ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍
ന്യൂനപക്ഷമായ സമൂഹങ്ങള്‍ ഉയരുന്നത് ഭൂരിപക്ഷ സമുദായത്തിന്
രസിച്ചെന്നിരിക്കില്ല. അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ സമര്‍ത്ഥരായ
ഇന്ത്യന്‍ പിള്ളേരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് തലമുറകളായി ഇവിടെ
താമസിക്കുന്ന ഭൂരിപക്ഷ ജനതയില്‍ അസൂയയുടെ വിത്തുകള്‍ പാകും.
ബൌദ്ധികതലങ്ങളില്‍ അടിച്ചമര്‍ത്താന്‍ സാധിക്കാത്തതുകൊണ്ട് മിടുക്കരായ
നമ്മുടെ യുവജനങ്ങളെ ഇല്ലാതാക്കാന്‍ ചില തല്പ്പരകഷികള്‍
ശ്രമിക്കുന്നുണ്ടോയെന്നും അവര്‍ക്കു കൂടെക്കൂടെ സംഭവിക്കുന്ന
ദുരന്തങ്ങളില്‍ നിന്നും തോന്നിപ്പോവാറുണ്ട്. പിന്നീടവര്‍ ദുരന്തങ്ങളില്‍
അകപ്പെട്ടവരെ ആത്മഹത്യ ചെയ്ത കഥകളാക്കി മാറ്റും. മയക്കു
മരുന്നനടിമയായിരുന്നുവെന്നോ അല്ലെങ്കില്‍ തണുപ്പില്‍ അകപ്പെട്ടു
മരിച്ചുവെന്നോ കഥകളുമായി അവരെപ്പറ്റി വാര്‍ത്തകളില്‍ നിറയുന്നതും കാണാം.
പഠിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ അവരുടെ സ്ഥാപനങ്ങളുടെ അന്തസ്സു
നിലനിര്‍ത്താന്‍ കൊന്നവനൊപ്പമേ സഹായിക്കാനായി നില്ക്കുകയുള്ളൂ. മുടന്തന്‍
ന്യായങ്ങളും പറഞ്ഞ് കയ്യൊഴിയുന്ന കഥകളാണ് അടുത്ത കാലത്തായി
കേള്‍ക്കുന്നത്. ഇതിനെതിരായി ഇനിയെങ്കിലും നമ്മുടെ സമൂഹം ഉണര്‍ന്നേ തീരൂ.
നീതി താമസിക്കുംതോറും കൂടുതല്‍ വാളുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ തലയ്ക്ക്
മീതെ വീശും. കാരണം, നീതിക്കുവേണ്ടി പൊരുതുന്നവര്‍ക്ക് നീതി ലഭിക്കാന്‍
താമസിക്കുന്നു. നമ്മുടെ അവകാശമായ, നമുക്കു ലഭിക്കേണ്ട നീതി ആര്‍ക്കും
വില്‍ക്കാന്‍ തയ്യാറാകരുത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ നീണ്ട
പദയാത്രകള്‍ നീതിക്കുവേണ്ടിയുള്ള മുറവിളികളായിരുന്നു. ബിഗാംണ്ടന്‍
ജയിലറകളില്‍ നിന്ന് അദ്ദേഹമെഴുതി ' അമേരിക്കായെന്ന സ്വപ്ന ഭൂമിയില്‍
കറുത്തവര്‍ക്കായ ആഫ്രോ ജനതയ്ക്ക് തലമുറകളായി നീതി നിഷേധിക്കുന്നു. ഒരേ
സാഹോദര്യത്തില്‍ ജീവിക്കേണ്ട വെളുത്തവനും കറുത്തവനും ഒരുപോലെ നീതി
ലഭിക്കണം. ആര്‍ക്കും നീതി നിഷേധിക്കാന്‍ പാടില്ല. അവകാശങ്ങളും നീതിയും
ഇനിമേല്‍ നീളാനും പാടില്ല.'
അടുത്ത കാലത്തായി അമേരിക്കയിലെ മലയാളിപിള്ളേരുടെ ദുരൂഹ സാഹചര്യങ്ങളിലുളള
മരണവും തീരോധാനവും സമൂഹമാകെ ഞെട്ടലുകളും ചിന്താക്കുഴപ്പങ്ങളും
സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍
കൊണ്ടുവരുന്നതിനു പകരം നിയമക്കുരുക്കില്‍നിന്നും എങ്ങനെ
രക്ഷപ്പെടുത്താമെന്നാണ് ചുമതലപ്പെട്ടവര്‍ ചിന്തിക്കുന്നത്. ലോകത്തിലെ
ഏറ്റവും പരിഷ്‌കൃതരാജ്യമെന്ന് വിചാരിക്കുന്ന അമേരിക്കന്‍മണ്ണില്‍ നാം
കേട്ടുകൊണ്ടിരിക്കുന്ന, നമ്മുടെ മക്കള്‍ക്ക് സംഭവിച്ച ക്രൂരതകളുടെ
സംഭവപരമ്പരകള്‍ രാജ്യത്തിന് കളങ്കക്കുറികള്‍
ചാര്‍ത്തിക്കൊണ്ടിരിക്കുന്നതാണ്. ജീവന്റെ വില നിസാരമായി കരുതുന്ന
നിയമപാലകര്‍ കുറ്റവാളികളുടെ ക്രൂരകൃത്യങ്ങള്‍ക്കു ബലിയാടാവുന്നവരുടെ
വികാരങ്ങള്‍ക്ക് തെല്ലുവില പോലും കല്പ്പിക്കാതെ കേസിനെ മായിച്ചുകളയാനാണ്
ശ്രമിക്കുന്നത്.
സ്‌കൂളില്‍ പോയിട്ട് മടങ്ങി വരാത്ത യുവജീവിതങ്ങളുടെ
ജീവന്റെ കഥകള്‍ സമൂഹത്തിലും നിത്യസംഭവങ്ങളായി മാറി കഴിഞ്ഞു.
മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് അധികാരികള്‍ കേസിനെ ഇല്ലാതാക്കുകയും
.കുറ്റവാളികളെ മാന്യതയുടെ മൂടുപടം അണിയിച്ചു കൊണ്ട് സ്വതന്ത്രരായി അഴിച്ചു
വിടുകയും ചെയ്യും.
സമൂഹത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ
വീരാളന്മാരും യൂണിവേഴ്‌സിറ്റി അധികൃതരും ഹോസ്പിറ്റല്‍ ഭിഷ്വഗരന്മാരും
ഒന്നുപോലെ കുറ്റവാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചെന്നറിയുമ്പോള്‍ ആധുനിക
മാനവിക ചിന്തകള്‍ക്കുതന്നെ ഗ്രഹിക്കാന്‍ സാധിച്ചെന്നിരിക്കില്ല. ജീവന്‍
നഷ്ടപ്പെടുന്നവരുടെ സാഹചര്യങ്ങള്‍ പലപ്പോഴും അധികാരവര്‍ഗം പൊതുജനങ്ങളില്‍
നിന്ന് ഒളിച്ചുവെക്കുന്ന കഥകളാണ് നാം പത്രങ്ങളില്‍ അടുത്തയിട
വായിക്കുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രവീണ്‍
വര്‍ഗീസെന്ന കുട്ടിയുടെ മാതാപിതാക്കളുടെ ഹൃദയത്തുടിപ്പുകള്‍ സമൂഹം
അറിഞ്ഞില്ലെന്നു നടിക്കരുത്. ഇന്നും അവരുടെ കുടുംബം സത്യം തേടിയുള്ള
തീര്‍ത്ഥയാത്രയിലാണ്.
2014 ഫെബ്രുവരി മാസം പ്രവീണ്‍ വര്‍ഗീസ് എന്ന പത്തൊമ്പതുകാരന്‍ ഇല്ലിനോയി
സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ക്യാമ്പസിനു സമീപം ഒരു കൊടുംവനത്തില്‍
ഘോരരാത്രിയിലെ അതിശൈത്യത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടു. അവസാനത്തെ
മണിക്കൂറുകളില്‍ അവന് സംഭവിച്ചത് എന്തെന്നറിയാതെ അവനെ വളര്‍ത്തി
വലുതാക്കിയ മാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും തീവ്രമായ
അന്വേഷണത്തിലാണ്. പ്രാരംഭത്തില്‍ സംശയിച്ചതിനെക്കാളും അവന്റെ മരണത്തില്‍
മറ്റു പലതും അധികാരികള്‍ ഒളിച്ചു വെയ്ക്കുന്നുവെന്ന് അവനു ചുറ്റുമുള്ളവരും
സമൂഹമാകെയും ചിന്തിക്കുന്നു. മരിച്ചുകിടന്ന ആ രാത്രി അവന്‍ തണുപ്പിനെ
പ്രതിരോധിക്കാന്‍ ഡ്രസ്സുകള്‍ ധരിക്കാതെ മരവിച്ചു മരിച്ചുവെന്നാണ്
മരണവുമായി അന്വേഷണ ചുമതലയുള്ളവര്‍ അന്ന് വിധിയെഴുതിയത്. പിന്നീടുള്ള
ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം പറയാന്‍ തയ്യാറുമല്ല.
പ്രവീണിന്റെ കാട്ടിലെ മരണകാരണം ഇന്നും നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുകയാണ്.
വിജനമായ കാട്ടില്‍ ആറാം ദിവസം മരിച്ച ശരീരം കണ്ടതായി മാത്രം എല്ലാവര്‍ക്കും
അറിയാം. ആരോഗ്യവാനായ ആ ചെക്കന്‍ ദുരൂഹസാഹചര്യത്തില്‍ എങ്ങനെ
മരിച്ചുവെന്നറിയാന്‍ അവനെ ചുറ്റിയുള്ള ബന്ധുജനങ്ങളും കേഴുന്ന
മാതാപിതാക്കളും മലയാളിസമൂഹവും ഒത്തൊരുമിച്ച് സംഘടിതമായി
പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടിന്റെ കൂരിരിട്ടില്‍ വിറങ്ങലിക്കുന്ന
കൊടുംതണുപ്പത്ത് അവന്‍ മരിച്ചു കിടക്കുന്നതായി പോലീസ് കണ്ടെത്തി.
തണുപ്പിന്റെ അതികഠോരതയില്‍ മരിച്ചുവെന്ന് പോലീസ് വിധിയെഴുതി.
നഷ്ടപ്പെട്ടുപോയ മകനെയോര്‍ത്തു വിലപിക്കുന്ന അവന്റെ മാതാപിതാക്കളുടെ ദുഃഖം
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ട ആവശ്യവുമില്ല. അതിശൈത്യം അവനെ
കൊന്നുവെന്ന് വിധി പറഞ്ഞ് പോലീസ് അവരുടെ ജോലി തീര്‍ക്കുകയും ചെയ്തു.
നഷ്ടപ്പെട്ടത് അവനെ വലുതാക്കിയ മാതാപിതാക്കള്‍ക്കും സ്‌നേഹിക്കുന്ന
അവനോടൊപ്പം വളര്‍ന്ന കുഞ്ഞിപെങ്ങമാര്‍ക്കുമാണ്.നിര്‍ജീവമായ അവന്റെ ശരീരം
കണ്ട് കണ്ണുകള്‍ക്കുപോലും വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. സംഭവം
അത്ര ഭയാനകവും ഞെട്ടിക്കുന്നതുമായിരുന്നു. അവന്റെ മരണം എങ്ങനെയെന്ന്
ഇന്നും ആര്‍ക്കും ശരിയായി വിവരിക്കാന്‍ സാധിക്കുന്നില്ല. സര്‍ക്കാരും
പോസ്റ്റ് മാര്‍ട്ടവും പോലീസും ഒരുപോലെ അവനുളള നീതി നിക്ഷേധിച്ചു. പ്രവീണ്‍
കൊല്ലപ്പെട്ടെന്ന സത്യവുമായി പുറത്തുവന്ന രണ്ടാമത്തെ ഓട്ടോപ്‌സി
റിപ്പോര്‍ട്ടനുസരിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പോലീസും ഡോക്ടര്‍മാരും ഈ
കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരുപോലെ മെനക്കെട്ടുവെന്നു കണക്കാക്കണം.
നാളിതുവരെയായി കുറ്റവാളികളെ തേടുകയോ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുകയോ
ഉണ്ടായില്ല.
പ്രവീണ്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങിപോവുകയും മരിച്ച ശരീരം കണ്ട
സ്ഥലത്തിനു സമീപമായി ഇറങ്ങുകയും ചെയ്തുവെന്ന് കാറില്‍ ഒപ്പം യാത്ര ചെയ്ത
െ്രെഡവര്‍ രേഖപ്പെടുത്തി. അവന്‍ കാട്ടിനുള്ളില്‍ ഓടുന്നതിനു മുമ്പ് ഒപ്പം
സഞ്ചരിച്ച ഈ െ്രെഡവറുമായി വാക്കുതര്‍ക്കം ഉണ്ടായിയെന്നും അയാള്‍ പോലീസില്‍
മൊഴി നല്കിയിട്ടുണ്ട്. പ്രവീണ്‍ അന്ന് പാര്‍ട്ടിയില്‍
കുടിച്ചിരുന്നുവെന്ന് ആരംഭത്തില്‍ ആരോപണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം
കള്ളങ്ങളാണെന്നും പിന്നീട് തെളിഞ്ഞു.
ആദ്യത്തെ പോസ്റ്റ്മാര്‍ട്ട റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍ ഏറെ
നിറഞ്ഞിരുന്നതുകൊണ്ട് പ്രവീണിന്റെ മാതാപിതാക്കളുടെ ചെലവില്‍ രണ്ടാമതും
മരിച്ച ച്ഛിന്നമായ ശരീരത്തിന്റെ പരിശോധന നടത്തി. വീണ്ടും നടത്തിയ
ശവനിരീക്ഷണത്തില്‍ ആ പയ്യന് മരിക്കുന്നതിനുമുമ്പ് ബലപ്രയൊഗമൂലം മാരകമായ
മൂന്നു മുറിവുകള്‍ പറ്റിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
വലത്തെ കൈകളിലും അനേക മുറിവുകള്‍ ഉണ്ടായിരുന്നു. ആ രാത്രിയില്‍ നിസഹായനായ
അവന്‍ ജീവന്‍ രക്ഷിക്കാന്‍ വലത്തെ കൈകള്‍കൊണ്ട് പ്രതിരോധം നടത്തിയെന്നു
വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍. തലയ്ക്കടിച്ച പാടും ഉണ്ട്.
ഇന്നും പേര് വെളിപ്പെടുത്താത്ത ആരോ ആണ് പ്രവീണ്‍ വര്‍ഗീസിന് അന്നത്തെ
മടക്കയാത്രയില്‍ സവാരി കൊടുത്തത്. അജ്ഞാതനായ അയാളുടെ പേര് അധികൃതര്‍
വെളിപ്പെടുത്താതില്‍ പ്രവീണിന്റെ കുടുംബത്തിന് കടുത്ത അമര്‍ഷവുമുണ്ട്.
യാതൊരു പ്രേരണയും കൂടാതെ സംഭവിച്ചതെന്തെന്ന് സംഭവിച്ചതുപോലെ ആരോ സ്വയം
റിപ്പോര്‍ട്ട് ചെയ്‌തെന്നായിരുന്നു പോലീസ് അധികാരികള്‍ പറഞ്ഞത്. പ്രവീണ്‍
കാറില്‍നിന്ന് കാട്ടിലേക്ക് ഇറങ്ങി പോവുന്നതിനുമുമ്പ് െ്രെഡവറെ
ഉന്തിയെന്നും കാറിന് ഗ്യാസടിക്കാന്‍ പണം ചോദിച്ചതായിരുന്നു കാരണമെന്നും
അയാള്‍ പോലീസില്‍ മൊഴി നല്കി. ഇന്നും പോലീസ് അയാളെ സംശയിക്കുന്നില്ല.
ചോദ്യം ചെയ്തതല്ലാതെ നാളിതുവരെ അറസ്റ്റ് ചെയ്തില്ല. ഈ കേസിനെ
ഇല്ലാതാക്കാനുള്ള താല്പര്യമാണ് ആദ്യംമുതല്‍ ഉത്തരവാദിത്തപ്പെട്ടവരില്‍
നിന്നും കണ്ടു വന്നത്.
പ്രവീണിന്റെ മരണം ദുരഹ സാഹചര്യത്തിലെന്നു പകല്‍പോലെ വ്യക്തമായിട്ടും മരണം
അവന്റെ തന്നെ കുറ്റംകൊണ്ടെന്ന് നിയമപാലകര്‍ ഇന്നും വിട്ടു
വീഴ്ചയില്ലാതെയുള്ള തീരുമാനത്തില്‍ തന്നെ നില്ക്കുന്നു.
കൂടുതലായി അന്വേഷണം
നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടപ്പോഴെല്ലാം പോലീസ്
നിസഹകരിക്കുകയാണുണ്ടായത്. പ്രവീണിന്റെ മരണവുമായുള്ള തെളിവുകള്‍
തിരസ്‌ക്കരിച്ച് ആ കേസ് തള്ളി കളയുകയാണ് പോലീസ് ചെയ്തത്. അതുമൂലം
പ്രവീണിന്റെ മാതാപിതാക്കള്‍ നീതിക്കായി സ്വന്തം നിലയില്‍ തന്നെ, മകന്‍
കൊല്ലപ്പെട്ടതെന്ന അനുമാനത്തില്‍ തന്നെ ഇന്നും കിട്ടാവുന്ന വിവരങ്ങള്‍ തേടി
തീവ്രമായ അന്വേഷണത്തിലാണ്. പ്രവീണിന്റെ പോസ്റ്റ് മാര്‍ട്ടം
റിപ്പോര്‍ട്ടില്‍ അവന്‍ കുടിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ
ഉണ്ടായില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഈ നാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്ന
ബുദ്ധിമുട്ടുകള്‍ കുടിയേറ്റക്കാരായി ഇവിടെ വസിക്കുന്നവര്‍ക്കെല്ലാം അറിയാം.
അവര്‍ക്കുവേണ്ടി നാം അനുഭവിച്ച യാതനകള്‍ അവര്‍ണ്ണനീയമാണ്. ഓരോരുത്തരും
അവരവരുടെ കഴിവനുസരിച്ച് കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്കായി രാവും പകലും
അദ്ധ്വാനിച്ചിട്ടുണ്ട്.അവരുടെ കൈ വളരുന്നതും കാല്‍ വളരുന്നതും
പ്രത്യേകിച്ച് അമ്മമാര്‍ നോക്കി നില്ക്കും. ഒരു തറവാടിന്റെ മഹിമയിലും
മാന്യതയിലും അന്തസ്സായി തന്നെയാണ് പ്രവീണിനെ അവന്റെ മാതാപിതാകള്‍
വളര്‍ത്തിയത്. അവനും മാതാപിതാക്കളും തമ്മില്‍ ച
ങ്ങാതിമാരെപ്പോലെയായിരുന്നു.
മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം
നോക്കിനില്ക്കുന്ന മറ്റു കുടുംബങ്ങളിലും തീക്ഷ്ണതയുണ്ടാക്കുമായിരുന്നു.
എവിടെപ്പോയാലും മാതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചേ പോവൂ.
പ്രാര്‍ത്ഥിക്കാനും പള്ളിയില്‍ പോയാലും വിനോദ സഞ്ചാരത്തിനു പോയാലും
കുടുംബമൊന്നാകെ കൈകോര്‍ത്തു നടക്കുമായിരുന്നു. പ്രവീണിന്റെ അമ്മ
അവനുവേണ്ടിയുള്ള അനുശോചന പ്രസംഗത്തില്‍ പറഞ്ഞു, 'അവനെക്കൂടാതെ ഞങ്ങള്‍ ഒരു
സ്ഥലത്തും പോവില്ലായിരുന്നു. അവന്‍ ഈ വീടിന്റെ പ്രകാശമായിരുന്നു. ഞങ്ങളെ
ചിരിപ്പിക്കാന്‍ എന്ത് കൊപ്രായവും കാട്ടും. ഇനിമേല്‍ ഞങ്ങള്‍ക്ക്
ഓര്‍മ്മകളുമായി മുമ്പോട്ടു പോകുവാന്‍ അവന്റെ വളര്‍ച്ചയുടെതായ കാലഘട്ടവും
പത്തൊമ്പത് വയസുവരെയുള്ള ക്ഷണികങ്ങളായ ജീവിതവും മാത്രം മതി.'
സ്‌നേഹിച്ച ബന്ധുജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒരിക്കലുമൊരിക്കലും
മറക്കാനാവാത്ത ഓര്‍മ്മകളുമായി അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. സ്വന്തം
കാര്യം മറന്നുപോലും മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കുചേരാനും അവരെ
സഹായിക്കാനും അവനെന്നും മുമ്പിലുണ്ടായിരുന്നു. അതിനായി കരകള്‍തോറും
കൂട്ടുകാരുമൊത്തു കറങ്ങുമായിരുന്നു.
ആയിരക്കണക്കിന് ജനങ്ങള്‍ അവന്റെ
മൃതശരീരം ദര്‍ശിക്കാന്‍ തിങ്ങിക്കൂടിയ കാരണവും അതായിരുന്നു. വിധിയെ
മാനിച്ചേ തീരൂ. പൊന്നോമന മകന്റെ ഓര്‍മ്മകളുമായി അവന്റെ മരണം എങ്ങനെ
സംഭവിച്ചുവെന്നറിയാന്‍ പ്രവീണിന്റെ മാതാപിതാക്കള്‍ തീവ്രശ്രമത്തിലാണ്.
അവന്റെ മാതാപിതാകള്‍ക്ക് അവനില്ലാത്ത ഭവനം ശൂന്യതയിലെവിടെയോ ആഞ്ഞടിക്കുന്ന
കൊടും കാറ്റുപോലെയായിരുന്നു. തണുപ്പത്തു വിറങ്ങലിക്കുന്ന ക്രൂരഘോര വനത്തി
ലായിരുന്നു വിധി അവന്റെ മരണം നിശ്ചയിച്ചത്. സ്‌നേഹിക്കുന്ന
നിസഹായരായവര്‍ക്ക് അന്നത്തെ രാത്രിയിലെ അവന്റെ രോദനം ശ്രവിക്കാന്‍
സാധിച്ചില്ല.
കൗമാര പ്രായം തൊട്ട് അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ കുട്ടികളെ വളര്‍ത്തുക
പ്രയാസമുള്ള കാര്യമാണ്. സമ്മിശ്രമായ ഒരു സംസ്‌ക്കാരത്തില്‍ വളരുന്ന
കുട്ടികള്‍ തന്നെ വിവിധ സംസ്‌ക്കാരത്തില്‍ വളരുമ്പോള്‍ മാനസികമായ
പിരിമുറുക്കങ്ങള്‍ അവരില്‍ ഉണ്ടാവും. അവര്‍ വളര്‍ന്നുവെന്ന അവരുടെ തോന്നല്‍
ചിലപ്പോള്‍ മാതാപിതാക്കളെ ധിക്കരിച്ചു പ്രവര്‍ത്തിച്ചെന്നു വരാം.
അക്കാലയളവില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ നേരായ ജീവിതം നയിക്കാനും
നന്മതിന്മകളെപ്പറ്റി ഉപദേശിക്കാനുമേ സാധിക്കുകയുള്ളൂ. ലഹരി ഉപയോഗിക്കാന്‍
പ്രായമാകാത്ത ഒരു ചെറുക്കന്‍ എന്തിന് രാത്രിയില്‍ ക്ലബുകളില്‍ സമയം
ചിലവഴിച്ചുവെന്ന് പലരും ചോദിക്കുന്ന ചോദ്യമായിരിക്കാം. അവന്റെ
സമപ്രായക്കാരുടെ സ്വാധീനവും അതിന്റെ പിന്നില്‍ കാണാം. കൂട്ടുകാരൊത്തു
മേളിക്കാന്‍ പോയില്ലെങ്കില്‍ അവനു ലഭിക്കുന്നതും ഒറ്റപ്പെട്ട
ജീവിതമായിരിക്കാം.
മാതാപിതാക്കളുടെ സമ്മര്‍ദം ഒരു വശത്തും സമപ്രായക്കാരുടെ
സമ്മര്‍ദം മറു ഭാഗത്തും വരുമ്പോള്‍ അവന്റെ സാമൂഹിക ജീവതത്തെ
മാതാപിതാക്കളില്‍ നിന്ന് ഒളിച്ചു വെയ്‌ക്കേണ്ടി വരുന്നു. എന്തെല്ലാം
കാരണങ്ങളെങ്കിലും മക്കള്‍ കോളേജില്‍ ആയാല്‍ മാതാപിതാക്കള്‍ അവരുടെ സാമൂഹിക
ജീവിതത്തില്‍ ഇടപെടാന്‍ താല്പര്യപ്പെട്ടെന്നു വരില്ല.
പ്രവീണിനെ സംബന്ധിച്ച് അവന്റെ മാതാപിതാക്കള്‍ക്ക് നല്ല
മതിപ്പായിരുന്നുണ്ടായിരുന്നത്. എവിടെയായിരുന്നുവെങ്കിലും പ്രവീണ്‍ ദിവസവും
മാതാപിതാക്കളെ വിളിക്കുമായിരുന്നു. കൂടെക്കൂടെ വീട്ടില്‍ വന്ന്
മാതാപിതാക്കളും അവന്റെ പെങ്ങന്മാരുമൊത്ത് സമയം ചെലവഴിക്കുമായിരുന്നു.
കുടുംബവും കൂട്ടുകാരും ഒരുപോലെ ഒത്തൊരുമിച്ച ഒരു സാമൂഹിക ജീവിതമായിരുന്നു
പ്രവീണ്‍ തെരഞ്ഞെടുത്തത്. അവന്റെ അമ്മയുടെ അഭിപ്രായത്തില്‍ ഒരിക്കലും
വാക്കു തര്‍ക്കമോ തറുതലയോ പറയുന്ന സ്വഭാവം അവനുണ്ടായിരുന്നില്ല. ദ്വേഷ്യം
വന്നാല്‍ ആരോടും ഒന്നും മിണ്ടാതെ കതകടച്ച് നിശബ്ദനായി കിടന്ന ശേഷം വീണ്ടും
വന്ന് ഒന്നുമറിയാത്തപോലെ കളിചിരിയുമായി അന്നത്തെ ദിവസം
മേളയാക്കുമായിരുന്നുവെന്നും അവന്റെ അമ്മ പറയുന്നു.
പ്രവീണിനെ പരിചയമുള്ളവരെല്ലാം അവന്‍ സമൂഹത്തിലെ മാതൃകാപരമായ കുട്ടിയെന്ന്
ഒരേ സ്വരത്തില്‍ പറയും. എന്നും കുടുംബത്തിനെ അനുസരിച്ച്, കൂടപ്പിറപ്പുകളെ
സ്‌നേഹിച്ച് ഉത്തരവാദിത്തത്തോടെയുള്ള ജീവിതമായിരുന്നു അവന്‍
നയിച്ചിരുന്നത്. അവനെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളുടെ വലിയ ഒരു വലയംതന്നെ
എന്നും അവനു ചുറ്റുമുണ്ടായിരുന്നു. മതപരമായ കാര്യങ്ങളിലും ഭക്തിയിലും
അവനില്‍ പ്രത്യേക നിഷ്‌കര്‍ഷതയുമുണ്ടായിരുന്നു. പഠിക്കാന്‍
മിടുക്കനായിരുന്നതുകൊണ്ട് അദ്ധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നും
അവനില്‍ മതിപ്പുണ്ടായിരുന്നു. പള്ളിയിലെ മതപരമായ പ്രവര്‍ത്തനങ്ങളിലും
അവനില്‍ ഒരു നേതൃപാടവം ബാലനായിരുന്നപ്പോള്‍ തന്നെ തെളിഞ്ഞു നിന്നിരുന്നു.
ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയെന്നത് നമ്മുടെ ഭാവനയ്ക്കുപോലും ചിന്തിക്കാന്‍
സാധിക്കില്ല. കോളേജ് പഠനത്തില്‍ അപകടം പിടിച്ച പ്രായത്തില്‍ അവന്‍
കാണിക്കുന്ന വികൃതികളൊന്നും മാതാപിതാക്കള്‍ അറിഞ്ഞെന്നിരിക്കില്ല. ഒരുവന്‍
പ്രശ്‌നത്തിലായാല്‍ ചിലപ്പോള്‍ ആത്മാര്‍ത്ഥമായ കൂട്ടുകാര്‍ക്ക് അവനെ
സഹായിക്കാന്‍ സാധിക്കും. മറച്ചു വെച്ചിരിക്കുന്ന അവനിലെ അപകടം പിടിച്ച
രഹസ്യങ്ങളെ മാതാപിതാക്കളെ അറിയിക്കുക, അതാണ് സ്‌നേഹമുള്ള നല്ല ഒരു
കൂട്ടുകാരന്റെ കടമയും.
എങ്ങോട്ടും വഴുതി പോവാവുന്ന പ്രായം. ആ
കാലഘട്ടത്തില്‍ അവരോട് മാതാപിതാക്കള്‍ ശത്രുതാ മനോഭാവമല്ല
കാണിയ്‌ക്കേണ്ടത്. നല്ല സുഹൃത്തുക്കളായി സ്‌നേഹംകൊണ്ട് അവരെ കീഴടക്കണം.
ആണ്‍ മക്കളായ കുട്ടികളെങ്കില്‍ പിതാക്കന്മാര്‍ക്ക് മക്കളെ നേരായി തിരിച്ചു
വിടാന്‍ വലിയ കടപ്പാടുണ്ട്. അപ്പനും മകനും തമ്മില്‍ സുഹൃത്തുക്കളെങ്കില്‍
അതില്‍ കൂടുതല്‍ മറ്റൊരു ഭാഗ്യം ആ കുടുംബത്തിന് ലഭിക്കാനില്ല. തുറന്ന
ഹൃദയത്തോടെയുള്ള സംസാരം പിന്നീട് വലിയ വിപത്തുകള്‍ ഒഴിവാക്കാന്‍ സാധിക്കും.
പ്രവീണിന്റെ മാതാപിതാക്കള്‍ മകന്റെ മരണത്തിനു കാരണമായ കുറ്റവാളികളെ
നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ തീവ്രശ്രമത്തിലാണ്. അവരോടൊപ്പം അനേകം
സാമൂഹിക സംഘടനകളുമുണ്ട്. മലയാളി സമൂഹത്തിലെ കുട്ടികള്‍ക്ക് അടിക്കടി
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുന്നതും ഖേദകരമാണ്. നമ്മുടെ കുട്ടികളുടെ ജീവന്‍
അധികാരികള്‍ നിസാരമായും കരുതുന്ന മനോഭാവവുമാണ് നാം കണ്ടു വരുന്നത്. എല്ലാ
പൌരന്മാരെയും തുല്യമായി കരുതുന്ന ഒരു വ്യവസ്ഥിതിയുള്ള രാജ്യത്ത് നീതിയുടെ
കവാടം നമുക്കു വേണ്ടിയും തുറക്കപ്പെടണം. രാജ്യത്തിന്റെ പുരോഗതിയ്ക്കുവേണ്ടി
ഈ നാടിന്റെ മണ്ണില്‍ നമ്മുടെ സമൂഹവും വിയര്‍പ്പൊഴുക്കിയവരാണ്. ജീവന്റെ
സുരക്ഷക്കായി നികുതി കൊടുക്കുന്നവരാണ്. അവകാശങ്ങള്‍ അടങ്ങിയ
നിയമവ്യവസ്ഥകള്‍ തുല്യമായി പങ്കിടാന്‍ സമൂഹം ഉണര്‍ന്നേ മതിയാവൂ.
നിശബ്ദരായി നമ്മളിരുന്നാല്‍ ഇന്നൊരു പ്രവീണിന്റെ സ്ഥാനത്തു നാളെ നമ്മുടെ
നൂറു മക്കള്‍ക്കായിരിക്കും നീതി നിഷേധിക്കപ്പെടുന്നത്. നമ്മുടെ കാതുകളില്‍
ഇന്ന് കേള്‍ക്കുന്നത് തകര്‍ന്ന ഒരു കുടുംബത്തിന്റെ കണ്ണുനീരിന്റെ കഥയാണ്.
അവരുടെ ദുഃഖം സമൂഹമാകെ കരയിപ്പിക്കുന്നുമുണ്ട്.
പ്രവീണിന്റെ മരണത്തില്‍ ഉത്തരം കിട്ടാത്ത അനേക ചോദ്യങ്ങള്‍
അവശേഷിക്കുന്നുണ്ട്. അതിനു കാരണം ഉത്തരവാദിത്തപ്പെട്ടവരുടെ
കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഉദാസീനതയാണ്. നീതി അവനു
ലഭിച്ചിട്ടില്ല. നീതി നിഷേധിച്ച അവന്റെ മാതാപിതാക്കള്‍ സത്യം അറിയാന്‍
ഏതറ്റവും വരെ പോകാന്‍ തയ്യാറായി നില്പ്പുണ്ട്. പരസ്പര വിരുദ്ധങ്ങളായ
കഥകള്‍കൊണ്ട് പ്രവീണിന്റെ മാതാപിതാക്കളെ വീണ്ടും പ്രശ്‌നങ്ങളിലേക്ക്
തള്ളിവിടുന്ന മനോഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സമൂഹത്തിന് ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. നാളെ എന്റെയും
നിങ്ങളുടെയും മക്കളും കുഞ്ഞുമക്കളുമാണ് ഇത്തരം ദുരന്തങ്ങളില്‍
അടിമപ്പെടാന്‍ പോകുന്നത്. നാം പരാജയപ്പെട്ടാല്‍ മോഹന പ്രതീക്ഷകളുമായി
വന്നെത്തിയ നമ്മുടെ ഈ വാഗ്ദാന ഭൂമിയിലെ നീതിയുടെ പരാജയമായിരിക്കും. നമ്മുടെ
കുഞ്ഞുങ്ങള്‍ക്ക് ഈ രാജ്യത്തില്‍ ജനിച്ചു വളര്‍ന്ന മറ്റുള്ള സമൂഹങ്ങളിലെ
കുഞ്ഞുങ്ങളെപ്പോലെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കണം. പ്രവീണിനെ
നഷ്ടപ്പെട്ടത് അവന്റെ മാതാപിതാക്കള്‍ക്കാണ്.
നീതി കിട്ടാതെ അവന്റെ ആത്മാവ്
ഇന്നും ദുരൂഹതയില്‍ തത്തി കളിക്കുന്നു. അവന്‍ അന്ത്യവിശ്രമം കൊള്ളുന്ന
ശവക്കല്ലറയിങ്കല്‍ സമാധാനമായി പ്രാര്‍ഥിക്കാന്‍ നീതിയുടെ ത്രാസ് തിരിച്ചു
വിടുന്നവരെ സമൂഹവും വിശ്രമിക്കാന്‍ പാടില്ല. അവന്റെ മാതാപിതാക്കളുടെ
ഉറങ്ങാത്ത രാത്രികളെ ഇല്ലാതാക്കി ശാന്തതയും കൈവരിക്കണം. ഇതൊരു മാനുഷിക
പ്രശ്‌നമാണെന്നും ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യമാക്കുകയും വേണം.
സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ ചിന്തകളില്‍ അടിസ്ഥാനമായ ഒരു
രാജ്യത്തു തന്നെയാണ് നാമും ജീവിക്കുന്നത്. ഈ രാജ്യത്തിലെ സ്വതന്ത്ര
മണ്ണില്‍ ജീവിക്കുന്ന നമുക്കും വിശ്വോത്തരമായ ഈ തത്വങ്ങളുടെ പങ്കു പറ്റണം.
അമേരിക്കായെന്ന സ്വപ്നഭൂമിയില്‍ ജീവിക്കുന്നവരായ നാം ഓരോരുത്തരും
ഭാഗ്യവാന്മാരായിട്ടാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ നിയമവും നിയമ
വ്യവസ്ഥിതികളും ഏതാനും വ്യവസ്ഥാപിത താല്പര്യക്കാരുടെ കൈകളിലമരാന്‍ നാം
അനുവദിക്കരുത്. അതിനായി പൊരുതുകയെന്നത് ദേശസ്‌നേഹമുള്ള ഓരോരുത്തരുടെയും
കടമയാണ്. കൊടുംകാട്ടില്‍ തണുപ്പിന്റെ കാഠിന്യത്തില്‍ തലയ്ക്കടി കിട്ടി
ദുരൂഹ സാഹചര്യത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട പ്രവീണിന് നീതി
ലഭിച്ചിട്ടില്ല. ഇതിനെതിരായി നമ്മുടെ സമൂഹം ഉണര്‍ന്നില്ലെങ്കില്‍ നാളെ
നമ്മുടെ കുഞ്ഞുങ്ങള്‍ ക്ഷമിച്ചെന്നിരിക്കില്ല. പ്രവീണിന്റെ മരണത്തിന്
കാരണമായവരെ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന
ശിക്ഷകള്‍ വിധി ന്യായാധിപനില്‍ നിന്നും കല്പ്പിക്കാതെ നാം
ശാന്തരായിരിക്കാന്‍ പാടില്ല. നിയമത്തിന്റെ പാളീച്ചകള്‍ അവസാനിപ്പിച്ച്
നീതിയുടെ വിധിന്യായങ്ങള്‍ സമൂഹത്തിന് മൊത്തമായി നല്കുന്നതായിരിക്കണം.
രാജ്യത്തിന്റെ പൌരന്മാരെന്ന നിലയില്‍ അഭിമാനത്തോടെ തന്നെ നമുക്കും നമ്മുടെ
മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഈ നാട്ടില്‍ ജീവിക്കാനുള്ള
സാഹചര്യമുണ്ടാക്കണം.
മകന്റെ വേര്‍പാടില്‍ ഉറങ്ങാത്ത ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ, നിയമം
നിഷേധിച്ച പ്രവീണിന്റെ മാതാപിതാക്കള്‍ക്കുണ്ടായ അനുഭവം മറ്റൊരു
കുടുംബത്തിന് ഇനിമേല്‍ ഉണ്ടാവാന്‍ പാടില്ല. കാണാതായ ഒരു കുട്ടിയെ
കഴിവിനടിസ്ഥാനമായി അന്വേഷിക്കുന്ന സംവിധാനവും മെച്ചമാക്കണം. രാജ്യത്തിന്റെ
നിയമങ്ങളെ നാം മാനിക്കുന്നു. പക്ഷെ നിയമങ്ങള്‍ സമൂഹത്തിന്റെ നന്മക്കായി
ഒരുപോലെ പ്രയോജനപ്പെടണം. നിയമങ്ങള്‍ ഓരോ പൌരന്റെയും സുരക്ഷിതത്വം
ഉറപ്പാക്കണം. പ്രവീണിന്റെ കാര്യത്തില്‍ അവനു ലഭിക്കേണ്ട നീതി
പരാജയപ്പെട്ടിരിക്കുന്നു.
മൂകമായ ശ്മശാനത്തില്‍ അന്തിയുറങ്ങുന്ന തങ്ങളുടെ
പൊന്നോമന മകന്റെ ശവ കുടീരത്തില്‍ സമാധാനത്തോടെ പ്രാര്‍ത്ഥിക്കാന്‍ അവന്റെ
മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. അവന്റെ നഷ്ടം സമൂഹത്തിന്റെ നഷ്ടമായി കണ്ട്
എഴുതപ്പെട്ട നിയമത്തിലെ നീതിയില്‍ നാളെ മറ്റൊരുവന്റെ തകര്‍ന്ന
കുടുംബത്തെങ്കിലും സമാധാനം കണ്ടെത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
തങ്ങളുടെ മകന് എന്തു സംഭവിച്ചെന്ന് ഈ കുടുംബത്തിനറിഞ്ഞാല്‍ മതി. ഇനിയും
രഹസ്യങ്ങളില്‍ പൊതിഞ്ഞിരിക്കുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം
കണ്ടെത്തിയാല്‍ മതി. സമാധാനം കണ്ടെത്താന്‍ മറ്റൊന്നും ഈ കുടുംബം
ആവശ്യപ്പെടുന്നില്ല.