Image

കേരളത്തിലെ കുടിയന്‍മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുണ്ട്‌?

ജയമോഹനന്‍ എം Published on 21 August, 2014
കേരളത്തിലെ കുടിയന്‍മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുണ്ട്‌?
ഒറ്റതിരിഞ്ഞും കൂട്ടം കൂടിയും മദ്യപിക്കുമ്പോഴും സംസ്ഥാന തലത്തില്‍ ഒരു സമര്‍ദ്ദ ഗ്രൂപ്പായി മാറാത്തതില്‍ കുടിയന്‍മാര്‍ ഇപ്പോള്‍ മനസറിഞ്ഞ്‌ വേദനിക്കുന്നുണ്ടാവും. പ്രശസ്‌ത ഫോട്ടോഗ്രാഫറും നടനുമായ എം.എന്‍ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഒരു മദ്യപാനി അസോസിയേഷന്‍ കേരളത്തിലുണ്ട്‌. നല്ല മദ്യം നല്‍കപ്പെടണം എന്ന്‌ വാദിക്കുന്നവരാണ്‌ അവര്‍. എന്നാല്‍ അവരുടെ സംഘടന വളരെ ശുഷ്‌കമാണ്‌. കാരണം കേരളത്തില്‍ മദ്യം നിരോധിക്കപ്പെടുന്ന ഒരു കാലം വരുമെന്ന്‌ ഒരു മദ്യപാനിയും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരിക്കില്ല. എന്തായാലും അത്‌ സംഭവിച്ചിരിക്കുന്നു. വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തില്‍ ബാറുകളുണ്ടാവില്ല. മദ്യം വില്‍ക്കാനുളള അവകാശം ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ മാത്രമായി ചുരുക്കാന്‍ പോകുന്നു. ഒപ്പം സര്‍ക്കാരിന്റെ ബിവ്‌റേജസ്‌ ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും പോകുന്നു. ആത്യന്തികമായി സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്‌ യുഡിഎഫും സര്‍ക്കാരും ലക്ഷ്യം വെക്കുന്നത്‌.

ആരെയും അത്ഭുതപ്പെടുത്തുന്ന ഈ തീരുമാനത്തിന്‌ മുമ്പ്‌ കടുത്ത ജനാധിപത്യ വിരുദ്ധത ഈ തീരുമാനത്തിന്‌ പിന്നിലുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുവാന്‍ ലേഖകന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന വാക്ക്‌ കൊണ്ട്‌ അര്‍ഥമാക്കേണ്ടത്‌ പൂര്‍ണ്ണമായും മദ്യ ലഭ്യത ഇല്ലാതാക്കുക എന്ന്‌ തന്നെയാണ്‌. ഇപ്പോള്‍ നിലനില്‍ക്കുന്ന ബാറുകള്‍ പൂട്ടുകയും ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തുകയും ചെയ്യുമ്പോള്‍ അതായത്‌ സര്‍ക്കാര്‍ ഭാഷ്യത്തില്‍ മദ്യനിരോധനം നടത്തുമ്പോഴും മദ്യം നിയമവിധേയമായി കേരളത്തില്‍ ലഭ്യമാകുന്ന ചില സ്ഥലങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളും, ക്ലബുകളുമാണ്‌ ഈ സ്ഥലങ്ങള്‍. ടൂറിസം സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടെയും പ്രധാന വരുമാനമാര്‍ഗമായി കേരളത്തില്‍ മാറിയിരിക്കുമ്പോള്‍ ഫൈവ്‌സ്റ്റാര്‍ ബാറുകളില്‍ മദ്യം നിരോധിക്കുക എന്നത്‌ ഒരിക്കലും പ്രായോഗികമല്ല. ഇപ്പോള്‍ മദ്യനിരോധനം പ്രഖ്യാപിച്ച്‌ കൈയ്യടി നേടിയ മുഖ്യമന്ത്രിയും അതിനായി അഹോരാത്രം പ്രയത്‌നിച്ച വി.എം സുധീരനും ഫൈവ്‌ സ്റ്റാര്‍ ബാര്‍ ഹോട്ടലുകളുടെ കാര്യം മിണ്ടുന്നതേയില്ല. അവ ഒരിക്കലും പൂട്ടാന്‍ കഴിയില്ലെന്ന്‌ ചുരുക്കം. അപ്പോള്‍ പിന്നെയെങ്ങനെയാണ്‌ സമ്പൂര്‍ണ്ണ മദ്യനിരോധനം സാധ്യമാകുക.

സ്റ്റാര്‍ ഹോട്ടലുകളിലും ക്ലബുകളിലും മാത്രമായി ബാര്‍ എന്ന സങ്കല്‌പം ചുരുങ്ങുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ലഹരി നുരയുന്ന വൈകുന്നേരങ്ങളും രാത്രികളും സമ്പന്നന്‌ മാത്രം സ്വന്തമാകുന്ന സാഹചര്യമാണ്‌ വരുന്നത്‌. ഇവിടെ സാധാരണക്കാരനും പാവപ്പെട്ടവനുമൊക്കെ ഒരല്‌പം ലഹരിക്കായി ഇനി കേരളാ ബോര്‍ഡര്‍ കടന്ന്‌ തമിഴ്‌നാട്ടിലെത്തണം. ഇവിടെ പാവപ്പെട്ടവന്റെ മുമ്പിലൂടെ കടല്‍ കടന്നെത്തുന്ന ടൂറിസ്റ്റ്‌ ബിയര്‍ ബോട്ടില്‍ നുണഞ്ഞ്‌ നടക്കുമ്പോള്‍ മലയാളിക്ക്‌ നാവില്‍ വെള്ളമൂറാന്‍ മാത്രമേ ഇനി മുതല്‍ വിധിയുള്ളു. ഇവിടെ വരാന്‍ പോകുന്ന ഈ അസമത്വത്തില്‍ ഒരു അപാകതയും കാണാന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നില്ലേ.

സമാന്തര ലഹരികളുടെ, അതായത്‌ മയക്കമരുന്നിന്റെ രഹസ്യ ഉപഭോഗം കേരളത്തില്‍ പതിന്‍മടങ്ങ്‌ വര്‍ദ്ധിക്കാന്‍ പോകുകയാണ്‌. ഇംഗ്ലീഷ്‌ മെഡിസിന്‍സ്‌ പൊടിച്ച്‌ മിശ്രീതമാക്കി ലഹരി നുണയുന്ന സ്‌കൂള്‍ ക്യാംപസുകള്‍ മുതല്‍ കഞ്ചാവും ചരസും കൊക്കെയ്‌നും യഥേഷ്‌ടം ലഭ്യമാകുന്ന കേരളത്തിലെ ബസ്‌ സ്റ്റാന്‍ഡുകള്‍ വരെ ഒരു റിയാലിറ്റി തന്നെയാണ്‌. എന്നിട്ടും അമിമായ മയക്കുമരുന്ന്‌ ഉപഭോഗത്തിലേക്ക്‌ വഴിവിട്ട്‌ കേരളം പോകാതിരുന്നത്‌ മദ്യം ഒരു സാധാരണ ലഹരിയായി ഇവിടെയുണ്ടായിരുന്നത്‌ കൊണ്ടാണ്‌. ഇനിയിപ്പോള്‍ മയക്കുമരുന്ന്‌ ലോബികള്‍ക്ക്‌ ഒരു ചാകരയുടെ കാലം തന്നെയാണ്‌. അവര്‍ക്ക്‌ ഇവിടേക്ക്‌ യഥേഷ്‌ടം ചരക്കിറക്കാം.

മുമ്പ്‌ സ്വവര്‍ഗ പ്രണയം തടഞ്ഞുകൊണ്ട്‌ ഉത്തരവ്‌ ഇറക്കിയ കോടതിയുടെ അത്രത്തോളം തന്നെ ജനാധിപത്യ വിരുദ്ധതയും ഇവിടെ എടുത്തു പറയേണ്ടതുണ്ട്‌. സ്വവര്‍ഗ വിവാഹം തടഞ്ഞാല്‍ തന്നെയും ഒരാളുടെ മനസില്‍ തോന്നുന്ന പ്രണയം തടയാന്‌ കോടതിക്ക്‌ എന്താണ്‌ അധികാരം. പ്രണയം എങ്ങനെ തടയാന്‍ കഴിയും. അതുപോലെ തന്നെയാണ്‌ ലഹരി ആവിശ്യമെങ്കില്‍ ഉപയോഗിക്കാന്‍ സ്വാതന്ത്രമുണ്ടാകണമല്ലോ. എന്നാല്‍ ലഹരി മനുഷ്യന്‌ ഹാനീകരമെന്നതിനാല്‍ അത്‌ ഉപയോഗിക്കരുതെന്ന ബോധവല്‍ക്കരണം നല്‍കുക എന്നത്‌ സ്റ്റേറ്റിന്റെ കടമയായി വരുന്നു. പൗരന്‍മാര്‍ക്ക്‌ ബോധവല്‍ക്കരണങ്ങള്‍ നല്‍കുകയും അവരെ ലഹരിയില്‍ നന്ന്‌ മുക്തമാക്കുകയുമാണ്‌ ഒരു ജനാധിപത്യരാജ്യത്തിന്‌ ഭൂഷണമായ കാര്യം. അല്ലാതെ മതരാഷ്‌ട്രങ്ങളിലേത്‌ പോലെ മദ്യമേ വേണ്ട എന്ന നിലപാട്‌ എടുക്കുകയല്ല. മാത്രമല്ല സമ്പന്നന്‌ യഥേഷ്‌ടം മദ്യം ലഭ്യമാക്കിക്കൊണ്ടുള്ള തീരുമാനം കൂടിയാണ്‌ എടുത്തിരിക്കുന്നത്‌ എന്നു വരുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം ഒട്ടും ഉദ്ദേശ ലക്ഷ്യത്തോടെയല്ല എന്ന്‌ പറയേണ്ടി വരും.

ഇനി ഗുജറാത്ത്‌ മോഡലിലേക്ക്‌ പോകാം. ഗുജറാത്ത്‌ ഒരു സമ്പൂര്‍ണ്ണ മദ്യനിരോധിത സംസ്ഥാനമാണ്‌. അവിടെ ബാറുകളുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യഔട്ട്‌ലെറ്റുകളുമില്ല. പുറമെ നിന്ന്‌ നോക്കുമ്പോള്‍ മാതൃകാപരമെന്ന്‌ വിളിക്കാവുന്ന ഈ നിരോധനം കാരണം ഗുജറാത്തില്‍ സംഭവിച്ചതെന്താണ്‌. അവിടെ വ്യാജമദ്യമെന്നത്‌ വന്‍ വ്യവസായമായി വളര്‍ന്നു. ഗുജറാത്തിന്റെ ഏത്‌ മുക്കിലും മൂലയിലും നിയമവിരുദ്ധമായി വ്യാജമദ്യം ലഭ്യമാകുമെന്നത്‌ പരസ്യമായ രഹസ്യമാണ്‌. മുമ്പ്‌ ഈ വ്യാജമദ്യത്തിന്റെ കച്ചവടം ഒരു പ്രത്യേക സമുദായമാണ്‌ കൈയ്യടക്കി വെച്ചിരുന്നത്‌. പിന്നീട്‌ വ്യാജമദ്യത്തിന്റെ കുത്തുക പിടിച്ചെടുക്കാന്‍ മറ്റൊരു പ്രബല സമുദായം കടന്നു വന്നു. ഗുജറാത്തിലെ നിരവധി കലാപങ്ങള്‍ക്ക്‌ പിന്നിലെ ഒരു പ്രധാന കാരണം ഈ വ്യജമദ്യകുത്തുകയ്‌ക്ക്‌ വേണ്ടിയുള്ള വടം വലിയായിരുന്നു. ഗ്യാങുകളുടെ തെരുവു യുദ്ധങ്ങളും പിന്നീട്‌ വര്‍ഗീയ കലാപങ്ങളും സൃഷ്‌ടിച്ചത്‌ ഈ വാജ്യമദ്യ കച്ചവടത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കാന്‌ വേണ്ടിയുള്ള അധികാര വടം വലിയായിരുന്നു. കേരളം മറ്റൊരു ഗുജറാത്താവില്ല എന്നുറപ്പാണ്‌. പക്ഷെ അശാസ്‌ത്രീയമായ മദ്യനിരോധനം നമ്മുടെ സമൂഹത്തെയും അരാജകത്വത്തിലേക്ക്‌ തള്ളിയിടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ നിര്‍ജ്ജീവമായ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച്‌ അത്‌ തടയാനും കഴിയില്ല.

ബാറുകള്‍ അടപ്പിക്കാന്‍ ശക്തമായ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്റിന്‌ ലഭിച്ച പ്രതിഛായയുടെ തിളക്കം തനിക്കും കൂടി നേടിയെടുക്കാന്‍ മുഖ്യമന്ത്രി നടത്തിയ അറ്റകൈ പ്രയോഗമാണ്‌ സമ്പൂര്‍ണ്ണമദ്യനിരോധനമെന്ന്‌ ഇപ്പോഴത്തെ ഇരട്ടത്താപ്പ്‌. വെള്ളാപ്പള്ളി നടേശനും വി.എം സുധീരുനുമായി നിലനില്‍ക്കുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള കുടിപ്പകയാണ്‌ ആദ്യമായി ബാറുകള്‍ പൂട്ടുന്ന സ്ഥിതിയിലേക്ക്‌ വന്നത്‌. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടാനുളള തീരുമാനം പൊതുവേ സ്വാഗതാര്‍ഹമായിരുന്നു. ക്രിസ്‌തീയ സഭകളും മുസ്ലിംസംഘടനകളും പൊതുവില്‍ ഇതിനെ സ്വാഗതം ചെയ്‌തു. അവരുടെ പിന്തുണ സുധീരന്‌ ലഭിക്കുകയും ചെയ്‌തു. എന്നാല്‍ പ്രായോഗികതയുടെ പേരു പറഞ്ഞ്‌ മുഖ്യമന്ത്രിയും വി.ഡി സതീശനും ചെന്നിത്തലയുമടക്കം നിരവധി കോണ്‍ഗ്രസിലെ പ്രമുഖര്‍ പൂട്ടിയ ബാറുകള്‍ പോലും തുറക്കണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ മുസ്ലിം ലീഗും സുധീരനും മറ്റു സമുദായ സംഘടനകളും മദ്യനിരോധനം വേണം എന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ ബാറുമുതലാളിമാരുടെ നിലവിളികള്‍ക്ക്‌ പ്രസക്തിയില്ലാതെയായി. അതോടെ സുധീരനെയും കൂട്ടരെയും കടത്തിവെട്ടാന്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന പുത്തന്‍ അസ്‌ത്രം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ ശേഷിച്ചത്‌.

മദ്യം മാത്രമാണോ കേരളത്തിലെ പ്രശ്‌നമെന്നത്‌ മറ്റൊരു ചോദ്യമാണ്‌. അഴിമതിയും കെടുകാര്യസ്ഥതയും മാഫിയ വല്‍ക്കരണവും കൊടികുത്തിവാഴുന്ന കേരളത്തില്‍ മദ്യം പല വിഷയങ്ങളില്‍ ഒന്ന്‌ മാത്രമാണ്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്ന്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചാല്‍ തടയാവുന്ന നിരവധി പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്‌. എന്നാല്‍ അവിടെയെല്ലാം കണ്ണില്‍ പൊടിയിടല്‍ തന്ത്രവുമായി നടക്കുന്ന രാഷ്‌ട്രീയക്കാര്‍ ജനങ്ങളെ പറ്റിക്കാന്‍ ഒരു മദ്യനയവുമായി ഇറങ്ങിയിരിക്കുന്നു എന്നതാണ്‌ വാസ്‌തവം. മദ്യത്തിനെതിരെയുള്ള എന്ത്‌ തീരുമാനവും ഇമേജ്‌ വര്‍ദ്ധിപ്പിക്കും എന്നതിനാല്‍ മദ്യത്തിന്റെ മുകളില്‍ കടന്നു കയറുകയെന്നത്‌ ലളിതമായൊരു രാഷ്‌ട്രീയ തന്ത്രമായി അവതരിപ്പിക്കപ്പെട്ടു എന്ന്‌ ചുരുക്കം. മദ്യനിരോധനമല്ല ലഹരി നിരോധനമാണ്‌ പ്രായോഗികമായി നടപ്പാക്കപ്പടേണ്ടത്‌ എന്ന ബോധം ഇനി എന്നാണാവോ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ ഉണ്ടാവുക. ലഹരിമുക്ത കേരളത്തിലേക്ക്‌ തന്നെയാണോ ഈ മദ്യനിരോധനം കേരളത്തെ നയിക്കുക. കാത്തിരുന്ന്‌ കാണുക തന്നെ വേണം.
കേരളത്തിലെ കുടിയന്‍മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുണ്ട്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക