Image

കേരള മാപ്പിളമാരുടെ കപ്പല്‍ കുടുംബ സംഗമം ആവേശമായി

യു.എ. നസീര്‍ Published on 08 December, 2011
കേരള മാപ്പിളമാരുടെ കപ്പല്‍ കുടുംബ സംഗമം ആവേശമായി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലേയും കാനഡയിലേയും കേരള മുസ്ലീങ്ങളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം നോര്‍വീജിയന്‍ ക്രൂസ്‌ ഒരുക്കിയ ബഹാമസ്‌ കപ്പല്‍ യാത്രയിലൂടെ ആവേശോജ്ജ്വലമായി തുടക്കം കുറിച്ചു.

താങ്ക്‌സ്‌ഗിവിംഗ്‌ അവധിക്കാലമായ നവംബര്‍ 25-ന്‌ ഫ്‌ളോറിഡയിലെ മയാമി തുറമുഖത്തുനിന്ന്‌ 300-ല്‍ പരം കെ.എം.ജി. (കേരള മാപ്പിള ഗെറ്റ്‌ റ്റുഗതര്‍) പ്രതിനിധികളുമായി യാത്ര തിരിച്ച നോര്‍വീജിയന്‍ ക്രൂസിന്റെ `സ്‌കൈ' എന്ന ആഡംബര കപ്പല്‍ കരീബിയന്‍ ദ്വീപായ ബഹാമസ്‌, നോര്‍വീജിയന്‍ സ്വകാര്യ ദ്വീപായ ഗ്രേറ്റ്‌ സ്റ്റിര്‍അപ്‌ കെ (Great stirrup cay) തുടങ്ങിയ ദ്വീപുകളില്‍ വിനോദ വിശ്രമ ക്രൂസ്‌ നടത്തി നവംബര്‍ 28-ന്‌ മയാമിയില്‍ തിരിച്ചെത്തി. കേരള മാപ്പിളമാരുടെ കുടുംബ സംഗമ വേദിയായ കെ.എം.ജി. ഈ വര്‍ഷത്തെ സംഗമം കപ്പലില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.എം.ജി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മറ്റു പ്രസ്ഥാനങ്ങളുടെയോ ആധിപത്യമില്ലാതെ തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്‌മയാണ്‌. പ്രത്യേക സംഘടനാ നേതൃത്വമോ, ഭാരവാഹികളോ, ദൃശ്യമാധ്യമ പ്രചരണങ്ങളോ, പൊതുയോഗമോ, തിരഞ്ഞെടുപ്പോ ഒന്നും ഈ കൂട്ടായ്‌മയിലില്ലെന്നുള്ളതാണ്‌ ഇതിന്റെ സവിശേഷത.

അമേരിക്കയിലും കാനഡയിലും വസിക്കുന്ന കേരള മാപ്പിള കുടുംബ സംഗമം മാത്രമാണ്‌ കെ.എം.ജി. രണ്ടു വര്‍ഷത്തിലൊരിക്കല്‍ മൂന്നു ദിവസം നീണ്ടുനില്‌ക്കുന്ന സംഗമം കെ.എം.ജി. സംഘടിപ്പിക്കാറുണ്ട്‌. വിശ്രമത്തിനും വിനോദത്തിനും പുറമെ പരസ്‌പരം അടുത്തറിയുന്നതിനും, ബന്ധങ്ങള്‍ പുതുക്കുന്നതിനും, അമേരിക്കയില്‍ വളരുന്ന പുത്തന്‍ തലമുറയ്‌ക്ക്‌ നമ്മുടെ മാതൃരാജ്യത്തെ സംബന്ധിച്ചും കേരള സംസ്‌ക്കാരത്തെക്കുറിച്ചും അറിവു പകര്‍ന്നു കൊടുക്കുന്നതിനും, ധാര്‍മ്മിക ബോധം വളര്‍ത്തുന്നതിനും വേണ്ടിയാണ്‌ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കെ.എം.ജി. കുടുംബ സംഗമം പ്രവര്‍ത്തിച്ചു വരുന്നത്‌.

കൂടാതെ, കേരളീയ കലാ-കായിക-സാംസ്‌ക്കാരിക-വിജ്ഞാന മേഖലകളില്‍ വാശിയേറിയ മത്സരങ്ങളും കെ.എം.ജി. കുടുംബ സംഗമത്തിന്റെ സവിശേഷതയാണ്‌. മേഖലാടിസ്ഥാനത്തില്‍ വിഭജിച്ച ഗ്രൂപ്പുകള്‍ തമ്മില്‍ ഒപ്പന, കോല്‍ക്കളി, ദഫ്‌ മുട്ട്‌, ഭരതനാട്യം, ചെറു നാടകങ്ങള്‍, ഇസ്ലാമിക്‌-കേരള ക്വിസ്‌, വിവിധ കായിക വിനോദങ്ങള്‍, വടം വലി തുടങ്ങിയ മത്സരങ്ങള്‍ മൂന്ന്‌
ദിനങ്ങളെ അവിസ്‌മരണീയമാക്കി.

കപ്പലിലെ സ്റ്റാര്‍ ഡസ്റ്റ്‌ തിയ്യേറ്ററിലായിരുന്നു രണ്ടു ദിവസത്തെ രാവുകളിലും കലാ മത്സരങ്ങള്‍ അരങ്ങേറിയത്‌. നവംബര്‍ 25 ശനിയാഴ്‌ച നാസ്സൊ (Nassau) ദ്വീപിലെ കടല്‍ വിസ്‌മയക്കാഴ്‌ചകള്‍ക്കും വിനോദത്തിനും നീക്കി വെച്ചു. 26 ഞായറാഴ്‌ച ഗ്രേറ്റ്‌ സ്റ്റിര്‍അപ്‌ കെ ദ്വീപിലായിരുന്നു വാശിയേറിയ സ്‌പോര്‍ട്‌സ്‌ കംബ വലി മത്സരങ്ങള്‍ അരങ്ങേറിയത്‌.

100-ല്‍ പരം കുടുംബങ്ങളില്‍ നിന്നായി 300-ലധികം പ്രതിനിധികള്‍ കുടുംബ സംഗമ ക്രൂസില്‍ പങ്കെടുത്തത്‌ സംഘാടകരെപ്പോലും അമ്പരപ്പിച്ചു. ജുമാ അടക്കമുള്ള സമയാസമയ പ്രാര്‍ത്ഥനകള്‍ക്ക്‌ കപ്പലധികൃതര്‍ ലൈബ്രറി ഹാളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

കപ്പലില്‍ കയറിയ നിമിഷം മുതല്‍ കേരളത്തിലെത്തിയ ഒരു പ്രതീതി ജനിപ്പിച്ചതുകൊണ്ട്‌ മൂന്നു ദിവസത്തെ കപ്പല്‍ യാത്ര എല്ലാവരും ആസ്വദിച്ചു. അടുത്ത കുടുംബ സംഗമം 2013-ല്‍ അറ്റ്‌ലാന്റയില്‍ വെച്ചു കൂടുവാന്‍ തീരുമാനിച്ചുകൊണ്ട്‌ കെ.എം.ജി.യുടെ 2011-ലെ കുടുംബ സംഗമത്തിന്‌ പരിസാമാപ്‌തിയായി.
കേരള മാപ്പിളമാരുടെ കപ്പല്‍ കുടുംബ സംഗമം ആവേശമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക