Image

`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു

Published on 13 December, 2014
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
അമേരിക്കയില്‍ ജോലിക്കുവന്ന്‌ പീഡനത്തിനിരയാകുകയും, സ്‌ത്രീകള്‍ വേശ്യാവൃത്തിക്കിരയാകുകയുമൊക്കെ ചെയ്യുമ്പോള്‍ അവരെ തുണയ്‌ക്കാന്‍ നല്‍കുന്ന "T' (ട്രാഫിക്കിംഗ്‌) വിസയുള്ളവര്‍ക്ക്‌ കുടുംബത്തെ കൊണ്ടുവരാം. ഗ്രീന്‍ കാര്‍ഡിന്‌ അപേക്ഷിക്കുകയും ചെയ്യാം.

പക്ഷെ `ടി' വിസയുമായി വരുന്ന ഒരാളെയും ഇന്ത്യയില്‍ നിന്ന്‌ തിരിച്ചുപോകാന്‍ സമ്മതിക്കരുതെന്നാണ്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം. കുറച്ചുപേരെയെങ്കിലും രക്ഷപെടാന്‍ അനുവദിക്കില്ലെന്നര്‍ത്ഥം.

ഈ ജൂലൈയില്‍ ആണ്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ഈ നിര്‍ദേശം നല്‍കിയത്‌. അതുവരെ ഈ വിസയുമായി പോയിവരുന്നതിന്‌ ഒരു പ്രശ്‌നവുമില്ലായിരുന്നു. `ടി' വിസയുമായി വിമാനം കയറാന്‍ ചെന്ന  കുടുംബങ്ങളെ ഹൈദരാബാദിലും ചെന്നൈയിലും കൊച്ചിയിലും തിരിച്ചയച്ചു. അവരുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചുവച്ചു. മൂന്നു വര്‍ഷത്തേക്ക്‌ പാസ്‌പോര്‍ട്ട്‌ തിരിച്ചുനല്‍കില്ല. ഇതിനെതിരേ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

ന്യൂയോര്‍ക്കില്‍ കോണ്‍സലായിരുന്ന ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ്‌ ചെയ്യുകയും തിരിച്ചയയ്‌ക്കുകയും ചെയ്‌തതിനു കാരണമായത് അവരുടെ വീട്ടുജോലിക്കു വന്ന സംഗീത റിച്ചാര്‍ഡാണ്‌. സംഗീത പരാതി നല്‍കിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ അവരെ ഏറ്റെടുത്ത്‌ `ടി' വിസ നല്‍കി. സംഗീതയുടെ ഭര്‍ത്താവും മറ്റും ആ വിസയില്‍ അമേരിക്കിയിലെത്തി.

ഈ സംഭവമാണ്‌ ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥ ഏമാന്മാരെ പ്രകോപിപ്പിച്ചതത്രേ. ഇനി മേലാല്‍ `ടി' വിസയില്‍ ആരും അമേരിക്കയ്‌ക്ക്‌ പോകേണ്ട. നാട്ടില്‍ തടഞ്ഞവരില്‍ ചിലര്‍ക്ക്‌ ഗ്രീന്‍കാര്‍ഡുണ്ട്‌. പക്ഷെ അവരുടെ പാസ്‌പോര്‍ട്ടില്‍ നേരത്തെ `ടി' വിസ കിട്ടിയതിന്റെ രേഖ കണ്ടു. ഇതോടെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തു.

നോര്‍മാന്‍ കോള്‍മാന്‍ ഹെഡ്‌ലി എന്ന പാക്കിസ്ഥാനി (യു.എസ്‌ പൗരനായപ്പോള്‍ എടുത്ത പേരാണ്‌) രണ്ട്‌ മാസത്തിനിടയില്‍ പലവട്ടം മുംബൈയ്‌ക്ക്‌ സഞ്ചരിക്കുകയും മുംബൈയിലെ ഭീകരാക്രമണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ രണ്ടു മാസത്തിനുള്ളില്‍ സന്ദര്‍ശക വിസയില്‍ വീണ്ടും ആരും വരരുതെന്ന ഉത്തരവിറക്കിയതിനു തുല്യമാണിതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹെഡ്‌ലിയുടേത്‌ ഒറ്റപ്പെട്ട സംഭവമായിരുന്നു. സന്ദര്‍ശക വിസയില്‍ പോയി തിരിച്ചുവരുമ്പോള്‍ നാട്ടില്‍ ഒരത്യാപത്ത്‌ ഉണ്ടായാല്‍ കൂടി തിരിച്ച്‌ ചെല്ലാന്‍ കഴിയാത്ത അവസ്ഥ. എതായാലും ജനത്തിന്റെ മുറവിളിയെ തുടര്‍ന്ന്‌ അതു പിന്‍വലിച്ചു.

ഇതുപോലെ തന്നെ `ടി' വിസ കിട്ടിയവരെല്ലാം സംഗീതയെപ്പോലെ വീട്ടുജോലിക്കാരായി വന്നവരാണെന്ന ധാരണയായിരിക്കാം ഡല്‍ഹിയിലെ ഉദ്യോഗസ്ഥ പ്രഭുക്കളെ പുതിയ ചട്ടം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്‌. പക്ഷെ ഇപ്പോള്‍ പീഡനം അനുഭവിക്കുന്നത്‌ എട്ടുപത്തുവര്‍ഷം മുമ്പ്‌ ജോലിക്കുവന്ന്‌ പീഡിപ്പിക്കപ്പെട്ട കുറെപ്പേരാണ്‌.

മിസിസ്സിപ്പിയിലെ `സിഗ്‌നല്‍ ഇന്റര്‍നാഷണല്‍' എന്ന മറൈന്‍ കമ്പനിയില്‍ സാങ്കേതിക ജോലിക്കെത്തിയ 550 പേര്‍ ജയിലിനു സമാനമായ ലേബര്‍ ക്യാമ്പില്‍ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യേണ്ടിവന്നത്‌ അക്കാലത്ത്‌ വാര്‍ത്തയായിരുന്നു. ബോംബെയിലെ ഒരു ഏജന്‍സിക്ക്‌ 15- 20 ലക്ഷം രൂപ വീതം കൊടുത്താണ്‌ മിക്കവരും വിസ സംഘടിപ്പിച്ചത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു അവരില്‍ പലരും. ഗ്രീന്‍ കാര്‍ഡ്‌ കിട്ടുമെന്നായിരുന്നു അവരോട്‌ പറഞ്ഞത്‌.

പക്ഷെ ഇവിടെ എത്തിയപ്പോള്‍ തങ്ങള്‍ വന്നത്‌ പത്തുമാസത്തെ കാലാവധിയുള്ള `എച്ച്‌-2 ബി' വിസയിലാണെന്നവര്‍ പറഞ്ഞു. അത്രയും കാലംകൊണ്ട്‌ വിസയ്‌ക്ക്‌ കൊടുത്ത തുക പോലും കിട്ടില്ല. തുടര്‍ന്ന്‌ പ്രതിക്ഷേധമായി. തൊഴിലാളികള്‍ ജോലി വിട്ടിറങ്ങി. യു.എസ്‌ സര്‍ക്കാര്‍ ഇടപെട്ട്‌ അവര്‍ക്ക്‌ `ടി' വിസ നല്‍കി. അവരില്‍ മിക്കവരും വീട്ടുകാരെ കൊണ്ടുവന്നു. പലര്‍ക്കും ഗ്രീന്‍കാര്‍ഡായി. പോയി വരുന്നതിന്‌ പ്രശ്‌നമൊന്നുമില്ലെന്ന്‌ കരുതി പോയവരാണ്‌ തിരിച്ചുവരാനാകാതെ കുഴങ്ങുന്നത്‌.

ഇതിനെതിരേ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിനു മുന്നില്‍ 200-ഓളം പേര്‍ കഴിഞ്ഞയാഴ്‌ച പ്രകടനം നടത്തി. കോണ്‍സല്‍ ജനറല്‍ ഡല്‍ഹിയില്‍ അറിയിക്കാമെന്നു സമ്മതിച്ചതായി പ്രതിക്ഷേധത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ സാബുലാല്‍ വിജയന്‍ പറഞ്ഞു.

അമേരിക്കയില്‍ പീഡനത്തിനിരയായവര്‍ക്ക്‌ അമേരിക്ക കനിഞ്ഞു നല്‍കുന്ന വിസയാണ്‌ `ടി'. ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കാര്യമേ അല്ല. അതിനു പുറമെ കുറച്ച്‌ ഇന്ത്യക്കാര്‍ക്കെങ്കിലും രക്ഷപെടാന്‍ കിട്ടുന്ന അവസരവുമാണത്‌. അതു സമ്മതിക്കില്ലെന്നു വന്നാലോ?

ഒരു മറുവശംകൂടി ഉള്ളത്‌ ഇവിടെ വീട്ടുജോലിക്കാരായി വന്നശേഷം വിസ കിട്ടാന്‍ വേണ്ടി പീഡനം ആരോപിക്കുന്നവര്‍ക്ക്‌ ഒരു താക്കീതാണിതെന്നതാണ്‌. വേറേയും ഡിപ്ലോമാറ്റുകള്‍ക്ക്‌ വീട്ടുവേലക്കാരുണ്ട്‌. അവര്‍ പീഡനം ആരോപിച്ച്‌ പുറത്തിറങ്ങിയാല്‍ വീട്ടുകാരെ കൊണ്ടുവരാനാവില്ല. നാട്ടില്‍ പോയാല്‍ തിരിച്ചുവരാനുമാവില്ല.

വീട്ടുവേലക്കാര്‍ മുതലെടുത്ത പല സംഭവങ്ങളും മറക്കാറിയിട്ടില്ല താനും! എന്തായാലും എല്ലാവരേയും ഒരേ കണ്ണില്‍ കാണാമോ എന്നതാണ്‌ പ്രശ്‌നം.

ഇതുപോലെ മറ്റൊരു കാര്യം അമേരിക്കയില്‍ ഇല്ലീഗലായി നില്‍ക്കുന്നവരുടെ പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കുന്നില്ല എന്നതാണ്‌. രണ്ടര ലക്ഷം ഇന്ത്യക്കാര്‍ ഇല്ലീഗലായി നില്‍ക്കുന്നുണ്ട്‌ എന്നതാണ്‌ കണക്ക്‌. പ്രസിഡന്റ്‌ ഒബാമ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ഉത്തരവ്‌ മൂലം പലര്‍ക്കും ഇവിടെ ലീഗലായി തന്നെ ജോലി ചെയ്യാനുള്ള അവസരമാണ്‌ വരുന്നത്‌. പക്ഷെ അവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ എങ്കിലും ഒരു രേഖയായി വേണം. പക്ഷെ പുതുക്കി നല്‍കാന്‍ കോണ്‍സുലേറ്റും എംബസിയുമൊന്നും തയാറല്ല.

ഇല്ലീഗലായി നില്‍ക്കുന്നവരില്‍ പലര്‍ക്കും പാസ്‌പോര്‍ട്ട്‌ തന്നെയില്ല. വ്യാജ പാസ്‌പോര്‍ട്ടില്‍ വന്നവരോ, അതിര്‍ത്തി ചാടി വന്നവരോ ആകാം അവര്‍. അവര്‍ക്ക്‌ പാസ്‌പോര്‍ട്‌ നല്‍കാന്‍ അധികൃതര്‍ തയാറല്ല. അവര്‍ പാക്കിസ്ഥാനികളോ, ബംഗ്ലാദേശികളോ അല്ല എന്ന്‌ എങ്ങനെ ഉറപ്പു വരുത്താമെന്നാണ്‌
അധികൃതരുടെ ചോദ്യം. പക്ഷെ വാര്‍ത്താവിനിമയ സൗകര്യങ്ങളുള്ള ഒരുകാലത്ത്‌ അവരുടെ യോഗ്യത നിര്‍ണ്ണയിക്കുക വിഷമമാണോ എന്ന്‌ ന്യൂയോര്‍ക്കിലെ അറ്റോര്‍ണി റാം ചീരത്ത്‌ മലയാളം ടെലിവിഷന്റെ ഇമിഗ്രേഷന്‍ ചര്‍ച്ചയില്‍ ചോദിച്ചു.

അതേസമയം, അമേരിക്കയില്‍ രാഷ്‌ട്രീയ അഭയം തേടിയവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ നല്‍കേണ്ടതില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയില്‍ പീഡനമാണെന്നു പറഞ്ഞ്‌ വിദേശത്ത്‌ അഭയം തേടിയവര്‍ക്ക്‌ ആനുകൂല്യം നല്‍കണമെന്നു പറയുന്നതില്‍ യുക്തിയില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിസ കിട്ടാന്‍ വേണ്ടി ഒരു കുറുക്കുവഴി എന്ന നിലയിലാണ്‌ രാഷ്‌ട്രീയാഭയം തേടിയതെന്നും അത്‌ ഇന്ത്യയോടുള്ള സ്‌നേഹക്കുറവുകൊണ്ടല്ലെന്നും എതിര്‍ഭാഗവും ചൂണ്ടിക്കാട്ടുന്നു.
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
`ടി' വിസയുള്ളവരെ ഇന്ത്യ എയര്‍പോര്‍ട്ടില്‍ തടയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക