Image

യുഎസ്‌ എയ്‌ഡ്‌ പ്രവര്‍ത്തകന്‍ അല്‍ക്വയ്‌ദയുടെ പിടിയില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 02 December, 2011
യുഎസ്‌ എയ്‌ഡ്‌ പ്രവര്‍ത്തകന്‍ അല്‍ക്വയ്‌ദയുടെ പിടിയില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: രാജ്യാന്തര വികസനത്തിനായുള്ള യുഎസ്‌ ഏജന്‍സിയായ യുഎസ്‌ എയ്‌ഡിന്റെ പ്രവര്‍ത്തകന്‍ അല്‍ക്വയ്‌ദയുടെ പിടിയില്‍. അല്‍ക്വയ്‌ദ നേതാവ്‌ അയ്‌മന്‍ അല്‍ സവാഹിരിയാണ്‌ ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്‌. ഓഗസ്‌റ്റില്‍ പാക്കിസ്‌ഥാനില്‍ വച്ചാണ്‌ യുഎസ്‌എയ്‌ഡ്‌ പ്രവര്‍ത്തകനായ വാരന്‍ വെയ്‌ന്‍സ്‌റ്റീനെ പിടികൂടിയതെന്നും അന്നു മുതല്‍ ഇയാളെ അല്‍ക്വയ്‌ദ ബന്ദിയാക്കിയിരിക്കുകയാണെന്നും സവാഹിരി പറഞ്ഞു. അഫ്‌ഗാനിസ്‌ഥാന്‍, പാക്കിസ്‌ഥാന്‍, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസിന്റെ വ്യോമാക്രമണങ്ങള്‍ നിയന്ത്രിച്ചാല്‍ മാത്രമേ വെയ്‌ന്‍സ്‌റ്റീനെ മോചിപ്പിക്കുകയുള്ളു എന്നാണ്‌ അല്‍ക്വയ്‌ദയുടെ നിലപാട്‌. അതിനു പുറമെ കൊല്ലപ്പെട്ട അല്‍ക്വയ്‌ദ തലവന്‍ ഉസാമ ബിന്‍ലാദന്റെ ബന്ധുക്കളെയും വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണ കേസിലെ പ്രതികളെയും യുഎസ്‌ മോചിപ്പിക്കണമെന്നും അല്‍ക്വയ്‌ദ ആവശ്യപ്പെട്ടിട്ടുണ്‌ട്‌.

നാറ്റോ ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണെന്ന്‌ യുഎസ്‌; ഉടന്‍ മാപ്പു പറയില്ല

വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനിലെ സൈനിക ചെക്‌ പോസ്റ്റില്‍ നാറ്റോ സൈന്യം നടത്തിയ ആക്രമണത്തെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന്‌ യുഎസ്‌. അന്വേഷണം അതിന്റെ ആരംഭഘട്ടത്തിലാണെന്നും പെട്ടന്ന്‌ ഇക്കാര്യത്തില്‍ മാപ്പുപറയാനാകില്ലെന്നും വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജെ കാര്‍ണി പറഞ്ഞു.

സംഭവത്തില്‍ യുഎസ്‌ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്‌ടെന്നും എന്നാല്‍ സമാനമായ ആക്രമണം ഭാവിയില്‍ ഉണ്‌ടാകുമോയെന്ന്‌ മുന്‍കൂട്ടി പറയാന്‍ തയാറല്ലെന്നും ജെ കാര്‍ണി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ യുഎസ്‌ നടപടിക്കെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പാക്‌ മേഖലയിലെ യുഎസ്‌ നിയന്ത്രണത്തിലുളള ഷംസി വിമാനത്താവളം ഒഴിഞ്ഞുതരണമെന്നും പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചിരുന്നു.

വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ ഇന്ത്യ ഒന്നാമത്‌

വാഷിംഗ്‌ടണ്‍: തൊഴിലാളികളുടെ ശമ്പളമായും കയറ്റുമതിവരുമാനമായും വിദേശത്തുനിന്നുള്ള പണം ഈ വര്‍ഷം ഏറ്റവുമധികം എത്തിച്ചേരുന്നത്‌ ഇന്ത്യയിലെന്ന്‌ ലോകബാങ്ക്‌ റിപ്പോര്‍ട്ട്‌. 2011ല്‍ വികസ്വരരാജ്യങ്ങളിലേക്ക്‌ ഒഴുകുന്ന 35,100 കോടി അമേരിക്കന്‍ ഡോളറില്‍ 5,800 കോടി ഡോളറാണ്‌ ഇന്ത്യയിലെത്തുക. 5,700 കോടി ഡോളറുമായി ചൈന രണ്‌ടാം സ്ഥാനത്തും 2,400 കോടി ഡോളറുമായി മെക്‌സിക്കോ മൂന്നാം സ്ഥാനത്തുമാണ്‌.

പാക്കിസ്ഥാന്‍, നൈജീരിയ, വിയറ്റ്‌നാം, ഈജിപ്‌ത്‌, ലെബനന്‍ എന്നീ രാജ്യങ്ങളും വിദേശത്തുനിന്ന്‌ പണമെത്തുന്നതില്‍ മുന്നിലാണ്‌. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കുടിയേറ്റത്തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ക്ക്‌ സാമ്പത്തികമാന്ദ്യം തിരിച്ചടിയുണ്‌ടാക്കുമെങ്കിലും ആഗോളതലത്തില്‍ വിദേശത്തുനിന്നുള്ള പണമൊഴുക്ക്‌ ഈ നിലയില്‍ തുടരുമെന്നും അത്‌ 2014ല്‍ 51,500 കോടി ഡോളറിലെത്തുമെന്നുമാണ്‌ പ്രതീക്ഷ. എണ്ണവിലയിലെ വന്‍വര്‍ധന വിദേശ പണത്തില്‍ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ വന്‍നേട്ടമുണ്‌ടാക്കും. അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കറന്‍സിമൂല്യം ഇടിഞ്ഞ ഇന്ത്യ, മെക്‌സിക്കോ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലേക്ക്‌ സാധന, സേവനങ്ങളുടെ വിലയായി കൂടുതല്‍ തുകയെത്തും.

അതേസമയം, അമേരിക്കയിലെ സാമ്പത്തികമാന്ദ്യം ലാറ്റിനമേരിക്കയിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്കിനെ വിപരീതമായി ബാധിച്ചിട്ടുണ്‌ട്‌. 'അറബ്‌ വസന്തം' മധ്യേഷ്യയെയും ഉത്തരാഫ്രിക്കയെയും ബാധിച്ചിട്ടുണ്‌ട്‌. വരുംവര്‍ഷങ്ങളിലും വിദേശത്തുനിന്നുള്ള പണമൊഴുക്കില്‍ വര്‍ധനയുണ്‌ടാവുമെന്നാണ്‌ വിലയിരുത്തല്‍.

യുട്യൂബ്‌ മുഖം മിനുക്കി

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റായ യൂട്യൂബ്‌ മുഖം മിനുക്കി. ഉപയോക്താക്കള്‍ക്ക്‌ തങ്ങളുടെ പ്രിയപ്പെട്ട വീഡിയോ തെരഞ്ഞുകണ്‌ടെത്താനും അവ കാണാനും കൂടുതല്‍ സൗകര്യമൊരുക്കിയാണ്‌ യുട്യൂബ്‌ മുഖം മിനുക്കിയിരിക്കുന്നത്‌. ടെലിവിഷനില്‍ വീഡിയോ കാണുന്നതുപോലെ വ്യക്തതയോടെ ഉപയോക്താക്കള്‍ക്ക്‌ വീഡിയോ കാണാന്‍ സൗകര്യമൊരുക്കുന്നതാണ്‌ യുട്യൂബിന്റെ പുതിയ പരീക്ഷണം. ഇതുവഴി പരസ്യങ്ങളും നല്‍കാന്‍ കഴിയുമെന്നാണ്‌ യുട്യൂബ്‌ ഉടമകളായ ഗൂഗിളിന്റെ പ്രതീക്ഷ.

പഴയ വെളുത്ത പശ്ചാത്തലത്തിന്‌ പകരം ഇനിമുതല്‍ ചാരനിറത്തിലുള്ള പശ്ചാത്തലമായിരിക്കും യുട്യൂബിനുണ്‌ടാവുക. അഞ്ചുവര്‍ഷം മുമ്പ്‌ ഗൂഗിള്‍ ഏറ്റെടുത്തശേഷം യുട്യൂബില്‍ നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കരണങ്ങളാണ്‌ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്‌. നിലവില്‍ ഏതെങ്കിലും വീഡിയോ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ സമാനതയുള്ള വീഡിയോകളുടെ ശേഖരം വലതുവശത്ത്‌ ഒരു കോളത്തില്‍ ദൃശ്യമാകാറുണ്‌ട്‌. ഇത്‌ ഇനിമുതല്‍ മൂന്ന്‌ കോളത്തില്‍ ഉപയോക്താക്കള്‍ക്ക്‌ ഇത്‌ കാണാനാകും. ഇടതുവശത്ത്‌ നല്‍കിയിരിക്കുന്ന കോളത്തിലുള്ള ഫേവറൈറ്റ്‌ ചാനലില്‍ ഉപയോക്താവിന്‌ തന്റെ സുഹൃത്തുക്കള്‍ ഫേസ്‌ബുക്കില്‍ ഉള്‍പ്പെടെ അപ്‌ലോഡ്‌ ചെയ്യുന്ന പുതിയ വീഡിയോകളും കാണാനാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക