Image

അതിര്‍ത്തിയില്‍ സംഘര്‍ഷം; കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ

Published on 06 December, 2011
അതിര്‍ത്തിയില്‍ സംഘര്‍ഷം; കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ

കുമളി: മുല്ലപ്പെരിയാര്‍വിഷയത്തില്‍ അതിര്‍ത്തിചെക്ക്‌പോസ്റ്റുകളില്‍ സംഘര്‍ഷം. കുമളിയിലും കമ്പംമെട്ടിലും ഇടുക്കി ജില്ലാ കളക്ടര്‍ മൂന്നുദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ കുമളി ചെക്ക്‌പോസ്റ്റിനടുത്ത് സംസ്ഥാനാതിര്‍ത്തിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറുനടത്തി. ഇതിനിടെ ചെക്ക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി കുമളിയിലെത്തി. ഇതില്‍ അറുപതിലധികംപേര്‍ ബൈക്കിലാണെത്തിയത്.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ കേരളാതിര്‍ത്തിയില്‍ തടിച്ചുകൂടി. ഇവരുടെ ശക്തമായ കല്ലേറില്‍ തമിഴ്‌നാട്ടില്‍നിന്നുവന്നവര്‍ പിന്‍മാറി. കുമളി കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷനടുത്ത് സുബ്ബരാജന്റെ ഹോട്ടല്‍ എറിഞ്ഞുതകര്‍ത്തു. സംഘര്‍ഷത്തില്‍ കുമളി എസ്.ഐ. മോഹനനാചാരിക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കുമളിയിലെ കടകള്‍ മുഴുവന്‍ അടച്ചു.

വിവിധ തമിഴ്‌സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ വൈകീട്ട് കേരളാതിര്‍ത്തിയില്‍ കുമളിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഗൂഡല്ലൂരിലും ലോവര്‍ ക്യാമ്പിലും പോലീസ് ഇവരെ തടഞ്ഞു. ഈ സംഘത്തില്‍ നിന്നുള്ളവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്‌പോസ്റ്റില്‍വന്ന് കല്ലെറിഞ്ഞത്. രാത്രി വൈകിയും കുമളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പത്തുവര്‍ഷമായി കമ്പത്ത് നടത്തിവന്നിരുന്ന മലയാളികളുടെ ഹോട്ടലുകള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് തേനി എ.ഡി.എസ്.പി. ശെല്‍വരാജും കട്ടപ്പന ഡിവൈ.എസ്.പി. കെ.എം.ജിജിമോനും തമ്മില്‍ കമ്പംമെട്ടില്‍ ചര്‍ച്ച നടന്നു. വണ്ടികള്‍ ഇരുവശങ്ങളിലേക്കും വിടാന്‍ ധാരണയായെങ്കിലും സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് നടന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക