Image

മലയാളി മനസ്സിലെ മരിക്കാത്ത മാവേലി (അഡ്വ.മോനച്ചന്‍ മുതലാളി)

Published on 26 August, 2014
മലയാളി മനസ്സിലെ മരിക്കാത്ത മാവേലി (അഡ്വ.മോനച്ചന്‍ മുതലാളി)
ഓണം ഓരോ മലയാളിയുടെയും സ്വന്തമാണ്‌. ലോകത്തിലെ ഏതു കോണിലായാലും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസില്ലാതെ ഓരോ കേരളീയനും ഓണം ആഘോഷിക്കുന്നു. ഓണാഘോഷത്തില്‍ ഹിന്ദുവെന്നോ മുസല്‍മാനെന്നോ, ക്രിസ്‌ത്യാനിയെന്നോ വേര്‍തിരിയാതെ മലയാളികളായി നാം മാറുന്നത്‌ ഇതിന്റെ വ്യക്തമായ തെളിവുതന്നെയാണ്‌.

മഹാബലി എന്നൊരു ചക്രവര്‍ത്തി നാടു ഭരിച്ചതായും അദ്ദേഹത്തിന്റെ നീതിപൂര്‍വ്വമായ ഭരണത്തിന്‍ കീഴില്‍ ചൂഷണവും കാപട്യവും ഉച്ചനീചത്വവും വഞ്ചനയുമില്ലാത്ത ഒരു സ്വപ്‌നകേരളം നിലനിന്നിരുന്നതായും കേരളീയര്‍ വിശ്വസിക്കുന്നു, അല്ലെങ്കില്‍ വിശ്വസിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്നു. സത്യസന്ധനായ ആ ചക്രവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവുട്ടിത്താഴ്‌ത്തിയെങ്കിലും സ്വന്തം പ്രജകളെ കാണാന്‍ എല്ലാം ചിങ്ങമാസത്തിലെ തിരുവോണനാളിലും കടന്നുവരുന്നു എന്നതാണ്‌ മലയാളി മനസ്സിലെ ഓണസങ്കല്‌പം.

മഹാബലി കേരളം ഭരിച്ചതായോ അദ്ദേഹത്തിന്റെ പേരില്‍ സങ്കല്‍പിച്ചു പോന്നിട്ടുള്ള ഈ ഓണക്കഥകള്‍ ശരിയെന്നോ മറ്റുമുള്ള വസ്‌തുതകള്‍ തല്‍ക്കാലം നമുക്കു മാറ്റി വയ്‌ക്കാം. ഇതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തുതന്നെയായാലും, ഈ സങ്കല്‌പത്തിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, ഓരോ മലയാളിയും കൊച്ചു കേരളം ഒരു മാവേലി നാടായി മാറണമെന്ന്‌ സ്വപ്‌നം കാണുന്നു എന്നതു തന്നെയാണ്‌ ഇവിടെ ാ്രധാന്യമര്‍ഹിക്കുന്ന വസ്‌തുത.

സമാധാനവും , സമത്വവും, സാഹോദര്യവും സത്യവും ഇവിടെ നിലനിന്നു കാണണെന്നു നമ്മുടെ ആഗ്രഹവും ആവേശവും ത്ര്യാശയുമാണ്‌ തിരുവോണത്തിന്റെ പിന്നിലെ മഹത്തായ ലക്ഷ്യം. ചരിത്രത്തിലൊരിടത്തും എഴുതപ്പെടാത്ത ഒരു മാവേലി മന്നനു വേണ്ടി പൂച്ചെണ്ടും പൂത്താലവുമേന്തി മലയാളി മനസ്സിലെ ഒരിക്കലും മരിക്കാത്ത ഭരണാധികാരിയാണ്‌ ഒരു സ്‌മാരകശില പോലും കൊത്തി വയ്‌ക്കാത്ത ഈ ചക്രവര്‍ത്തി. പക്ഷേ ആ മഹനീയ സങ്കല്‍പം മലയാളി മനസ്സില്‍ സമത്വവും സാഹോദര്യവും തലമുറകളായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്‌ വെറും സങ്കല്‌പത്തിലെ ആ രാജാവിന്‌ സിംഹാസനം ഒരുക്കാന്‍ ഓരോ മലയാളിയും ഓണനാളുകളില്‍ മല്‍സരിച്ചു പ്രയത്‌നിക്കുന്നത്‌.

എന്നാല്‍ മഹാബലി പ്രദാനം ചെയ്‌ത നിറസമൃദ്ധിയുടെയും നിറ സന്തോഷത്തിന്റെയും പര്യായമായിരുന്ന ആ മാവേലി നാട്‌ ഇന്ന്‌ നമുക്ക്‌ അന്യമായിരിക്കുന്നു. പുലകളിക്കു പകരും കൊവിളിയും കൈകൊട്ടിക്കളിക്കു പകരം കൈവെട്ടിക്കളിയുമാണ്‌ ഇന്ന്‌ കേരളം പരീക്ഷിക്കുന്നത്‌. ഹരിതകേരളം ഇന്ന്‌ സരിതമാരുടെ സ്വന്തം കേരളമായി മാറിയിരിക്കുന്നു. വള്ളം കളിയുടെ സ്ഥാനത്ത്‌ ഇന്ന്‌ വെള്ളമടിച്ചു കളിക്കുന്ന കുറെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയാണ്‌ ഇന്ന്‌ കേരളം കണ്ടുവരുന്നത്‌.

സമ്പല്‍ സമൃദ്ധമായ മാവേലിനാട്‌ എന്ന സ്ഥിതിയില്‍ നിന്ന്‌ കുടിവെള്ളത്തില്‍ പോലും മാലിന്യം നിറയുന്ന മാലിന്യത്തോട്‌ എന്ന സ്ഥിതിയിലെത്തി നില്‍ക്കുന്നു മലയാളി നാട്‌. തകര്‍ന്ന പാലങ്ങളും ഇടുങ്ങിയ പാതകളും മരിച്ച പുഴകളും ഇന്ന്‌ കേരളീയന്‌ പ്രശ്‌നങ്ങളേ അല്ലാതായി മാറിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനമില്ലാതിരുന്ന ഒരു മാവേലി സാമ്രാജ്യം ഇന്ന്‌ നോക്കുകൂലിക്കാരും ചൂണ്ടുകൂലിക്കാരും ദല്ലാളന്മാരും മേലാളന്മാരും എല്ലാം കൂടി തട്ടിക്കൊണ്ടുപോയി വില പേശുകയാണ്‌. സാധാരണക്കാരന്റെ നടുവൊടിക്കുന്ന മരാമത്തു വകുപ്പും ട്രാന്‍സ്‌പോര്‍ട്ടു കോര്‍പറേഷനും മുതല്‍, മനുഷ്യനെ എങ്ങനെ ഇരുട്ടിലാക്കാം എന്ന്‌ ഗവേഷണം നടത്തുന്ന ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ വരെ കേരളത്തിന്‌ നാണം കേടായി മാറുന്ന കാഴ്‌ച.

സംസ്ഥാനം ജനിച്ചിട്ട്‌ അരനൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഈ ദുഃസ്ഥിതിക്ക്‌ മാറ്റം വരുത്തുവാന്‍ എന്തുകൊണ്ട്‌ നമുക്കു കഴിയുന്നില്ല ? വര്‍ഷത്തിലൊരിക്കലെങ്കിലും മാവേലി നാട്‌ പുനര്‍സൃഷ്‌ടിക്കാന്‍ മലയാളി സമൂഹത്തിന്‌ കഴിയണം. അതൊരു അവകാശമായി അംഗീകരിപ്പിക്കുവാന്‍, ആ നല്ല നാളുകള്‍ പുനര്‍ജനിപ്പിക്കുവാന്‍, ആ ചക്രവര്‍ത്തിയുടെ നന്മകളും മേന്‍മകളും മഹത്വവും സമത്വവും കുറഞ്ഞ അളവിലെങ്കിലും യാഥാര്‍ത്ഥ്യമാക്കി മാറ്റുവാന്‍ ഇനിയെങ്കിലും നമുക്ക്‌ കഴിഞ്ഞേ മതിയാകൂ.

അത്തരം പുനര്‍നിര്‍മ്മാണപ്രക്രിയയാല്‍ കേരളത്തില്‍ നിന്നും പുറംലോകങ്ങളിലേക്കു പോയ വിദേശ മലയാളികള്‍ക്കും പങ്കുണ്ടാകണം. സ്വന്തം ജന്മനാടിനെ അനീതിയും അസമത്വവുമില്ലാത്ത ഒരു പുണ്യനാടാക്കി മാറ്റാനുള്ള ശ്രമത്തില്‍ വിദേശമലയാളികളും ഹൃദയം തുറന്നൊരു അന്വേഷണവും ആത്മപരിശോധനയും നടത്തേണ്ടതല്ലേ ?

ലോകത്തിലെ എല്ലാ കോണുകളിലുമിരുന്ന്‌ ഓണത്തുമ്പികള്‍ക്കും ഓണത്തപ്പനുമൊപ്പം തിരുവോണ പുലരി കൊണ്ടാടുമ്പോള്‍ പിറന്ന നാടിനായുള്ള ഒരു സമര്‍പ്പണമായി ഈ ദിനം നമുക്ക്‌ മാറ്റിയെടുക്കാം. അങ്ങനെ മലയാളി മനസ്സിലെ ഒരു നാളും മരണമില്ലാത്ത തിരുവോണം സമൂഹത്തിന്റെ സമസ്‌ത നന്മക്കായി നമുക്ക്‌ സമര്‍പ്പിക്കാം. !
മലയാളി മനസ്സിലെ മരിക്കാത്ത മാവേലി (അഡ്വ.മോനച്ചന്‍ മുതലാളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക