായി ബന്ധപ്പെട്ടതെന്തും ഹനുമാനും വിലപ്പെട്ടതാണ്. രാമന്‍ത്യജിക്കുന്നത് ഹനുമാനും ത്യജിക്കുന്നു.
മാരുതി എന്ന പര്യായപദം പ്രയോഗിച്ചാണ് എഴുത്തച്ഛന്‍ ആദ്യം ഹനുമാനെ അവതരിപ്പിക്കുന്നത്. രാമലക്ഷ്മണന്‍മാര്‍ തങ്ങളുടെ ശത്രുക്കളാണോ, മിത്രങ്ങളാണോ എന്നറിയാന്‍ സുഗ്രീവന്‍ സമീപിക്കുന്നത് മന്ത്രിയായ ഹനുമാനെയാണ്. സാമുദ്രികാ ശാസ്ത്രത്തിലുള്ള ഹനുമാന്റെ കഴിവ് അപാരമാണല്ലോ. ഒരു വാക്കുപോലും ഉരിയാടാതെ ആഗതരുടെ മുഖഭാവങ്ങള്‍ കൊണ്ട് ഉദ്ദേശ്യം തിരിച്ചറിയാനുള്ള പാടവത്തെക്കുറിച്ച് രാമനും വലിയ നിരീക്ഷണം തന്നെ നടത്തിയിട്ടുണ്ട്.
കിഷ്‌ക്കിസാരാജ്യം ലഭിച്ചപ്പോള്‍ രാജാധികാരത്തിന്റെ ശീതളഛായയില്‍ ദൗത്യം മറന്ന സുഗ്രീവനെ വധിക്കാനൊരുങ്ങുന്ന ലക്ഷ്മണനെ ഹനുമാന്‍ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.
ഭക്തനേറ്റം പുരുഷോത്തമനെങ്കില്‍ കപി-
സത്ത മനനോര്‍ക്കില്‍ സുമിത്രാത്മജനിലും
സത്യവും ലംഘിക്കുകയില്ല കപീശ്വരന്‍
രാമകാരാര്‍ഥമുണര്‍ന്നിരിക്കുന്നിതു
താമസമെന്തിയെ വാനരപുംഗവന്‍”
കൊല്ലാന്‍ വന്നവനെ ശാന്തനാക്കി തന്റെ രാജാവിനെ രക്ഷിക്കുന്ന മന്ത്രിയുടെ ചാതുര്യം ഈ വാക്കില്‍ കാണാം. ലക്ഷ്ണന്റെ വരവിന് മുന്‍പുതന്നെ. ഉടമ്പടി മറന്ന സുഗ്രീവനെ ശക്തമായി മന്ത്രിയായ ഹനുമാന്‍ താക്കീത് ചെയ്യുന്നുണ്ട്.
“പ്രത്യുപകാരം മറക്കുന്ന പുരഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കില്ല.”
 എന്ന വാക്കുകള്‍ ഹനുമാന്റെ നാവില്‍ നിന്നു വീണത് സുഗ്രീവന് കേള്‍ക്കാന്‍ മാത്രമായിരുന്നില്ല. ലോകത്തെ എല്ലാ ഭരണാധിപന്‍മാര്‍ക്കും, മനുഷ്യര്‍ക്കും കേള്‍ക്കാന്‍ വേണ്ടിയായിരുന്നു.
“ഇത്തരം ചൊല്ലുമമാത്യനുണ്ടങ്കിലോ
പൃത്ഥീശനാ പത്തുമെത്തുകയില്ലല്ലോ”
എന്ന് സുഗ്രീവന്‍ പറയുന്ന മറുപടിയും ശ്രദ്ധേയം. ഹനുമാന്‍ പരസ്യമായല്ല സുഗ്രീവനെ ഉപദേശിക്കുന്നത്. ആപത്ത് മുന്‍കൂട്ടിയാണ് പരിഹാര നിര്‍ദ്ദേശിക്കുകയാണ് അദ്ദേഹം.
ഹനുമാന്റെ ഓരോ വാക്കും ഓരോ സുഭാഷിതങ്ങളാണ്. അത് കേവലം ഒരു നിമിഷത്തേക്കോ നിശ്ചിത സമയത്തേക്കോ ഉള്ളതല്ല. മാരുതവാണി കല്‍പാന്തകാലത്തോളമുള്ളതാകുന്നു.
ലങ്കാമര്‍ദ്ദത്തിനുശേഷം സീതയെകണ്ട് മടങ്ങിയെത്തുന്ന ഹനുമാന്‍ ആകാംക്ഷാഭരിതായിരിക്കുന്ന രാമാദികളെ കണ്ടയുടന്‍ വിളിച്ചു പറയുന്നത് ഇങ്ങനെയാണ്.
ദൃഷ്ടാ സീതേതി തത്വത:- “കണ്ടു ഞാന്‍ സീതയെ”
'കണ്ടു' എന്ന വാക്ക് ആദ്യം ഉപയോഗിച്ചതിലാണ് ഔചിത്യം. ആ ഒരു വാക്കിലൂടെ രാമന്റെ ഉത്ക്കണ്ഠ ഇല്ലാതാക്കുകയാണ്. സീത ജീവിച്ചിരിക്കുന്നു എന്നാണ് 'കണ്ടു' എന്നതിന്റെ ധ്വനി.
രാമായണത്തിന് ആറും കാണ്ഡങ്ങളാണുള്ളത്. അഞ്ച് കാണ്ഡങ്ങളുടേയും പേരുകള്‍ കഥാസൂചകമെങ്കില്‍ സുന്ദരകാണ്ഡം ഹനുമാന്റെ കഥയാണ്.
സുന്ദര എന്ന ശബ്ദത്തിന് വാനരന്‍ എന്നര്‍ത്ഥമുണ്ട്. ഹനുമാന്റെ പ്രവര്‍ത്തനങ്ങളെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്ന സുന്ദരകാണ്ഡം. 'സുന്ദര' എന്ന ശബ്ദത്തിന് ദൂതന്‍ എന്നര്‍ത്ഥമുണ്ട്. ഇതില്‍ നിന്നൊക്കെ മനസിലാക്കാവുന്ന സംഗതി രാമായണത്തിലെ ഒരു കാണ്ഡത്തിനു തന്നെ ഹനുമാന്റെ പര്യായ ശബ്ദമായോ കര്‍മ്മസംബന്ധിയായ ശബ്ദാര്‍ത്ഥമോ ആയ പേര് നല്‍കിയിരിക്കുന്നു. ഇത്രയും പ്രാധാന്യം രാമായണത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഹനുമാന്‍ രാമായണത്തോളം, രാമന്റെ യാത്രയോളം വളര്‍ന്ന് വികസിക്കുന്ന ഒരു വ്യക്തിത്വമായി പ്രശോഭിക്കുകയാണിവിടെ! ഹനുമാനില്ലെങ്കില്‍ രാമായണവുമില്ല.


രാമായണത്തിലൂടെ-8 - ഹനുമാന്‍ ഇല്ലെങ്കില്‍ രാമായണമില്ല - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക