Image

അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍

അനില്‍ പെണ്ണുക്കര Published on 20 November, 2014
അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍
സന്നിധാനത്തും പരിസരത്തും അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തി മോഷണം നടത്തി വന്ന തേനി സ്വദേശികള്‍ അറസ്റ്റില്‍. തമിഴ്‌നാട്‌ തേനി കൂടല്ലൂര്‍ സ്വദേശികളായ കറുപ്പയ്യ, സെല്‍വം, കണ്‍മണി രാജ എന്നിവരാണ്‌ ഇന്നലെ പുലര്‍ച്ചെ ഭസ്‌മകുളത്തിന്‌ പിന്നിലുള്ള ഡീസല്‍ ടാങ്കിന്‌ സമീപത്ത്‌ നിന്ന്‌ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ കവര്‍ച്ചക്ക്‌ ഉപയോഗിക്കുന്ന ബ്ലേഡ്‌, പഴ്‌സുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും 20,000 ത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. ശബരിമല സീസണില്‍ പതിവായി സംഘം ചേര്‍ന്ന മോഷണം നടത്തി വരുന്നവരാണിതെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ട്‌ സംഘമായി തിരിഞ്ഞ്‌ പമ്പയിലും സന്നിധാനത്തുമായാണ്‌ ഇവര്‍ മോഷണം നടത്തുന്നത്‌. പമ്പാ മണപ്പുറത്തും അപ്പാച്ചി മേട്‌, ശരംകുത്തി തുടങ്ങിയ സ്ഥലങ്ങളിലും സ്വാമിമാരെ നിരീക്ഷിച്ച ശേഷം വിവരങ്ങള്‍ സംഘാംഗങ്ങള്‍ക്ക്‌ കൈമാറും. തുടര്‍ന്ന്‌ ഇരുമുടിക്കെട്ടുമായി ഭക്തരെ പിന്തുടര്‍ന്ന്‌ പതിനെട്ടാം പടി, ഫ്‌ളൈ ഓവര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ കൃത്രിമമായി തിരക്കുണ്ടാക്കി ഭക്തരുടെ തോള്‍ സഞ്ചി ബ്ലേഡ്‌ ഉപയോഗിച്ച്‌ കീറിയാണ്‌ പണം കവരുന്നത്‌. കവര്‍ച്ച ചെയ്യുന്ന പണം നിമിഷങ്ങള്‍ക്കുള്ളില്‍ സംഘാംഗങ്ങള്‍ക്ക്‌ കൈമാറും.

പിടിയിലാവരില്‍ കറുപ്പയ്യ നിരവധി മോഷണക്കേസുകളിലെ പ്രതിയും കഴിഞ്ഞ വര്‍ഷം സന്നിധാനത്ത്‌ മോഷണശ്രമത്തിനിടെ പൊലീസ്‌ പിടിയിലായ ആളുമാണ്‌. മറ്റുള്ളവര്‍ തേനിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ്‌. പ്രതികളുടെ വിവരങ്ങള്‍ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയിട്ടുണ്ട്‌. സംഘതലവന്‍മാരായ പാണ്ട്യന്‍, ഭഗവതി എന്നിവരെ പിടികൂടാനുണ്ട്‌. ശബരിമല സീസണില്‍ മോഷണം നടത്തുന്നതിന്‌ മാത്രമായി വന്‍സംഘം തമിഴ്‌നാട്ടില്‍ നിന്നും പമ്പയിലും സന്നിധാനത്തും എത്തിയിട്ടുണ്ടെന്നു പിടിയിലായവര്‍ പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

സന്നിധാനം എസ്‌ ഐ വിനോദ്‌ കുമാര്‍, ഉദ്യോഗസ്ഥരായ സുരേഷ്‌, ശ്യാം ലാല്‍, വിമല്‍രാജ്‌, വിത്സണ്‍, രാജേഷ്‌, കൃഷ്‌ണകുമാര്‍, സദാശിവന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌.
അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക