Image

പോള്‍ ആറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

ജോസ് കുമ്പിളുവേലില്‍ Published on 20 October, 2014
പോള്‍ ആറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
വത്തിക്കാന്‍സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 19 ന് (ഞായര്‍) രാവിലെ 10.30 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. 

വത്തിക്കാനില്‍ ഒക്‌ടോബര്‍ അഞ്ചിന് ആരംഭിച്ച് 19 ന് അവസാനിച്ച അസാധാരണ സിനഡില്‍ പങ്കെടുത്ത 191 ബിഷപ്പുമാരും മറ്റു മുന്നൂറ് മെത്രാന്‍മാരും ആയ്യായിരത്തോളം വൈദികരും പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ഏഷ്യയിലെ മെത്രാന്‍സമിതികളുടെ ഫെഡറേഷന്‍ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കൂടാതെ വിവിധ രാഷ്ട്ര- ഭരണ നേതാക്കളും സാമൂഹിക, സാംസ്‌കാരിക, സഭാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

ദിവ്യബലി ആരംഭിക്കുന്നതിനു മുമ്പും അതിനു ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ ആശ്ലേഷിച്ചത് വിശാസികളെ സന്തോഭരിതരാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലാണ് ദിവ്യബലിയും മറ്റു കര്‍മങ്ങളും നടന്നത്. പോള്‍ ആറാമന്‍ മാര്‍പാപ്പാ ധരിച്ചിരുന്ന തിരുവസ്ത്രവും ഉപയോഗിച്ചിരുന്ന കാസയും ഇടയവടിയും ധരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തത്.

പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതംതന്നെ സുവിശേഷ സന്ദേശത്തിന്റെ പ്രതീകമായിരുന്നുവെന്ന് പ്രഖ്യാപനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കറകളഞ്ഞ പത്രോസിന്റെ പിന്‍ഗാമിയും പ്രവാചകനുമായിരുന്നു പാപ്പായെന്ന് അനുസ്മരിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട വസ്ത്രമാണു തിരുശേഷിപ്പ് വണക്കത്തിനായി നല്‍കിയിരുന്നത്. അന്ന് പാപ്പാ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗമാണ് ഇന്നു തിരുശേഷിപ്പായി മാറിയത്. 1970 നവംബര്‍ 28 ന് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തിലാണ് പാപ്പാ ആക്രമിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും പാപ്പായുടെ തിരുനാള്‍ ദിനം. 1897 സെപ്റ്റംബര്‍ 26 നാണ് ഇറ്റാലിയന്‍കാരനായ പോള്‍ ആറാമന്‍ ജനിച്ചത്. 1978 ഓഗസ്റ്റ് ആറിനാന് പോള്‍ ആറാമന്‍ മാര്‍പാപ്പ കാലംചെയ്തത്. 

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുള്ള പ്രഖ്യാപനം ശ്രവിക്കാനും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരം വിശാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.

ഞായറാഴ്ച, ഒക്ടോബര്‍ 19ന് പ്രാദേശിക സമയം രാവിലെ 10.30 പാപ്പാ ഫ്രാന്‍സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സിനഡു പിതാക്കന്മാര്‍ക്ക് ഒപ്പം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലിമദ്ധ്യേയാണ് ധന്യാനായ പോള്‍ ആറാന്‍ പാപ്പായെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബങ്ങള്‍ക്കായുള്ള മൂന്നാമത് പ്രത്യേക സിനഡു സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ്, മെത്രാന്മാരുടെ സിനഡു സമ്മേളനങ്ങളുടെ ഉപജ്ഞാതാവായ പോള്‍ ആറാമന്‍ പാപ്പായെ സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥനയും, അനുതാപശുശ്രൂഷയും കഴിഞ്ഞ് ഉടന്‍തന്നെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നു.
പോള്‍ അറാമന്‍ പാപ്പായുടെ ജന്മനാടായ വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ രൂപതയുടെ മെത്രാന്‍, ലൂചിയാനോ മൊനാരി, പോസ്റ്റുലേറ്ററിനോടു ചേര്‍ന്ന് ധന്യനായ പോള്‍ ആറാമന്‍ പാപ്പായെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തണമെന്നു നടത്തിയ അഭ്യര്‍ത്ഥനയോടെ കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍, അവരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച്, പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തുകയും, ആഗോളസഭയില്‍ ഈ വാഴ്ത്തപ്പെട്ടവനായ പാപ്പായുടെ അനുസ്മരണദിനം ജന്മദിനമായ സെപ്തംബര്‍ 26ന് ആചരിക്കപ്പെടണമെന്നും പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയുണ്ടായി.

തുടര്‍ന്ന് കൃതജ്ഞതാഗീതവും, പ്രാര്‍ത്ഥനയുമായിരുന്നു. ഗ്ലോരിയ ഗീതം ആലപിച്ചതോടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന കര്‍മ്മം സമാപിച്ചു. ആഗോളസഭയ്ക്കു ലഭിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതവിശുദ്ധിക്കും, ആധുനികയുഗത്തില്‍ പാപ്പായിലൂടെ ലഭിച്ച അതുല്യമായ സേവനങ്ങള്‍ക്കും, ശനിയാഴ്ച സമാപിച്ച കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡുസമ്മേളനത്തിനും കൃതജ്ഞതയായി പാപ്പാ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി.
പ്രത്യാശയറ്റ ജനതതിത്ത് ആശയും പ്രത്യാശയും പകരുവാന്‍ തക്കവിധം കാലികമയി സഭയെ നവീകരിക്കുവാനുള്ള സിനഡു സമ്മേളനത്തില്‍ പ്രകടമായ ആഗോളസഭയിലെ മെത്രാന്‍സംഘത്തിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. ക്രിസ്തുവില്‍ ദൃഷ്ടിപതിപ്പിച്ചുകൊണ്ട് സുവിശേഷ മൂല്യങ്ങള്‍ക്കനുസൃതമായി ചരിക്കാന്‍ കുടുംബങ്ങളെ അജപാലകര്‍ സഹായിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു.

വചനപ്രഘോഷണത്തിന്റെ രണ്ടാം ഭാഗത്ത് പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവനായ പോള്‍ ആറാമനെ മഹാനും ധീരനുമെന്ന് വിശേഷിപ്പിച്ചു.
അദ്ദേഹം സഭയുടെ അഭ്യുന്നതിക്കായി അക്ഷീണം പരിശ്രമിച്ച പ്രേഷിതവര്യനായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
വാഴത്തപ്പെട്ട പോള്‍ ആറാമന്റെ പ്രവാചകതുല്യവും വിനയാന്വിതവുമായ ക്രിസ്തുസാക്ഷൃത്തിന് പ്രത്യേകം ദൈവത്തിന് നന്ദിയര്‍പ്പിച്ചു.
'ദൈവം തന്നെ വിളിച്ചത് കാലികമായ സഭയുടെ പ്രതിസന്ധികളില്‍ അവളെ നയിക്കുവാനും, പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായിക്കുവാനുമുള്ള ഉപകരണമായിട്ടു മാത്രമാണെ'ന്ന വാഴ്ത്തപ്പെട്ട പോള്‍ ആറാമന്റെ വാക്കുകള്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിച്ചു. അയോഗ്യതയിലും ദൈവം നമ്മോട് നല്ലവനാണെന്നും, അവിടുന്ന് തന്റെ സഭയെ നവീകരിക്കാന്‍ തന്നെ ഉപകരണമാക്കുക മാത്രമാണെന്ന ചിന്തകളും പാപ്പാ പങ്കുവച്ചു.

പോള്‍ ആറാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥത്തില്‍ സ്വീകരിച്ച അത്ഭുതരോഗ ശാന്തി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള വത്തിക്കാന്‍ സംഘം സമര്‍പ്പിച്ചത്, പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചശേഷം 2014, മെയ് 9ാം തിയതി പുറത്തിറക്കിയ ഡിക്രി പ്രകാരമാണ്, ഒക്ടോബര്‍
19ാം തിയതി ഞായറാഴ്ച പുണ്യശ്ലോകനായ പാപ്പായെ വാഴത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്താന്‍ നടപടിയായത്.
വടക്കെ ഇറ്റലിയിലെ ബ്രേഷ്യാ സ്വദേശിയാണ് പാപ്പാ മൊന്തീനി.

1897 സെപ്തംബര്‍ 26ന് വടക്കെ ഇറ്റലിയിലെ ബ്രേഷ്യയിലാണ് ജനനം.
1920 പൗരോഹിത്യം സ്വീകരിച്ചു. റോമില്‍ ഉന്നതപഠനം നടത്തി. വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1924 വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നിയമിതനായി.
പിയൂസ് 11ാമന്‍ 12ാമന്‍ പാപ്പാമാരുടെ കാലത്ത് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായും സേവനമനുഷ്ഠിച്ചു. ലോകമഹായദ്ധങ്ങള്‍ക്കു ശേഷം ഇറ്റലിയിലെ പ്രഥമ കത്തോലിക്കാ തൊഴിലാളി സംഘടനയ്ക്ക് രൂപംനല്കി. ഇറ്റലിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പോള്‍ ആറാമന്റെ രാഷ്ട്രീയ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു.

1954ല്‍ അദ്ദേഹം മിലാന്‍ അതിരൂപതാദ്ധ്യക്ഷനായി നിയമിതനായി.
മിലാന്‍ കേന്ദ്രീകരിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആര്‍ച്ചുബിഷപ്പ് മൊന്തീനി ശ്രദ്ധേയനായിരുന്നു. ജോണ്‍ 23ാമന്‍ പാപ്പാ 1958ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഒരുക്കങ്ങളില്‍ സജീവനായിരുന്ന കര്‍ദ്ദിനാള്‍ മൊന്തീനി, ജോണ്‍ 23ാമന്‍ പാപ്പായുടെ മരണത്തെത്തുടര്‍ന്ന് 1963 ജൂണ്‍ 21ന് പത്രോസിന്റെ പരമാധികാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

ഇറ്റലിക്കു പുറത്തേയ്ക്കും, ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും ആദ്യമായി അപ്പസ്‌തോലിക തീര്‍ത്ഥടനം നടത്തിയ പാപ്പായാണ് പോള്‍ ആറാന്‍, ഭാരത മണ്ണില്‍ കാലുകുത്തിയ പത്രോസിന്റെ പ്രഥമ പിന്‍ഗാമിയും വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തന്നെയാണ്. 1964ല്‍ മുമ്പൈ അതിരൂപത സംഘടിപ്പിച്ച അന്തര്‍ദേശീയ ദിവ്യകാരുണ കോണ്‍ഗ്രസിനോട് അനുബന്ധിച്ചായിരുന്നു പാപ്പായുടെ ചരിത്രസന്ദര്‍ശനം.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ സഭയെ ആധുനീകയുഗത്തിലേയ്ക്കും കാലികമായ മാറ്റങ്ങളിലേയ്ക്കും നവീകരണത്തിലേയ്ക്കും നയിച്ച പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പാ 1978 ആഗസ്റ്റ് 6ാം തിയതി ക്രിസ്തുവിന്റെ രൂപാന്തരീകരണ തിരുനാളില്‍ കാലംചെയ്തു. 2012ല്‍ മുന്‍പാപ്പാ ബനഡിക്ട് 16ാമനാണ് പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതത്തിലെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക