Image

മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറുന്ന ക്രിസ്തീയ സഭ - ബ്ലെസന്‍ ഹൂസ്റ്റണ്‍

ബ്ലെസന്‍ ഹൂസ്റ്റണ്‍ Published on 04 November, 2014
 മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറുന്ന ക്രിസ്തീയ സഭ - ബ്ലെസന്‍ ഹൂസ്റ്റണ്‍
മലമാറിയാലും മാറത്തതാണ് കത്തോലിക്കാസഭയുടെ നിയമങ്ങള്‍ എന്നാണ് വയ്പ്.  ആ നിയമത്തിന് ആട്ടം സംഭവിക്കുന്നുവോ? ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ആഗോള കത്തോലിക്കാസഭയുടെ ബിഷപ്പ് സിനഡ് കൂടിയപ്പോള്‍ സഭയുടെ ചില നിയമങ്ങളിലും നിലപാടുകളിലും മാറ്റം വരുത്തണമെന്ന് ശക്തമായ അഭിപ്രായം ബിഷപ്പുമാരുടെ ഇടയില്‍ ഉയര്‍ന്നുവരികയുങ്ങായി. അതില്‍ ഒന്നായിരുന്നു സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കുകയെന്ന ആശയത്തിനെ ഭാഗീകമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രഹസ്യപിന്തുണയും ഉണ്ടായിരുന്നുത്രെ. സഭയുടെ ചില കാര്യങ്ങളിലുള്ള കടുത്ത നിലപാടില്‍ മാറ്റങ്ങള്‍ കാലത്തിനനുസരിച്ച് വേണമെന്നും പ്രായോഗികമായ നിലപാടുകള്‍ സഭ എടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബിഷപ്പുമാരോട് സിന്‍ഡിന്റെ തുടക്കത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൂടി വ്യക്തമാക്കുകയുണ്ടായി.

സ്വവര്‍ഗ്ഗവിവാഹം  എന്ന വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച ബിഷപ്പുമാരുടെ കമ്മിറ്റി മാര്‍പ്പാപ്പയ്ക്ക് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് സിനഡില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അതിന് പച്ചകൊടി കാണിച്ചതോടെ അതിന് അംഗീകാരം ഉണ്ടാകുമെന്ന് എല്ലാവരും കരുതുകയും ചെയ്തു. എന്നാല്‍ ശക്തമായ ചര്‍ച്ചക്കുശേഷം ഇത് വോട്ടിനിട്ടപ്പോള്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയും അത് വീണ്ടും ചര്‍ച്ചചെയ്യാന്‍ മാറ്റിവയ്ക്കുകയുമുണ്ടായി. സ്വവര്‍ഗ്ഗ അനുരാഗികളായ ദമ്പതികളെ തുറന്ന മനസ്സോട് അംഗീകരിക്കണമെന്നുള്ള മാര്‍പ്പാപ്പയുടെയും സിനഡിലെ ഒരുവിഭാഗത്തിന്റെയും ആഹ്വാനം കത്തോലിക്കാ സഭയിലെ യാഥാസ്ഥിതികരായവരെയും ക്രൈസ് തവലോകത്തെ തന്നെയും അമ്പരപ്പിച്ചിരിക്കുകയുണ്ട്. കാരണം മാനുഷിക മൂല്യങ്ങളുടെ ധാര്‍മ്മിക നിലപാടിന്റെ പ്രവാചകനാണ് മാര്‍പ്പാപ്പ. പ്രകൃതി വിരുദ്ധ പ്രവര്‍ത്തിയായിട്ടാണ് കത്തോലിക്കാസഭ സ്വവര്‍ഗ്ഗ വിവാഹത്തെയും മറ്റും പഠിപ്പിക്കുന്നത്. മിക്ക രാജ്യങ്ങളും അങ്ങനെയാണ് കാണുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പുരുഷനും സ്ത്രീയുമായിട്ടാണെന്നും അവര്‍ ഒന്നാകുമ്പോള്‍ മാത്രമെ പുതിയ സൃഷ്ടി ഉണ്ടാകുകയുള്ളൂയെന്നാണ് സഭയുടെ പഠിപ്പിക്കല്‍ ഇപ്പോള്‍ മറിച്ച് പഠിപ്പിക്കുന്നതായിട്ടാണ് ഇതിനെ സഭയിലെ യാഥാസ്ഥിതികര്‍ കാണുന്നത്.

പ്രകൃതി വിരുദ്ധവും പാപകരവുമായതും ദൈവത്തിനെതിരായ പ്രവര്‍ത്തിയുമായും സഭയും  പിതാക്കന്‍മാരും കണ്ടിരുന്നത്. ഈ പ്രവര്‍ത്തി ഇപ്പോള്‍ സഭ അംഗീകരിക്കാന്‍ കാരണം പുരോഗമനപരമായി സഭ ചിന്തിക്കുന്നതിലാണെന്നാണ് സഭയുടെ വിശദീകരണം. പുരോഗമനപരമായി ചിന്തിക്കുമ്പോള്‍ തെറ്റ് ശരിയാകുമോ പാപം പുണ്യപ്രവര്‍ത്തിയാകുമോ. ഇന്നലെ തെറ്റ് എന്ന് പഠിപ്പിക്കുന്നത് ഇന്ന് ശരിയെന്ന് പഠിപ്പിക്കുന്നതാണോ പുരോഗമനത്തില്‍ കൂടി കാണുന്നത്? യാഥാസ്ഥിതികരായ കത്തോലിക്കരും മറ്റ് ക്രൈസ്തവരായ യാഥാസ്ഥിതികരുടെയും ചോദ്യമാണിത്. അത് ന്യായമായ ചോദ്യം തന്നെ. ഈ ചോദ്യത്തിന് മറുപടി പറയാന്‍ തീര്‍ച്ചയായും സഭയുടെ തലപ്പത്തിരിക്കുന്ന മാര്‍പ്പാപ്പയ്ക്കും ഇതിനായി നിയമിച്ച സിനഡിന്റെ കമ്മിറ്റിക്കും ഉണ്ട്.
സ്വവര്‍ഗ്ഗാനുരാഗം എന്ന വികാരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിന് മതിയായ ശാസ്ത്രീയ വശങ്ങളോ വിശകലനമോ ആരും തന്നെ നിര്‍വജ്ജിക്കപ്പെട്ടിട്ടുമില്ല. ഊഹാപോഹങ്ങളോ അടിസ്ഥാനമില്ലാത്ത കണ്ടെത്തലുകളോ മാത്രമെ ഇതിനെ കുറിച്ച് പറയപ്പെടുന്നുള്ളൂ. സ്വവര്‍ഗ്ഗാനുരാഗികളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും സ്വവര്‍ഗ്ഗ വിവാഹിതരെ അംഗീകരിക്കുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെടുമ്പോള്‍ ഇതിന്റെ ശാസ്ത്രീയസത്യം എ ന്തെന്ന് ആലോചിക്കേണ്ടതായിരുന്നു. ഏത് ചെറിയ കാര്യമായാലും വലുതായാലും കത്തോലിക്കാസഭ അതിനെകുറിച്ച് അതിന്റെ ശാസ്ത്രീയവശങ്ങളെകുറിച്ച് ശക്തമായ ചര്‍ച്ചയും ആഴമായ പഠനവും നടത്തിയെ തീരുമാനമെടുത്തിട്ടുള്ളൂ. എന്നാല്‍ ഈ കാര്യത്തില്‍ അത്രകണ്ട് പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലായെന്നതാണ് യാഥാസ്ഥിതികരായ സഭാ വിശ്വാസികളുടെ ആരോപണം.

സഭയുടെ ഏതെങ്കിലും ഒരു പ്രദേശത്ത് വലിയ അത്ഭുതങ്ങള്‍ നടന്നുയെന്ന് വന്‍വാര്‍ത്ത വന്നാല്‍പോലും അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും അത് സത്യമാണെങ്കില്‍ അതിന്റെ ശാസ്ത്രീയവശങ്ങളില്‍ കൂടി പഠനം നടത്തിയശേഷമെ സഭ അത് ശരിയോ തെറ്റോ എന്ന് തറപ്പിച്ചു പറയാറുള്ളൂ. അതാണ് സഭയുടെ പൊതുവായ രീതി. ആ രീതിക്ക് മാറ്റം വരുത്താന്‍ സഭയെ നയിച്ചിരുന്ന മാര്‍പ്പാപ്പമാര്‍ തയ്യാറായിരുന്നില്ല. ഏത് പുരോഗമനപരമായ പ്രവര്‍ത്തികള്‍ ഉണ്ടായാലും സഭയുടെ അടിസ്ഥാനതത്വങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള യാതൊരു വിട്ടുവീഴ്ചകള്‍ക്കും സഭ പിതാക്കന്‍മാര്‍ തയ്യാറായിരുന്നില്ലായെന്നതിന്റെ തെളിവാണ് സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള അനുമതി നല്‍കാതെയിരുന്നതും പുരോഹിതര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാതിരുന്നതും.

അതില്‍ എത്രയോ സങ്കീര്‍ണ്ണമായ പ്രശ്‌നവും വിഷയവുമായിട്ടാണ് ഇതിനെ ബനഡിക്ട് മാര്‍പ്പാപ്പവരെയുള്ള പിതാക്കന്‍മാര്‍ കണ്ടിരുന്നത് ബനഡിക്ട് മാര്‍പ്പാപ്പയുടെ കാലത്തായിരുന്നല്ലോ സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലരും രംഗത്തുവന്നത്. അന്നൊന്നും പുരോഗമന ചിന്താഗതിയുമായി ഇതിനെ താരതമ്യപ്പെടുത്തി അംഗീകാരം നല്‍കാനുള്ള ശ്രമം ബനഡിക്ട് മാര്‍പ്പാപ്പ നടത്തിയില്ല. കാരണം ബൈബിളില്‍ വിവാഹം ആരുമായും എങ്ങനെയെന്നും വ്യക്തമായി പറയുന്നുയെന്നതുതന്നെ. സ്വവര്‍ഗ്ഗഅനുരാഗം തെറ്റാണെന്നു തന്നെയുള്ള പിതാക്കന്‍മാരുടെ പഠിപ്പിക്കലില്‍ വിവാഹമെന്ന കുദാശയില്‍ സ്ത്രീയും പുരുഷനും മാത്രമാണെന്നു വ്യക്തമാക്കുന്നത് ബൈബിളിലെ വാക്കുകള്‍ അടിസ്ഥാനപ്പെടുത്തിതന്നെയായിരുന്നു. ബൈബിളിലെ വാക്കുകള്‍ മുറുകെ പിടിക്കുകയും പുരോഗമന ചിന്താഗതിയില്‍ അതിനെ മറക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് സ്വവര്‍ഗ്ഗ വിഷയത്തില്‍ സഭയെടുക്കുന്നതെന്ന് യാഥാസ്ഥിതികര്‍ കുറ്റപ്പെടുത്തുന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല.

ഒരിക്കല്‍ മുഹമ്മദ്‌നബിയുടെ അടുത്ത് കുറെ ആളുകള്‍ വന്ന് തങ്ങള്‍ ഇസ്ലാമാകാം പക്ഷെ തങ്ങള്‍ക്ക് വ്യഭിചാരം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് പറയുകയുണ്ടായി. അങ്ങനെയൊരു ഇസ്ലാം മതത്തെ കുറിച്ച് തനിക്കറിയില്ലായെന്നും താന്‍ വിശ്വസിക്കുന്ന ഇസ്ലാമില്‍ അത് പാപമാണെന്നും പറയുകയുണ്ടായി. എന്നാല്‍ അവരില്‍ ഇത് വന്‍മാറ്റമുണ്ടാക്കി. അവര്‍ നല്ലവരായി തിരിച്ചുവന്ന് ഇസ്ലാംമതം സ്വീകരിച്ചുയെന്ന് ഒരിടത്ത് വായിക്കുകയുണ്ടായി. ഇതുപോലെതന്നെ കത്തോലിക്കാസഭ പ്രായോഗികമായി ചിന്തിക്കുന്നതോടൊപ്പം സഭയുടെ മൂല്യം മുറുകെ പിടിച്ചുള്ള പ്രവര്‍ത്തികളാണ് ചെയ്യേണ്ടതെന്നാണ് പലരുടെയും അഭിപ്രായം.

അതിന് വിപരീതമായ രീതിയിലായാല്‍  അത് സഭക്ക് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുകയും അവരുടെ വിവാഹത്തെ അംഗീകരിക്കുകയും ചെയ്ത മറ്റ് ചില ക്രൈസ്തവസഭകളുടെ രീതിയെ ഒരു കാലത്ത് ചോദ്യം ചെയ്ത കത്തോലിക്കാസഭ ഇപ്പോള്‍  അനുകൂലിക്കുന്നത് അവരുടെ നിലപാടാണ് ശരിയെന്ന രീതിയിലേക്ക് വ്യാഖ്യാനിക്കപ്പെടും. അത് മാത്രമല്ല കത്തോലിക്കാസഭക്ക് കെട്ടുറപ്പില്ലായെന്ന രീതിയിലേക്ക് അവര്‍ കത്തോലിക്കസഭയെ ചിത്രീകരിക്കുകയും ചെയ്യും. ഇതാണ് യാഥാസ്ഥിതികരുടെ അഭിപ്രായം. അമേരിക്കയില്‍ പല സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമായി അംഗീകരിച്ചിട്ടുണ്ട് അപ്പോള്‍ പിന്നെ സഭക്ക് എന്തുകൊണ്ട് ആയിക്കൂടായെന്ന് വാദിക്കുന്നവരുമുണ്ട്.

സര്‍ക്കാരുപോലെയല്ല സഭ. സര്‍ക്കാര്‍ എന്നത് ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തു വിടുന്നവരാണ് ജനപ്രതിനിധികള്‍ അവരാണ് സര്‍ക്കാരില്‍ ഭാഗഭാഗത്യേയം വഹിക്കുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കാനും സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാനും കൂടിയാണ് സര്‍ക്കാരുകള്‍ ഇത് നിയമപരമാക്കുന്നത്. സ്വവര്‍ഗ്ഗവിവാഹം നിയമസാധുത ഉണ്ടാക്കിയതുവഴി സര്‍ക്കാരുകള്‍ക്ക് വന്‍സാമ്പത്തിക നേട്ടമുണ്ടായത് മൂലം കൂടുതല്‍ സംസ്ഥാനങ്ങള്‍ അമേരിക്കയില്‍ ഇത് നിയമപരമാക്കാന്‍ പോകുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. എന്നാല്‍ അതുപോലെയല്ല സഭ. സഭ ജനങ്ങളുടേതും ജനങ്ങള്‍ക്കുവേണ്ടിയുമാണെങ്കിലും അതിലുപരി ദൈവത്തിന്റെ ആലയവും ദൈവവചനത്തിന്റെ  മേല്‍നോട്ടക്കാരുമാണ്.

സ്വവര്‍ഗാനുരാഗികളുടെ കഴിവുകള്‍ ഉപയോഗിക്കക എന്നതാണ് സഭ ഇതിനുനല്‍കുന്ന വിശദീകരണമത്രൈ. അതില്‍ തെറ്റില്ല. പക്ഷെ അത് അംഗീകരിക്കുന്നതിലാണ് യാഥാസ്ഥിതികര്‍ക്ക് എതിര്‍പ്പ്.
കത്തോലിക്കാസഭയുടെ തീരുമാനമെന്നത് ക്രൈസ്തവലോകത്തിന്റെ തീരുമാനമായിട്ടാണ് കണക്കാക്കുന്നത്. കാരണം ആഗോള ക്രൈസ്തവലോകത്ത് അവരുടെ സാന്നിധ്യം വളരെ വലിയതും സ്വാധീനം നിര്‍ണ്ണായകവുമാണ്. അതുകൊണ്ടു തന്നെ ഇതുപോലെയുള്ള കാര്യങ്ങളില്‍ സഭയെടുക്കുന്ന തീരുമാനം ക്രൈസ്തവലോകത്തെ തന്നെ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ല. കത്തോലിക്കാസഭ ഒരു തീരുമാനമെടുത്താല്‍ അതിനെ പിന്തുടര്‍ന്ന് മറ്റ് സഭകളും തങ്ങളുടെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാകുമെന്നാണ് പൊതുവെയു ള്ള അഭിപ്രായം. അത് ഒരു പക്ഷെ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കാരണമാകും. കത്തോലിക്കാസഭ ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ അമേരിക്കയിലും യൂറോപ്പിലുമുള്ള പല സംസ്ഥാനങ്ങളും പ്രൊവിന്‍സുകളും സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കും. ഇവിടെയൊക്കെ ഇപ്പോള്‍ നിയമപരമാക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തത് ഒരു പരിധിവരെ കത്തോലിക്കാസഭയുടെ പ്രാദേശിക സഭയുടെ എതിര്‍പ്പുകൊണ്ടാണ്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍പോലും തങ്ങളുടെ നിലപാട് മാറ്റേണ്ടിവരും. അങ്ങനെ വന്നാല്‍ ലോകം മറ്റൊരു രീതിയിലേക്കും മാറ്റത്തിലേക്കും വഴുതിപോകും. അത് കൂടുതല്‍ അപകടകരമായ സ്ഥി തിവിശേഷം ഉണ്ടാക്കുമെന്നാണ് പലരുടെയും അഭിപ്രായം. അത് സഭക്കകത്തും പുറത്തുമുള്ളവരുടെ ക്രൈസ്തവചിന്താഗതിക്ക് തന്നെ അത് കോട്ടംവരുത്തുമെന്നും അഭിപ്രായമുണ്ട്.

അംഗീകാരമെന്നതിനെക്കാള്‍ അനുകമ്പയാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നാണ് യാഥാസ്ഥിതികരുടെ അഭിപ്രായം. കാരണം എല്ലാം ദൈവസൃഷ്ടിയാണെന്നും ദൈവസ്‌നേഹത്തില്‍ എല്ലാവരും തുല്യരാണെന്നുമുള്ളതാണ്. അത്തരത്തിലുള്ള സമീപനമാ ണ് സഭ ചെയ്യേണ്ടത്. അതില്‍ തെറ്റോ വിമര്‍ശനമോ ഉണ്ടാകുകയില്ല. അത് സഭയെ കൂടുതല്‍ കെട്ടുറപ്പുളവാക്കാന്‍ കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വര്‍ഷങ്ങളായി സഭയില്‍ ആ വശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പലകാര്യങ്ങളിലും നടപടിയെടുക്കുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യാതെ ഈ വിഷയത്തില്‍ സഭ എടുത്തുചാടി തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നതിനെയും പലരും വിമര്‍ശിക്കുന്നുണ്ട്. വര്‍ഷങ്ങളായി പലഭാഗത്തുനിന്നും ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു വൈദീകരെ വിവാഹം ചെയ്യാന്‍ അനുവദിക്കുകയെന്നത്. പൗരോഹിത്യശുശ്രൂഷയും വിവാഹജീവിതം ഒന്നിച്ചുകൊണ്ടുപോകാന്‍ അനുവദിക്കുകയെന്നത്. എന്നാല്‍ അതില്‍ സഭ മൗനം പാലിക്കുകയാണ് ചെയ്തത്. അതിന് അനുകൂലമായ നിലപാട് എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് യാഥാസ്ഥിതികര്‍പോലും ഇപ്പോള്‍ പറയുന്നത്.

സ്വവര്‍ഗ്ഗവിവാഹത്തെ സഭ അനുകൂലിക്കുന്നുയെന്ന് വാര്‍ത്ത വന്നതോടുകൂടി ആഗോള കത്തോലിക്കാസഭയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുയെന്ന പ്രചരണം ശക്തമാകുകയാണ് സ്ത്രീകള്‍ക്കും പൗരോഹിത്വം എന്ന തീരുമാനം എന്ന് സഭയില്‍ ഉണ്ടാകുമെന്നാണ് ഇപോള്‍ ഉയരുന്ന ചോദ്യം. ഇത് അംഗീകരിച്ചാല്‍ വൈദീകരുടെ വിവാഹവും സ്ത്രീകള്‍ക്ക് പൗരോഹിത്യവും എന്തുകൊണ്ട് അംഗീകരിച്ചുകൂടാ. ആ ചോദ്യത്തിന് സഭ ഉത്തരം പറയേണ്ടതാണ്.
അതിനൊക്കെ പണ്ട് പിതാക്കന്മാര്‍ മറുപടി കൊടുത്തിരുന്നു. അത് ബൈബിളിനെയും നൂറ്റാണ്ടുകളായ സഭയുടെ നിലപാടിനെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇന്ന് അത് ആധുനിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ്. അതാണോ ശരി ഇതാണോ ശരി ഇന്നലെ സഭ തെറ്റെന്ന് പഠിപ്പിച്ചത് ഇന്ന് ശരിയെന്നു പഠിപ്പിക്കുന്നതിലേക്ക് മാറിയിരിക്കുന്നുവോ.
 മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറുന്ന ക്രിസ്തീയ സഭ - ബ്ലെസന്‍ ഹൂസ്റ്റണ്‍
Join WhatsApp News
സംശയം 2014-11-04 14:15:52
ദൈവത്തിനു ലിംഗം ഇല്ലാത്തതുകൊണ്ട് പ്രകൃതി വിരുദ്ധം അദ്ദേഹത്തെ എങ്ങനെ ബാധിക്കും?
ഉത്തരംമുട്ടി 2014-11-04 20:25:44
സംശയത്തിന്റെ സംശയം ന്യാമായ ഒരു സംശയാമാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക