Image

ഓണം സുഖമുള്ള ഓര്‍മ്മകള്‍- 6- ഓണ വാഴയും ഓണക്കായും റെഡിയാകുന്നു…. അങ്ങ് തമിഴ്‌നാട്ടില്‍…!

അനില്‍ പെണ്ണുക്കര Published on 24 August, 2014
ഓണം സുഖമുള്ള ഓര്‍മ്മകള്‍- 6- ഓണ വാഴയും ഓണക്കായും റെഡിയാകുന്നു…. അങ്ങ് തമിഴ്‌നാട്ടില്‍…!
നമ്മുടെ തൊടിയില്‍ വിളഞ്ഞു നില്‍ക്കുന്ന ഒരു നേന്ത്രവാഴക്കാലം മലയാളിക്ക് എന്നു മുതലാണ് അന്യമായത്. തമിഴന്റെ തട്ടകത്തില്‍ നിന്നും ചെറിയ വിലയ്‌ക്കെത്തിയ അത്ര രുചിയയല്ലാത്ത നേന്ത്രക്കായ്കള്‍ മലയാളി രണ്ടു കയ്യും നീട്ടിസ്വീകരിച്ചപ്പോള്‍ പൂര്‍ണ്ണമായും ചീഞ്ഞു പോയത് നമ്മുടെ മനസിന്റെ തൊടിയും, ഓണത്തിന്റെ മണവുമുള്ള നേന്ത്രക്കായുമായിരുന്നു.

ഇപ്പോള്‍ ഓണം മനസില്‍ കാണുന്നത് തമിഴനും, കര്‍ണ്ണാടകക്കാരനുമാണ്. വിപണിയിലെ മലയാളിയുടെ ആര്‍ത്തി മുതലാക്കാന്‍ പൊന്നിന്റെ വിലയ്ക്കാണ് ഓണത്തിന് നേന്ത്രക്കായ്കള്‍ വരിക.എന്‍ഡോ സള്‍ഫാനും, അമോണിയവും തളിച്ച് മലയാളിയുടെ ഓണത്തെ പൊലിപ്പിക്കാനുള്ള ട്രക്കറുകള്‍ ചുരം കയറാന്‍ തുടങ്ങിയിട്ടുണ്ടാകും ഇപ്പോള്‍.

പണ്ട് നമ്മുടെ തൊടിയില്‍ ഓണവാഴകള്‍ ഉണ്ടായിരുന്നു. ഓണത്തിന് കുലവെട്ടിയെടുക്കുവാന്‍ പാകത്തില്‍ നേന്ത്രവാഴകള്‍ കൃഷിചെയ്യുന്ന ഒരു സമ്പ്രദായം പണ്ടു പണ്ടേ നിലനിന്നിരുന്നു. ഓണത്തിന് ഉപ്പേരി വറുക്കുന്നതിനും, പഴത്തിനായും നേന്ത്രക്കുലകള്‍ കൂടിയേ തീരൂ. ഈ ആവശ്യം കണ്ടറിഞ്ഞ് ഓണത്തിന് വിളവെടുക്കുവാന്‍ പാകത്തില്‍ നേന്ത്രവാഴകൃഷി ചെയ്യുന്നതിന് 'ഓണവാഴകൃഷി' എന്നും ഓണവാഴയെന്നും മലയാളികള്‍ പറയാറുണ്ടായിരുന്നു.

എന്നാലിന്ന് ഓണവാഴ കാണണമെങ്കില്‍ മാവേലിക്ക് തമിഴ് പറയണം, അല്ലെങ്കില്‍ കന്നഡ പറയണം. എന്തായാലും മലയാളിക്കുണ്ടാകുന്ന ഓരോ മാറ്റവും പണമായും, പവറായും മാറ്റാന്‍ തമിഴനെ ഇനി പഠിപ്പിക്കേണ്ടതില്ല. അത് അവര്‍ മുറപോലെ ചെയ്യുന്നുമുണ്ട്.

സ്വന്തം തൊടിയില്‍ വളരുന്ന പച്ചക്കറിയുടെയും, നേന്ത്രന്റെയും സ്വാദ് ഒന്നുവേറെ തന്നെയാണ് ആരെയും പഠിപ്പിക്കേണ്ട.പക്ഷെ ആ സ്വാദ് നഷ്ടമായിട്ട് നാളെത്രെയായി എന്ന് നമുക്കറിയില്ലെങ്കിലും മാവേലിക്കറിയാം.

ഇങ്ങനെയൊക്കെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. തകൃതയായി. അതിന് കൂട്ടായി ഒരു ചൊല്ലും “കാണം വിറ്റും ഓണം ഉണ്ണണം”


ഓണം സുഖമുള്ള ഓര്‍മ്മകള്‍- 6- ഓണ വാഴയും ഓണക്കായും റെഡിയാകുന്നു…. അങ്ങ് തമിഴ്‌നാട്ടില്‍…!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക