Image

പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 11 September, 2014
പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)
നാവിക കമാണ്ടര്‍ അഭിലാഷ് ടോമി ഒരു പായ് വഞ്ചിയില്‍ ഏകനായി ഭൂഗോളത്തെ ചുറ്റിക്കറങ്ങിയത് ഭാരതചരിത്രത്തിന്റെ താളുകളില്‍ പുതിയതായ ഒരു അദ്ധ്യായം കുറിച്ചുകൊണ്ടായിരുന്നു. ഭൂഗോളത്തെ ചുറ്റുന്ന ആദ്യത്തെ ഇന്ത്യന്‍, രണ്ടാമത്തെ ഏഷ്യന്‍, എഴുപത്തിയൊമ്പതാമത്തെ ലോകസഞ്ചാരി എന്നീ അതുല്യ നേട്ടങ്ങള്‍ കൈവരിച്ചു. നാവിക വണ്ടി നിറുത്താതെ സമുദ്രത്തില്‍ക്കൂടെ വിശ്രമമില്ലാതെ യാത്ര ചെയ്തതും സാഹസികനായ അഭിലാഷിന്റെ നേട്ടമായിരുന്നു. ചരിത്രത്തില്‍ ആറായിരം പേര്‍ എവറസ്റ്റ്‌റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്. അറുന്നൂറു പേര്‍ ബാഹ്യാകാശ യാത്രികരുമായി അറിയപ്പെടുന്നു. എന്നാല്‍ കരകാണാകടല്‍ കീഴടക്കിയവര്‍ ലോകപുസ്തകത്തില്‍ എഴുപത്തിയൊമ്പതു പേര്‍ മാത്രമേയുള്ളൂ. മനുഷ്യചരിത്രത്തില്‍ തന്നെ അഭിലാഷിന്റെ ഏകനായ നാവികസഞ്ചാരം ഒരു വിസ്മയമായിരുന്നു. അനേക തുറകളില്‍ കഴിവുകള്‍ നിറഞ്ഞ ഒരു പ്രതിഭയാണദ്ദേഹം. വായനാശീലം ചെറുപ്പകാലം മുതല്‍ സ്വയം പരിപോഷിപ്പിച്ചിരുന്നു. കൂടാതെ ഫോട്ടോ ഗ്രാഫിയിലും കൈനോട്ടത്തിലും നൈപുണ്യം നേടിയിട്ടുണ്ട്. 'അഭിലാഷ് ടോമി' വിമാനമോടിക്കുന്ന ഒരു പൈലറ്റുകൂടിയാണ്.

ആലപ്പുഴ ജില്ലയില്‍ ചേന്നങ്കരിയില്‍ കാലാക്കല്‍ വല്ല്യാറ വീട്ടില്‍ വി.സി. ടോമിയുടെയും നെടുങ്കുന്നം പുത്തന്‍പറമ്പില്‍ അന്നമ്മ (വത്സമ്മ) യുടെയും മകനാണ് അഭിലാഷ് ടോമി. പച്ചവിരിച്ച കുട്ടനാടന്‍ നെല്പ്പാടത്തും കായലോരത്തുമായി അദ്ദേഹത്തിന്റെ പൂര്‍വിക തലമുറകള്‍ വസിച്ചിരുന്നു..സാഗര്‍ പരികര്‍മ്മ ഹഹ (രണ്ട്) എന്നു പേരിട്ട നാവികപദ്ധതി പ്രകാരം അലറുന്ന കടലുകളെ കീഴടക്കി നാലു ലക്ഷത്തോളം കിലോ മീറ്റര്‍ താണ്ടി 150 ദിവസം യാത്ര ചെയ്ത് അഭിലാഷ് തന്റെ ദൌത്യം പൂര്‍ത്തിയാക്കിക്കൊണ്ട് മുംബയില്‍ മടങ്ങി വന്നത് ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തമായിരുന്നു.

ചെറുപ്പം മുതലേ വിവിധ മേഖലകളില്‍ അസാധാരണമായ ബുദ്ധി സാമര്‍ദ്ധ്യവും നൈപുണ്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍ തലങ്ങള്‍ മുതല്‍ പഠിക്കാനും മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നേവി ഉദ്യോഗസ്തനായിരുന്നതു കൊണ്ട് സ്വാഭാവികമായും വെള്ളവും സമുദ്രവുമായ ഒരു ജീവിതത്തില്‍ മനസ് അലിഞ്ഞു ചേര്‍ന്നിരുന്നു. കൂടാതെ തലമുറകളായി പൂര്‍വിക പിതാക്കന്മാര്‍ കുട്ടനാട്ടിലെ വെള്ളവും കായലുമായി ജീവിച്ചിരുന്ന കര്‍ഷക കുടുംബങ്ങളായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മെഡിക്കല്‍ എഞ്ചി നീയറിംഗ് വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ പ്രവേശന പരീക്ഷകള്‍ പാസായെങ്കിലും അദ്ദേഹം അതൊന്നും സ്വീകരിക്കാതെ നേവിയില്‍ ചേരുകയാണുണ്ടായത്. കുടുംബക്കാരും സുഹൃത്തുക്കളും ഒന്നുപോലെ അഭിലാഷിന്റെ ഈ തീരുമാനത്തെ നിരുത്സാപ്പെടുത്തിയെങ്കിലും അദ്ദേഹം വെള്ളവുമായി മനസിനിണങ്ങിയ തൊഴില്‍ സ്വീകരിക്കുകയാണുണ്ടായത്. സ്വന്തം ജീവിതം കരുപിടിപ്പിക്കാനുള്ള എളുപ്പവഴികള്‍ മുമ്പില്‍ തെളിഞ്ഞിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വെച്ച് ജീവിതത്തെ ഒരു വെല്ലുവിളിയോടെ നേരിട്ട് കഠിനമായ ഒരു തൊഴില്‍ സ്വീകരിക്കുകയാണുണ്ടായത്.

ഇതിനുമുമ്പും അഭിലാഷ് കേപ് ടൌണില്‍നിന്ന് ഗോവയിലേക്ക് പായ് വഞ്ചിയില്‍ യാത്ര നടത്തിയിട്ടുണ്ട്. റിയോഡി ജനിറോയില്‍ നിന്ന് കേപ് ടൗണിലെക്കായിരുന്നു മറ്റൊരു സമുദ്രയാത്ര. കടലിനെ ഭയപ്പെടുന്ന ഭൂരിപക്ഷത്തിനു മുമ്പില്‍ വേറിട്ട മനുഷ്യനായി പുത്തനായ ഒരു സന്ദേശം നല്‍കിക്കൊണ്ട് അദ്ദേഹം ലോകത്തിന് മാതൃക കാണിച്ചുകൊടുത്തു. പായ് വഞ്ചിയില്‍ ലോകം മുഴുവന്‍ കറങ്ങിയ അഭിലാഷിനെ ഭാരതം കീര്‍ത്തിമുദ്ര നല്കി ബഹുമാനിച്ചു. ഇത് രാഷ്ട്രത്തിന്റെ സമാധാനത്തിനായുള്ള രണ്ടാമത്തെ വലിയ ബഹുമതിയാണ്. 2013 ആഗസ്റ്റ് പതിനഞ്ചാം തിയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിഡന്റില്‍നിന്നും ഈ മുദ്ര അഭിലാഷ് നേരിട്ടു വാങ്ങി. തീരം തൊടാതെ ലോകം ചുറ്റിയ മലയാളി നാവികനായ അഭിലാഷിനു ദക്ഷിണനാവിക സേനയുടെ സല്യൂട്ടോടു കൂടിയ ആദരണവും ലഭിച്ചിരുന്നു.

ദുര്‍ഘടവും അപായപ്പെടുത്തുന്നതുമായ ഒരു പായ് വഞ്ചി യാത്രയായിരുന്നു അഭിലാഷ് പൂര്‍ത്തിയാക്കിയത്. തിരമാലകള്‍ ചിലപ്പോള്‍ ഏഴു നിലകളുള്ള കെട്ടിടത്തിനെക്കാളും ഉയരത്തില്‍ ആഞ്ഞടിച്ചു പൊങ്ങുമായിരുന്നു. അഭിലാഷങ്ങള്‍ ആകാശത്തോളമുണ്ടായിരുന്ന അദ്ദേഹത്തിന് വെറും പായ് വഞ്ചിയില്‍ ലോകം ചുറ്റി കറങ്ങാന്‍ ഭാഗ്യമുണ്ടായി. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പതാക കേപ് ഹോണില്‍ ഉയര്‍ത്തിയ ഇന്ത്യാക്കാരനും അദ്ദേഹമാണ്. 2013 മാര്‍ച്ച് മുപ്പത്തിയൊന്നാം തിയതി യാത്ര ചെയ്ത് മടങ്ങി വന്നപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുക്കര്‍ജി അദ്ദേഹത്തെ സ്വീകരിക്കാന്‍ മുംബൈ തുറമുഖത്തുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി നേരിട്ട് സ്വീകരിക്കാനെത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ അഭിലാഷിനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്നുകിട്ടിയ സ്വീകരണ സമ്മേളനത്തില്‍ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു, '2008ല്‍ ഞാന്‍ ഒരു ഗാര്‍ഡ് ഓഫ് ഓണറിന്റെ കമാണ്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വരവേല്ക്കാന്‍ മുംബൈയില്‍ പോയിരുന്നു. രാഷ്ട്രപതി എന്നെ വരവേല്ക്കുകയെന്നത് ഒരു നാവികസേനാ ലഫ്റ്റനന്റ് കമാന്ഡറായ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്.'

വെള്ളത്തില്‍ക്കൂടിയുള്ള സവാരി കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിനിഷ്ടമായിരുന്നു. വിമാനം ഓടിക്കാന്‍ പഠിച്ചതും യാദൃശ്ചികമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ കൈനോട്ടവും ഫോട്ടോ ഗ്രാഫിയും മറ്റൊരു ഹോബിയാണ്. വിമാനം പറപ്പിക്കാന്‍ വോളന്റീര്‍ ചെയ്യുന്നതിന് കൈപൊക്കാന്‍ നേവി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യം കൈപൊക്കി അവസരങ്ങള്‍ മുതലാക്കിയെന്നും പറയുന്നു. വൈസ് അഡ്മിറല്‍ മനോഹര്‍ ആവതി, സാഗര്‍പരിക്രമ എന്ന പദ്ധതിക്ക് പരിപാടിയിട്ടപ്പോള്‍ പായ് നൌകയില്‍ ഏകനായി ലോകസഞ്ചാരം നടത്താന്‍ തയ്യാറുള്ള ഒരാളെ നേവിയില്‍നിന്നും അന്വേഷിച്ചിരുന്നു. കമാണ്ടര്‍ 'ദലിസ് ഡോണ്ടേയെ' ആ പ്രൊജക്റ്റിലേയ്ക്ക് അന്ന് തെരഞ്ഞെടുത്തു. അഭിലാഷിനെ ഈ പ്രൊജക്റ്റിലേക്ക് അദ്ദേഹത്തെ സഹായിക്കാന്‍ രണ്ടാമനായും തെരഞ്ഞെടുത്തു. കമാണ്ടര്‍ ഡോണ്ടേ (ഉവീിറല) അന്ന് ഭൂമിയെ വിജയകരമായി വലയം വെച്ചെങ്കിലും അദ്ദേഹം നാലു സ്ഥലങ്ങളില്‍ യാത്ര മുടക്കി വിശ്രമിക്കേണ്ടി വന്നു. കൂടുതല്‍ സാഹസികതയോടെ സാഗര്‍ പരിക്രമയെ രണ്ടാമതും കമ്മീഷന്‍ ചെയ്യുവാന്‍ നേവി തീരുമാനിച്ചു.

അഭിലാഷ് പറയുന്നു, 'സാഗര്‍ പരിക്രമയില്‍ കമാണ്ടര്‍ ഡോണ്ടേക്കൊപ്പം രണ്ടാമനായി തെരഞ്ഞെടുത്തപ്പോള്‍ ഈ പദ്ധതിയുടെ പ്രാധാന്യത്തെയും രാജ്യത്തിന്റെ ചരിത്രമാകുന്ന മുഹൂര്‍ത്തത്തെയും അന്ന് ഞാന്‍ മനസിലാക്കി. സാഗര്‍ പരിക്രമ പദ്ധതിയിലൂടെ ലോകം ചുറ്റിയുള്ള ഈ സഞ്ചാരം ഭാരത സാഹസീക ചരിത്രത്തിന്റെ എഴുതപ്പെടുന്ന നാഴികക്കല്ലായിരിക്കുമെന്നും അറിഞ്ഞതുകൊണ്ട് ഞാന്‍ എന്നെ തന്നെ അതിന്റെ ഭാഗമായി സ്വയം തയ്യാറാക്കുകയായിരുന്നു.'

സാഗര്‍ പരിക്രമപദ്ധതിയ്ക്കുള്ള പരിശീലനം നേടി വേണ്ടവിധം തയ്യാറെടുപ്പു നടത്തിയെങ്കിലും, മറ്റുള്ളവരെപ്പോലെ അതിനായി അഭിലാഷ് സമയം ചെലവഴിച്ചില്ല. ലോകം ചുറ്റി കറങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന അതികായന്മാരുടെ ഒരു മസ്സില്‍ ഗ്രൂപ്പുതന്നെ അവിടെയുണ്ടായിരുന്നു. ഈ യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി ദിവസം നൂറു കിലോ ഭാരം തന്നെ എടുക്കുകയും താഴത്തു വെക്കുകയും ചെയ്യണമായിരുന്നു. മൂന്നു വര്‍ഷത്തോളം അതിനായി പ്രായോഗിക പരിശീലനം നേടി. മുംബൈ പോര്‍ട്ടില്‍ നിന്ന് 2012 നവംബറില്‍ ആദ്യത്തെ പായ് വഞ്ചി യാത്ര നടത്തിയിരുന്നു . ആ യാത്രയ്ക്ക് പ്രശ്‌നങ്ങള്‍ അധികമില്ലായിരുന്നെങ്കിലും പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ ഏറെ ബുദ്ധി മുട്ടുള്ളതായിരുന്നു.

അഭിലാഷ് ടോമി ആദ്യത്തെ യാത്രയില്‍ ഡോണ്ട യുടെ സഹായിയായിരുന്നു. ആ യാത്രയില്‍ നാലു പ്രാവിശ്യം വിവിധ സ്ഥലങ്ങളില്‍ നിറുത്തേണ്ടി വന്നു. രണ്ടാം സാഗര്‍ പരിക്രമയിലെ വഞ്ചി യാത്ര മുറിയാതെ ഒരിടത്തും നിറുത്താതെയായിരുന്നു. യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 150 ദിവസങ്ങള്‍ വേണ്ടി വന്നു. സൌത്ത് ആഫ്രിക്കയിലും ഗോവായിലും 'പായ വഞ്ചിയില്‍' യാത്രാ പരിചയമുള്ളതുകൊണ്ട് ഇന്ത്യന്‍ നേവി അഭിലാഷിനു ഈ ദൌത്യം നിര്‍വഹിക്കാന്‍ അവസരങ്ങള്‍ കൊടുത്തു. ഉണങ്ങിയ മരവിച്ച ഭക്ഷണവും യാത്രകളില്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തില്‍ കസ്റ്റം ബില്‍റ്റായി ഉണ്ടാക്കിയ വണ്ടിയിലാണ് വെള്ളത്തില്‍ക്കൂടി അഭിലാഷ് യാത്ര ചെയ്തത്. ഈ വഞ്ചിക്ക് അമ്പത്തിയാറടി നീളമുണ്ട്. ഐ.എന്‍.എസ്.വി. മാദെയി .(കചടഢ ങവമറലശ) എന്ന് ഈ വഞ്ചിക്ക് നാമകരണം നല്കി. ഗോവായിലാണ് 'മാദേയി' എന്ന പേരോടുകൂടിയ ഈ 'പായ വഞ്ചി' നിര്‍മ്മിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. സാഹസ ദിനങ്ങള്‍ കടന്ന് നൗക തീരത്തു മടക്കി കൊണ്ടുവന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നും അഭിലാഷ്.പറഞ്ഞു.

രാത്രിയും പകലുമില്ലാതെ കടലിലേക്ക് കണ്ണുകളുറപ്പിച്ച്, വേലിയേറ്റങ്ങളും വേലിയിറക്കങ്ങളില്‍ക്കൂടി വഞ്ചിയെ നിയന്ത്രിച്ച് തിരമാലകളും കാറ്റും കൊടുങ്കാറ്റും തണുപ്പും ചൂടും താണ്ടി സമുദ്രാന്തര്‍ ഭാഗത്ത് സഞ്ചരിക്കുന്ന യാത്രികന്റെ ഒരു ദിവസം എങ്ങനെയെന്ന് മനസ്സില്‍ പൊന്തി വരാവുന്ന ഒരു ചോദ്യചിന്ഹമാണ്. വെള്ളത്തിനു മീതേ ദൃഷ്ടികള്‍ പതറാതെ യാത്ര തുടര്‍ന്ന അഭിലാഷ് തന്റെ ഡയറി കുറിപ്പില്‍ക്കൂടി ഇതിനു ഉത്തരം നല്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ''ഓരോ ദിവസത്തെയും സമയപരിപാടി കൃത്യമായി തന്നെ ഞാന്‍ അനുഷ്ടിച്ചിരുന്നു. ഉറങ്ങാന്‍ പ്രത്യേകമായ ഒരു സമയമുണ്ടായിരുന്നില്ല. പായ വഞ്ചി എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കും. അതൊരിടത്തും നിറുത്തില്ല. അവസരം കിട്ടിയാല്‍ പതിനഞ്ചും മുപ്പതും മിനിറ്റ് ഉറങ്ങും. അങ്ങനെ നാലഞ്ചു മണിക്കൂറുകള്‍ ഒരു ദിവസം ഉറങ്ങിയെങ്കിലായി. ഓരോ ദിവസവും ആരംഭിക്കുന്നത് സൂര്യനെ കാണുന്നതനുസരിച്ചായിരുന്നു. അരമണിക്കൂര്‍ ധ്യാന നിരതനാകുമ്പോള്‍ ഒരു ഗ്ലാസ് പാല് കുടിച്ചെങ്കിലായി. ഓരോ മണിക്കൂറിലും സംഭവിക്കാവുന്ന കാലാവസ്തകളുടെ ചാര്‍ട്ടുകള്‍ പരിശോധിക്കും. എട്ടു മണിയാകുമ്പോള്‍ അതാതു ദിവസത്തെ റിപ്പോര്‍ട്ടുകളും സമുദ്രത്തിലെ കാഴ്ചകളും നേവല്‍ ഓഫീസ്സില്‍ അറിയിക്കണമായിരുന്നു. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ജോലികളെല്ലാം പൂര്‍ത്തിയാക്കുകയും വേണമായിരുന്നു. പ്രഭാതത്തിലെ ഭക്ഷണം കഴിഞ്ഞ് ചെയ്യാനുള്ള ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഉച്ചയാകുമ്പോഴേക്കും സമുദ്ര യാത്രയിലെ പുതിയ കാഴ്ചകളും നിരീക്ഷിച്ചുകൊണ്ടിരിക്കും. രണ്ടു മണിയാകുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കും. അതിനു ശേഷം സൂര്യാസ്തമയം വരെ വഞ്ചിയില്‍ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരിക്കും. കാലാവസ്തകളെയും നിരീക്ഷിച്ചു കൊണ്ടിരിക്കും.രാത്രി എട്ടുമണിയാകുമ്പോള്‍ അന്ന് സംഭവിച്ചതെല്ലാമുള്ള റിപ്പോര്‍ട്ട് രണ്ടാമതും തയ്യാറാക്കണം. ഇതിനിടയില്‍ വീഡിയോയില്‍ പടങ്ങളെടുക്കണം,ബ്ലോഗിലും യാത്രാ വിവരണങ്ങള്‍ അപ്പോഴപ്പോള്‍ എഴുതിയിരുന്നു. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, യാത്രയുടെ മാറ്റങ്ങള്‍, പായ് വഞ്ചിക്കെന്തെങ്കിലും തകരാറുണ്ടായാല്‍ നന്നാക്കല്‍ എന്നിങ്ങനെ ദിനംപ്രതിയുള്ള ജോലിയുടെ ഭാഗങ്ങളായിരുന്നു.'

25 മീറ്ററോളം ഉയരമുള്ള പായ്മരത്തില്‍ അള്ളിപ്പിടിച്ചുകൊണ്ട് മുകളില്‍ കയറിയതും അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതും ഭീമാകാരമായ ചരക്കുകപ്പലുകളുടെ പാതയില്‍ അകപ്പെട്ടുപോയതും അഭിലാഷിനു മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. മൗറീഷ്യസ് തീരം കടന്നുപോയപ്പോള്‍ ടാങ്കിലെ വെളളം മലിനമായി കഴിഞ്ഞിരുന്നു. പായ് വഞ്ചിക്കു മീതെ വിരിക്കുന്ന ഷീറ്റും കാറ്റുപിടിക്കാനുള്ള പായും ഉപയോഗിച്ച് മഴവെള്ളം ശേഖരിക്കുകയാണുണ്ടായത്. മരണത്തെ അഭിമുഖീകരിച്ച അനുഭവംവരെ യാത്രയില്‍ ഉണ്ടായതായി അഭിലാഷ് പറയുന്നു. കേപ് ഓഫ് ഗുഡ് ഹോപ് വെച്ചായിരുന്നു മരണത്തോട് മല്ലിടേണ്ടി വന്നത്. 130 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ പായ് വഞ്ചി ആടിയുലയുകയായിരുന്നു. കാറ്റ് ഒട്ടുമില്ലാത്തതും കൊടുങ്കാറ്റ് വീശുന്നപോലെ വെല്ലുവിളി നിറഞ്ഞതാണ്. കാറ്റില്ലെങ്കില്‍ പായ് വഞ്ചിക്ക് മുന്നോട്ടുപോകാനാവില്ല. അത്തരം അവസ്ഥകളും അഭിലാഷിന് തരണംചെയ്യേണ്ടിവന്നു.

സമുദ്രത്തിലെ ജീവിതം സുഖമാണെന്നു ആരാണ് പറഞ്ഞത്? കാറ്റിനഭിമുഖമായിപ്പോവുന്ന പായ് വഞ്ചിയിലെ കൊടും സമുദ്ര യാത്രയില്‍ യാതനകളേറെയുണ്ട്. യാത്ര ചെയ്യുമ്പോള്‍ ചെറിയ കാറ്റുകള്‍ അപ്രതീക്ഷിതമായി ചിലപ്പോള്‍ കൊടുങ്കാറ്റായി മാറും. താപനില 40 ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിയായി മാറാം. 'അഭിലാഷ്' തന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഭൂമി ഗോളത്തിലെ കരകളായ കരകളെല്ലാം വീക്ഷിച്ച് സമുദ്രത്തില്‍ക്കൂടി സഞ്ചരിച്ചു. യാതൊരു നിയമങ്ങളുമില്ലാതെ ദൈവത്തെപ്പോലും ചിന്തിക്കാന്‍ സമയമില്ലാതെ സുബൊധം പോലുമില്ലാതെയുള്ള യാത്രയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ഗുഡ് ഹോപ്പ് മുനമ്പുകള്‍ കപ്പലുകളുടെ ശവക്കുഴികളെന്നാണ് അറിയപ്പെടുന്നത്. അതിശക്തിയായ കൊടുങ്കാറ്റിനെ ഭേദിച്ച് അദ്ദേഹത്തിന്റെ പായ് വഞ്ചി നീങ്ങികൊണ്ടിരുന്നു. തിരമാലകള്‍ ആഞ്ഞടിച്ചിരുന്നത് പതിനഞ്ചു മീറ്ററിലും ഉയരത്തിലായിരുന്നു . കേപ്പ് ഓഫ് ഗുഡ് ഹോപ്പ് കടന്നപ്പോളുണ്ടായ അനുഭവത്തില്‍ അതിനിര്‍ണ്ണായമായ ഒരു സുന്ദരദിനവും അഭിലാഷ് ഡയറിയില്‍ വിവരിക്കുന്നുണ്ട്. സമുദ്രങ്ങളുടെ എവറസ്റ്റ് കൊടുമുടിയെന്നും ആ സമുദ്രച്ചുഴികളെ പറയും. സമുദ്ര യാത്രക്കാരുടെ ഏറ്റവും ബുദ്ധിമുട്ടേറിയ നാവിക ചുഴിയില്‍ക്കൂടി കടന്നു പോയപ്പോഴായിരുന്നു ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക റിപബ്ലിക്ക് ദിനത്തില്‍ പായ് വഞ്ചിയുടെ അമരത്തില്‍ അന്നുയര്‍ത്തിയത്.

കരകാണാ കടലിലെ വിസ്തൃതമായ ജലവിതാനങ്ങളില്‍ക്കൂടി 150 ദിവസങ്ങള്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഏകാന്തതയുടെ ചുരുളുകളഴിഞ്ഞുള്ള ദിനരാത്രങ്ങളില്‍ ചങ്ങാതികളായി കടല്‍ജന്തുക്കളും കടല്‍പക്ഷികളും ഡോള്‍ഫിനുകളും കൂട്ടുകാരായി ഉണ്ടായിരുന്നു. അഞ്ചുമാസത്തോളം മനുഷ്യരുമായി സഹവാസമില്ലാത്ത ഒരു ജീവിതം വിചിത്രമായ ഒരു ലോകമെന്നു കേള്‍ക്കുന്നവര്‍ക്ക് തോന്നാം. യാത്രികനെന്നതിലുമുപരി പായ് വഞ്ചിക്കുള്ളിലെ ജോലികളെല്ലാം സ്വയം ചെയ്യണമായിരുന്നു. രാത്രിയോ പകലോ വിത്യാസം കല്‍പ്പിക്കാതെ ജോലികള്‍ ദിനചര്യകളോടൊപ്പം തുടര്‍ന്നുകൊണ്ടിരിക്കണം. വഞ്ചിക്കകം ദിവസവും അടിച്ചു വൃത്തിയാക്കണം, വഞ്ചിയുടെ കേടുപാടുകള്‍ വൈദഗ്ദ്ധ്യത്തോടെ സ്വയം പരിഹരിക്കണം, വാര്‍ത്താ വിനിമയം കൈകാര്യം ചെയ്യണം, ഓടുന്ന വഞ്ചിയില്‍നിന്നും കടലിന്റെ പടങ്ങളെടുക്കണം. അഭിലാഷിന്റെ കടലിലെ ഓരോ ദിവസങ്ങളിലും ജോലികള്‍ കൃത്യമായി ചെയ്യണമായിരുന്നു. എഴുത്തുകാരനും ഫോട്ടോസ്‌പെഷ്യലിസ്റ്റുമായ അദ്ദേഹം തന്റെ പാടവം എന്നും തെളിയിച്ചുകൊണ്ടിരുന്നു. കൂടാതെ കടലിന്റെ ഇമ്പത്തില്‍ തിരമാലകളില്‍ക്കൂടി വഞ്ചി നീങ്ങുമ്പോള്‍ നിശബ്ദതയില്‍ മനസ് ചഞ്ചലിക്കുമ്പോള്‍ സ്വരമാധുരിയോടെ അദ്ദേഹം പാടുമായിരുന്നു. വെട്ടിത്തിളങ്ങുന്ന പൂനിലാവിലെ നീല സമുദ്രത്തെ നോക്കിയും തെളിമയാര്‍ന്ന നക്ഷത്ര സമൂഹങ്ങളുള്ള ആകാശത്തെ നോക്കിയും ചിറകുകളുണ്ടായിരുന്നെങ്കില്‍ മാലാഖമാരെപ്പോലെ തത്തി കളിക്കാമായിരുന്നുവെന്ന് അദ്ദേഹത്തിനു തോന്നിക്കാണും ..

പതിനായിരങ്ങളുടെ മനം കവര്‍ന്ന അഭിലാഷ് ടോമി ഈ സാഹസ യാത്രയില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ വിവരിക്കുന്നത് ഇങ്ങനെ, 'ആരംഭത്തില്‍ ഈ സാഹസത്തിന് തടസങ്ങളേറെയുണ്ടായിരുന്നു. സ്വന്തത്തില്‍പ്പെട്ടവരും സുഹൃത്തുക്കളും മാതാപിതാക്കളും ഒരുപോലെയെതിര്‍ത്തു. ലോകത്തിലുള്ള ഒരു മാതാപിതാക്കളും തങ്ങളുടെ മകന്റെ ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇത്തരം ഒരു സാഹസത്തിന് പോകാനാഗ്രഹിക്കില്ല. കൂട്ടുകാരും എന്നെ നിരുത്സാഹപ്പെടുത്തി. ഞാന്‍ ഇന്ത്യന്‍ നേവിയുടെ പൈലറ്റാണ്. സൂര്യതാപവും കഠിനമായ കാലാവസ്ഥയും വകവെക്കാതെ പല തവണകള്‍ സമുദ്ര യാത്രകള്‍ നടത്തിയിട്ടുണ്ടായിരുന്നു. മനുഷ്യസഹജമായ മരണഭയം എനിക്കുമുണ്ടായിരുന്നു. പക്ഷെ അതെന്റെ യാത്രയ്ക്ക് തടസമാകാന്‍ മനസനുവദിച്ചില്ല. എന്റെ യത്‌നം ഉപേക്ഷിക്കാന്‍ സത്യമായും ഞാനൊരിക്കലും ആഗ്രഹിച്ചില്ല. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ദിനങ്ങളുണ്ടായിരുന്നെങ്കിലും എന്നെയത് നിരാശനാക്കിയില്ല. നൈരാശ്യമല്ല പ്രത്യാശകളാണ് ജീവിത വിജയത്തിന് വേണ്ടതെന്ന പ്രമാണത്തില്‍ ഞാന്‍ വിശ്വസിച്ചു. എനിയ്ക്ക് ധൈര്യം തന്നത് എന്റെ ധ്യാനവും സമുദ്രത്തെ കാക്കുന്ന മാദെയിലുമുള്ള വിശ്വാസവുമായിരുന്നു. '
ഭാവിയിലേക്കും അഭിലാഷിന് പദ്ധതികളേറെയുണ്ട്. ഒരു കുഞ്ഞുവിമാനത്തില്‍ ഏകനായി ഭൂഗോളം കറങ്ങാനാണ് മനസ്സില്‍ പദ്ധതികള്‍ ഇട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ വെള്ളത്തിലും ആകാശത്തിനു മീതെയും ഒരുപോലെ യാത്ര ചെയ്തു ഭൂഗോളം കീഴടക്കിയ ആദ്യത്തെ യാത്രികനെന്ന സ്ഥാനം അദ്ദേഹത്തിനു നേടാന്‍ സാധിക്കും. മുമ്പോട്ട് കുതിക്കാന്‍ സ്വപ്നങ്ങള്‍ നെയ്‌തെടുക്കുന്നവര്‍ക്ക് അഭിലാഷിന് ഒരു അഭ്യര്‍ത്ഥനയുണ്ട് 'ഏകനായി ജീവിക്കൂ'
ഭാരതത്തിന്റെ യശസ് ലോകത്തിന്റെ മുമ്പിലുയര്‍ത്തിയ ഈ കുട്ടനാട്ടുകാരന്‍ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്. കഠിനമായ യാതനകളില്‍ക്കൂടി നേടിയെടുത്ത അദ്ദേഹത്തിന്റെ നേട്ടം ഇന്ത്യയുടെ സ്വപ്നമായിരുന്നു. ഭാരതത്തിന്റെ കായിക നേട്ടത്തില്‍ അതൊരു തിളക്കം ചാര്‍ത്തിയ ദിനമായിരുന്നു. നേട്ടങ്ങള്‍ കൈവരിച്ചിട്ടും മനസ്സിലങ്ങനെയൊന്നു നേടിയെന്നു ചിന്തിക്കാതെ ലാളിത്യത്തിന്റെയും എളിമയുടെയും ജീവിതമാണ് അഭിലാഷ് എന്നും നയിക്കുന്നത്. വെള്ളവും കരയും ചുറ്റിയ ജീവിത കഥകളുടെ ഒരു ബാല്യമായിരുന്നു അഭിലാഷില്‍ പ്രകാശിച്ചിരുന്നെങ്കിലും കുട്ടനാടിന്റെ ഐശ്വര്യവും ലാളിത്യവും കുലീനത്വവും അദ്ദേഹത്തിന്റെ മുഖത്ത് സദാ പ്രസരിക്കുന്നതും കാണാം. വിനയത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഉടമയാണ് അദ്ദേഹമെന്ന് വ്യക്തമായി ഒരാള്‍ക്ക് കാണാന്‍ സാധിക്കും.
അഭിലാഷിന്റെ നൗക പോയ ഭൂവിഭാഗങ്ങളുടെയും സമുദ്ര വിസ്മയങ്ങളുടെയും നൂറുകണക്കിന് ഫോട്ടോകളും വീഡിയോകളും സൈബര്‍ പേജുകളില്‍ കാണാം. പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ചിത്രങ്ങള്‍ മനുഷ്യമനസുകളില്‍ ദൈവവുമായ ഒരു ബന്ധം സൃഷ്ടിക്കും. ചിത്രങ്ങള്‍ കണ്ടാല്‍ സ്വപ്നാടന ലോകമോ ഹോളിവുഡ് സിനിമായോ എന്ന് ഓര്‍ത്തുപോകും. യാത്രകളുടെ പടങ്ങള്‍ കാണുന്നവര്‍ അങ്ങനെ തെറ്റിദ്ധരിക്കും. പ്രകൃതിയും സത്യവും അലിഞ്ഞു ചേര്‍ന്ന കഥയുമായി ലോകം ചുറ്റിയുള്ള സാഹസികതയുടെ യാത്രയാണ് അഭിലാഷിന് പറയാനുള്ളത്. കടലിന്റെ ഇരമ്പും കാറ്റും കൊടുങ്കാറ്റും തിരമാലകളുടെ ആഞ്ഞടിയും യാത്രികന്റെ ഹൃദയ സ്പന്ദനവും പകര്‍ത്തിയെടുത്ത പടങ്ങള്‍ ആത്മാവിന് അനുഭൂതികള്‍ നല്കുന്നതാണ്. ദൈവവുമായ ഒരു സംവാദവും അവിടെ കാണാം.
പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)
പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

പായ് വഞ്ചിയില്‍ ഭൂമി ചുറ്റിയ 'അഭിലാഷ് ടോമിയെന്ന' മലയാളി നാവികന്‍ (ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
Dr.Molly Mathew 2014-09-11 09:34:54
What a wonderful achievement as a result of hard work and dedication
വിദ്യാധരൻ 2014-09-11 11:57:39
സാഹസികമായ ഒരു യാത്രയുടെ മനോഹരമായ വിവരണം. ലേഖകന് അഭിനന്ദനം, അതുപോലെ സാഹസികനും.
Ponmelil Abraham 2014-09-11 18:16:57
Congratualtions to Abhilash Tommy on this extra-ordinary, valiant, courageous and brave job of uninterrupted and continuous journey of completing a full circle of occean journey of earth solely by himself.
Truth man 2014-09-11 18:54:16
Wonderful ,wonderful  . I appreciate it , your courage.thanks 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക