Image

ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ഒരു കര്‍ഷകന് എലീറ്റ്‌ സ്പേസ് ക്ലബ്ബില്‍! -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 06 October, 2014
ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ഒരു കര്‍ഷകന് എലീറ്റ്‌ സ്പേസ് ക്ലബ്ബില്‍! -അനില്‍ പെണ്ണുക്കര
മംഗള്‍യാന്‍ മംഗളമായി ചൊവ്വയെ ചുറ്റാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. നമ്മള്‍ ഭാരതീയന്‍ ചായ പൈസയ്ക്ക് ഉണ്ടാക്കിയ മംഗളവീരന്‍ ഇതിനോടകം പണിയും തുടങ്ങി…. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍ ഇപ്പോള്‍ നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നു. ആത്മാഭിമാനമുള്ളവര്‍ രണ്ട് വാക്ക് പറയാതെ പോകല്ലേ!

സംഭവം ഇത്രയേ ഉള്ളൂ. മംഗള്‍യാന്‍ ചൊവ്വയില്‍ പണിതുടങ്ങിയ ദിവസം ന്യൂയോര്‍ക്ക് ടൈംസ് ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. തലപ്പാവ് ധരിച്ച ഒരു ഇന്ത്യന്‍ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലിറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതായാണ് കാര്‍ട്ടൂണ്‍ ക്ലബ്ബിനകത്തുള്ള സായിപ്പന്മാര്‍ മംഗള്‍യാന്റെ വിജയത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിക്കുകയാണ്. ഒരു ദരിദ്രന്‍ തങ്ങളുടെ വാതിലില്‍ മുട്ടുന്നതിന്റെ ഈര്‍ഷ്യ സായിപ്പിന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഈ കാര്‍ട്ടൂണിന് എന്നതാ കുഴപ്പം. ഒരു പത്രത്തിന് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശമില്ലേ. ഉണ്ടല്ലോ? പക്ഷേ വംശീയമായി ഇന്ത്യന്‍ ജനതയെ അധിക്ഷേപിക്കുന്നതാണ് ഈ കാര്‍ട്ടൂണെന്ന് പലരും പറഞ്ഞു കഴിഞ്ഞു. ഇന്ത്യാക്കാര്‍ പശുവിനെ മേയ്ച്ച് നടക്കുന്നവരാണെന്ന ഒരു ധ്വനി കൂടി ഈ കാര്‍ട്ടൂണില്‍ ഉണ്ടെന്നാണ് പറച്ചില്‍… ആണോ?

എനിക്ക് ഈ കാര്‍ട്ടൂണിനെ പോസ്റ്റീവായി കാണാനാണ് ഇഷ്ടം. എന്റെ അടുത്ത ഒരു ചങ്ങാതി രണ്ടായിരമാണ്ടില്‍ ജപ്പാനില്‍ ഒരു ക്യാമ്പിന് പോയി. അവിടെയുള്ള ജപ്പാന്‍ സായിപ്പന്‍മാര്‍ക്കറിയണം ഇന്ത്യയില്‍ കാറൊക്കെയുണ്ടോ എന്ന്. ഇന്ത്യാക്കാര്‍ കുതിരപ്പുറത്താണ് ഇപ്പോഴും യാത്ര ചെയ്യുന്നതെന്നായിരുന്നു അവരുടെ അന്നത്തെ ചിന്ത. ഭാരതത്തോട് അമിത സ്‌നേഹമുള്ള ചങ്ങാതി നെഹ്‌റു ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയ കഥ മുതല്‍ ഇന്ത്യയില്‍ ഒരു വീട്ടില്‍ കുറഞ്ഞത് രണ്ട് കാറെങ്കിലും ഉണ്ടെന്ന് വച്ചു കാച്ചുകയും ചെയ്തു.

പശ്ചാത്യരുടെ ഇത്തരം ചിന്താഗതികള്‍ ഒരിക്കലും മാറില്ല. അത് അവരുടെ കുഴപ്പമാണോ? ഇന്ത്യയെക്കുറിച്ച് ഒരു ചുക്കുമറിയാത്തവര്‍. ഇന്ത്യ പണ്ട് അണുസ്‌ഫോടനം നടത്തിയപ്പോഴും ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ നമുക്കൊരു പ്രചോദനമല്ലേ ഭായ്…നാളെ പശുവിനേയും പിടിച്ച് ആ മുഷിഞ്ഞ തലപ്പാവുമണിഞ്ഞ് ചൊവ്വയില്‍ ചെന്നിറങ്ങാനുള്ള പ്രചോദനം.

കുന്നുകളെ മേയ്ച്ചു നടക്കുന്നവന്‍ അപരിഷ്‌കൃതന്‍ ആണെന്ന ഒരു പൊതുബോധം നമ്മെയും ഭരിക്കുന്നുണ്ട്. എന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഭാരതീയന്റെ ഓരോ വിയര്‍പ്പിനും കാലിയുടെയും, ചാണകത്തിന്റെയും, പാലിന്റെയുമൊക്കെ ഗന്ധമുണ്ട്. അതിനൊരു സുഖമില്ലേ ചങ്ങാതീ…

ഒരു വശത്ത് മണ്ണിനോട് പടവെട്ടുന്ന കര്‍ഷകരുടെ ഭാരതം, മറുവശത്ത് ബഹിരാകാശ ഗവേഷണമടക്കം എല്ലാം വെട്ടിപ്പിടിക്കാന്‍ തച്ചാറെടുക്കുന്ന ഒരു ലോക നേതൃത്വഭാരതം. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പാരമ്പര്യം നാം മുറുകെ പ്പിടിക്കുമ്പോള്‍ അടുത്ത നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഈ പാരമ്പര്യം നമുക്ക് തരുന്ന ഉയര്‍ച്ചകള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ വൈരുദ്ധ്യമാണ് നമ്മുടെ വിജയം. ഏതായാലും എലീറ്റ് ക്ലബ്ബിന്റെ വാതില്‍ക്കലെത്തിയ ഭാരതീയനെ കോട്ട് ഇട്ട് അവതരിപ്പിക്കാതിരുന്നത് ഭാഗ്യം. ആ ക്ലബ്ബില്‍ കയറുന്നുവെങ്കില്‍ തലപ്പാവ് ധരിച്ച് കര്‍ഷകന്റെ വേഷത്തില്‍ പശുവിനേയും പിടിച്ചു തന്നെ കയറണം. നമ്മുടെ ഭാരതത്തിന് അങ്ങനെയൊരു പാരമ്പര്യമുണ്ടെന്നും നമ്മുടെ പശുവിന്‍ പാലിന്റേയും, ഗോമൂത്രത്തിന്റേയുമൊക്കെ ഔഷധഗുണം കൂടി അവരൊന്നറിയട്ടെ. എന്തായാലും പശുവിനെ മേയ്ക്കുന്നവന്റെ കയ്യില്‍ മംഗള്‍യാന്റെ സാങ്കേതികവിദ്യ ഭദ്രമാണെന്ന് മനസിലായില്ലേ. അതുതന്നെ വലിയ കാര്യം.
എന്തായാലും ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണിന് ഒരു മറു കാര്‍ട്ടൂണ്‍ വരച്ച ഒരു കേരളീയനെയും അയാളുടെ കാര്‍ട്ടൂണും ഒന്നു കണ്ടു നോക്കൂ. മാനുവല്‍ എന്ന് കാര്‍ട്ടൂണിസ്റ്റിന്റെ പേര്. ഒരു സല്യൂട്ട് ഇയാള്‍ക്കും കൊടുക്കുന്നു. നമ്മുടെ സ്വന്തം മാനുവലിന്.
ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ഒരു കര്‍ഷകന് എലീറ്റ്‌ സ്പേസ് ക്ലബ്ബില്‍! -അനില്‍ പെണ്ണുക്കര
newyork times cartoon.
ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും ഒരു കര്‍ഷകന് എലീറ്റ്‌ സ്പേസ് ക്ലബ്ബില്‍! -അനില്‍ പെണ്ണുക്കര
Manuel cartoon.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക