Image

വിദ്യാഭ്യാസ ഫണ്ട് ചട്ടങ്ങളായില്ല; 50 കോടി രൂപ പാഴാകുന്നു

Published on 05 December, 2011
വിദ്യാഭ്യാസ ഫണ്ട് ചട്ടങ്ങളായില്ല; 50 കോടി രൂപ പാഴാകുന്നു
തിരുവനന്തപുരം: സഹകരണ നിയമഭേദഗതിയെതുടര്‍ന്ന് നിലവില്‍ വന്ന സഹകരണ വിദ്യാഭ്യാസഫണ്ട് ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതുമൂലം വിനിയോഗിക്കാനാവുന്നില്ല. ഏതാണ്ട് 50 കോടി രൂപയോളമാണ് ഇങ്ങനെ നിഷ്പ്രയോജനമായിരിക്കുന്നത്.

2010 ഏപ്രില്‍ 10-നാണ് സഹകരണനിയമ ഭേദഗതി നിലവില്‍ വന്നത്. നിയമഭേദഗതിക്ക് അനുരോധമായി ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടത് ബന്ധപ്പെട്ട ഭരണവകുപ്പായ സഹകരണവകുപ്പാണ്. ഇതു ചെയ്യാത്തതുമൂലം സഹകരണസംഘങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന പണം സഹകരണ രജിസ്ട്രാറുടെ അക്കൗണ്ടില്‍ കിടക്കുകയാണ്.

ഓരോ സഹകരണസംഘത്തിന്റെയും ലാഭത്തിന്റെ അഞ്ചു ശതമാനംവരെ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടായി സര്‍ക്കാരിന് നല്‍കണമെന്നതാണ് സഹകരണനിയമഭേദഗതിയിലെ വ്യവസ്ഥ. എന്നാല്‍ അഞ്ച് ശതമാനം ലാഭവിഹിതം നിര്‍ബന്ധമായി നല്‍കണമെന്ന വ്യവസ്ഥയില്ല. സഹകരണ ബാങ്കുകളിലെ പൊതു നന്മാഫണ്ട്, കെട്ടിട ഫണ്ട്, ലാഭവിഹിത സാമാന്യത ഫണ്ട് എന്നീ ഫണ്ടുകള്‍പോലെ എത്ര ശതമാനം ലാഭവിഹതം മാറ്റിവെയ്ക്കണമെന്ന് സഹകരണബാങ്ക് പൊതുയോഗത്തിന് നിശ്ചയിക്കാമെന്നും നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

സഹകരണബാങ്കുകളുടെ ലാഭത്തിന്റെ 15 ശതമാനം കരുതല്‍ ധനമായും ലാഭത്തിന്റെ അഞ്ചു ശതമാനം തുകയോ പരമാവധി 40000 രൂപയോ വിദ്യാഭ്യാസ ഫണ്ടായി മാറ്റിവെയ്ക്കണമെന്നത് നിര്‍ബന്ധമാണ്. ബാങ്കിന്റെ മൊത്തം ലാഭത്തില്‍നിന്നും ഇവ രണ്ടും ഓഡിറ്റിലൂടെ മാറ്റിയശേഷം ബാക്കിയുള്ള ഫണ്ടുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബാങ്ക് പൊതുയോഗത്തിനാണ് അവകാശം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സഹകരണ ഓഡിറ്റ് ഉദ്യോഗസ്ഥര്‍ കരുതല്‍ ധനവും വിദ്യാഭ്യാസഫണ്ടും മാറ്റിവെയ്ക്കുന്നതിനൊപ്പം സഹകരണ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ഫണ്ടും മാറ്റിവെച്ചശേഷമാണ് സഹകരണബാങ്കുകള്‍ക്ക് ഓഡിറ്റ്‌റിപ്പോര്‍ട്ട് നല്‍കുന്നത്.

2010 ഏപ്രില്‍ 28-നാണ് സഹകരണ നിയമഭേദഗതി നിലവില്‍ വന്നതെങ്കിലും അതിനുമുമ്പുതന്നെ സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പിരിച്ചുതുടങ്ങിയിട്ടുമുണ്ട്. 2007-08, 2008-09 തുടങ്ങിയ കാലത്തെ ബാങ്കുകളുടെ ഓഡിറ്റ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചുവരുന്നതേയുള്ളൂ. ഈ ഓഡിറ്റിലൂടെയും പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ട് മാറ്റുന്നതുമൂലമാണ് നിയമവ്യവസ്ഥ നിലവില്‍ വരുന്നതിനു മുമ്പുതന്നെ ഫണ്ട് പിരിവ് സംഭവിക്കുന്നത്.

2009-10 വര്‍ഷത്തില്‍മാത്രം കേരളത്തിലെ വായ്പാസഹകരണസംഘങ്ങള്‍മാത്രം 500 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയതായാണ് പ്ലാനിങ്‌ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് 25 കോടി രൂപയാണ് 2009-10-ല്‍ മാത്രം സഹകരണ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടിലെത്തിയത്. ഇതിനുപുറമെയാണ് ജില്ലാ സഹകരണബാങ്കുകള്‍ ഉണ്ടാക്കിയ ലാഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക