മയിലിനെപ്പോലെ സൌന്ദര്യാത്മകവും ആകര്‍ഷകവുമായ മറ്റൊരു പക്ഷിയെ ഈ ഭൂമുഖത്ത്
കണ്ടിട്ടുണ്ടാവില്ല. മയില്‍ ഭാരത ജനതയ്ക്ക് അഭിമാനിക്കാവുന്ന നമ്മുടെ
ദേശീയ പക്ഷിയും കൂടിയാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ദേവ സദസുകളിലെ
പുണ്യഗണങ്ങളിലും ഈ പക്ഷിക്ക് പവിത്രമായ ഒരു സ്ഥാനം കല്പ്പിച്ചിട്ടുണ്ട്.
സൃഷ്ടാവിന്റെ മാന്ത്രികമായ കലാവിരുതുകള്‍ ഐന്ദ്രജാലികനായ ആ പക്ഷിയുടെ
ചിറകുകളില്‍ ഒത്തുചേര്‍ന്നിരിക്കുന്നതായും കാണാം. ഭാരതീയ ദേവ ദൈവങ്ങളുടെ
പ്രതിഷ്ഠകളില്‍ മയിലുകള്‍ക്കും ഓന്നത്യമേറിയ ഒരു സ്ഥാനമുണ്ട്. വൈദിക
കാലങ്ങള്‍ മുതല്‍ മയിലുകള്‍ പരിശുദ്ധിയുടെ പക്ഷിയാണ്. മയിലിനെ വേട്ടയാടല്‍
ഭാരതമാകെ നിരോധിച്ചിരിക്കുന്നു.
കാറ്റിന്റെയും മഴയുടെയും ഇടിമുഴക്കങ്ങളുടെയും ദേവനായി മയൂര വാഹകനെ ഹൈന്ദവ
വിശ്വാസ സംഹിതകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പീലി വിടര്‍ത്തി
നില്ക്കുന്ന മയിലുകളെ കാണുമ്പോള്‍ അന്നു മഴയുണ്ടാകുമെന്ന് നാടോടി
വര്‍ത്തമാനങ്ങളില്‍ ഉണ്ട്. അത് പരമ്പരാഗതമായി കേരളീയ ജനത
വിശ്വസിച്ചിരുന്നു. കുറച്ചൊക്കെ സത്യവും ആ വിശ്വാസത്തില്‍
ദര്‍ശിക്കുന്നുമുണ്ട്. ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഇടിച്ചു കയറി
പന്തലിക്കുന്ന മുഹൂര്‍ത്തത്തില്‍ രാഗാനുരാഗ ഭാവത്തോടെ മയിലുകള്‍ പീലി
വിടര്‍ത്തി നൃത്തം ചെയ്യാറുണ്ട്. ഇന്ത്യന്‍ നാട്യ കലകളിലും
ഭരതനാട്യത്തിലും മറ്റു സാംസ്‌ക്കാരിക കലകളിലും മയൂര നൃത്തമുണ്ട്.
ദേശീയ പക്ഷിയായ മയിലുകള്‍ ഭാരതത്തില്‍ ധാരാളമായുണ്ട്.മയിലുകള്‍ ചൂടുളള
സമതല പ്രദേശങ്ങളിലെ പുല്‌മേടകളില്‍ തത്തി കളിക്കുന്നത് കാണാം.
വനപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ദൃശ്യമാണ്. കൂടുതലായും
അമ്പലങ്ങള്‍ക്ക് ചുറ്റുമായി കാണുന്നു. നദികളുടെ തീരത്തും ചെടികളുടെ ഇടയിലും
അവകള്‍ വസിക്കുന്നു. ചിലപ്പോള്‍ ചാഞ്ഞു നില്ക്കുന്ന മരങ്ങളുടെ
കൊമ്പുകളിലും വിശ്രമിക്കുന്നതു കാണാം. വിത്തുകളും പ്രാണികളും ചിലയിനം
ഇഴജന്തുക്കളും പാമ്പുകളും ഇവറ്റകളുടെ ഭക്ഷണമാണ്. ആണ്‍ മയിലുകളും പെണ്‍
മയിലുകളും രൂപാദി ഭാവങ്ങളില്‍ തികച്ചും വ്യത്യസ്തമായി കാണുന്നു.
ആണ്മയിലുകള്‍ക്ക് ശരാശരി പതിനൊന്നു പൌണ്ട് തൂക്കവും പെണ്‍ മയിലുകള്‍ക്ക്
ഏഴു പൌണ്ട് തൂക്കവും കാണാം. ഓരോ തുവലിന്റെ അറ്റത്തും മനോഹരമായ കണ്ണുകള്‍
പോലുള്ള ദൃശ്യങ്ങളുമുണ്ട്.
നീലയും പച്ചയുമാര്‍ന്ന നീളന്‍ പീലികള്‍ ആണിന്റെ വ ര്‍ഗത്തിലുള്ള
മയിലുകള്‍ക്കു കാണാം. ഈ മയൂര പക്ഷിയെ നീണ്ട വാലായിട്ടാണ് സാധാരണ
കാണപ്പെടുന്നത്. ആണ്മയിലുകളുടെ തലയില്‍ പൂവിതളുകള്‍ പോലുള്ള പപ്പുകളുണ്ട്.
പെണ്മയിലുകളുടെ തൂവലുകള്‍ ഇരുണ്ട പച്ച നിറമുള്ള ചാര
നിറത്തിലുള്ളതായിരിക്കും. പെണ്മയിലുകള്‍ക്ക് ആണ്മയിലുകളെപ്പോലെ നീണ്ട
തൂവലുകള്‍ കാണില്ല. ആണ്മയിലുകള്‍ പീലി വിടര്‍ത്തി പെണ്മയിലുകളെ അനുരാഗ
രീതിയില്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കും. മയിലുകള്‍ കോഴി വര്‍ഗത്തില്‍പ്പെട്ട
പക്ഷികളാണ്. കോഴികളെപ്പോലെ അധിക ദൂരം പറക്കാനും കഴിവില്ല.
വൈദിക കാലം മുതല്‍ വിശുദ്ധ ഗണങ്ങളിലെ പക്ഷികളായി അറിയപ്പെടുന്ന മയിലുകള്‍ തമിഴ് നാട്ടില്‍ മുരുഗസ്വാമിയെന്നറിയപ്പെടുന്ന സുബ്രമണ്യ മഹാദേവര്‍ സ്വാമികളുടെ വാഹനമായി കരുതുന്നു. പരമശിവന്റെയും പാര്‍വതി ദേവിയുടെയും പുത്രനായി മുരുഗ സ്വാമിയെ അറിയപ്പെടുന്നു. മുരുഗ ഭഗവാന്‍ തമിഴ് നാടിന്റെ പ്രിയങ്കരനായ അസുര ഗണങ്ങളിലെ ദേവനും കൂടിയാണ്. മഹാദേവന്‍ മയൂര വാഹത്തില്‍ തന്റെ ദേവ സ്ത്രീകളുമൊത്തു സഞ്ചരിക്കുന്ന ശ്രീ രാജാ രവിവര്‍മ്മയുടെ ഒരു ചിത്രം പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്റെ ദശാവതരാങ്ങളില്‍ ഒന്നായ ശ്രീ കൃഷ്ണ ഭഗവാന്റെ കിരീടത്തില്‍ അലങ്കാരമായി ചൂടിയിരിക്കുന്നതും മയില്‍പ്പീലികളാണ്.
വൈദിക കാലം മുതല്‍ പുരാണ ലിഖിതങ്ങളിലുള്ള ഹൈന്ദവ ദേവതയായ സരസ്വതി ദേവി
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അറിവു തേടുന്നവരുടെയും ദേവതയാണ്.
ബ്രഹ്മാവിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും സഹായിയുമായി അറിയപ്പെടുന്നു.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശാസ്ത്രജ്ഞരും ജീവിതത്തിന്റെ നാനാ
തുറകളിലുള്ളവരും ഒന്നുപോലെ സരസ്വതി ദേവിയെ വാഴ്ത്തിക്കൊണ്ട് ദേവിക്കായി
പൂജകള്‍ അര്‍പ്പിച്ചു വരുന്നു. സരസ്വതിയ്ക്ക് ദാര്‍ശനീകമായ പരിശുദ്ധിയുടെ
നാലു കൈകള്‍ ഉണ്ട്. താമര ഇതളുകളുടെ പുറത്ത് ധവള നിറമുള്ള സാരി ധരിച്ച്
ചമ്പ്രം പടഞ്ഞിരിക്കുന്ന സരസ്വതി ദേവിയുടെ ദേവി വിഗ്രഹങ്ങളാണ്
ഹൈന്ദവരുടെ പൂജാ മുറികളില്‍ കൂടുതലായും കാണപ്പെടുന്നത്. ഒരു കൈയില്‍
പുസ്തകവും മറ്റേ കൈയില്‍ ജപമാലയും പിടിച്ചിട്ടുണ്ട്. മുമ്പുള്ള രണ്ടു
കൈകളില്‍ വീണയും വഹിച്ചിരിക്കുന്നു. വലതുകാല്‍ ഇടതു കാലിനു ചേര്‍ത്തും
വെച്ചിട്ടുണ്ട്. സരസ്വതി ദേവിയുടെ സമീപത്തായി ഒരു മയില്‍ ദേവിയെ ഭയഭക്തി
നിറഞ്ഞ ആകാംഷയോടെ നോക്കിനില്ക്കുന്ന കാഴ്ച പ്രകടമായി കാണാം. വെളുത്ത
സാരി പരിശുദ്ധിയുടെയും ജ്ഞാനത്തിന്റെയും അടയാളമായി പ്രതിഫലിക്കുന്നു.
തൊട്ടു താഴെ വെള്ളത്തില്‍ നീന്തുന്ന അരയന്നം സരസ്വതി ദേവിയുടെ വാഹനമാണ്.
അറിവിനെ തേടിയുള്ള ആകാക്ഷയുടെ പ്രതീകമായി മയിലുകളെ സൂചിപ്പിക്കുന്നു.
കാവ്യങ്ങളിലും ഇതിഹാസങ്ങളിലും ഹൈന്ദവ ഗ്രീക്ക് പുരാണങ്ങളിലും
സൌന്ദര്യലഹരിയില്‍ നിറഞ്ഞിരിക്കുന്ന മയിലുകള്‍ ചരിത്ര ഗ്രന്ഥ പ്പുരയിലെ
പുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബി.സി. 322ല്‍ ഭാരതം
ഭരിച്ചിരുന്ന മൌര്യ സാമ്രാജ്യ ചക്രവര്‍ത്തിമാരുടെ അടയാളവും
മയൂരമായിരുന്നു. മൌര്യയെന്ന വാക്കിന്റെ പ്രഭവ കേന്ദ്രവും മയൂരത്തില്‍
നിന്നായിരുന്നുവെന്നാണ് സാങ്കല്പ്പികമായി എഴുതപ്പെട്ടിരിക്കുന്നത്.
മൌര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ചന്ദ്ര ഗുപ്ത മൌര്യ മയിലുകളെ
വളര്‍ത്തുന്ന ഒരാളിന്റെ മകനായിരുന്നുവെന്ന കഥയുമുണ്ട്.
കേരള വര്‍മ്മ തമ്പുരാന്റെ മയൂര സന്ദേശം മലയാള കാവ്യ സാഹിത്യത്തില്‍
അതുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. ഹരിപ്പാടുള്ള ഏകാന്തമായ കൊട്ടാര
ജയിലറ തടവില്‍ നിന്നും വിരഹ ദുഖത്തില്‍ കഴിയുന്ന കേരളവര്‍മ്മ തമ്പുരാന്‍
തന്റെ പ്രിയതമയ്ക്ക് മയൂരം വഴി കാവ്യ രൂപേണ സന്ദേശങ്ങള്‍ അയച്ചു
കൊണ്ടിരുന്നു. ആയല്യം തിരുന്നാള്‍ മഹാരാജാവിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ
പേരിലായിരുന്നു രാജാവിന്റെ രോഷാഗ്‌നിയാല്‍ അദ്ദേഹത്തിന് ജയില്‍ ശിക്ഷ
അനുഭവിക്കേണ്ടി വന്നത്. തടവിലാക്കപ്പെട്ട പ്രതിയുടെ വിരഹ ദുഃഖം കവിതയില്‍
ആലപിച്ചപ്പോള്‍ അത് മലയാള കവിതാ സാഹിത്യത്തിന്റെ ആദ്യത്തെ വിരഹ ദുഃഖ
കവിതയായി മാറി. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ തടവറയില്‍നിന്നും മയൂരം
വഴി ഇവിടെ തന്റെ പ്രണയ ദൂത് പകര്‍ത്തുകയാണ്.ഓരോ ദിവസവും ഓരോ ശ്ലോകങ്ങള്‍
പ്രിയതമയ്ക്കുവേണ്ടി രചിക്കുമായിരുന്നു. കൊട്ടാരത്തിലെ
സമീപത്തുകൂടിയൊഴുകുന്ന കായംകുളം തോട്ടിലൂടെ വെള്ളത്തില്‍ യാത്ര ചെയ്യുന്ന
ഹരിപ്പാട് സുബ്രമണ്യം ക്ഷേത്രത്തിലെ മയിലായിരുന്നു സന്ദേശവാഹകന്‍. ആയല്യം
തിരുന്നാളിന്റെ മരണശേഷം വിശാഖം തിരുന്നാള്‍ ഭരണമേറ്റ ശേഷമാണ് അദ്ദേഹം
ജയില്‍ വിമുക്തനായത്.
ക്രിസ്തീയമായ വീക്ഷണത്തിലും മയിലുകളെ പരിശുദ്ധിയുടെ അടയാളമായും കരുതുന്നു.
പൌരസ്ത്യ ക്രിസ്ത്യന്‍ ആചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സീറോ മലബാര്‍
സഭകളിലെ അഭിഷിക്തരായവരുടെയും കര്‍ദ്ദിനാളിന്റെയും തൊപ്പികളില്‍
ആലങ്കാരികമായോ വിശുദ്ധിയുടെ അടയാളമായോ സ്‌നേഹ സല്ലാപങ്ങള്‍ നടത്തുന്ന
രണ്ടു മയിലുകളുടെ പടങ്ങള്‍ തുന്നി വെച്ചിരിക്കുന്നതു കാണാം. വിശുദ്ധ
ഗ്രന്ഥത്തിലെ പഴയ നിയമത്തില്‍ സോളമന്റെ കാലത്തുള്ള മയിലുകളെപ്പറ്റി
സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വിദൂരതയിലേക്ക് കപ്പലുകള്‍ അയച്ചിരുന്നു.
ഓരോ മൂന്നു വര്‍ഷവും കപ്പലുകള്‍ മടങ്ങി വരുന്നത് സ്വര്‍ണ്ണവും വെള്ളിയും
കുരങ്ങന്മാരും മൈലുകളുമായിട്ടായിരുന്നു. സോളമന്‍പഴയനിയമത്തിലെ
രാജാക്കന്മാരില്‍ ഏറ്റവും ധനികനായ രാജാവായിരുന്നു. ക്രിസ്തു മതം
ഉണ്ടാവുന്നതിനു മുമ്പ് പേഗനീസ മതങ്ങളുടെയും അടയാളമായി മയിലുകളെ
സ്വീകരിച്ചിരുന്നു. ക്രിസ്തീയ പവിത്രതകളില്‍ മയിലുകള്‍ക്കുള്ള സ്ഥാനം
പേഗന്‍ മതങ്ങളുടെ തുടര്‍ച്ചയാകാം.
ഗ്രീക്കു പുരാണങ്ങളിലെ ഐതിഹാസിക ദേവതയായ 'ഹെറായുടെ' അടയാളം മയിലായിരുന്നു.
'ഹെറാ' കമിതാക്കളുടെയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ദേവതയായി
കരുതുന്നു. അവര്‍ ഭാര്യയും അമ്മയുമായി സാങ്കല്പ്പിക കഥകളില്‍
വിശേഷിപ്പിച്ചിരിക്കുന്നു. വൈവാഹിക താളപ്പിഴകള്‍ സംഭവിക്കുന്നവര്‍ക്കും
പ്രശ്‌നങ്ങളുള്ള അമ്മമാര്‍ക്കും അവര്‍ കാരുണ്യത്തിന്റെ ദേവതയായിരുന്നു.
റോമന്‍പേരില്‍ അവരെ ജൂനോയെന്നും അറിയപ്പെട്ടിരുന്നു. അവര്‍ സിയാസിന്റെ
ഭാര്യയും ഗ്രീക്കു ദേവഗണങ്ങളുടെ റാണിയുമായിരുന്നു. മാതൃകാപരമായുള്ള
കുടുംബ ജീവിതം നയിക്കുന്നവരുടെ മാദ്ധ്യസ്ഥ ദേവതയുമായിരുന്നു. അതെ സമയം
ഏറ്റവും അസൂയ പിടിച്ച പ്രതികാര ദാഹിയായ മറ്റൊരു മുഖവും ഈ
ദേവതയ്ക്കുണ്ടായിരുന്നു. ഒരുവളുടെ ഭര്‍ത്താവുമൊത്തു രതിസുഖം അനുഭവിക്കുന്ന
മറ്റു സ്ത്രീകളെയും അവരില്‍ ഉണ്ടായ സന്തതികളെയും കൊപാഗ്‌നിയാല്‍ ഈ ദേവത
പ്രതികാരം ചെയ്തിരുന്നുവെന്നാണ് ഗ്രീക്കു പുരാണത്തില്‍
എഴുതപ്പെട്ടിരിക്കുന്നത്.
ക്രിസ്തുമസ് കാലങ്ങളില്‍ യൂറോപ്പിലും അമേരിക്കയിലും പുല്ക്കൂടിന്റെ
കവാടത്തിന്റെ മുകളിലായി രാജകീയ മനോഹാരിതയുളവാക്കുന്ന വിടര്‍ന്ന
പീലികളോടെയുള്ള ഒരു മയിലിന്റെ രൂപം വെയ്ക്കാറുണ്ട്. പൌരാണിക കലകളില്‍
ക്രിസ്തു മതത്തിനുള്ളില്‍ മയിലുകള്‍ക്കുള്ള പ്രതീകാത്മകത എന്തെന്ന്
അധികമാരും ചിന്തിക്കാറില്ല. മദ്ധ്യകാല യുഗങ്ങളിലെ ച്ഛായാപടങ്ങളിലും പ്രാചീന
കൃതികളിലും പള്ളികളുടെ ആലങ്കാരികമായ മോന്തായങ്ങളിലും ഭിത്തികളിലും
മയിലുകളുടെ പടങ്ങളുണ്ടായിരുന്നു. ചിത്ര രൂപേണ പള്ളികളുടെ ഭിത്തികളിലും
കവാടത്തിലുമുണ്ടായിരുന്ന മയിലുകള്‍ രൂപാലങ്കാര ഭാവങ്ങളുടെ സവിശേഷതകള്‍
തേടി വരുന്ന ജിജ്ഞാസ്സുക്കള്‍ക്ക് പ്രയോജനപ്രദവും വിസ്മയം
ഉളവാക്കുന്നതുമായിരുന്നു. നയനമനോഹരമായ കലാരൂപങ്ങളുള്ള മയിലുകള്‍ സഭയുടെ
പാരമ്പര്യത്തെ അഭിമാനിക്കത്തവണ്ണം ബലവത്താക്കുന്നു. പുല്ക്കൂടുകളുടെ
മുകളിലുള്ള ആലങ്കാരിക മയിലുകളുടെ രൂപങ്ങള്‍ കാണുമ്പോള്‍ മദ്ധ്യകാല
യുഗത്തിലെ ജനങ്ങള്‍ അനുഗ്രഹീതമായ പ്രകൃതിയെയും ജീവ ജാലങ്ങളെയും
സ്‌നേഹിച്ചിരുന്നുവെന്നും കരുതണം. സൃഷ്ടാവിന്റെ സമസൃഷ്ടികളോടുള്ള
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായും പുല്ക്കൂടിലെ
പക്ഷികളെയും ആട്ടിന്‍ കൂട്ടങ്ങളെയും കരുതാം. അടയാളമായി ജ്യോതിഷന്മാര്‍
കണ്ടുവന്ന ആകാശത്തിലെ നക്ഷത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും
കുന്തിരക്കവും സൃഷ്ടാവും സൃഷ്ടിയും പുല്ക്കൂടും അതിന്മേല്‍ നില്ക്കുന്ന
മയിലും പ്രകൃതിയും ദൈവവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഉണ്ണി
യേശുവിലെ ശൈശവത്തിന്റെ ഹൃദയഹാരിയായ പരിശുദ്ധിയും പ്രക്രതിയോട്
അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
മദ്ധ്യകാല യുഗങ്ങളില്‍ ജീവിച്ചിരുന്ന ജനതകളില്‍ ആഞ്ഞടിച്ചിരുന്നതും
സൃഷ്ടാവും സൃഷ്ടിയുമടങ്ങിയ പ്രകൃതിയുടെയും പ്രപഞ്ച സങ്കീര്‍ണ്ണതകളുടെയും
മാനസിക സങ്കല്‍പ്പങ്ങളുടെയും ഭാവനകളായിരുന്നു . അതുകൊണ്ട് മയൂരമെന്ന
സാങ്കല്‍പ്പിക ദേവപക്ഷിക്ക് പ്രാധാന്യം കല്പ്പിച്ചതില്‍ അതിശയിക്കാനില്ല.
കത്തോലിക്കാ മതവിശ്വാസത്തില്‍ മയിലിനെ പുനരുത്ഥാനത്തിന്റെ അടയാളമായി
സ്വീകരിച്ചിരുന്നു. മൂന്നാം നൂറ്റാണ്ടു മുതല്‍ റോമ്മായുടെ
പ്രാന്തപ്രദേശങ്ങളിലുള്ള ശ്മശാന ഗുഹകളിലും മയിലുകളുടെ ച്ഛായാ പടങ്ങള്‍
കലാരൂപത്തില്‍ വരച്ചിട്ടുണ്ടായിരുന്നു. മയിലുകളുടെ കലാരൂപത്തില്‍
അടങ്ങിയിരൂന്നത് 'മനുഷ്യാ നീ പൊടിയാകുന്നുവെന്ന' ആപ്ത വാക്യമനുസരിച്ച്
ജീവനറ്റ ശരീരത്തില്‍ നിന്നും വീണ്ടുമുള്ള നിത്യതയിലെ പുനരുദ്ധാരണ
ജീവിതമെന്ന സാങ്കല്പ്പിക തത്ത്വമായിരുന്നു. മാനുഷ്യകമായ ജീര്‍ണ്ണിച്ച
ശരീരം നിത്യതയില്‍ പരിപാവനവും വാഴ്ത്തപ്പെട്ടതുമാകുമെന്നാണ് െ്രെകസ്തവ
ധര്‍മ്മത്തിലെ വിശ്വാസം. മരിച്ച മയിലുകളുടെ ശരീരം ഒരിക്കലും
ജീര്‍ണ്ണിക്കില്ലായെന്നും വിശ്വസിക്കുന്നു. അജീര്‍ണ്ണമായ മയിലിന്റെ ശരീരം
നിത്യതയുടെ അടയാളമായും കരുതുന്നു. അനശ്വരത്തിന്റെ പ്രതീകമായി ആ പക്ഷിയെ
പൌരാണിക കല്ലറയിങ്കല്‍ കൊത്തിയിരിക്കുന്നതും കാണാം. അനന്തതയിലെ മറ്റൊരു
ജീവിതത്തിന്റെ പ്രതീകമായി ആ ചിത്രങ്ങള്‍ ഭൂഗര്‍ഭക്കല്ലറകളില്‍
നിത്യതയുടെ പ്രതീകങ്ങളായി ശ്മശാന ഗുഹകളില്‍ ഒളിഞ്ഞിരിക്കുന്നതും കാണാം.
സാങ്കല്‍പ്പിക ഭാവനകള്‍ നിറഞ്ഞ മയൂര ചിത്രങ്ങളെ സ്വര്‍ഗീയ
കലാമാധുര്യത്തോടെ ഒരുവന്‍ മനസിനുള്ളില്‍ ആവഹിച്ചുകൊണ്ട് വരച്ചുകാട്ടുകയും
ചെയ്യുന്നു.
മയിലുകളുടെ ശരീരത്തില്‍നിന്നും തൂവലുകള്‍ വര്‍ഷത്തിലൊരിക്കല്‍ മുഴുവനായി
പൊഴിഞ്ഞ് വീണ്ടും പഴയതിനെക്കാളും ശോഭയോടെ പുതിയ തൂവലുകള്‍ ഉണ്ടായി വരും.
വസന്തത്തിലെ പുത്തന്‍ പക്ഷിയെപ്പോലെ പുല്‍മേടകളില്‍ പീലി വിടര്‍ത്തി
വീണ്ടും നൃത്തമാടാന്‍ തുടങ്ങും. പഴയതിനെ ഇല്ലാതായി പുതിയതിനെ അവിടെ
പ്രതിഷ്ടിക്കുകയാണ്. അത് ക്രിസ്തുവിന്റെ ഉയര്‍പ്പിനോടു സമാനമായ ലക്ഷണ
പ്രതിരൂപമായി മദ്ധ്യകാല യുഗത്തിലെ ജനങ്ങള്‍ കരുത്തിയിരുന്നു. പക്ഷി
മൃഗാദികളെ വര്‍ണ്ണിക്കുന്ന പൌരാണിക കൃതികളില്‍ മയിലുകളുടെ പവിത്രതയെ
വര്‍ണ്ണിക്കുന്നുണ്ട്. കൂടാതെ അതിന്റെ തൂവലുകള്‍ ഈസ്റ്റര്‍, ക്രിസ്തുമസ്
ദിനങ്ങളില്‍ പള്ളികളില്‍ അലങ്കരിക്കാനും ഉപയോഗിച്ചിരുന്നു.
മയിലുകളുടെ ജീവന്‍ അവസാനിച്ചു കഴിഞ്ഞ് അതിന്റെ മാംസം ഒരിക്കലും
ജീര്‍ണ്ണിക്കില്ലെന്നുള്ള സങ്കല്‍പ്പവുമുണ്ട്. പൌരാണിക കാലം മുതലുള്ള
ജനങ്ങളുടെ വിശ്വാസത്തില്‍ മയിലുകളെ യേശുവിന്റെ പ്രതീകാത്മകമായി
കരുതിവന്നു. അതുകൊണ്ടാണ് പൌരാണിക പള്ളികളുടെ ഭിത്തികളില്‍ മയിലുകളുടെ
ച്ഛായാപടങ്ങള്‍ വരച്ചു വെച്ചിരുന്നത്. ഒരു മയില്‍ അതിന്റെ പീലി വിടര്‍ത്തി
നില്ക്കുന്നത് കാണുമ്പോള്‍ പീലികളിലെ നെയ്‌തെടുത്തപോലുള്ള നൂറു കണക്കിന്
കണ്ണുകള്‍ നമ്മെ നോക്കുന്നതായി തോന്നിപ്പോവും. കണ്ണഞ്ചിക്കുന്ന ഈ
കാഴ്ചമൂലം സര്‍വ്വ വ്യപിയായ ഈശ്വരന്‍ ആയിരമായിരം കണ്ണുകള്‍ കൊണ്ട്
ഭൂമുഖവാസികളെ നോക്കുന്നതായും തോന്നിപ്പോവും. രക്ഷയുടെ കവചങ്ങളണിഞ്ഞ്
നമ്മെ പരിരക്ഷിക്കുന്നതായും അനുഭവപ്പെടും. ഈശ്വരന്‍ മനുഷ്യന്റെ
പ്രവര്‍ത്തന മണ്ഡലങ്ങളെ നേരായ മാര്‍ഗങ്ങളില്‍ക്കൂടി സഞ്ചരിക്കാന്‍
സസൂക്ഷ്മം കാത്തു പരിപാലിക്കുന്നതായും അനുഭവപ്പെടും. നീതിക്കുവേണ്ടി
ദാഹിക്കുന്നവര്‍ക്ക് കരുണയും ദയയും കല്‍പ്പിക്കുമെന്ന വിശ്വാസവും പീലി
വിടര്‍ത്തിയ മയിലില്‍ ദര്‍ശിച്ചിരുന്നു. പിടക്കോഴി പരുന്തുകള്‍ വരുമ്പോള്‍
ചിറകിനുള്ളില്‍ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നപോലെ സഭയും സദാ സമയവും
ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും രാത്രിയും പകലുംമില്ലാതെ സഭാ മക്കളെ
നോക്കിയും കണ്ടും പരിരക്ഷിച്ചിരുന്നുവെന്ന വിശ്വാസവും പീലി വിടര്‍ത്തിയ
മയിലിന്റെ അടയാളത്തില്‍ കണ്ടിരുന്നു. തൂവലുകളിലുള്ള മനോഹരമായ കണ്ണുകള്‍
ദൈവത്തിന്റെ നേരിട്ടുള്ള നോട്ടമെന്നും പൌരാണിക കാലംമുതല്‍ കരുതുന്നു.
അവന്‍ സത്യവും എല്ലാം അറിയുന്നവനെന്നും പീലിയിലുള്ള മയിലിന്റെ
കണ്ണുകളിലൂടെ സാക്ഷ്യമാക്കുന്നു.
മയിലുകള്‍ വിഷമുള്ള സര്‍പ്പങ്ങളെ വിഴുങ്ങി നശിപ്പിക്കുന്നവകളെന്നും
വിശ്വാസമുണ്ട്. വിഷ പാമ്പുകളെ കൊത്തി വിഴുങ്ങിയാലും മയിലുകള്‍ക്ക്
യാതൊന്നും സംഭവിക്കില്ലെന്ന് പഴങ്കഥകള്‍ പറയുന്നു. മയിലുകളുടെ രക്തം
മനുഷ്യ ശരീരത്തില്‍ കടന്നു കൂടിയിരിക്കുന്ന പിശാചുക്കളെയും
ദുരാത്മാക്കളെയും ഇല്ലാതാക്കാനും ഉപയോഗിച്ചിരുന്നു. അതിന്റെ തൂവലുകളും
മാംസവും വിഷ പാമ്പ് കടിച്ചവരുടെ വിഷം മാറ്റാനും ഉപകരിച്ചിരുന്നു. കൂടാതെ
ചില വിഷമുള്ള ചെടികളും വിത്തുകളും മയിലുകള്‍ ഭക്ഷിക്കാറുണ്ട്.
പൌരാണിക മാനുസ്‌ക്രിപ്റ്റ് കൃതികളില്‍ മയിലുകളില്‍ നിന്നും മനുഷ്യന്‍
അറിഞ്ഞിരിക്കേണ്ട ചില പാഠങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയിലിനുള്ള
മാംസം, ശബ്ദം, കണ്ണുകള്‍ ഇവകള്‍ ഓരോന്നും മനുഷ്യനുള്‍ക്കൊള്ളേണ്ട ചില
മാനുഷിക ചിന്തകളായി കണക്കാക്കുന്നു. ഉറച്ച മാംസം നമ്മെ നയിക്കേണ്ടതായ
നല്ലയൊരു ഗുരുവിന്റെ മനക്കരുത്തായി കരുതുന്നു. മാറ്റമില്ലാത്ത
ഗുരുവിന്റെ തീവ്രമായ ചിന്താശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. ഭയാനകമായ
മയിലുകളുടെ ശബ്ദം പാപികള്‍ള്ള ഒരു മുന്നറിയിപ്പായും കണക്കാക്കുന്നു.
പശ്ചാത്താപിക്കൂ, പാപത്തിന്റെ ഫലം നിത്യനരകമെന്ന സ്‌നാപകന്റെ വാക്കുകളെ
ഇവിടെ സ്ഥിതികരിക്കുന്നു. വിശറിയ തൂവലുകള്‍ കാലത്തിന്റെ അവസാനമായും
വരാനിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പായും ഒരു ദീര്‍ഘദര്‍ശിയിലെ
ക്രാന്ത ദര്‍ശനംപോലെ അര്‍ത്ഥവും കല്പ്പിച്ചിരിക്കുന്നതു കാണാം.
ഇത്തരമുള്ള പൌരാണിക ചിന്താവൈകല്യങ്ങള്‍ മനുഷ്യനെ പ്രകൃതിയുടെ
പ്രതികരണങ്ങളില്‍ക്കൂടി ദൈവവുമായി സംയോജിപ്പിക്കാനുള്ള വാതായനങ്ങളായും
പൌരാണിക ലോകം കണ്ടിരുന്നു.
Dr. JAMES KOTTOOR WRITES:
"Poet and professor par excellence" is the phrase that came flashing into my mind as soon as I started reading, Padanamakal's article on India's national bird peacock dancing to spellbind all the audience. By the time I reached the end of his article I had to admit that he is not just a poet but a Professor carrying lightly the heavy burden of profound knowledge stored in a Library -- I guess, the New York Library where he worked for more than 30 years.
To acquire all the knowledge and information he has summarized in his comprehensive article on Peacock all of us will have to read at least a dozen books. In this precious article he presents peacock from a poetic, philosophic, theological, historic, scientific, mythological, religious (Greek, Hindu, Christian) angles. Thank you professor Jose, I am much indebted to you. I shall cut and keep your article for my reference for the rest of my life.
"Feathers like straw on the surface flow, to reach out for peals you must dive below to the bottom" Drydon wrote. To imbibe solid sound information we all must listen to knowledgable persons like Padanamakal. Please continue to elevate readers to heavenly heights with your continued professorial Good-Samaritan service."