Image

പാളിപ്പോയ ചുംബനങ്ങള്‍ (ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)

Published on 04 November, 2014
പാളിപ്പോയ ചുംബനങ്ങള്‍ (ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
മറൈന്‍ഡ്രൈവില്‍ അരങ്ങേറിയ ചുംബന സമരം, സമരക്കാരേക്കാള്‍ പതിന്മടങ്ങ്‌ കാണികളെ നിരാശരാക്കിയതായിരുന്നു. കുറെപ്പേരുടെ സമയവും ആകാംക്ഷയും നഷ്‌ടമാക്കി, കുറെപ്പേര്‍ പരിക്കും, നാണക്കേടും ഏറ്റുവാങ്ങി, ചാപിള്ളയായിപ്പോയ ഒരു സമരം.

ചുംബനം അത്‌ സമരത്തിലൂടെ നേടിയെടുക്കേണ്ട അവകാശമല്ല. അത്‌ ശരിയായ സ്ഥലത്ത്‌ ശരിയായ സന്ദര്‍ഭത്തില്‍ ശരിയായ ആളിനു നല്‌കേണ്ടതും, ലഭിക്കേണ്ടതുമായ സ്‌നേഹപ്രകടനമാണ്‌. ആത്മാവും ആത്മാവും തമ്മില്‍ സംവദിക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണത്‌. പിഞ്ചു കുഞ്ഞുങ്ങളോട്‌ തോന്നുന്ന സ്‌നേഹം, അപ്പോള്‍ അവരെ വാരിപ്പുണരുന്നത്‌ മാതാപിതാക്കള്‍ക്ക്‌ മക്കളോട്‌ തോന്നുന്ന സ്‌നേഹം; അതിന്റെ പ്രകടനങ്ങള്‍ എല്ലാം സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്‌. അമ്മയുടെ ചുംബനമേറ്റു വളരുന്ന കുട്ടികള്‍ വഴിപിഴയ്‌ക്കില്ല എന്നു പറയുന്നത്‌ ചുംബനത്തിന്റെ ശക്തിയെയാണ്‌ കാണിക്കുന്നത്‌.

അതുപോലെ പ്രായപൂര്‍ത്തിയായ പ്രണയിതാക്കള്‍ ചുംബിക്കുന്നുവെങ്കില്‍, സ്‌നേഹം പ്രകടിപ്പിക്കുന്നുവെങ്കില്‍ സദാചാര പോലീസിനെന്തു കാര്യം? അവര്‍ക്കു നാണമില്ലേ ഒളിഞ്ഞു നോക്കാനും, ഒളിക്യാമറയില്‍ പിടിച്ചുകണ്ടു രസിക്കാനും? ചുംബനം തെറ്റാണെങ്കില്‍ അമൃതാനന്ദമയി നടത്തുന്ന പരസ്യ ആലിംഗനവും, ചുംബനവും തടയേണ്ടതല്ലേ? അപ്പോള്‍ മതത്തിന്റെ പേരില്‍ എന്തും ആകാമെന്നു വന്നുകൂടുന്നു.

രണ്ടു പേര്‍ തമ്മില്‍ ചുംബിച്ചുപോയതാണല്ലോ പ്രശ്‌നം. അവര്‍ ആരേയും വാക്കുകൊണ്ടു പോലും വേദനിപ്പിച്ചില്ല. ആരേയും ബലാത്സംഗം ചെയ്‌തില്ല. ആരേയും കൊന്നില്ല; ഐസ്‌ക്രീം പാര്‍ലറിലും കിളിരൂരും പോയില്ല; പിന്നെ ആര്‍ക്കെന്തു ചേതം?

അനാശാസ്യം നടക്കുന്നുവെങ്കില്‍ തടയേണ്ടതാണ്‌. മാംസക്കച്ചടവടത്തെ തീര്‍ത്തും എതിര്‍ക്കേണ്ടതാണ്‌. അതു നടക്കുന്നില്ല. അല്ലെങ്കില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുമായിരുന്നില്ല. പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. എന്തിന്‌ പശുക്കുട്ടികളെപ്പോലും വെറുതെവിടാത്ത കാപാലിക സംസ്‌കാരം ഉണ്ടാകുമായിരുന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ സദാചാര പോലീസിന്റെ ക്യാമറ എന്താ പ്രവര്‍ത്തിക്കാത്തത്‌?

ചുംബനത്തിന്റെ പേരില്‍ നടക്കുന്ന സമരം തീര്‍ത്തും അധികപ്പറ്റായി. ജീന്‍സ്‌ പരാമര്‍ശത്തിനെതിരേ സ്‌ത്രീകള്‍ ജീന്‍സിട്ട്‌ പ്രതികരിച്ചെങ്കില്‍ അത്‌ ശരീരത്തിന്റെ മാത്രം ഇഷ്‌ടപ്രകാശനമായിരുന്നില്ല. ചുംബനം അതല്ല; മനസും മനസും ഇഷ്‌ടപ്പെടുമ്പോള്‍ സ്വാഭാവികമായി വന്നുപോകുന്ന ഒരു പ്രക്രിയ. അതിനെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ കാണിക്കാമെന്നു വെച്ചാല്‍ സന്തോഷ്‌ പണ്‌ഡിറ്റിന്റെ പ്രേമ രംഗങ്ങളെപ്പോലെ അറപ്പുണ്ടാക്കാനേ സാധിക്കൂ. അതുകൊണ്ടാണ്‌ ചുംബന സമരം വിജയിക്കാതെ പോയതും. ആത്മാര്‍ത്ഥമായി ആര്‍ക്കും ചുംബിക്കാന്‍ കഴിഞ്ഞില്ല എന്നത്‌ ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്‌. ചിലര്‍ ഒഴിഞ്ഞുമാറുന്നു; ചിലര്‍ പിടിച്ചിട്ട്‌ ചുംബിക്കാന്‍ ശ്രമിക്കുന്നു.

നിഷ്‌കളങ്കമായ സ്‌നേഹ ചുംബനങ്ങള്‍ അര്‍ഹിക്കുന്നവര്‍ കൈമാറട്ടെ. സങ്കടം വരുമ്പോള്‍ കരയാമെങ്കില്‍, സന്തോഷം വരുമ്പോള്‍ ചിരിക്കാമെങ്കില്‍ , സ്‌നേഹം തോന്നുമ്പോള്‍ ചുംബിക്കാനും സാധിക്കട്ടെ. അനാശാസ്യത്തിലേക്കു വഴിതുറക്കാത്ത ഒരു നല്ല സംസ്‌കാരം കേരളത്തിനുണ്ടാകട്ടെ.
പാളിപ്പോയ ചുംബനങ്ങള്‍ (ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
Join WhatsApp News
A.C.George 2014-11-04 18:06:46
Because of fake moral people, hue and cry, due to bad publicity the poor lovers were not able to execute their \\\"Kiss Functions\\\" properly with a peace of mind. I think they are the winners and they gave a message to the fake \\\"Sadachara Gundakal\\\".
വിദ്യാധരൻ 2014-11-04 20:21:01
'ആത്മാവും ആത്മാവും' സംവദിക്കുമ്പോൾ അതിനെ പ്രകടിപ്പിക്കാൻ ചുമ്പനമല്ലാതെ മറ്റെന്താ ണുള്ളത്? പക്ഷെ ആ ചുംബനത്തിനായി അധരങ്ങൾ തുടിക്കണമെങ്കിൽ കൊച്ചിയുടെ ദുര്ഗന്ധം വമിക്കുന്ന മറയിൻ ഡ്രൈവല്ല വേണ്ടത്, നിശാഗന്ധിപൂക്കൾ വിരിയാൻ പ്രകൃതി ഒരുക്കുന്ന രാവിന്റെ പരിശുദ്ധിയും ശാന്തതയുമാണ് വേണ്ടത്. വിഷയത്തിന്റെ അതാമിവിനെ ഒപ്പിയെടുത്തു ലേഖിക എഴുതിയ ലേഖനം പക്വവും മാതൃ സ്നേഹത്തിന്റെ വിശുദ്ധിയാൽ ലേപനം ചെയ്യപ്പെട്ടതുമാണ്. മനുഷ്യ സംസ്കാരത്തിന് വന്നു ഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുക്കുറിച്ച് ലേഖിക ആകുല ചിത്തയാണ്. സ്വന്തം മകളെയോ സഹോദരിയെയോ വലിച്ചിഴച്ചു ചുംബിക്കുമ്പോൾ മാത്രം സടകുടഞ്ഞു എഴുന്നേൽക്കണ്ടതല്ല സദാചാര ബോധം, നേരെമറിച്ച് ഇത്തരം പ്രവണതകൾ തലപൊക്കുമ്പോൾ തന്നെ അതിനെതിരെ ആഞ്ഞടിക്കുക കൂടി ചെയ്യണമെന്നു എഴുത്ത്കാരി നമ്മളെ ഉദ്ബോധിപ്പിക്കുന്നു. പരസ്യ ചുംബനത്തെ പാടി പുകഴത്തുന്നവർക്ക് വേണ്ടത് അവരുടെ ഗൂഡമായ രതി ഭാവനകൾക്ക് ഏതുവിധേനയും നീലിമ ചാർത്തണമെന്നുള്ളതാണ്. മനുഷ്യബന്ധങ്ങളും സ്നേഹ പ്രകടനങ്ങളും വസ്തുവകകളുടെ താങ്ങില്ലെങ്കിൽ നിലത്തു വീണു പൊട്ടിച്ചിതറാവുന്ന ഒരു പളുങ്ക് പാത്രം പോലെയായിട്ടുണ്ട്. 'കല്പ്പനാ മേഖല വർണ്ണം പിടിപ്പിച്ച സ്വപ്നനിർവാണ മധുവിധു രാത്രികളിൽ' തങ്ങളുടെ പ്രിയതമനൊ പ്രിയതമക്കൊയായി നമ്മളുടെ യുവതി യുവാക്കൾ അവരുടെ പ്രണയത്തെയും അതിൽ നിന്ന് വിരിയാൻ പോകുന്ന ചുംബനങ്ങളെയും കാത്തു സൂക്ഷിക്കട്ടെ. ശക്തമായ ലേഖനത്തിനു എഴുത്തുകാരിക്ക് അഭിനന്ദനം
Truth man 2014-11-13 16:48:49
The publisher of Emalayalee did not  publish my comments.
Because I am telling the truth.So I would like to stop this 
He doesn't like to touch some writers.  Bye 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക