Image

" നന്മയുടെ പൂക്കള്‍ " (പി.റ്റി. പൗലോസ്)

പി.റ്റി. പൗലോസ് Published on 05 September, 2014
 " നന്മയുടെ പൂക്കള്‍ " (പി.റ്റി. പൗലോസ്)
ഞാനെവിടെയോ വായിച്ചതോര്‍ക്കുന്നു. “ഇന്നലെയുടെ ഓര്‍മ്മകള്‍” ഇന്നിന്റെ ഉത്സവവും പ്രത്യാശയുടെ പ്രകാശഗോപുരങ്ങളിലേക്കുള്ള വഴിവിളക്കുമാണ് എന്ന്. ശരിയാണ്, ഓണം ഇന്നലെകളുടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിളക്കമാര്‍ന്ന ഓര്‍മ്മകളാണ്. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഒരോണം കൂടി വരവായി. നാടും നഗരവും ഉത്സവലഹരിയില്‍.

എന്റെ ഓര്‍മ്മയിലെ ഓണത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. അമ്മ ചുറ്റിയുടുപ്പിച്ച മഞ്ഞകുറിമുണ്ടില്‍ ഓണമുണ്ടായിരുന്നു. കുഞ്ഞു പെങ്ങളെ ഊഞ്ഞാലില്‍ നിന്ന് തള്ളിയിട്ടോടിയപ്പോള്‍ ഞാന്‍ കേട്ട അവളുടെ കള്ളക്കരച്ചിലില്‍ ഓണമുണ്ടായിരുന്നു. അടുപ്പില്‍ തിളക്കുന്ന അടപ്രഥമനും, എരിശ്ശേരിക്ക് വറക്കുന്ന തേങ്ങക്കും, ഓണത്തിന്റെ ഗന്ധമുണ്ടായിരുന്നു. തെക്കേതൊടിയിലെ കോട്ട മാവിന്റെ കൊമ്പത്തിരുന്ന് പാടിയ പൂങ്കുയിലിന്റെ പാട്ടിന് ഓണത്തിന്റെ ഈണമുണ്ടായിരുന്നു. വയലോരങ്ങളില്‍ വിടരുന്ന  കൈതപ്പൂക്കള്‍ക്ക് കാല്‍പനികതയുടെ സൗന്ദര്യമുണ്ടായിരുന്നു. കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ “അപ്പന്‍ കൊമ്പത്തും അമ്മ വരമ്പത്തും” . വീട്ടുമുറ്റങ്ങളില്‍ പൂവിളികളും പൂക്കളങ്ങളും ഓണനിലാവും കുളിര്‍കാറ്റും മലയാളിമങ്കമാരുടെ മനസ്സറിഞ്ഞു. അവര്‍ കൈകൊട്ടിപ്പാടിയ ഓണപ്പാട്ടിന്റെ ശീലുകള്‍ മലയാളിയുടെ ദേശീയ ഐക്യത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി. അത് കാലത്തിന്റെ സംഭാവനയായി.

കാലം കാലങ്ങള്‍ക്ക് വഴിമാറി. മനസ്സിലാണ്ടുകിടന്ന വര്‍ഗ്ഗീയതയുടെ വിത്തുകള്‍ മുളപൊട്ടി വിഷമുള്ളുകാളായി വളരാന്‍ തുടങ്ങി. മൂല്യങ്ങള്‍ ചോര്‍ന്ന പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങലായി മനുഷ്യമനസ്സിലൂടെ ഇഴയാന്‍ തുടങ്ങി. അതോടെ ഓണം നായരുടെ ആയി, ഈഴവന്റെ ആയി, കൃസ്ത്യാനിയുടെയായി, മുസ്ലീമിന്റെയായി. ഈശ്വരന്‍ എന്ന മഹത്തായ സങ്കല്പത്തെ മതങ്ങല്‍ അവരുടെ സ്വന്തമാക്കി. ഈശ്വരനെപ്പറ്റി ഉരിയാടാത്ത ഒരു മതം സ്ഥാപിച്ചതിന്റെ പേരില്‍ ബുദ്ധനെ ഈശ്വരനാക്കി ശിക്ഷിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. എന്ന് മനുഷ്യനുവേണ്ടി വാദിച്ച ശ്രീനാരാണയഗുരുവിനെ ദൈവമാക്കി ശിക്ഷിച്ചു. 

തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന മനുഷ്യസ്‌നേഹത്തിന്റെ മഹാമന്ത്രം ലോകത്തിന് നല്‍കിയ യേശുവിനെ യേശുദേവനാക്കി ശിക്ഷിച്ചു. ശിക്ഷയേറ്റ ദേവന്മാര്‍ ഇവിടെ അനവധിയാണ്. അവരുടെ ഓര്‍മ്മയുടെ പിന്‍ബലത്തില്‍ മനുഷ്യനിവിടെ വാളെടുത്ത് പരസ്പരം വെട്ടി മരിക്കുകയാണ്. അഹിംസയുടെ വക്താക്കള്‍ വര്‍ഗ്ഗീയകലാപത്തിന്റെ മാലപ്പടക്കത്തിന് തീ കൊളുത്തുന്നു. ആരാധനാലയങ്ങല്‍ ആയുധപ്പുരകളാകുന്നു. ബലിയര്‍പ്പിക്കുന്ന പുരോഹിതന്റെ അടിവസ്ത്രത്തിനുള്ളില്‍ ആയുധങ്ങല്‍ ഒളിപ്പിക്കുന്നു. മരിച്ച മനുഷ്യന്റെ ജഡവുമായി നീങ്ങുന്ന ശവമഞ്ചത്തിന് നേരെ സെമിത്തേരിയുടെ ഗേറ്റുകള്‍ അടയുന്നു. മരിച്ച മനുഷ്യന്റെ ജഡത്തോട് ആദരവ് കാണിക്കാത്ത മതത്തിലെ ആത്മീയതയെവിടെ ? 

ധാര്‍മ്മികമൂല്യങ്ങള്‍ വെന്തെരിയുന്ന ഈ വര്‍ത്തമാനകാലത്ത് , മുഴുവന്‍ ഹൃദയവിശുദ്ധിയോടെ നമുക്ക് ഒരു ആത്മപരിശോധന നടത്താം. ഒരു നല്ല കൃസ്ത്യാനിയാകാന്‍, ഒരു നല്ല ഹിന്ദുവാകാന്‍, ഒരു നല്ല മുസ്ലീമാകാന്‍. സര്‍വ്വോപരി ഒരു നല്ല മനുഷ്യനാകാന്‍. അരുതായ്മകളെ അകറ്റി നിര്‍ത്തി, സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. നമുക്കാവശ്യം. സ്‌നേഹത്തിലധിഷ്ഠിതമായ കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ പുതിയ ഭൂമിയില്‍, നമുക്ക് നന്മകളുടെ പൂക്കളമിടാം.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ –- ഹൃദയപൂര്‍വ്വം !

 " നന്മയുടെ പൂക്കള്‍ " (പി.റ്റി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക