Image

ടാഗോറിന്റെ കവിതകളടങ്ങുന്ന നോട്ടുപുസ്തകം ന്യൂയോര്‍ക്കില്‍ ലേലത്തിന് (അങ്കിള്‍ സാം വിശേഷങ്ങള്‍)

Published on 07 December, 2011
ടാഗോറിന്റെ കവിതകളടങ്ങുന്ന നോട്ടുപുസ്തകം ന്യൂയോര്‍ക്കില്‍ ലേലത്തിന് (അങ്കിള്‍ സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ദേശീയഗാനത്തിന്റെ രചയിതാവും നൊബേല്‍ സമ്മാന ജേതാവുമായ രവീന്ദ്ര നാഥ ടാഗോറിന്റെ പുസ്തകം ന്യൂയോര്‍ക്കില്‍ ലേലത്തിന്. ടാഗോര്‍എ ഴുതിയ 12 കവിതകളടങ്ങുന്ന നോട്ടുപുസ്തകമാണ് ന്യൂയോര്‍ക്കിലെ സോത്‌ബേസ് അടുത്ത ആഴ്ച ലേലം ചെയ്യാനൊരുങ്ങുന്നത്. കവിതകള്‍ക്ക് പുറമെ 12 ഗാനങ്ങളുടെ ബംഗാളി വരികളും നോട്ടുപുസ്തകത്തില്‍ ടാഗോര്‍ കുറിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ടാഗോറിന്റെ പ്രശസ്തമായ കൃതികളുടെ കരടുകുറിപ്പുകളാണ്. ഈ മാസം 13ന് നടക്കുന്ന ലേലത്തിലൂടെ ഒന്നര ലക്ഷം ഡോളര്‍ മുതല്‍ രണ്ടു ലക്ഷം ഡോളര്‍ വരെ നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 1930ല്‍ തന്റെ ഒരു കുടുംബ സുഹൃത്തിന് ടാഗോര്‍ സമ്മാനിച്ചതാണ് 152 പേജുള്ള നോട്ടുപുസ്തകം.

ന്യൂയോര്‍ക്കില്‍ ധനികരുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ധനികരുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മറ്റു പാര്‍ട്ടി നേതാക്കളുമായി ധാരണയിലെത്തിയതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കുമോ പറഞ്ഞു. ഉയര്‍ന്ന വരമാനക്കാര്‍ക് ഉയര്‍ന്ന നികുതിയും മധ്യവര്‍ഗക്കാര്‍ക്ക് താരതമ്യേന കുറഞ്ഞ നികുതിയും ഏര്‍പ്പെടുത്താനാണ് ന്യൂയോര്‍ക്ക് സര്‍ക്കാരിന്റെ തീരുമാനം.നിലവില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ഡോളര്‍ വരുമാനമുള്ള വ്യക്തിക്കും നാലു ലക്ഷം ഡോളര്‍ വരുമാനമുള്ള കുടുംബത്തിനും 6.85 ശതമാനാണ് നികുതി. പുതിയ നികുതി നിര്‍ദേശമനുസരിച്ച് മൂന്നു ലക്ഷം ഡോളര്‍ വരുമാനമുള്ള കുടുംബത്തിനും മില്യണയര്‍ ടാക്‌സ് ഏര്‍പ്പെടുത്താനാണ് നീക്കം.

ഇന്ത്യയുടെ ആദ്യ അണുപരീക്ഷണത്തിന് കാരണം നിക്‌സന്റെ പാക് ചായ്‌വ്

വാഷിംഗ്ടണ്‍: എഴുപതുകളില്‍ അമേരിക്ക പാക്കിസ്ഥാനെ തുണച്ചതും ചൈനയ്ക്ക് അനുകൂലമായ നിലപാടെടുത്തതുമാണ് 1974ല്‍ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്താനുള്ള തീരുമാനത്തിലേക്ക് ഇന്ത്യയെ നയിച്ചതെന്നു രഹസ്യാന്വേഷണ രേഖകള്‍. 1971ലെ ഇന്ത്യ - പാക്ക് യുദ്ധത്തില്‍ യുഎസ് പാക്കിസ്ഥാനെ സഹായിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ - യുഎസ് ബന്ധം മോശമായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമില്ലാതിരുന്ന യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ 1972 ജൂലൈയില്‍ ചൈനാ സന്ദര്‍ശനം പ്രഖ്യാപിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആണവനയത്തില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിട്ടിട്ടില്ലാത്ത ഇന്ത്യയ്ക്കു ചൈനയില്‍നിന്നുള്ള ആണവഭീഷണിയെ യുഎസ്-സോവിയറ്റ് തുണയില്‍ ചെറുക്കാമെന്ന പ്രതീക്ഷ നഷ്ടമായി. തുടര്‍ന്ന് ഇന്ത്യ ആണവ പരീക്ഷണ തീരുമാനം എടുക്കുകയും ചെയ്തു.

ഇന്ത്യയുടെ സൈനികശേഷി പാക്കിസ്ഥാനു ബോധ്യമാക്കിക്കൊടുക്കാന്‍ ആണവ പരീക്ഷണം സഹായിക്കുമെന്നും കണക്കുകൂട്ടി. 1972 ജൂണില്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ പ്രസിഡന്റ് നികസനെ ഇക്കാര്യം അറിയിച്ചിരുന്നതായും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

നേപ്പാളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് യുഎസ് പിന്‍വലിച്ചു

വാഷിംഗ്ടണ്‍: നേപ്പാളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് യുഎസ് പിന്‍വലിച്ചു. ജനുവരി 12 വരെയാണു മുന്നറിയിപ്പ് പിന്‍വലിച്ചിരിക്കുന്നത്. നേപ്പാളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷമായി നേപ്പാളിലെ സുരക്ഷിതാവസ്ഥ മെച്ചപ്പെട്ടിട്ടുണെ്ടന്നു കാഠ്മണ്ഡുവിലെ യുഎസ് എംബസി വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാളിലെ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണു യുഎസില്‍ നിന്നുള്ള യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നത്.

ചെലവുചുരുക്കല്‍: സിറ്റിഗ്രൂപ്പ് 4,500 പേരെ പിരിച്ചുവിടും

ബ്ലൂംബെര്‍ഗ്: ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി പ്രമുഖ ബാങ്കിംഗ് ശുംഖലയായ സിറ്റിഗ്രൂപ്പ് 4,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ചൊവ്വാഴ്ച നടന്ന സംരഭക സമ്മേളനത്തിലാണ് സിറ്റിഗ്രൂപ്പ് സിഇഒ വിക്രം പണ്ഡിറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ബാങ്ക് ഒരുങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. 2,67,000 ജീവനക്കാരാണ് ലോകമെമ്പാടുമായി സിറ്റിഗ്രൂപ്പിലുള്ളത്. ഇതില്‍ 1.5 ശതമാനത്തെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്.

മറ്റു ബാങ്കുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നും പണ്ഡിറ്റ് പറഞ്ഞു. യുബിഎസ് ഗ്രൂപ്പ് അവരുടെ 18,000 ജീവനക്കാരില്‍ നിന്നു 2000 പേരെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടും. ബാങ്ക് ഓഫ് അമേരിക്ക കോര്‍പ് അടുത്തവര്‍ഷം 30,000 പേരെ വെട്ടിക്കുറയ്ക്കും.

ഈവര്‍ഷം ട്വിറ്ററില്‍ നിറഞ്ഞത് ഈജിപ്ത്

ന്യൂയോര്‍ക്ക്: 2011ല്‍ ലോകത്ത് നടന്ന ഏറ്റവും വാര്‍ത്താപ്രാധാന്യമുള്ള സംഭവം അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ വധമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉസാമയെയും കടന്ന് ട്വിറ്റര്‍ സന്ദേശങ്ങളില്‍ നിറഞ്ഞത് ജനാധിപത്യപ്രക്ഷോഭം ആളിപ്പടര്‍ന്ന ഈജിപ്തും അവിടത്തെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഹോസ്‌നി മുബാറക്കുമാണ്. ട്വിറ്ററില്‍ 2011ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ് ടാഗുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് വാര്‍ത്താ വിഭാഗത്തില്‍ ഈജിപ്ത് ഒന്നാം സ്ഥാനത്തെത്തിയത്. ഉസാമ വധം പട്ടികയില്‍ തൊട്ടടുത്ത സ്ഥാനമുറപ്പിച്ചു. ജപ്പാനില്‍ കനത്ത നാശം വിതച്ച സുനാമിയാണ് മൂന്നാം സ്ഥാനത്ത്. ഒരേ വിഷയത്തെപ്പറ്റി നല്‍കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ ഒരുമിച്ചുചേര്‍ക്കാനാണ് ഹാഷ് ടാഗ് ഉപയോഗിക്കുന്നത്.

പ്രശസ്ത യു.എസ്. നടന്‍ ചാര്‍ലി ഷീന്‍ നടത്തിയ 'ടൈഗര്‍ബ്ലഡ്' എന്ന പരാമര്‍ശവും ഏറ്റവും കൂടുതല്‍ ഹാഷ് ടാഗ് ലഭിച്ച സന്ദേശങ്ങളിലുണ്ട്. സംഗീതവിഭാഗത്തില്‍ റബേക്ക ബ്ലാക്ക് എന്ന യു.എസ്. പെണ്‍കുട്ടി ഒന്നാം സ്ഥാനത്തെത്തി. യു ട്യൂബില്‍ 'ഫ്രൈഡേ' എന്ന പേരില്‍ അസംബന്ധ ഗാനം പോസ്റ്റ് ചെയ്ത് ഏറെ വിമര്‍ശങ്ങളും തെറിയും നേരിട്ട റബേക്ക ബ്ലാക്ക് കുപ്രസിദ്ധിയിലൂടെയാണെങ്കിലും പല പ്രമുഖരെയും അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്തി.

സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പോരാടുമെന്ന് ഹിലരി

ജനീവ: സ്വവര്‍ഗാാനുരാഗികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. അവരുടെ അവകാശങ്ങളും മനുഷ്യാവകാശത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഹിലരി പറഞ്ഞു.ഐക്യരാഷ്ട്ര സഭയില്‍ നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹിലരി. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദേശ സഹായവും നയതന്ത്ര ബന്ധങ്ങളും ഉപയോഗിച്ച് മറ്റു രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തും. ഒരു സ്വവര്‍ഗ്ഗാനുരാഗി ആകുന്നത് ഒരു കുറ്റമല്ല. അവര്‍ക്കെതിരായ വിവേചനത്തിന് അടിസ്ഥാനമില്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.

ഇ - ബുക്ക് കള്ളക്കളി: ആപ്പിളിനെതിരെ അന്വേഷണം

സാന്‍ഫ്രാന്‍സിസ്‌കോ: ഇബുക്കുകള്‍ക്ക് നിയമവിരുദ്ധമായി വില വര്‍ധിപ്പിക്കാന്‍ പ്രസാധകരെ ആപ്പിള്‍ സഹായിച്ചോ എന്നകാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ കുത്തകവിരുദ്ധ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പ്രധാനപ്പെട്ട അഞ്ച് പ്രസിദ്ധീകരണ കമ്പനികളെ ആപ്പിള്‍ വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം.ഇബുക്ക് വിപണിയില്‍ വര്‍ധിച്ചു വരുന്ന മത്സരത്തിന്റെ തീഷ്ണത വ്യക്തമാക്കുന്നതാണ് ആപ്പിളിനെതിരെ ചൊവ്വാഴ്ച യൂറോപ്പില്‍ ആരംഭിച്ച അന്വേഷണമെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ടു ചെയ്തു.

ആപ്പിള്‍ അതിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡ് അവതരിപ്പിച്ചത് 2010 ലാണ്. ഐപാഡിനൊപ്പം ആപ്പിള്‍ അതിന്റെ ഐബുക്ക്‌സ്‌റ്റോറും (ശആീീസേെീൃല) ആരംഭിച്ചു. ഐപാഡിനും ഐഫോണിലും ആപ്പിള്‍ ഇബുക്കുകള്‍ വില്‍ക്കുന്നത് ഐബുക്ക്‌സ്‌റ്റോര്‍ വഴിയാണ്. ഇബുക്ക് രംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന ആമസോണിനും ആമസോണിന്റെ ഇബുക്ക് റീഡര്‍ കിന്‍ഡ്‌ലിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ആപ്പിളും ഐപാഡും രംഗത്തെത്തിയത്.

ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് മൊത്തവിലയ്ക്ക് ഇബുക്കുകള്‍ നല്‍കുകയായിരുന്നു പ്രസാധകര്‍ ചെയ്തിരുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍, ആപ്പിള്‍ ഈ രീതിക്ക് പകരം "ഏജന്‍സി എഗ്രിമെന്റ്' ആണ് പ്രസാധകരുമായി ഉണ്ടാക്കിയത്. ആ എഗ്രിമെന്റ് പ്രകാരം പുസ്തക പ്രസാധകര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍ പുസ്തകത്തിന്റെ വില എത്രവേണമെന്ന് നിശ്ചയിക്കാമെന്ന നിലവന്നു. പ്രസാധകര്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഇബുക്ക് വാങ്ങേണ്ടിവരുന്ന സ്ഥിതിയാണ് അതോടെ സംജാതമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക